2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.

ഹിന്ദു പത്രത്തിന്റെ വായനക്കാര്‍ കൂടുന്നു



ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ അനുസരിച്ച് സംസ്ഥാനത്ത് ഹിന്ദു പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ 11.7 ശതമാനം വര്‍ധനവ്. നിലവില്‍ 364000 പേരാണ് സംസ്ഥാനത്ത് ഈ ഇംഗ്ലീഷ് പത്രത്തിന്റെ വരിക്കാറായിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രം ഹിന്ദുവാണ്.

2013-01-22

വര്‍ത്തമാനം മാനേജ്‌മെന്റിന്റെ അനീതി


വര്‍ത്തമാനം പ്രശ്‌നം സംബന്ധിച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം. കെയുഡബ്ല്യുജെ സെക്രട്ടറി മനോഹരന്‍ മൊറായിക്ക് നല്‍കിയ പകര്‍പ്പിന്റെ കോപ്പി.

2013-01-17

ചന്ദ്രികയ്‌ക്കെതിരേ അഴിമതി ആരോപണം



ചന്ദ്രികയുടെ മാനേജ്‌മെന്റിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പരക്കുന്നു.

പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ കോടികള്‍ മുക്കിയെന്നും നിയമപ്രശ്‌നം ഉണ്ടായപ്പോള്‍ അത് പരിഹരിയ്ക്കാന്‍ ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 87 ലക്ഷം രൂപ ചെലവാക്കേണ്ടി വന്നുവെന്നാണ് ഒന്നാമത്തെ ആരോപണം.

കോഴിക്കോട്ടെയും കൊച്ചിയിലെയും യൂനിറ്റുകള്‍ നില്‍ക്കുന്ന കണ്ണായ സ്ഥലങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം നടന്നു. ഇതില്‍ കൊച്ചിയിലെ സ്ഥലം ഉത്തരവാദപ്പെട്ട ഒരു നേതാവിന്റെ ബിനാമി സ്വന്തമാക്കിയിട്ടുണ്ടെന്നതുമാണ് രണ്ടാമത്തെ ആരോപണം.

മലപ്പുറം യൂനിറ്റിലേക്ക് പ്രിന്റിങ് മെഷിനുകള്‍ വാങ്ങിയതിലും കണ്ണൂര്‍ യൂനിറ്റിലേക്ക് സെക്കന്റ് ഹാന്‍ഡ് മെഷിന്‍ വാങ്ങിയതിലും അഴിമതിയെന്നതാണ് അടുത്ത ആരോപണം.

ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനിന്നവരെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരികെ കൊണ്ടുവരുന്ന രീതിയാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്നും സേവ് ചന്ദ്രിക എന്ന പേരിലുള്ള ഈ പോസ്റ്റില്‍ ആരോപിക്കുന്നു. ഈ സുചന കൊണ്ട് പഠിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകളുമായുള്ള പോസ്റ്റ് വീണ്ടുമെത്തുമെന്ന ഭീഷണിയും ഇതിലുണ്ട്.