2009-04-23

ഉറക്കം വിട്ടുണരാതെ രജപുത്ര മണ്ണ്‌

ജയ്‌പൂരില്‍ നിന്ന്‌ കെ എ സലിം

ജയ്‌പൂര്‍: ലോകത്തെ പുരാതന നാഗരികതകളിലൊന്നായ സിന്ധുനദീതട നാഗരികതയുടെ കേന്ദ്രഭൂമിയായിരുന്നുവത്രെ രാജസ്ഥാന്‍. രജപുത്രര്‍, ജാട്ട്‌, നാത, ബില, ഗുജ്ജാര്‍, മീണ, അഹിറ തുടങ്ങിയ വംശങ്ങള്‍ ഈ നാഗരികതയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. നാഗരികതകള്‍ തമ്മിലുള്ള പോരും പകയും ഈ മണ്ണിനെ രക്തത്തില്‍ കുളിപ്പിച്ചിട്ടുമുണ്ട്‌. ഇന്‍ഡസ്‌ ഗാഗര്‍-ഹക്‌റ നാഗരികതയെന്നാണ്‌ ഈ നാഗരികതയുടെ മറ്റൊരു പേര്‌.
മഴപെയ്യുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നദിയാണു ഗാഗര്‍-ഹക്‌റ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു രജപുത്രരുടെ പോരാട്ടഭൂമിയൊരുങ്ങുമ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷവും വിട്ടൊഴിയാത്ത വംശീയവിദ്വേഷങ്ങള്‍ക്കും കുടിപ്പകയ്‌ക്കുമിടയില്‍ രാജസ്ഥാനിലെ രാഷ്ട്രീയം ഗാഗര്‍-ഹക്‌റ നദിയുടെ സ്വഭാവം പോലെ പ്രവചനാതീതമായി കിടക്കുന്നു.
2003ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വസുന്ധരാരാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ ഒരു വര്‍ഷത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 21ഉം ബി.ജെ.പി തന്നെ നേടി. ഒരു കാരുണ്യം പോലെ കോണ്‍ഗ്രസ്സിന്‌ ലഭിച്ചത്‌ നാലു സീറ്റുകള്‍.
അഞ്ചു വര്‍ഷത്തിനു ശേഷം കഥമാറി. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ഗുജ്ജാര്‍ വംശജരിലൊരു വിഭാഗം കാലുമാറി. 2008ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തി. കോണ്‍ഗ്രസ്‌ 98, ബിജെ.പി 75, ബി.എസ്‌. പി ഏഴ്‌, മറ്റുള്ളവര്‍ 20 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. ലോകത്തെ പഴക്കം ചെന്ന മലനിരകളും താര്‍ മരുഭൂമിയും സമതലങ്ങളുമുള്‍പ്പെടെ 3,42,239 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പലതാണ്‌്‌. ജാതിപ്പോരോ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള സംഘര്‍ഷങ്ങളോ മാത്രമായിരിക്കില്ല രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്‌. ശക്തമായ ജാതി സമവാക്യത്തിനൊപ്പം വിലക്കയറ്റം, ജലദൗര്‍ലഭ്യം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം വോട്ടര്‍മാരുടെ മനോഗതി നിര്‍ണയിക്കുന്ന ഘടകങ്ങളാവും.
എന്നാലിപ്പോഴും രാജസ്ഥാനെ തിരഞ്ഞെടുപ്പിന്റെ ചൂട്‌ ബാധിച്ചിട്ടില്ല. തലസ്ഥാനമായ ജയ്‌പൂരില്‍ തിരഞ്ഞെടുപ്പിന്റെ ലക്ഷണം പോലുമില്ല. ബോര്‍ഡുകളോ പോസ്‌റ്ററുകളോ ഇല്ല. ഒരു പ്രചാരണ വാഹനം പോലും കാണാനില്ല. കോണ്‍ഗ്രസ്‌, ബി.ജെ.പി എന്നീ പ്രമുഖകക്ഷികളെ കൂടാതെ ഇടതുപാര്‍ട്ടികളും ബി.എസ്‌.പിയും രാജസ്ഥാനില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും 25 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ ബി.എസ്‌.പി 23 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു.
10 മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നു മണ്ഡലങ്ങളില്‍ സി.പി.എമ്മും മല്‍സരിക്കുന്നു. സിക്കറില്‍ മല്‍സരിക്കുന്ന സിറ്റിങ്‌ എം.എല്‍.എ അംറാറാം സി.പി.എമ്മിന്‌ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്‌. കോണ്‍ഗ്രസ്സിലെയും ബി.ജെ.പിയിലെയും പ്രമുഖരാരും ഇവിടെ മല്‍സരിക്കുന്നില്ലെന്നതാണു രാജസ്ഥാനിലെ മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍കാരനായ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിങ്‌ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുമായി പിണങ്ങി പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ്‌ മല്‍സരിക്കുന്നത്‌. അജ്‌മീരില്‍ മല്‍സരിക്കുന്ന യുവ കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ പൈലറ്റ്‌, മധേപൂരില്‍ നിന്ന്‌ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്ന ഗുജ്ജാര്‍ നേതാവ്‌ കിരോരിസിങ്‌ ബെയ്‌ന്‍സ്‌ല, ചിത്തോര്‍ഗഡില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിന്നു ഗിരിജാവ്യാസ്‌, ബര്‍മറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ജസ്വന്ത്‌സിങിന്റെ മകനുമായ മാനവേന്ദ്രസിങ്‌, ജാലവാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകനുമായ ദുഷ്യന്ത്‌സിങ്‌, ജാലോഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌ തുടങ്ങിയവരാണു രാജസ്ഥാനില്‍ മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍.
സമീപകാലത്ത്‌ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു നല്ല വാര്‍ത്തകളുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പിക്ക്‌ ലഭിച്ച ആറ്‌ എം.എല്‍.എമാരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2008ല്‍ കോണ്‍ഗ്രസ്സിനെ സഹായിച്ച, ജനസംഖ്യയില്‍ എട്ടു ശതമാനം വരുന്ന മീണ സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം വച്ചു വിലയിരുത്തിയാല്‍ രജപുത്രരുടെ മണ്ണ്‌ ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പം നിന്നേക്കും.
ഇടതുപക്ഷവും സ്വതന്ത്രരും രാജസ്ഥാനില്‍ നിര്‍ണായകമാണ്‌. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 43.01 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്‌ 41.2 ശതമാനം വോട്ടുകളും നേടിയപ്പോള്‍ മറ്റുള്ളവരെല്ലാം കൂടി 25.2 ശതമാനം വോട്ടുകള്‍ നേടി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്വതന്ത്രരുള്‍പ്പെടെയുള്ള മറ്റുള്ളവരുടെ വോട്ട്‌ ശതമാനം 28 ആയി ഉയര്‍ന്നു. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 44.95 ശതമാനം വോട്ടു നേടിയിരുന്നു. ഇത്‌ 2008 ആയപ്പോഴേക്കും 36 ശതമാനമായി കുറഞ്ഞു. ബി.ജെ.പിയാവട്ടെ 34 ശതമാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുന്നു. എന്നാലും കാര്യമായി പ്രതീക്ഷയ്‌ക്കു വകയില്ലാത്ത വിധം പ്രശ്‌നങ്ങളുടെ നടുക്കടലിലാണു ബി.ജെ.പി. അഞ്ചുവര്‍ഷ ഭരണത്തിനിടെ വസുന്ധരാരാെജ 400 കോടിയുടെ അഴിമതി നടത്തിയെന്നു പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പരസ്യമായി പരാതിപ്പെട്ടതു മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കൈലാഷ്‌ മെഗ്‌വാള്‍ തന്നെയാണ്‌. വസുന്ധരയുടെ അഞ്ചുവര്‍ഷ ഭരണത്തിനിടെ ഗുജ്ജാര്‍ ഉള്‍പ്പെടെ വിവിധ സമരങ്ങള്‍ക്കു നേരെ നടന്ന വെടിവയ്‌പില്‍ 90 പേര്‍ മരിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലും വേട്ടയാടുമെന്നുറപ്പാണ്‌.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വിവേചനം: ഡല്‍ഹി മുസ്‌്‌ലിംകള്‍ കോണ്‍ഗ്രസ്സിനെതിരേ

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിംകളില്‍ നിന്നും സ്ഥാനാര്‍ഥിയായി ഒരു പ്രതിനിധിയെയും പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ ന്യൂനപക്ഷ സംഘടനകള്‍ തയ്യാറെടുക്കുന്നു. ജാമിഅ നഗറില്‍ രണ്ടു മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ്സിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ രോഷം ജ്വലിച്ചുകൊണ്ടിരിക്കെയാണു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവേചനത്തിനെതിരേയുള്ള മുസ്‌്‌ലിംകളുടെ പ്രതിഷേധം.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22ഉം ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍ 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്ന്‌ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌. (1977ലും 80ലും സിക്കന്തര്‍ ബക്തിനെ). ഈ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പി തലസ്ഥാനത്തെ ഏഴില്‍ മൂന്നു മണ്ഡലങ്ങളില്‍ മുഹമ്മദ്‌ മുസ്‌തഖീം (ചാന്ദ്‌നിചൗക്ക്‌), മുഹമ്മദ്‌ യൂനുസ്‌ (ഈസ്റ്റ്‌ ഡല്‍ഹി), ഹാജി ദില്‍ഷാദ്‌ അലി എന്‍ജിനീയര്‍ (നോര്‍ത്ത്‌ ഈസ്‌റ്റ്‌) എന്നീ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്‌.
കോണ്‍ഗ്രസ്സിന്റെ വിവേചനത്തിനെതിരേ മുസ്‌ലിംകളുടെ സംയുക്ത സമിതിയടക്കമുള്ള വിവിധ ന്യൂനപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിം പത്രാധിപരും മുന്‍ എം.പിയുമായ സയ്യിദ്‌ ശഹാബുദ്ദീന്‍, ഡല്‍ഹി ഇമാം സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി, മൗലാനാ മുഫ്‌തി മുഹമ്മദ്‌ മുകര്‍റം തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയിലാണു കോണ്‍ഗ്രസ്സിനെതിരേ സംസാരിച്ചത്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ബി.എസ്‌.പി സ്ഥാനാര്‍ഥി ഹാജി ദില്‍ഷാദ്‌ അലിക്കു വോട്ട്‌ ചെയ്യാനും ഇവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി കുപ്പായത്തില്‍ കണ്ണുംനട്ടിരുന്ന സീലാംപുര്‍ എം.എല്‍.എയായ മദീന്‍ അഹ്‌മദിനെപ്പോലെയുള്ള ഡല്‍ഹി കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കളും സംഭവത്തില്‍ അമര്‍ഷത്തിലാണ്‌.
കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളും പാരമ്പര്യമായി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌തുവന്നവരും വിട്ടുനില്‍ക്കുകയാണ്‌.
കോണ്‍ഗ്രസ്സിനോടുള്ള ഈ മുസ്‌ലിം പ്രതിഷേധത്തെ മുതലാക്കാനുള്ള ശ്രമത്തിലാണ്‌ ബി.ജെ.പി.
``ഒരു ലോക്‌സഭാ ടിക്കറ്റ്‌ നല്‍കി നിങ്ങളെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടിയെ നിങ്ങളെങ്ങനെ വിശ്വാസത്തിലെടുക്കും'' ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയ്‌ ഗോയല്‍ ചോദിക്കുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയിലെ കോണ്‍ഗ്രസ്സിന്റെ നാലു മുസ്‌്‌ലിം എം.എല്‍.എമാരെയും ഒരു മന്ത്രിയെയും ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണു പാര്‍ട്ടി ഇതിനെ പ്രതിരോധിക്കുന്നത്‌.
അതേസമയം, ദേശീയ രാഷ്ട്രീയത്തിലും മന്ത്രിസഭയിലും തന്നെ പൊട്ടിത്തെറിക്കു കാരണമായിരുന്ന ജാമിഅ നഗര്‍ വെടിവയ്‌പ്‌ ജനങ്ങള്‍ മറന്നുതുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഡല്‍ഹി ഇമാം അഹ്‌മദ്‌ ബുഖാരിയടക്കമുള്ള മുസ്‌്‌ലിം നേതാക്കള്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മുസ്‌ലിംകളെ വോട്ടു ബാങ്കായി മാത്രം കാണുകയും പിന്നീട്‌ അവരെ ഭീകരരാക്കുകയും ചെയ്യുകയാണു കോണ്‍ഗ്രസ്സിന്റെ നയമെന്നു ഡല്‍ഹി ഇമാം തലസ്ഥാനത്തു ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ ഒരു യോഗത്തിനു ശേഷം കുറ്റപ്പെടുത്തുകയുണ്ടായി.
വ്യാജ ഏറ്റമുട്ടല്‍ സംഭവത്തെ തുടര്‍ന്നു രൂപീകരിച്ച ഉലമാ കൗണ്‍സില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ്‌ മിശ്രയെയും കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ജാവേദ്‌ അക്തറിനെയും യഥാക്രമം അഅ്‌സംഗഡിലും ലഖ്‌നോവിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. യു.പിയില്‍ ഉലമാ കൗണ്‍സില്‍ 10 സ്ഥാനാര്‍ഥികളെയാണു മല്‍സരിപ്പിക്കുന്നത്‌.
ഇതു ചൂണ്ടിക്കാണിക്കുന്നതു ജാമിഅ നഗര്‍ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും തിരയടിക്കുമെന്നാണ്‌.
ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ഉലമാ കൗണ്‍സിലിന്റെ പ്രചാരണം പരമ്പരാഗതമായി കോണ്‍ഗ്രസ്സിന്‌ വോട്ടു ചെയ്യുന്ന മുസ്‌്‌ലിംകളെ മാറിച്ചിന്തിപ്പിക്കാനിടയുണ്ട്‌.

ബനേജ്‌ ബൂത്തില്‍ ഒരു വോട്ടര്‍; രണ്ട്‌ പോലിസ്‌, ഉദ്യോഗസ്ഥര്‍ മൂന്ന്‌

അഹ്‌മദാബാദ്‌: രാജ്യത്ത്‌ മൊത്തം 8,28,804 പോളിങ്‌ സ്‌റ്റേഷനുകളുണ്ടെങ്കിലും ജുനഗഡ്‌ മണ്ഡലത്തിലെ ബനേജ്‌ ബൂത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ഇവിടെ വോട്ടറായി 52കാരന്‍ ഭരത്‌ദാസ്‌ ദര്‍ശന്‍ ദാസ്‌ മാത്രം. നിര്‍ദിഷ്ട സമയപരിധിയായ വൈകീട്ട്‌ അഞ്ചുമണി കഴിഞ്ഞിട്ടും നീളുന്ന വരിയോ പതിവു തിരഞ്ഞെടുപ്പു കോലാഹലങ്ങളോ ഒന്നും ഈ ബൂത്തില്‍ കാണില്ല.
ദര്‍ശന്‍ ദാസ്‌ തന്നെ തന്റെ അനുഭവം പറയുന്നു: ``രണ്ടു തവണയാണു ഞാന്‍ വോട്ട്‌ ചെയ്‌തത്‌. രണ്ടു പോലിസുകാരടക്കം അഞ്ച്‌ ഉദ്യോഗസ്ഥര്‍ ഉണ്ടാവും. അതുതന്നെയാണു തിരഞ്ഞെടുപ്പ്‌.'' ഏകവോട്ടറായുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ്‌ ഇതെങ്കിലും ഇപ്പോഴാണു ലോകം തന്നെ ശ്രദ്ധിക്കുന്നതെന്നാണു ദര്‍ശന്‍ ദാസിന്റെ പരാതി.
1,412 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തൃതിയുള്ള ഗീര്‍വനത്തില്‍ 300 ആനകളുണ്ടെന്നാണു കണക്ക്‌. കാട്ടിനുള്ളിലെ പുരാതന ക്ഷേത്രത്തിനുള്ളിലാണു ദര്‍ശന്‍ ദാസിന്റെ വാസം. ഇതിനുള്ളില്‍ വൈദ്യുതിയില്ല; ടെലിവിഷനും ടെലിഫോണും ദര്‍ശന്‍ ദാസിന്റെ ജീവിതത്തിന്റെ ഭാഗമല്ല. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഉപകരണം ബി.ബി.സി റേഡിയോ മാത്രം. രണ്ടു വര്‍ഷമായി ഈ കാട്ടിലാണ്‌ ഇദ്ദേഹം.
തങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ ഇതുവരെ ഒരു സ്ഥാനാര്‍ഥിയും ഇദ്ദേഹത്തെ സമീപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച്‌ ഇദ്ദേഹത്തിന്‌ വ്യക്തമായ ഒരറിവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും പ്രധാനപാര്‍ട്ടികളാണെന്ന വിവരം മാത്രം ദര്‍ശന്‍ ദാസിനറിയാം. എന്നാലും തന്റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ അദ്ദേഹം സംതൃപ്‌തനാണ്‌. എന്നാല്‍ ആര്‍ക്കു വോട്ട്‌ ചെയ്യുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്കു വരാനായി നല്ലൊരു റോഡ്‌ വേണമെന്നാണു ദര്‍ശന്‍ ദാസിന്റെ ഏക ആവശ്യം. കാട്ടില്‍ മൊബൈല്‍ ഫോണിന്റെ റെയ്‌ഞ്ചൊന്നും ഇദ്ദേഹത്തിന്‌ പ്രശ്‌നമല്ല. ഈ ക്ഷേത്രത്തിലാണ്‌ ഇദ്ദേഹം 40ഓളം വരുന്ന ഭക്തര്‍ക്കൊപ്പം താമസിക്കുന്നത്‌. ഇവര്‍ക്കൊന്നും ഈ പ്രദേശത്ത്‌ വോട്ടില്ല.
ഏപ്രില്‍ 30നാണു ബനേജ്‌ ബൂത്തടങ്ങുന്ന ജുനഗഡിലെ വോട്ടെടുപ്പ്‌. അന്നേദിവസം നേരത്തെ എണീറ്റ്‌ ബൂത്തില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. ``തന്നെ കാണുമ്പോള്‍ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സന്തോഷിക്കും. കാരണം അവര്‍ക്ക്‌ നേരത്തെ പെട്ടിയും മടക്കി വീട്ടിലേക്കു പോവാമല്ലോ.'' അദ്ദേഹം തമാശയില്‍ പറഞ്ഞുനിര്‍ത്തി.