2013-12-23

ടിവി നൗ ചാനലിന്റെ വെബ്‌സൈറ്റ് എത്തി


കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള ടിവി നൗ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. നടന്‍ സുരേഷ് ഗോപിയാണ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

2013-12-22

സോറി, ഞായറാഴ്ചയോ അവധി ദിവസങ്ങളിലോ വാര്‍ത്തയില്ല

കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ന്യൂസ്‌പോര്‍ട്ടലിലാണ് ഈ വിചിത്രമായ കീഴ്‌വഴക്കം. ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ വാര്‍ത്ത അപ്‌ലോഡ് ചെയ്യാറില്ലെന്നതാണ് രസകരമായ കാര്യം.

എന്താണ് ഇതു എടുത്തുപറയാന്‍ കാരണമെന്നല്ലേ? ബാക്കിയെല്ലാ ദിവസങ്ങളിലും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഒരു പോര്‍ട്ടലാണിത്. അലക്‌സാ റാങ്കില്‍ 33454ാം സ്ഥാനത്തുള്ള ഈ പോര്‍ട്ടലിന്റെ പേര് livekeralanews.com എന്നാണ്. ഈ ചെറിയൊരു കുറിപ്പ് കൊണ്ട് ഞായറാഴ്ചയും അവധി ദിവസങ്ങളിലും അവര്‍ അപ് ചെയ്യുമെങ്കില്‍ കേരള എഡിറ്ററെ സംബന്ധിച്ചിടത്തോളം അത് സന്തോഷമുള്ള കാര്യമാണ്.

2013-12-18

ഇന്ത്യാവിഷന്‍ അടച്ചുപൂട്ടുമോ?

കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യാവിഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് ചില ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചാനല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചതായി സൂചനയുണ്ട്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ......

2013-11-28

മറുനാടന്‍ മലയാളിയുടെ വളര്‍ച്ച അദ്ഭുതകരം


തുടക്കത്തില്‍ ചില സോഫ്റ്റ് സ്റ്റോറികളുമായിട്ടായിരുന്നു മറുനാടന്‍ മലയാളിയുടെ(www.marunadanmalayalee.com വരവ്. ഇത്തരം വാര്‍ത്തകളിലൂടെ വായനക്കാരെ കണ്ടെത്താനും വരുമാനം ഉണ്ടാക്കാനും സാധിച്ചിരുന്നുവെങ്കിലും ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ മറുനാടനെ പരിഗണിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിനിടെ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ അതിനുശേഷമോ ഉണ്ടായ അശ്രദ്ധമൂലം www.marunadanmalayalee.com(രജിസ്റ്റര്‍ ചെയ്തത് 2008ല്‍) എന്ന പേരു തന്നെ നഷ്ടപ്പെട്ടതുപോലെയായി. എന്നാല്‍ കൈവശമുള്ള മറ്റൊരു പേരുമായി(www.marunadanmalayali.com-2009ല്‍ രജിസ്റ്റര്‍ ചെയ്തത്)  കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അദ്ഭുതകരമായ തിരിച്ചുവരവാണ് പോര്‍ട്ടല്‍ നടത്തിയത്.

2013-08-11

തിരുവഞ്ചൂരുമായി അഭിമുഖം, ബ്രിട്ടാസ് കലക്കി

സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ തലേ ദിവസം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചാനലില്‍ കൊണ്ടുവരാനും ഫലപ്രദമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാനും സാധിച്ച ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകനോട് ബഹുമാനം തോന്നുന്നു.

ജെബി ജങ്ഷന്‍ എന്ന 'മൂന്നാംകിട പരിപാടി' സംഘടിപ്പിക്കുന്ന ബ്രിട്ടാസ് തന്നെയാണോ ഈ അഭിമുഖത്തിനു വന്നതെന്ന് പെട്ടെന്ന് സംശയം തോന്നി പോയേക്കാം.  ജെബി ജങ്ഷന്‍ മൂന്നാം കിടയാകുന്നത് ബ്രിട്ടാസില്‍ നിന്നും ഇത്തരം ചൂഴ്ന്ന് നോട്ടം പ്രതീക്ഷികാത്തതുകൊണ്ടു തന്നെയാണ്.

പണിയറിയുന്ന ആള്‍ തന്നെയാണ് ബ്രിട്ടാസെന്ന കാര്യത്തില്‍ യാതൊരു സംശയവും  വേണ്ട. തീര്‍ച്ചയായും ചാനലിനെ വാണിജ്യപരമായി ഉയരങ്ങളിലെത്തിക്കാന്‍ ബ്രിട്ടാസ് എന്ന നേതാവിന് സാധിക്കും. തീര്‍ച്ചയായും കുറച്ച് ഹോം വര്‍ക്ക് ചെയ്തു വരുന്ന ബ്രിട്ടാസിന്റെ അഭിമുഖങ്ങള്‍ കസറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തീര്‍ച്ചയായും ബ്രിട്ടാസിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റായി ഈ അഭിമുഖത്തെ കാണാം.

ബ്രിട്ടാസ് തിരിച്ചുവരുമ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നവര്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു ഇത്. കൈരളിയുടെയും പീപ്പിളിന്റെയും നിലവിലുള്ള ചേരുവ തീര്‍ത്തും അസഹനീയമാണ്. നിലവിലുള്ള 'ഫുഡ് മെനു' മാറ്റിയേ പറ്റൂ..


2013-07-13

പീപ്പിള്‍ ടിവി വെബ്‌സൈറ്റ് ഡിഷ്യും

കൈരളിയുടെ വാര്‍ത്താചാനലായ പീപ്പിള്‍  ടിവിയുടെ വെബ്‌സൈറ്റായ peopletv.in തുറക്കുമ്പോള്‍ 'വി ആര്‍ സോറി' എന്നു തുടങ്ങുന്ന ഒരു സന്ദേശമാണ് ലഭിക്കുന്നത്. krsuresh@gmail.com എന്ന ഇമെയിലിന്റെ ഉടമസ്ഥാവകാശത്തില്‍ രേഖപ്പെടുത്തിയ ഈ ഡൊമെയ്ന്‍ മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെതാണെന്ന് റെക്കോഡുകള്‍ വ്യക്തമാക്കുന്നു.

സാങ്കേതിക വിദ്യക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നത് എന്തോ ഒരു നാണക്കേടാണെന്ന് ചിന്താഗതിയായിരുന്നു കൈരളിയുടെ മൂലധനതാല്‍പ്പര്യക്കാര്‍ക്ക്‌ ഒരു കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. പക്ഷേ, ഒഴുക്കിനെതിരേ നില്‍ക്കുന്ന ചില കല്ലുകള്‍ ഇപ്പോവും ഉണ്ടെന്നു വേണം സംശയിക്കാന്‍.

2013-07-04

മനോരമ രക്ഷിക്കാന്‍ നോക്കുന്നത് ആരെ?

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മനോരമന്യൂസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ എന്തു തോന്നും? ഇന്ത്യാവിഷന്‍ പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരേ രജീനയുടെ വെളിപ്പെടുത്തല്‍ കൊടുത്ത പോലെ...

കോണ്‍ഗ്രസിനെതിരേ മനോരമയോ എന്ന് അതിശയപ്പെടാന്‍ വരട്ടേ..പണ്ട് കുഞ്ഞൂഞ്ഞിനെ മുഖ്യമന്ത്രിയാക്കുകയാണ് കോട്ടയം പത്രത്തിന്റെ മുഖ്യ അജണ്ടയെന്ന പരാതിയുണ്ടായിരുന്നു. ഇപ്പോഴും അതാണോ ലക്ഷ്യം? കാരണം ശ്രദ്ധ മുഴുവന്‍ തിരുവഞ്ചൂരിലേക്ക് മാറിയാല്‍ ആ ഗ്യാപ്പിലൂടെ കുഞ്ഞൂഞ്ഞിന് രക്ഷപ്പെടാം.

അതല്ല, ഇനി ആദര്‍ശ പത്രപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇതെങ്കില്‍ നല്ല കാര്യം. എന്തൊക്കെ പറഞ്ഞാലും മനോരമ ആള് പ്രൊഫഷണലാണ്. മുടന്തി നീങ്ങുന്ന ന്യൂസ്ചാനലിനെ രക്ഷിച്ചെടുക്കാന്‍ അവസരം ഉപയോഗപ്പെടുത്തുന്നതും ആവാം. പക്ഷേ, ഇതിനെയെല്ലാം മനോഹരമായി കൂട്ടിയിണക്കാനുള്ള മിടുക്കുണ്ടല്ലോ അതു മനോരമയ്ക്ക് മാത്രം സ്വന്തം.


2013-05-03

ഈ പതിരുകളെ തള്ളികളയണം



ഓണ്‍ലൈന്‍ മീഡിയ അക്രഡിഷന് മാനദണ്ഡം വേണമെന്ന് നിരവധി തവണ മുറവിളി കൂട്ടിയിട്ടും സര്‍ക്കാറിന് യാതൊരു കുലുക്കവുമില്ല. ഒരു പ്രത്യേക സമിതിയുണ്ടാക്കിയെന്ന് പറയുന്നതുകേട്ടു. പക്ഷേ, ഇപ്പോഴും സൈറ്റ്‌ തുടങ്ങി രണ്ടാം നാള്‍ അക്രെഡിഷന്‍ പരിഗണന ലഭിക്കുന്ന മായാജാലമാണ് കാണുന്നത്. കാരണം ബന്ധപ്പെട്ട വകുപ്പിലുള്ളവരുടെ കറവപശുവാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കുള്ള പരസ്യവിതരണം. പല ഉദ്യോഗസ്ഥരുടെയും അനുഗ്രഹത്തോടെ നാള്‍ക്കു നാള്‍ പോര്‍ട്ടലുകള്‍ തുറക്കപ്പെടുകയാണ്.

2013-04-12

എസ്ഡിപിഐ അവാര്‍ഡ്, കിട്ടിയത് തേജസ് റിപ്പോര്‍ട്ടര്‍ക്ക്




സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തേജസ്സും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി  ഡോ. ബിആര്‍ അംബേദ്കറുടെ പേരില്‍ മാധ്യമ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത് നല്ല കാര്യം തന്നെ. പക്ഷേ, അത് തേജസ്സിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷബ്‌ന സിയാദിനു തന്നെയായതില്‍ ചെറിയൊരു കല്ലുകടിയോ കണ്ണുകടിയോ തോന്നിയെങ്കില്‍ സഹിച്ചേ പറ്റൂ.

2013-03-27

ജനപ്രിയ വാങ്ങി ശ്രീകണ്ഠന്‍ നായര്‍


രാവിലെ ബിആര്‍പി സാറിന്റെ ഒരു ട്വീറ്റ് ശ്രദ്ധിയ്ക്കാനിടയായി. മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ കമ്യൂണിക്കേഷന്‍സ് ആര്‍ ശ്രീകണ്ഠന്‍ നായര്‍-റെജിമേനോന്‍ കൂട്ടുകെട്ട് വാങ്ങിയെന്നാണ് വാര്‍ത്ത. നേരത്തെ കേള്‍ക്കുന്ന കിംവദന്തി അങ്ങനെ ശരിയായി.

കാരണവന്മാര്‍ ഒരു ഫുള്‍ ടൈം വിനോദ ചാനല്‍ തുടങ്ങാനുള്ള പരിപാടിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനാണ് റെജിമേനോന്‍. ശ്രീകണ്ഠന്‍ നായരാകട്ടെ ഇതേ ചാനലില്‍ വൈസ് പ്രസിഡന്റായിരുന്നു. ജനപ്രിയ എന്ന കമ്പനിയും ലൈസന്‍സും മാത്രമാണ് മുരളീധരന്‍ കൊടുത്തിട്ടുള്ളത്. ചാനലില്‍ നേരത്തെ നിക്ഷേപമിറക്കിയവരുടെ പണം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2013-03-20

റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍?


മലയാള ടെലിവിഷന്‍ ജേര്‍ണലിസം മേഖലയിലെ  തലതൊട്ടപ്പനായ നികേഷ് കുമാര്‍ നയിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണോയെന്ന് സംശയം.

reporteronlive.com എന്ന വെബ്‌സൈറ്റ് ഡൗണായതോടുകൂടി ഈ സംശയം ശക്തമായത്. ടാറ്റയുടെ സിഡിഎന്നില്‍ വര്‍ക്ക് ചെയ്തിരുന്ന സൈറ്റിന്റെ എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന വീഡിയോ സ്ട്രീമിങ് ചിലപ്പോഴൊക്കെ നല്‍കുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് അധികസമയവും ലഭ്യമല്ല.

2013-03-08

സ്വന്തം പേരില്‍ എഴുതാന്‍ പറ്റാത്ത ഉണ്ണാക്കന്മാര്‍


പെയ്ഡ് ന്യൂസ് സംസ്‌കാരം അതിന്റെ പ്രത്യക്ഷ രൂപത്തില്‍ കേരളത്തിലെത്തിയിട്ടില്ല. പക്ഷേ, അതിന്റെ നിഴലാട്ടങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. വ്യാജരേഖ വിവാദമാണ് കേരളത്തിലെ ഏറെ ചര്‍ച്ച വിഷയമായ ഒരു കാര്യം. മീഡിയ സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും അത് പെയ്ഡ് ആയിരുന്നില്ല.

അടുത്ത കാലത്ത് കേരളത്തിലെ മന്ത്രിയെ കുറിച്ച് വിത്തും പേരുമില്ലാത്ത ഒരു സ്റ്റോറി പുറത്തുവന്നിരുന്നു. ആരാണ് ആ സ്റ്റോറിയെഴുതിയ മഹാനുഭാവന്‍? പഴയ വ്യാജരേഖാ കേസിലേക്ക് തിരിഞ്ഞു പോയാല്‍ ആളെ പിടികിട്ടും. കള്ളപ്പേരിലെഴുതിയെന്നു മാത്രം. അത്തരമൊരു സ്റ്റോറി എട്ടുകോളത്തില്‍ വീശാന്‍ അനുമതി കൊടുത്ത എഡിറ്റര്‍ക്കും കൊടുക്കണം നമോവാകം. ഏറ്റവും വിചിത്രമായി തോന്നിയത് വാര്‍ത്തയുടെ താഴെ കൊടുത്ത ചാരിത്രപ്രസംഗമായിരുന്നു.

കുറച്ച് കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ വെറുക്കപ്പെട്ടവന്റെ വെളിപ്പെടുത്തലുകള്‍. തീര്‍ച്ചയായും ഈ നാടകം തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്ക്കുണ്ട്. പണ്ട് പത്രത്തിലും ചാനലിലും ബ്രെയ്ക്കിങ് കണ്ട് ഞെട്ടിയവരെ പോലെയല്ല പുതുതലമുറ. അവര്‍ സജീവമായ സോഷ്യല്‍ ചര്‍ച്ചകളിലൂടെ കാര്യങ്ങളെ വിശദമായി ഉള്‍കൊള്ളുന്നുണ്ട്. ആ രാഷ്ട്രീയ കോമരത്തിനെതിരേ കഴിഞ്ഞ മൂന്നു ദിവസമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ഒഴുകിയ തെറി മാത്രം മതി ഇതു തെളിയിക്കാന്‍. മന്ത്രിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ആരും നല്‍കുന്നില്ല. പക്ഷേ, തെമ്മാടിത്തത്തിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് എല്ലാവരും നടത്തിയത്.

2013-03-02

സിറാജിന്റെ വെബ്‌സൈറ്റ് എത്തി


സിറാജ് ദിനപത്രം sirajlive.com എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. വാര്‍ത്തകള്‍ക്ക് ഇടവേളകളില്ല എന്ന പരസ്യ വാചകത്തോടെയെത്തുന്ന സൈറ്റിന് തുടക്കം കുറിച്ചത് കാന്തപുരം എപി അബൂക്കര്‍ മുസ്ലിയാരാണ്. ബിഗ്‌റോക് സൊലൂഷന്‍സില്‍ നിന്നും ഡൊമെയ്ന്‍ ബുക് ചെയ്തിരിക്കുന്നത് ഫെബ്രുവരി 17 2013നാണ്.

ഡൊമെയ്ന്‍ ആരുടെ പേരിലാണെന്ന് സിറാജിന്റെ ഉടമസ്ഥാരായ തൗഫീഖ് പബ്ലിക്കേഷന്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതാം. ഒരു വര്‍ഷത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഡൊമെയ്ന്‍ അഞ്ചോ പത്തോ വര്‍ഷത്തിനു ബുക്ക് ചെയ്യുന്നത് ഒരു ന്യൂസ്‌പോര്‍ട്ടല്‍ എന്ന രീതിയില്‍ നല്ലത്.

സെര്‍വര്‍ ഐപി കാണിയ്ക്കുന്നത് ഹോസ്റ്റ് ഗേറ്റര്‍ ഇന്ത്യന്‍ സെര്‍വറിലേക്കാണ്. രാത്രി 10 മണിവരെയുള്ള അപ്‌ലോഡിങ് നോക്കുമ്പോള്‍ കാര്യമായ കുഴപ്പമില്ല. പല സെക്ഷനുകളിലും വാര്‍ത്തകളുടെ കുറവുണ്ട്. ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായ വേര്‍ഡ്പ്രസ്സിലാണ് സൈറ്റ് ചെയ്തിരിക്കുന്നത്. മീരാ യൂനികോഡ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സൈറ്റ് മെറ്റാ ടാഗ്, മെറ്റാ ഡിസ്‌ക്രിപ്ഷന്‍, കീവേര്‍ഡ്‌സ് എന്നിവ വളരെ ശുഷ്‌കമാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വെബ് എഡിറ്ററുടെ ശ്രദ്ധയുണ്ടാകുമെന്ന് കരുതാം.

ജോണ്‍ ബ്രിട്ടാസ് കൈരളിയിലേക്ക് മടങ്ങി വരുന്നു. മമ്മുട്ടിയുടെ കത്ത്‌



  MAMMOOTTY by  

വര്‍ത്തമാനം മാര്‍ച്ചിനു നേരെ ആക്രമണം



വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ വര്‍ത്തമാനം ഓഫീസ് മാര്‍ച്ചിനുനേരെ ആക്രമണം. സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ആക്രമണമുണ്ടായത്. പത്രപ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയപ്പോള്‍ പൊലീസിന്റെ മുമ്പില്‍ വച്ച് ചിലര്‍ ഗോബാക്ക് വിളിച്ച് പത്രക്കാരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ വര്‍ത്തമാനത്തിലെ സബ് എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി.റഫീഖ് എന്നിവരെ കോഴിക്കോട് ബീച്ച് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഐ.എസ്.എം. പുള്ളിക്കോത്ത് ശാഖ എക്‌സിക്യൂട്ടീവ് മെമ്പറുമാണ് അഫ്‌സല്‍ കോണിക്കല്‍.

വര്‍ത്തമാനം മാര്‍ച്ച് പോസ്റ്റര്‍

2013-02-08

കേരളഓണ്‍ലൈവിനെ ഓര്‍മയുണ്ടോ?


തുടക്കം ഗംഭീരമാക്കിയ രണ്ടു പോര്‍ട്ടലുകളാണ് കേരളഓണ്‍ലൈവ് ഡോട്ട് കോമും വൈഗാന്യൂസ് ഡോട്ട് കോമും. പ്രമുഖപത്രങ്ങളില്‍ നിന്നുള്ള സീനിയര്‍ ജേര്‍ണലിസ്റ്റുകളെ പൊന്നും വിലയ്‌ക്കെടുത്ത് മലയാളന്യൂസ് പോര്‍ട്ടല്‍ ജേര്‍ണലിസത്തില്‍ പുതിയ ട്രെന്‍ഡ് തന്നെ കൊണ്ടുവരാന്‍ ഈ വെബ്‌സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു.

ഫഌഷ് ന്യൂസുകള്‍ അതിവേഗം അപ് ചെയ്യുന്നതിലൂടെയാണ് കേരളഓണ്‍ലൈവ് ശ്രദ്ധിക്കപ്പെട്ടത്. വൈഗാന്യൂസാണെങ്കില്‍ ഫീച്ചര്‍ സ്റ്റോറികളിലൂടെ വായനക്കാരെ കണ്ടെത്തി. ഒന്നു ക്ഷീണിച്ചെങ്കിലും വൈഗാന്യൂസ് ഇപ്പോഴുമുണ്ട്. പക്ഷേ, കേരളഓണ്‍ലൈവ് വെബ്‌സൈറ്റ് ഇപ്പോള്‍ ഹാക്ക് ചെയ്തിരിക്കുകയാണ്. ഹാക്ക് ചെയ്യാനുള്ള കാരണം സുരക്ഷ കുറഞ്ഞ സെര്‍വറില്‍ ഹോസ്റ്റ് ചെയ്തതു തന്നെയാണ്.

ഐപികളും നെയിംസെര്‍വറുകളും പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന വിവരങ്ങളാണ് കിട്ടുന്നത്. ലിക്വിഡ്‌വെബിന്റെ താരതമ്യേന മെച്ചപ്പെട്ട സെര്‍വറിലാണ് വൈഗാന്യൂസ് ഉള്ളത്. കേരളഓണ്‍ലൈവ് ആകട്ടെ ഇന്‍സെറോ എന്ന ക്വാളിറ്റി കുറഞ്ഞ ഡാറ്റാ സെന്ററിലും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രാദേശിക കമ്പനിയായിരിക്കും കേരളഓണ്‍ലൈവിന്റെ ഹോസ്റ്റിങ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

മാതൃഭൂമിയുടെ രണ്ടാമത്തെ ചാനല്‍ കപ്പ


മാതൃഭൂമി ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ ചാനലായ കപ്പ സംപ്രേഷണം ആരംഭിച്ചു. സംഗീതത്തിനും ഫാഷനും നര്‍മത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള സ്‌പെഷ്യാലിറ്റി ചാനലായിരിക്കും കപ്പ. വിവിധ ഭാഷാ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 'ടിവി ചാനലിലെ റേഡിയോ'യായി മാറി യുവഹൃദയങ്ങള്‍ കീഴടക്കുകയാണ് ചാനലിന്റെ ലക്ഷ്യം.

2013-02-06

ദാ വന്നു ദേ പോയ്,സിറാജിന്റെ വെബ്‌സൈറ്റ് അങ്ങനെയാണ്


വര്‍ഷങ്ങളുടെ പഴക്കമുള്ള പത്രമാണ് സിറാജ്. എപി വിഭാഗം സുന്നികളുടെ മുഖപത്രം. നിരവധി അനുയായികളുള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ന്യൂസ് പോര്‍ട്ടല്‍ ഇല്ലാതിരിക്കുന്നത് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ഇവരില്‍ ഭൂരിഭാഗം പേരും പ്രവാസികളായിരിക്കുമ്പോള്‍.

സൈറ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. www.sirajnews.com എന്ന വെബ്‌സൈറ്റ് ഇടക്കിടെ ഉയര്‍ന്നുവരും. അതുപോലെ പോവുകയും ചെയ്യും. പത്രവുമായി ബന്ധപ്പെട്ട മിക്ക ഡൊമെയ്‌നുകളും(sirajdaily.com, sirajonline.com..etc )ഒന്നോ രണ്ടോ പേര്‍ കൈവശമാക്കിവെച്ചിട്ടുണ്ട്. ഡൊമെയ്ന്‍ രേഖകള്‍ പ്രകാരമുള്ള പേരുകള്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ സംഘടനയുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നാണ് മനസ്സിലാകുന്നത്.

2013-02-05

ഫെബ്രുവരി പത്തിന് പുതിയൊരു ചാനല്‍ കൂടി



കോഴിക്കോട്:  മാധ്യമം ഗ്രൂപ്പില്‍ നിന്നുള്ള 'മീഡിയവണ്‍' ചാനല്‍ ഫെബ്രുവരി പത്തുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, സംവിധായകന്‍ രഞ്ജിത്ത്, എം എ യുസഫലി എന്നിവര്‍ പങ്കെടുക്കും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോയും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള വെള്ളിപറമ്പിലാണ്.

ഷിബു ചക്രവര്‍ത്തി( പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍), എം വെങ്കിട്ടരാമന്‍(സിഇഒ),എം സാജിദ്(ഡെപ്യൂട്ടി സിഇഒ), സിഎല്‍ തോമസ്(എഡിറ്റര്‍ ഇന്‍ ചീഫ്), സുനില്‍ ഹസന്‍(മാനേജിങ് എഡിറ്റര്‍) എന്നിവരാണ് ചാനലിനു പിറകിലുള്ളത്.

എന്‍എസ്എസിനെ വിമര്‍ശിച്ചാല്‍ വീക്ഷണത്തില്‍ വിലക്ക്


എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക്  പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.

നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.


2013-02-04

മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത, പോര്‍ട്ടലുകള്‍ക്കെതിരേ പരാതി

കോഴിക്കോട്: മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച നാലു വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. 'മാതൃഭൂമിയെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്യവും' എന്ന വിഷയത്തില്‍ എഴുതിയ ലേഖനമാണ് കോഴിക്കോട് പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിക്ക് അടിസ്ഥാനം. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റെടുത്ത നടപടികളായിരുന്നു ലേഖനത്തിലെ വിഷയം. ഏറെ വിവാദം സൃഷ്ടിച്ച സൈബര്‍ നിയമം മാതൃഭൂമി പോലുള്ള ഒരു മാധ്യമസ്ഥാപനം ദുരുപയോഗം ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജീവനക്കാര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൂള്‍ന്യൂസ്, മറുനാടന്‍മലയാളി, മലയാള്‍.എഎം, ബോധികോമണ്‍സ് തുടങ്ങിയ സൈറ്റുകള്‍ പ്രസിദ്ധീകരിച്ചതെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാം. ചില ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇക്കാര്യം പ്രസിദ്ധീകരിച്ചതുമാണ്. കെയുഡബ്ലുജെയുടെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷനു നല്‍കിയ പരാതിയുടെ കോപ്പി മാത്രം മതി ഈ കേസ് തള്ളിപ്പോകാന്‍. പക്ഷേ, വിചിത്രമായ ഐടി ആക്ടിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണിത്. വാസ്തവത്തില്‍ ചിരിയ്ക്കുന്നത് വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലുകളാണ്. കാരണം അവര്‍ക്ക് ചുളുവില്‍ ലഭിക്കുന്ന മൈലേജാണിത്. വാല്‍ക്കഷണം: അരിയും തിന്ന് ആശാരിയെയും കടിച്ച് എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ്‌

2013-02-03

വര്‍ത്തമാനം ജീവനക്കാരുടെ വിശദീകരണം

വര്‍ത്തമാനം പത്രത്തിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പുറത്തിറങ്ങിയ വിശദീകരണക്കുറിപ്പ്‌

varthamanam issue by



വര്‍ത്തമാനം വിഷയത്തില്‍ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌




2013-02-01

വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?



കിഷന്‍ജി

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?

2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.

ഹിന്ദു പത്രത്തിന്റെ വായനക്കാര്‍ കൂടുന്നു



ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ അനുസരിച്ച് സംസ്ഥാനത്ത് ഹിന്ദു പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ 11.7 ശതമാനം വര്‍ധനവ്. നിലവില്‍ 364000 പേരാണ് സംസ്ഥാനത്ത് ഈ ഇംഗ്ലീഷ് പത്രത്തിന്റെ വരിക്കാറായിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രം ഹിന്ദുവാണ്.

2013-01-22

വര്‍ത്തമാനം മാനേജ്‌മെന്റിന്റെ അനീതി


വര്‍ത്തമാനം പ്രശ്‌നം സംബന്ധിച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം. കെയുഡബ്ല്യുജെ സെക്രട്ടറി മനോഹരന്‍ മൊറായിക്ക് നല്‍കിയ പകര്‍പ്പിന്റെ കോപ്പി.

2013-01-17

ചന്ദ്രികയ്‌ക്കെതിരേ അഴിമതി ആരോപണം



ചന്ദ്രികയുടെ മാനേജ്‌മെന്റിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പരക്കുന്നു.

പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ കോടികള്‍ മുക്കിയെന്നും നിയമപ്രശ്‌നം ഉണ്ടായപ്പോള്‍ അത് പരിഹരിയ്ക്കാന്‍ ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 87 ലക്ഷം രൂപ ചെലവാക്കേണ്ടി വന്നുവെന്നാണ് ഒന്നാമത്തെ ആരോപണം.

കോഴിക്കോട്ടെയും കൊച്ചിയിലെയും യൂനിറ്റുകള്‍ നില്‍ക്കുന്ന കണ്ണായ സ്ഥലങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം നടന്നു. ഇതില്‍ കൊച്ചിയിലെ സ്ഥലം ഉത്തരവാദപ്പെട്ട ഒരു നേതാവിന്റെ ബിനാമി സ്വന്തമാക്കിയിട്ടുണ്ടെന്നതുമാണ് രണ്ടാമത്തെ ആരോപണം.

മലപ്പുറം യൂനിറ്റിലേക്ക് പ്രിന്റിങ് മെഷിനുകള്‍ വാങ്ങിയതിലും കണ്ണൂര്‍ യൂനിറ്റിലേക്ക് സെക്കന്റ് ഹാന്‍ഡ് മെഷിന്‍ വാങ്ങിയതിലും അഴിമതിയെന്നതാണ് അടുത്ത ആരോപണം.

ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനിന്നവരെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരികെ കൊണ്ടുവരുന്ന രീതിയാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്നും സേവ് ചന്ദ്രിക എന്ന പേരിലുള്ള ഈ പോസ്റ്റില്‍ ആരോപിക്കുന്നു. ഈ സുചന കൊണ്ട് പഠിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകളുമായുള്ള പോസ്റ്റ് വീണ്ടുമെത്തുമെന്ന ഭീഷണിയും ഇതിലുണ്ട്.