2009-04-17

ചതുരംഗം കഴിഞ്ഞ്‌ ആത്മസംതൃപ്‌തിയോടെ പട്ടിക്കാട്ടെ നേതാക്കള്‍ കൂടണഞ്ഞു


നഹാസ്‌ എം നിസ്‌താര്‍

പെരിന്തല്‍മണ്ണ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ തീപാറുന്ന പോരാട്ടമൊരുക്കി ആത്മസംതൃപ്‌തിയോടെ മൂന്നു ചതുരംഗപ്പടയുടെയും പട്ടിക്കാട്‌ സ്വദേശികളായ നേതാക്കള്‍ വീടുകളിലെത്തി. മലപ്പുറം മണ്ഡലത്തിലെ ഇടത്‌-വലത്‌ രാഷ്ട്രീയപ്പാര്‍ട്ടികളും പി.ഡി.പിയുടെ പ്രധാന തിരഞ്ഞെടുപ്പുനയ രൂപീകരണച്ചുമതലയും മൂന്നു പാര്‍ട്ടികളും ഏല്‍പ്പിച്ചിരുന്നത്‌ പട്ടിക്കാട്ടുകാരെയായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ച പി ശ്രീരാമകൃഷ്‌ണനും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഇ അഹമ്മദിന്റേതിനു നേതൃത്വം വഹിച്ച പി അബ്ദുല്‍ ഹമീദും പി.ഡി.പിയുടെ നയരൂപീകരണസമിതിയുടെ ചുമതലയുള്ള സി കെ അബ്ദുല്‍ അസീസുമാണ്‌ ഇന്നലെ പോളിങ്‌ പൂര്‍ത്തിയാക്കി കുടുംബത്തോടൊപ്പം ചേര്‍ന്നത്‌.
മൂവരും കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട്‌ പ്രദേശത്ത്‌ ജനിച്ചുവളര്‍ന്ന്‌ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്തവരാണ്‌. വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുമായി ചേര്‍ന്നാണ്‌ മൂവരും അവരുടേതായ രാഷ്ട്രീയചിന്തകള്‍ക്ക്‌ സ്ഥലം കണ്ടെത്തിയത്‌. വെവ്വേറെ പാര്‍ട്ടിയിലാണെങ്കിലും ജീവിതത്തിലുടനീളം സാമ്യങ്ങള്‍ നിരവധിയാണ്‌.
രക്ഷാകര്‍ത്താക്കള്‍ അധ്യാപകരായതും പട്ടിക്കാട്‌ ഹൈസ്‌കൂളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം, അധ്യാപകജോലി, രാഷ്ട്രീയജീവിതത്തില്‍ നേതൃത്വരംഗത്തേക്ക്‌ കടന്നുവന്നതുമെല്ലാം മൂന്നുപേര്‍ക്കും പൊതുവായി അവകാശപ്പെടാവുന്ന കാര്യങ്ങളാണ്‌.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനോട്‌ ശ്രീരാമകൃഷ്‌ണനും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിനോട്‌ അബ്ദുല്‍ഹമീദും കഴിഞ്ഞ ലോക്‌സഭയിലേക്ക്‌ പി.ഡി.പി സ്ഥാനാര്‍ഥിയായി അബ്ദുല്‍ അസീസും മല്‍സരിച്ച്‌ പരാജയം ഏറ്റുവാങ്ങി.
മൂവരും മലപ്പുറം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ പര്യടനവും പ്രചാരണവും വാര്‍ത്താസമ്മേളനങ്ങളും പ്രത്യേകം ചാര്‍ട്ട്‌ ചെയ്‌ത്‌ ഏല്‍പ്പിക്കപ്പെട്ട ജോലി ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയാണ്‌ പട്ടിക്കാട്ടെ വീട്ടിലെത്തിയത്‌. തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതിദാനാവകാശം ഹമീദും അസീസും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ 116ാം ബൂത്തിലും ശ്രീരാമകൃഷ്‌ണന്‍ പട്ടിക്കാട്‌ വെസ്റ്റിലെ ദാറുസ്സലാം മദ്‌റസയിലെ 117ാം ബൂത്തിലും രേഖപ്പെടുത്തി.
റിട്ട. അധ്യാപകന്‍ പരേതനായ പുളിയകത്ത്‌ കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ്‌ ഹമീദ്‌. പട്ടിക്കാട്‌ ദാറുസ്സലാം എല്‍.പി സ്‌കൂളിലെ അധ്യാപകജോലിയില്‍നിന്നു പിരിഞ്ഞതു മുതല്‍ മുസ്‌ലിംലീഗിലെ മുഴുസമയ പ്രവര്‍ത്തനത്തിലാണ്‌ ഇപ്പോള്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി കൂടിയായ ഇദ്ദേഹം.
റിട്ട. അധ്യാപകന്‍ പരേതനായ പുറയത്ത്‌ ഗോപിയുടെയും സീതടീച്ചറുടെയും മകനായ ശ്രീരാമകൃഷ്‌ണന്‍ മേലാറ്റൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ്‌.
പരേതനായ ഹോമിയോ ഡോക്ടര്‍ സി കെ അബ്ദുല്ലയുടെയും ഖദീജ ടീച്ചറുടെയും മകനായ അസീസ്‌ വിദേശത്ത്‌ ജോലിനോക്കിവരുന്നു. പി.ഡി.പിയുടെ സംസ്ഥാന നയരൂപീകരണ സമിതി ചെയര്‍മാനാണ്‌.

ആദ്യഘട്ട വോട്ടെടുപ്പ്‌: ദേശീയ ശരാശരി 60 ശതമാനം


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ 60 ശതമാനം പോളിങ്‌ നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാഥമിക നിഗമനം. കേരളത്തില്‍ 71 ശതമാനം പോളിങ്‌ നടന്നതായി കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ പത്തു സുരക്ഷാ സൈനികരും അഞ്ചു പോളിങ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോളിങ്‌ ശതമാനത്തിന്റെ പ്രാഥമിക കണക്ക്‌ ഇങ്ങനെയാണ്‌: ബിഹാര്‍- 46 ശതമാനം, ലക്ഷദ്വീപ്‌- 86 ശതമാനം, ആന്ധ്രപ്രദേശ്‌- 65 ശതമാനം, അരുണാചല്‍പ്രദേശ്‌- 62 ശതമാനം, അസം- 62 ശതമാനം, ജമ്മുകശ്‌മീര്‍- 48 ശതമാനം, മഹാരാഷ്ട്ര- 64 ശതമാനം, മണിപ്പൂര്‍- 66-68 ശതമാനം, മേഘാലയ- 68 ശതമാനം, മിസോറാം- 52 ശതമാനം, നാഗാലാന്റ്‌- 84 ശതമാനം, ഒറീസ- 53 ശതമാനം, ഉത്തര്‍പ്രദേശ്‌- 48-50 ശതമാനം, ഛത്തീസ്‌ഗഡ്‌- 51 ശതമാനം, ജാര്‍ഖണ്ഡ്‌- 50 ശതമാനം, ആന്തമാന്‍ നിക്കോബാര്‍- 62 ശതമാനം. സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂര്‍ണമായ കണക്കുകള്‍ ലഭ്യമാവുന്നതോടെ ഇതില്‍ മാറ്റമുണ്ടാവാമെന്ന്‌ ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആര്‍ ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെയുള്ള 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ 124 മണ്ഡലങ്ങളിലേക്കാണ്‌ ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്‌. 1715 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 1.8 ലക്ഷം പോളിങ്‌ സ്‌റ്റേഷനുകളിലായി മൂന്നുലക്ഷം വോട്ടിങ്‌ മെഷീനുകളാണ്‌ ആദ്യഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്‌.
ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ വന്‍തോതില്‍ നക്‌സല്‍ അക്രമങ്ങള്‍ക്കും സാക്ഷിയായി. നക്‌സല്‍ബാധിത പ്രദേശങ്ങളായ ബിഹാര്‍, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ നക്‌സല്‍ ആക്രമണങ്ങളുണ്ടായത്‌. ജാര്‍ഖണ്ഡിലെ ലാതേഹര്‍ ജില്ലയില്‍ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയുണ്ടായ ലാന്റ്‌മൈന്‍ ആക്രമണത്തില്‍ അഞ്ചു ജവാന്‍മാരും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
ബിഹാറിലെ ഗയാ ജില്ലയില്‍ പോലിസുകാരന്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. ഛത്തീസ്‌ഗഡിലെ ദന്തെവാദയിലെയും നാരായണ്‍പൂരിലെയും പോളിങ്‌ബൂത്തുകളിലുണ്ടായ ഏറ്റുമുട്ടലുകളിലും മൈന്‍ സ്‌ഫോടനങ്ങളിലുമായി രണ്ടു സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒറീസയിലെ മാല്‍ക്കന്‍ഗിരിയില്‍ മാവോവാദികള്‍ മൂന്ന്‌ പോളിങ്‌ബൂത്തുകള്‍ ആക്രമിക്കുകയും വോട്ടിങ്‌ യന്ത്രങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. ജമ്മുകശ്‌മീരിലെ രണ്ടു ജില്ലകളില്‍ വോട്ടര്‍മാര്‍ക്കു നേരെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിക്കുന്നവരുടെ കല്ലേറുണ്ടായി. പൂഞ്ചിലെ ഹാദിമരോട്ടെ പോളിങ്‌ സ്‌റ്റേഷനു നേരെ വെടിവയ്‌പുണ്ടായി.
ആന്ധ്രപ്രദേശിലെ മഹബൂബ്‌ നഗര്‍ ഐസയില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധിച്ചവര്‍ ബൂത്ത്‌ കൈയേറി. ഇതേത്തുടര്‍ന്നു വോട്ടിങ്‌ യന്ത്രത്തിനു കേടുപാടുകള്‍ സംഭവിക്കുകയും വോട്ടിങ്‌ ഉപേക്ഷിക്കുകയും ചെയ്‌തു. അസമിലെ ഒരു ജില്ലയിലെ പ്രിസൈഡിങ്‌ ഓഫിസര്‍ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു. റായ്‌പൂരില്‍ മുന്‍ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി അജിത്‌ജോഗിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശൈലേഷ്‌ നാഥ്‌ ത്രിവേദിയെയും രണ്ടുപേരെയും ഏതാനും പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയുണ്ട്‌. മഹാരാഷ്ട്രയിലെ ഗോദ്‌ചിറോലി ജില്ലയില്‍ നക്‌സലുകള്‍ ബൂത്തിന്‌ തീവയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരക്ഷാസൈനികര്‍ പരാജയപ്പെടുത്തി.
ബൂത്ത്‌ കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ അരുണാചല്‍ വെസ്റ്റ്‌ ലോക്‌സഭാമണ്ഡലത്തിലെ നാലു ബൂത്തുകളില്‍ വോട്ടെടുപ്പു റദ്ദാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ മുഖത്തടിച്ചതിന്‌ ആന്ധ്രപ്രദേശിലെ കുറുപ്പം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വി ജനാര്‍ദ്ദനനെ അറസ്‌റ്റ്‌ ചെയ്‌തു.



പ്രധാനമന്ത്രിയുടെ ഫോട്ടോ വെബ്‌സൈറ്റുകളില്‍ നിന്നു നീക്കി




ന്യൂഡല്‍ഹി: പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി)യുടെയും പ്രധാനമന്ത്രിയുടെ ഓഫിസി(പി.എം.ഒ)ന്റെയും വെബ്‌സൈറ്റുകളില്‍ നിന്നു ഡോ.മന്‍മോഹന്‍സിങിന്റെ ഫോട്ടോകള്‍ നീക്കം ചെയ്‌തു. ലോക്‌്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്‌. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിയുന്നതു വരെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണു കമ്മീഷന്‍ നിര്‍ദേശിച്ചത്‌. ദുഃഖവെള്ളി, മഹാവീര്‍ ജയന്തി തുടങ്ങിയ പ്രത്യേക ദിവസങ്ങളില്‍ പ്രധാനമന്ത്രി നല്‍കുന്ന സന്ദേശങ്ങള്‍ ആശംസകളില്‍ മാത്രം ഒതുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിനു പകരം വിവരങ്ങള്‍ നല്‍കാനായി പത്രക്കുറിപ്പുകള്‍ നല്‍കണമെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുകയുണ്ടണ്ടായി. കാബിനറ്റ്‌ സെക്രട്ടറിക്ക്‌ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.

ലീഡറോട്‌ തമാശപറഞ്ഞ മന്ത്രി രാജേന്ദ്രന്‍ വെട്ടിലായി

സ്വന്തം പ്രതിനിധി
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി സി എന്‍ ജയദേവനു വേണ്ടി പോളിങ്‌ ബൂത്ത്‌ കോമ്പൗണ്ടില്‍ വോട്ടഭ്യര്‍ഥന നടത്തിയ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പുലിവാലുപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരനോടാണ്‌ കെ പി രാജേന്ദ്രന്‍ തമാശരൂപേണ ജയദേവനു വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയത്‌. പി സി ചാക്കോയുടെ തിരഞ്ഞെടുപ്പ്‌ ഏജന്റ്‌ പി എ മാധവന്‍ മന്ത്രി ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാണിച്ച്‌ പ്രിസൈഡിങ്‌ ഓഫിസര്‍ക്ക്‌ പരാതി നല്‍കി. തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌. പരാതി ശരിയാണെന്നു തെളിഞ്ഞാല്‍ രാജേന്ദ്രനു മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടാം.
ഇന്നലെ രാവിലെ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരുവരും വോട്ട്‌ ചെയ്യാനെത്തിയപ്പോഴാണു നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്‌. ആദ്യമെത്തിയ കെ പി രാജേന്ദ്രന്‍ കരുണാകരന്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ കാത്തുനിന്നു. കരുണാകരന്‍ എത്തിയ ഉടന്‍ അദ്ദേഹത്തെ രാജേന്ദ്രന്‍ അടുത്തുചെന്നു കാണുകയും ഞാന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തു.
ഓ, അതെയോ എന്നായിരുന്നു കരുണാകരന്റെ പ്രതികരണം. ചിരിച്ചുകൊണ്ട്‌ രാജേന്ദ്രനെ അഭിവാദ്യം ചെയ്‌ത കരുണാകരനോട്‌ താന്‍ വോട്ട്‌ ചെയ്യാന്‍ വന്നതാണെന്നും ഈ സ്‌കൂളിലെ മറ്റൊരു ബൂത്തിലാണ്‌ തനിക്ക്‌ വോട്ടെന്നും ലീഡര്‍ വരുന്നുണ്ടെന്നറിഞ്ഞു കാത്തുനിന്നതാണെന്നും വിശദീകരിച്ചപ്പോള്‍ സന്തോഷം എന്നുമാത്രം പറഞ്ഞ്‌ കരുണാകരന്‍ മുന്നോട്ടു നീങ്ങി. ആ സമയത്താണ്‌ കെ പി രാജേന്ദ്രന്‍ നമ്മുടെ ജയദേവന്റെ കാര്യം മറക്കേണ്ട എന്നു കരുണാകരനോടു പറഞ്ഞത്‌. ഇതുകേട്ട്‌ കരുണാകരനടക്കമുള്ളവര്‍ ആദ്യം ചിരിച്ചെങ്കിലും കരുണാകരനോടൊപ്പമുണ്ടായിരുന്ന അഡ്വ. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ രാജേന്ദ്രനെ വിമര്‍ശിച്ചു. ബൂത്തിനടുത്ത്‌ കാന്‍വാസിങ്‌ പാടില്ലെന്നും നിയമപരമായി ഇതു തെറ്റാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തേറമ്പില്‍ അതീവ ഗൗരവത്തോടെ പറഞ്ഞതോടെ കെ പി രാജേന്ദ്രനും അപകടം മണത്തു. തുടര്‍ന്ന്‌ അദ്ദേഹം വേഗം വോട്ട്‌ ചെയ്യാനായി ബൂത്തിലേക്കു നീങ്ങി. പോവുന്നതിനിടയില്‍ നമുക്ക്‌ ഒരു വോട്ട്‌ കൂടി കിട്ടിയെന്നു പറയുകയും ചെയ്‌തു. തികച്ചും അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ അവസരം നന്നായി വിനിയോഗിക്കണമെന്ന്‌ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും കെ പി രാജേന്ദ്രന്‍ അതു തമാശയായി പറഞ്ഞതാണെന്നും അതിനാല്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞു. യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി സി ചാക്കോയ്‌ക്കും ഈ അഭിപ്രായംതന്നെ ആയിരുന്നെങ്കിലും പരാതി നല്‍കിയതിനോട്‌ എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

സി.പി.എം വിമതര്‍ക്ക്‌ വ്യത്യസ്‌ത നിലപാട്‌


തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ചിരുന്ന തളിക്കുളത്തെ സി.പി.എം വിമതര്‍ വോട്ടെടുപ്പിലും വേറിട്ടു നിന്നു. വിമത സി.പി.എം കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്‍കിയ മുന്‍ ഡി.വൈ.എഫ്‌.ഐ നേതാവ്‌ ടി എല്‍ സന്തോഷ്‌ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നപ്പോള്‍ തളിക്കുളം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ ബാബുവടക്കമുള്ളവര്‍ വോട്ട്‌ രേഖപ്പെടുത്തി.
വിമത സി.പി.എം ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താന്‍ വോട്ട്‌ ചെയ്യുന്നില്ലെന്നു തീരുമാനിച്ചതെന്ന്‌ സന്തോഷ്‌ പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരെ വോട്ട്‌ ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ടില്ല. തളിക്കുളം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ ബാബു തളിക്കുളം സി.എം.എസ്‌ യു.പി സ്‌കൂളിലെ 3ാം ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തി. ഇടതുമുന്നണിക്ക്‌ വോട്ട്‌ ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ ബാബുവും കൂട്ടരും നോട്ടീസിറക്കിയിരുന്നു.

മഴയെ അവഗണിച്ച്‌ വി എസും കുടുംബവും നടന്നെത്തി വോട്ട്‌ ചെയ്‌തു


ആലപ്പുഴ: മഴയെ അവഗണിച്ച്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കുടുംബാംഗങ്ങള്‍ക്കും മന്ത്രി സുധാകരനുമൊപ്പം നടന്നെത്തി വോട്ട്‌ ചെയ്‌തു. പുന്നപ്രയിലെ വേലിക്കകത്ത്‌ വീട്ടില്‍ നിന്ന്‌ അരകിലോമീറ്റര്‍ അകലെയുള്ള 63ാം നമ്പര്‍ പറവൂര്‍ പനയകുളങ്ങര ഗവ. എച്ച്‌.എസ്‌.എസിലായിരുന്നു വി എസിന്റെ വോട്ട്‌. ഇതേ ബൂത്തില്‍ തന്നെയായിരുന്നു മന്ത്രി സുധാകരനും വോട്ട്‌. വി എസിനൊപ്പം ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ എന്നിവരും ഉണ്ടായിരുന്നു. രാവിലെ 10.30 ഓടെ തന്നെ മന്ത്രി സുധാകരനും ഭാര്യയും പുന്നപ്രയിലെ വി എസിന്റെ വീട്ടിലെത്തി. തുടര്‍ന്ന്‌ ഇരുവരും രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തിയശേഷം വോട്ട്‌ ചെയ്യാന്‍ പുറപ്പെടാനൊരുങ്ങിയെങ്കിലും മഴ ആരംഭിച്ചതോടെ വീണ്ടും വൈകി. കാറില്‍ പോവാമെന്നു നിര്‍ബന്ധിച്ചെങ്കിലും വി എസ്‌ സമ്മതിച്ചില്ല. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നു 11 ഓടെ മുണ്ടു മടക്കിക്കുത്തി കുടയും ചൂടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വീട്ടില്‍ നിന്നിറങ്ങിയ വി എസ്‌, മുഖ്യമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ വോട്ട്‌ രേഖപ്പെടുത്താന്‍ 11.10 ഓടെ ബൂത്തിലെത്തി. അഞ്ചുമിനിറ്റിനുള്ളില്‍ വോട്ട്‌ ചെയ്‌തിറങ്ങിയ വി എസിനെ കാത്ത്‌ ദേശീയ മാധ്യമങ്ങളടക്കം വന്‍ സംഘമായിരുന്നു ബൂത്തിനു പുറത്തു നിന്നത്‌. സംസ്ഥാനത്ത്‌ എല്‍.ഡി.എഫിന്റെ പ്രകടനം മോശമാവില്ലെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി എസ്‌ പറഞ്ഞു. ഓരോരുത്തരും അവരവരുടെ ഔചിത്യമനുസരിച്ചാ ണ്‌ വോട്ട്‌ ചെയ്യുന്നതെങ്കിലും എല്‍.ഡി.എഫ്‌ നല്ലനിലയില്‍ വോട്ട്‌ നേടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംമുന്നണിയെ സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും 16ന്‌ വോട്ടെണ്ണിക്കഴിയട്ടേയെന്നായിരുന്നു വി എസിന്റെ മറുപടി. തുടര്‍ന്നു വി എസ്‌ കാറില്‍ തിരികെ വീട്ടിലേക്ക്‌. അവിടെ നിന്നു മൂന്നുമണിയോ ടെ തിരുവനന്തപുരത്തേക്കു മടങ്ങി.

`സി.പി.എം അണികള്‍ പ്രതിഷേധിച്ചു'


കൊച്ചി: പരമ്പരാഗത ഇടതുപക്ഷ ചിന്താഗതിക്കാര്‍ സി.പി.എമ്മിന്റെ അവസരവാദ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച്‌ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നതാണു പോളിങ്‌ ശതമാനം കുറയാന്‍ കാരണമായതെന്നു മാധ്യമ നിരൂപകന്‍ അഡ്വ. ജയശങ്കര്‍. സി.പി.എം അബ്ദുന്നാസിര്‍ മഅ്‌ദനിയുടെ പി.ഡി.പിയും രാമന്‍പിള്ള നേതൃത്വം നല്‍കുന്ന ജനപക്ഷവുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്‌ ഒരു വിഭാഗം പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.
എങ്കിലും സംസ്ഥാനത്തു ശരാശരി പോളിങ്‌ നടന്നതിനാല്‍ ഏതു മുന്നണിക്ക്‌ ഗുണകരമാവും എന്നു പ്രവചിക്കാനാവില്ല. മണ്ഡലത്തിന്റെ വിശാലതമൂലം നിയമസഭാ തിരഞ്ഞെടുപ്പിലോ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലോ കാണുന്ന വാശി പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ഉണ്ടാവാറില്ല. ഇതും പോളിങിനെ ബാധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ പ്രതിഷേധമറിയിച്ചു: സെബാസ്‌റ്റിയന്‍ പോള്‍


കൊച്ചി: സ്ഥാനാര്‍ഥികളോടു താല്‍പ്പര്യമില്ലാത്തവര്‍ വോട്ട്‌ രേഖപ്പെടുത്താതെ പ്രതിഷേധിച്ചതാണു പോളിങ്‌ ശതമാനം കുറയാന്‍ കാരണമായതെന്നു ഡോ. സെബാസ്‌റ്റിയന്‍ പോള്‍ എം.പി. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഇരുമുന്നണികളിലെയും നിരവധി പേര്‍ എറണാകുളത്തടക്കം വോട്ട്‌ ചെയ്‌തിട്ടില്ല.
ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിഷേധ വോട്ട്‌ രേഖപ്പെടുത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ജനം വോട്ട്‌ ചെയ്യാതെ പ്രതിഷേധിച്ചു. നെഗറ്റീവ്‌ വോട്ട്‌ ചെയ്യേണ്ടവര്‍ക്കായി ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തില്‍ ഒരു ബട്ടണ്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇലക്‌ഷന്‍ കമ്മീഷന്‍ തയ്യാറാവണം.
പെസഹ മുതല്‍ ഇന്നലെ വരെ അടുപ്പിച്ച്‌ അവധിദിനങ്ങളായതും പോളിങ്‌ കുറയാന്‍ കാരണമായി. ഇലക്‌ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സ്ഥാനാര്‍ഥികളുടെ പ്രചാരണപ്പൊലിമ കുറച്ചു. പ്രചാരണ ആരവങ്ങളുടെ ആവേശത്തില്‍ വോട്ട്‌ ചെയ്യാനെത്തുന്നവര്‍ക്കും ഈ തിരഞ്ഞെടുപ്പു നിരാശയാണു സമ്മാനിച്ചത്‌.
പോളിങ്‌ ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണികളുടെ ജയപരാജയം വിലയിരുത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്‌. ശതമാനം കുറഞ്ഞതിന്റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശ്ചയദാര്‍ഢ്യത്തോടെ തെക്കന്‍ കേരളം


ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: തെക്കന്‍ കേരളം നിശ്ചയദാര്‍ഢ്യത്തോടെ വോട്ടവകാശം വിനിയോഗിച്ചത്‌ ഇരുമുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തുന്നു. സഭകളുടെ നിര്‍ദേശം ക്രൈസ്‌തവസമൂഹം നടപ്പാക്കിയെന്ന്‌ വ്യക്തം. ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിലും കൊല്ലത്തും ഇതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകും. ക്രിസ്‌തീയ വോട്ടുകളുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അത്‌ ഇടതുമുന്നണിക്ക്‌ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. സി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം അയഞ്ഞ സമീപനം സ്വീകരിച്ചത്‌ ഫലത്തെ സ്വാധീനിച്ചേക്കും.
തിരുവനന്തപുരത്ത്‌ കുറഞ്ഞ പോളിങ്‌ ശതമാനമാണ്‌ രേഖപ്പെടുത്തിയത്‌. അവധിക്കാലമായതിനാലാണ്‌ നഗരപ്രദേശങ്ങളില്‍ പോളിങ്‌ കുറഞ്ഞതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. നഗരവോട്ടര്‍മാര്‍ എത്താതിരുന്നത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയെ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. പോളിങ്‌ ശതമാനത്തിലുണ്ടായ കുറവ്‌ ആനുപാതികമായി ഏതു മുന്നണിയെ ബാധിക്കുമെന്നത്‌ പ്രവചനാതീതം. 2004ല്‍ 68.78 ശതമാനം പോളിങാണ്‌ തലസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. ഇത്തവണ അത്‌ വളരെ താഴോട്ടുപോയി.
ചിറയിന്‍കീഴായിരുന്ന ആറ്റിങ്ങലിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പോളിങ്‌ ശതമാനം കുറഞ്ഞത്‌ ഇരുപക്ഷത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. അവസാനവട്ട അടിയൊഴുക്കുകള്‍ ബാധിക്കുമോയെന്ന അങ്കലാപ്പിലാണ്‌ ഇടതുമുന്നണി. നഗരപ്രദേശങ്ങളിലാണ്‌ ആറ്റിങ്ങലില്‍ കുറഞ്ഞ പോളിങ്‌ രേഖപ്പെടുത്തിയത്‌. അതേസമയം, തീരപ്രദേശങ്ങളില്‍ കനത്ത പോളിങുണ്ടായി.
കൊല്ലത്ത്‌ കിഴക്കന്‍ മേഖലയില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ കൊല്ലത്ത്‌ പോളിങ്‌ ശതമാനം കഴിഞ്ഞ തവണത്തെയത്ര എത്താനാണ്‌ സാധ്യത. സാമുദായിക സംഘടനകളുടെ സ്വാധീനവും വോട്ടെടുപ്പില്‍ പ്രകടമായിരുന്നു. കൊല്ലം സീറ്റ്‌ ലഭിക്കാത്തതില്‍ പ്രകോപിതരായ ആര്‍.എസ്‌.പി നിഷേധവോട്ട്‌ ചെയ്‌തുവെന്ന്‌ ഇടതുമുന്നണി ഭയപ്പെടുന്നുണ്ട്‌.
മണ്ഡല പുനസ്സംഘടനയിലൂടെ നിലവില്‍ വന്ന പത്തനംതിട്ട മണ്ഡലം ആദ്യമായി രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കുകയാണ്‌. ക്രിസ്‌ത്യന്‍ മതന്യൂനപക്ഷത്തിനും സാമുദായിക സംഘടനകള്‍ക്കും സ്വാധീനമുള്ള പത്തനംതിട്ട പോളിങ്‌ ദിനത്തില്‍ യു.ഡി.എഫ്‌ അനുകൂല നിലപാട്‌ പ്രകടിപ്പിച്ചുവെന്നാണ്‌ വിലയിരുത്തല്‍.
70 ശതമാനത്തിലധികം പോളിങ്‌ രേഖപ്പെടുത്തിയ മാവേലിക്കരയും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ചങ്ങനാശ്ശേരി, പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിലെ വര്‍ധിച്ച പോളിങ്‌ ശതമാനം യു.ഡി.എഫിന്‌ ഗുണം ചെയ്‌തേക്കാം. സി.പി.ഐ സ്ഥാനാര്‍ഥി മല്‍സരിച്ച മാവേലിക്കരയില്‍ തുടക്കത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോളിങ്‌ദിനം അതൊന്നും പ്രകടമായിരുന്നില്ല.
ആലപ്പുഴ പിടിച്ചെടുക്കാന്‍ കെ സി വേണുഗോപാലിനെ രംഗത്തിറക്കിയ യു.ഡി.എഫ്‌ കടുത്ത പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌. ഇടതുമുന്നണിക്കെതിരായ ക്രൈസ്‌തവസഭകളുടെ എതിര്‍പ്പ്‌ പ്രകടമായിരുന്നു. മണ്ഡലത്തിലെ തീരദേശമേഖലയില്‍ കനത്ത പോളിങാണ്‌ നടന്നത്‌. പോളിങ്‌ ശതമാനം 75.23 രേഖപ്പെടുത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഡോ. കെ എസ്‌ മനോജ്‌ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌. ഇത്തവണ പോളിങ്‌ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു.
കോട്ടയത്ത്‌ ഇത്തവണ യു.ഡി.എഫ്‌ അട്ടിമറിവിജയം പ്രതീക്ഷിക്കുന്നു. കോട്ടയത്തെ പോളിങ്‌ ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനൊപ്പമെത്താനാണ്‌ സാധ്യത. ക്രിസ്‌ത്യന്‍ മേഖലകളില്‍ കനത്ത പോളിങാണ്‌ രേഖപ്പെടുത്തിയത്‌. കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തിയത്‌ തങ്ങളെ തുണയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍.

മധ്യകേരളം ശരാശരിക്കു മുകളില്‍

റഹീം നെട്ടൂര്‍
കൊച്ചി: പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിങ്‌ ശതമാനമാണ്‌ മധ്യകേരളത്തില്‍ ഉണ്ടായത്‌. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഉച്ച വരെ തിരക്ക്‌ കൂടിവരുന്ന കാഴ്‌ചയാണ്‌ കാണാനായത്‌. എന്നാല്‍, ഉച്ചയോടുകൂടി മിക്കയിടങ്ങളിലും തിരക്കൊഴിഞ്ഞു. കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്‌തമായി ഭൂരിഭാഗം പേരും രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയങ്ങളില്‍ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
സാധാരണഗതിയില്‍ നഗരപ്രദേശങ്ങളിലാണ്‌ രാവിലെ തിരക്കനുഭവപ്പെടാറെങ്കിലും ഇക്കുറി തീരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാവിലെ മുതല്‍ തന്നെ നീണ്ട നിര കാണാന്‍ കഴിഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വൈകീട്ടുവരെ തിരക്കനുഭവപ്പെട്ടു.
സംസ്ഥാനത്ത്‌ മൊത്തം കാണപ്പെട്ടതുപോലെ മധ്യകേരളത്തിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ്‌ കുറവായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങള്‍ നില മെച്ചപ്പെടുത്തി. ഇക്കുറി ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ മധ്യകേരളത്തിലെ ഇടുക്കി മണ്ഡലത്തിലാണ്‌. ഇടുക്കിയില്‍ വൈകീട്ട്‌ 5 മണി വരെ 72 ശതമാനമാണ്‌ പോളിങ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70.53 ശതമാനം പോളിങാണ്‌ ഇടുക്കിയില്‍ രേഖപ്പെടുത്തിയത്‌. ഹൈറേഞ്ച്‌ മേഖലകളിലെ പോളിങ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസിന്‌ അനുകൂലമാവുമെന്ന്‌ വിലയിരുത്തപ്പെടുമ്പോള്‍ താഴ്‌ന്ന പ്രദേശങ്ങളിലെ മികച്ച പോളിങ്‌ ഇടതുസ്ഥാനാര്‍ഥിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്‌.
എറണാകുളത്ത്‌ കഴിഞ്ഞ തവണ 10,79,109 വോട്ടര്‍മാരാണുണ്ടായിരുന്നത്‌. 61.09 ശതമാനം വോട്ട്‌ അന്നു രേഖപ്പെടുത്തി. ഇത്തവണ 10,21,957 വോട്ടര്‍മാരായി കുറഞ്ഞപ്പോഴും ഇന്നലെ വൈകീട്ട്‌ ലഭിച്ച വിവരമനുസരിച്ച്‌ 64 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.
ഇതു പൊതുവെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കെ വി തോമസിനോടുള്ള വിയോജിപ്പുമൂലം യു.ഡി.എഫ്‌ അനുകൂല മുസ്‌ലിം വോട്ടര്‍മാര്‍ ഇത്തവണ വോട്ട്‌ ചെയ്യുന്നത്‌ കുറവായിരിക്കുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്‌. എന്നാല്‍, പോളിങ്‌ ശതമാനം കൂടിയതുമൂലം കെ വി തോമസിനെതിരായ വോട്ടുകള്‍ എല്‍.ഡി.എഫിനു മുതല്‍ക്കൂട്ടാവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണവും പോളിങ്‌ ശതമാനവും വര്‍ധിച്ചു. 2004ല്‍ 10,71,266 വോട്ടര്‍മാരുണ്ടായപ്പോള്‍ 69.42 ആയിരുന്നു പോളിങ്‌ ശതമാനം. 11,74,161 വോട്ടര്‍മാരാണ്‌ ഇക്കുറി തൃശൂരുള്ളത്‌. 70 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയതായാണ്‌ വൈകീട്ടുവരെ ലഭിച്ച വിവരം. തീരദേശമേഖലകളിലും ക്രിസ്‌ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും കനത്ത പോളിങ്‌ രേഖപ്പെടുത്തിയത്‌ യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. പാലക്കാട്‌ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 73.78 ശതമാനമായിരുന്നു പോളിങ്‌ എങ്കില്‍ ഇത്തവണ വൈകീട്ട്‌ ലഭ്യമായ വിവരമനുസരിച്ച്‌ 58 ശതമാനം മാത്രമാണ്‌. അതേസമയം, കഴിഞ്ഞ തവണ ഇവിടെ 11,11,078 വോട്ടര്‍മാരുണ്ടായ സ്ഥാനത്ത്‌ ഇക്കുറി 10,66,208 വോട്ടര്‍മാര്‍ മാത്രമാണുള്ളത്‌.
2004ല്‍ 10,92,142 വോട്ടര്‍മാരുണ്ടായ ഒറ്റപ്പാലം മുഖംമിനുക്കി ആലത്തൂര്‍ ആയപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,92,144 ആയി. ഒറ്റപ്പാലത്ത്‌ കഴിഞ്ഞ തവണ 73.90 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയ സ്ഥാനത്ത്‌ ആലത്തൂരില്‍ വൈകീട്ടുവരെ 64 ശതമാനം മാത്രമാണ്‌ പോളിങ്‌. മുകുന്ദപുരത്തു 10,24,435 വോട്ടര്‍മാരാണ്‌ 2004ല്‍ ഉണ്ടായിരുന്നത്‌. അന്ന്‌ 70.59 ശതമാനം പോളിങ്‌ മണ്ഡലത്തിലുണ്ടായി. മുകുന്ദപുരം മാറി ചാലക്കുടിയായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,63,701 ആയി ഉയര്‍ന്നെങ്കിലും വോട്ടിങ്‌ ശതമാനം വൈകീട്ടുവരെ 67 ശതമാനം പോളിങ്‌ മാത്രമാണ്‌ രേഖപ്പെടുത്തിയത്‌.

കേരളം ആദ്യം കുതിച്ചു; പിന്നെ കിതച്ചു

പി സി അബ്‌ദുല്ല

കോഴിക്കോട്‌: വോട്ടെടുപ്പിനു ശേഷമുള്ള പ്രാഥമിക സൂചനകളില്‍ മലബാറില്‍ യു.ഡി.എഫിനു മുന്‍തൂക്കം. പോളിങ്‌ ശതമാനത്തിലെ വര്‍ധനയും തിരഞ്ഞെടുപ്പില്‍ ഇന്നലെ ദൃശ്യമായ മറ്റു ഘടകങ്ങളും യു.ഡി.എഫിന്‌ ആത്മവിശ്വാസം പകരുന്നതാണ്‌.
പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം വോട്ടുകള്‍ സി.പി.എം പ്രതീക്ഷിച്ച തരത്തില്‍ വിഘടിച്ചിട്ടില്ലെന്നാണ്‌ വോട്ടെടുപ്പിനു ശേഷമുള്ള ആദ്യ വിലയിരുത്തല്‍.
പൊന്നാനിയില്‍ യു.ഡി.എഫ്‌ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ കനത്ത പോളിങ്‌ നടന്നു. എന്നാല്‍, എല്‍.ഡി.എഫ്‌ ഭൂരിപക്ഷ മേഖലയായ തൃത്താല പോലുള്ള മണ്ഡലങ്ങളില്‍ അത്ര ആവേശം പ്രകടമാവാതിരുന്നത്‌ യു.ഡി.എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പൊന്നാനിയില്‍ മുസ്‌ലിം സംഘടനകള്‍ പരമാവധി വോട്ടുകള്‍ ചെയ്യിച്ചതും ഇ ടി മുഹമ്മദ്‌ ബഷീറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
എ.പി സുന്നി-പി.ഡി.പി വോട്ടുകളില്‍ ഇടതുമുന്നണി കേന്ദ്രങ്ങളും പൊന്നാനിയില്‍ ആത്മവിശ്വാസത്തിലാണ്‌. മലപ്പുറത്ത്‌ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായി യു.ഡി.എഫ്‌ പക്ഷത്ത്‌ കേന്ദ്രീകരിക്കപ്പെട്ടതായാണ്‌ പ്രാഥമിക വിവരങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി-എ.പി സുന്നി വിഭാഗം വോട്ടുകള്‍ ഇടതുപെട്ടിയിലാണ്‌ വീണതെന്നാണ്‌ സൂചന. എങ്കിലും ഇ അഹമ്മദ്‌ ഇവിടെ നല്ല ഭൂരിപക്ഷം നേടുമെന്നാണ്‌ വോട്ടെടുപ്പിനു ശേഷം യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്‌.
വയനാട്ടില്‍ ബി.ജെ.പി വോട്ടുകള്‍ കെ മുരളീധരന്റെ പെട്ടിയിലേക്ക്‌ മറിഞ്ഞുവെന്നാണ്‌ വിവരം. എന്നാല്‍, ബി.ജെ.പി തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടില്ല. മിക്കയിടത്തും ബൂത്ത്‌ ഏജന്റുമാരെ പോലും പിന്‍വലിച്ചാണ്‌ ബി.ജെ.പി നിര്‍ജീവമായത്‌. പ്രചാരണത്തില്‍ എന്‍.സി.പി പ്രകടിപ്പിച്ച ആവേശം വയനാട്ടിലെ പോളിങില്‍ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്‌. അതേസമയം, വയനാട്‌ മണ്ഡലത്തില്‍ യു.ഡി.എഫ്‌ പ്രദേശങ്ങളില്‍ കനത്ത പോളിങാണ്‌ നടന്നത്‌. മുസ്‌ലിം-കൃസ്‌ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ അളവില്‍ യു.ഡി.എഫ്‌ പക്ഷത്ത്‌ ഏകീകരിക്കപ്പെട്ടത്‌ ഷാനവാസിെന്റ വിജയം അനായാസമാക്കുമെന്നാണ്‌ വ്യക്തമാവുന്നത്‌.
കണ്ണൂരില്‍ പതിവുകള്‍ തെറ്റിയുള്ള സമാധാനപരമായ വോട്ടെടുപ്പാണ്‌ യു.ഡി.എഫിനു പ്രതീക്ഷ നല്‍കുന്നത്‌. ഉച്ച കഴിഞ്ഞാല്‍ യു.ഡി.എഫിന്റെ ബൂത്ത്‌ ഏജന്റുമാര്‍ പുറത്താക്കപ്പെടുകയും കള്ളവോട്ടുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സി.പി.എം മേഖലകളില്‍ ഇന്നലെ യു.ഡി.എഫിന്റെ പൂര്‍ണ പങ്കാളിത്തത്തോടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബി.ജെ.പി വോട്ടുകളില്‍ അടിയൊഴുക്ക്‌ സംഭവിച്ചതായ സൂചനകളും കണ്ണൂരില്‍ ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്‌.
കാസര്‍കോട്ട്‌ മുസ്‌ലിം വോട്ടുകള്‍ ഇത്തവണ പരമാവധി പോള്‍ ചെയ്യപ്പെട്ടതായാണ്‌ പ്രാഥമിക വിവരം. എന്നാല്‍ പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട്‌ തുടങ്ങിയ സി.പി.എം മേഖലകളില്‍ കനത്ത പോളിങ്‌ നടന്നത്‌ എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ്‌ വോട്ടെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകളില്‍ തെളിയുന്നത്‌. വടകരയില്‍ അട്ടിമറിസാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ പോളിങിനു തൊട്ടുശേഷമുള്ള അനുമാനങ്ങള്‍. ഇടതുവോട്ടില്‍ കനത്ത ചോര്‍ച്ച സംഭവിച്ചതിനൊപ്പം യു.ഡി.എഫ്‌ മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയതായും സൂചനയുണ്ട്‌.
കോഴിക്കോട്ട്‌ പോളിങ്‌ ശതമാനവും മറ്റു പ്രാഥമിക ഘടകങ്ങളും സൂചിപ്പിക്കുന്നത്‌ നേരിയ ഇടതു മുന്‍തൂക്കമാണ്‌. നിയോജകമണ്ഡല തലത്തിലും ബൂത്തുതലങ്ങളിലുമുള്ള പോളിങ്‌ ശതമാനം പുറത്തുവരുന്നതോടെ മാത്രമേ കോഴിക്കോട്ട്‌ ശരിയായ ചിത്രം വ്യക്തമാവൂ.