2009-04-24

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗരേഖ

ചണ്ഡീഗഡ്‌: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്‌ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതു തടയാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്ക്‌ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പ്രചാരണത്തിന്റെ നിലവാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാര്‍ഗരേഖ പുറപ്പെടുവിച്ചത്‌.
മത-ഭാഷ-സമുദായ-ജാതി സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നതോ പരസ്‌പരം വിദ്വേഷം സൃഷ്ടിക്കുന്നതോ നിലവിലുള്ള ഭിന്നതകളില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ഏര്‍പ്പെടാന്‍ പാടില്ലെന്ന്‌ മാര്‍ഗരേഖ പറയുന്നു. മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത്‌ അവരുടെ നയപരിപാടികളെയോ മുന്‍കാല പ്രവര്‍ത്തനങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കണം. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ വിമര്‍ശിക്കുന്നത്‌ ഒഴിവാക്കണം. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്‌. പ്രചാരണവേദികളായി ആരാധനാലയങ്ങളെ ഉപയോഗിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


ഹസ്രത്ത്‌ബാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ റദ്ദാക്കി


ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ബാല്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കി. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥി മുസ്‌തഫാ കമാലിന്റെ പത്രിക നിയമവിരുദ്ധമായി സ്വീകരിച്ചതിനെത്തുടര്‍ന്നാണ്‌ തീരുമാനം.
പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുല്ലയുടെ സഹോദരനാണ്‌ മുസ്‌തഫാ കമാല്‍. ഫാറൂഖ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒഴിവു വന്ന സീറ്റിലാണ്‌ മുസ്‌തഫ മല്‍സരിക്കുന്നത്‌. ലാക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം മെയ്‌ 7നാണ്‌ ഇവിടെ ഉപതിരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്നത്‌. പത്രികയില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതേണ്ട കോളത്തില്‍ അത്‌ എഴുതിയില്ലെന്ന തെറ്റ്‌ പരിഗണിക്കാതെ റിട്ടേണിങ്‌ ഓഫിസര്‍ അത്‌ സ്വീകരിക്കുകയായിരുന്നു.

വില്ലന്‍മാരായി നാല്‌ സ്വതന്ത്രര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പരാജയഭീതിയില്‍

കെ എ സലിം

ജയ്‌പൂര്‍: രാജസ്ഥാനില്‍ 2008ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെപിയുടെ വിജയത്തിനു വിലങ്ങുതടിയായ സ്വതന്ത്രര്‍ ഇത്തവണയും മുഖ്യപാര്‍ട്ടികളെ വിറപ്പിക്കുന്നു. മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍ ജാലോറില്‍ ഭൂട്ടാസിങ്‌, ദോസയില്‍ കിരോരി ലാല്‍ മീണ, ഖമര്‍ റബ്ബാനി ചേച്ചി, ജയ്‌പൂര്‍ റൂറലില്‍ സുഖ്‌ബീര്‍ സിങ്‌ ജാന്‍പൂരിയ എന്നീ നാലു സ്വതന്ത്രര്‍ ഇരുരാഷ്ട്രീയപ്പാര്‍ട്ടികളെയും വിറപ്പിച്ച്‌ മല്‍സരരംഗത്തുണ്ട്‌.
കോണ്‍ഗ്രസ്‌ സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജാലോറില്‍ സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയത്‌. കോണ്‍ഗ്രസ്സിലെ സന്ധ്യാ ചൗധരി, ബി.ജെ.പിയുടെ ദേവ്‌ ചൗധരി എന്നിവരാണ്‌ ഭൂട്ടാസിങിന്റെ മുഖ്യ എതിരാളികള്‍. 1984 മുതല്‍ നാലു തവണ ജാലോറില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എം.പിയായ ഭൂട്ടാസിങ്‌ 2004ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഷീലാ ബംഗരുവിനോട്‌ തോറ്റു. പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള മണ്ഡലമായ ജാലോറില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഭൂട്ടാസിങിന്‌ വിജയസാധ്യതയുണ്ട്‌.
ബി.ജെ.പി മുന്‍മന്ത്രിയും 2008ലെ തിരഞ്ഞെടുപ്പില്‍ വിമതനായി കോണ്‍ഗ്രസ്‌ പക്ഷത്തെത്തുകയും ചെയ്‌ത കിരോരി ലാല്‍ മീണയാണ്‌ മറ്റൊരാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി തെറ്റിയാണ്‌ മീണ ദോസയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. മീണയുടെ സ്വന്തക്കാരില്‍ ചിലര്‍ക്ക്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്സുമായി ഉടക്കിയത്‌. മാത്രമല്ല, ഗെഹ്‌ലോട്ട്‌ മന്ത്രിസഭയിലുണ്ടായിരുന്ന ഭാര്യ ഗോല്‍മാ ദേവിയെക്കൊണ്ട്‌ രാജിവയ്‌പ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിന്റെ ലക്ഷ്‌മണ്‍ മീണയും ബി.ജെ.പിയുടെ രാംകിഷോര്‍ മീണയുമാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളികള്‍.
രണ്ടു ലക്ഷം ഗുജ്ജാര്‍ വോട്ടര്‍മാരുള്ള ദോസയില്‍ത്തന്നെ കൗതുകമുള്ള ഒരു സ്ഥാനാര്‍ഥി കൂടിയുണ്ട്‌. ജമ്മുകശ്‌മീരിലെ രജൗറിയില്‍ നിന്നുള്ള ഖമര്‍ റബ്ബാനി ചേച്ചി. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്‌ത മണ്ഡലമായതിനാല്‍ രാജസ്ഥാനിലെ ഗുജ്ജാറുകള്‍ക്ക്‌ ദോസയില്‍ മല്‍സരിക്കാനാവില്ല. മീണകള്‍ക്കോ ജാട്ടുകള്‍ക്കോ ഗുജ്ജാറുകള്‍ വോട്ടു ചെയ്യുകയുമില്ല. അതേസമയം, കശ്‌മീരില്‍ ഗുജ്ജാറുകള്‍ക്ക്‌ പട്ടികജാതി പദവിയുണ്ട്‌. അങ്ങനെയാണ്‌ ഖമര്‍ രംഗത്തെത്തുന്നത്‌. തന്റെ കുടുംബം ദോസയില്‍ നിന്ന്‌ കശ്‌മീരിലേക്ക്‌ കുടിയേറിയവരാണെന്നും താന്‍ ഈ നാട്ടുകാരനാണെന്നുമാണ്‌ റബ്ബാനിയുടെ വാദം.
ഗുജ്ജാര്‍ വംശജനും ഹരിയാനയിലെ സോഹാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയുമായ സുഖ്‌ബീര്‍സിങ്‌ ജാന്‍പൂരിയ ശക്തനായ സ്ഥാനാര്‍ഥിയാണ്‌. ഗുജ്ജാര്‍ സമരനായകന്‍ ബെയ്‌ന്‍സ്‌ലയുടെ വലംകൈയുമായിരുന്നു. ഗുജ്ജാറുകള്‍ വലിയൊരു വോട്ട്‌ബാങ്കായ ജയ്‌പൂര്‍ റൂറലില്‍ നിന്ന്‌ മല്‍സരിക്കാന്‍ സീറ്റ്‌ കോണ്‍ഗ്രസ്സിനോട്‌ ചോദിച്ചെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ്സിന്റെ ലാല്‍ചന്ദ്‌ കഠാരിയയും ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങുമാണ്‌ സുഖ്‌ബീറിന്റെ എതിരാളികള്‍.

തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന പ്രചാരണവിഷയം

യു എച്ച്‌ സിദ്ദീഖ്‌
കുമളി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം മറന്നുപോയ മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട്ടിലെ പ്രധാന തിരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമായി മാറുന്നു. പ്രചാരണത്തിനു ചൂടുപകരുന്ന ശ്രീലങ്കന്‍ വിഷയത്തിനൊപ്പമാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. പ്രത്യേകിച്ച്‌ തെക്കന്‍ തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്‌.
തേനി, ഡിണ്ടിഗല്‍, രാമനാടു, ശിവഗംഗ, വിരുതനഗര്‍ മണ്ഡലങ്ങളിലും മധുരയിലെ രണ്ടു മണ്ഡലങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും മുല്ലപ്പെരിയാറിലെ ജലമാണ്‌ ഉപയോഗിക്കുന്നത്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താന്‍ സുപ്രിംകോടതിയില്‍ നിന്നു ലഭിച്ച അനുമതി നടപ്പാക്കാന്‍ തയ്യാറാവാതെ, കേരളത്തിനു കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുക്കിയതായി കുറ്റപ്പെടുത്തി ഡി.എം.കെ സര്‍ക്കാരിനെതിരേ എ.ഐ.ഡി.എം.കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട്ടില്‍ നടത്തിയ പര്യടനത്തിലാണു മുന്‍ മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നം ആദ്യമായി ഉയര്‍ത്തിയത്‌. 18ാം കനാല്‍ പദ്ധതിയുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ നിരത്തി ഡി.എം.കെ ഇതിനു മറുപടിയും നല്‍കുന്നുണ്ട്‌.
മധ്യകേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായി മാറിയ മുല്ലപ്പെരിയാറിനെക്കുറിച്ചു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു മുന്നണികളും നിലപാടുകളൊന്നും വ്യക്തമാക്കിയിരുന്നില്ല.
ആഭ്യന്തരമന്ത്രി പി ചിദംബരം മല്‍സരിക്കുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലും കരുണാനിധിയുടെ മകന്‍ എം കെ അഴഗിരി ജനവിധി തേടുന്ന മധുരയിലും തേനിയിലും എ.ഐ.ഡി.എം.കെ ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്‌നമാണ്‌ ഉന്നയിക്കുന്നത്‌. തമിഴ്‌ വികാരത്തെ ഇളക്കിമറിക്കുന്ന എം.ഡി.എം.കെ നേതാവ്‌ വൈക്കോയ്‌ക്കും താന്‍ മല്‍സരിക്കുന്ന വിരുതനഗറില്‍ മുല്ലപ്പെരിയാര്‍ തന്നെയാണു പ്രധാന പ്രചാരണവിഷയം. ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മധുരയില്‍ നിന്നു കേരള അതിര്‍ത്തിയായ ഗൂഡല്ലൂരിലേക്കു പദയാത്ര നടത്തി തമിഴ്‌ വികാരത്തെ ഇളക്കിമറിച്ചയാളാണ്‌ വൈക്കോ.
കേന്ദ്രഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നതാണു കരുണാനിധി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കോണ്‍ഗ്രസ്സിനെയും മുല്ലപ്പെരിയാര്‍ പ്രശ്‌നം വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌. തേനി, ശിവഗംഗ, ഡിണ്ടിഗല്‍, വിരുതനഗര്‍ എന്നിവിടങ്ങില്‍ ഡി.എം.കെ സഖ്യത്തില്‍ നിന്നു കോണ്‍ഗ്രസ്സാണ്‌ മല്‍സരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുതലോടെ മാത്രം ഇടപെട്ട കോണ്‍ഗ്രസ്സിന്‌ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയെന്നതു തലവേദനയാവും.

മംഗലാപുരം തിരഞ്ഞെടുപ്പ്‌ 30ന്‌, ന്യൂനപക്ഷ സമുദായ വോട്ട്‌ വിധി നിര്‍ണയിക്കും

നാരായണന്‍ കരിച്ചേരി
മംഗലാപുരം: പലതുകൊണ്ടും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ ഇത്തവണ നിര്‍ണായകമാണ്‌. മെട്രോസിറ്റിയെന്ന നിലയിലും വ്യത്യസ്‌ത ജാതി-മതങ്ങളുടെ കേന്ദ്രമെന്ന നിലയിലും മംഗലാപുരം ഏറെ പ്രശസ്‌തമാണ്‌. മംഗലാപുരത്ത്‌ ആരു ജയിച്ചാലും കേന്ദ്ര കാബിനറ്റിലെ സീനിയര്‍ മന്ത്രിയായിരിക്കുമെന്നതും പ്രത്യേകതയാണ്‌. എന്നാല്‍, കുറച്ചുകാലമായി സംഘപരിവാരം ഇവിടെ അഴിച്ചുവിടുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ ദേശീയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ മംഗലാപുരത്തെ ബി.ജെ.പിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ്‌ കൂടിയാണിത്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരിക്കുമ്പോള്‍ മൂന്നാംമുന്നണിയുടെ പിന്‍ബലത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്‌. ഉത്തരദേശവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ കേരളം പ്രാധാന്യത്തോടെയാണ്‌ ഉറ്റുനോക്കുന്നത്‌. 13 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷത്തോളം വരുന്ന (16 ശതമാനം) മുസ്‌ലിം വോട്ടുകളും 60,000ത്തോളം ക്രിസ്‌ത്യന്‍ വോട്ടുകളുമായിരിക്കും ഈ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക.
മംഗലാപുരം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പോടെയാണു കോണ്‍ഗ്രസ്‌ ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ദ്ദനന്‍ പൂജാരിയെ മല്‍സരിപ്പിക്കുന്നത്‌. പൂജാരിക്കെതിരേ മല്‍സരിക്കുന്നതില്‍ നിന്നു ബി.ജെ.പിയുടെ സിറ്റിങ്‌ എം.പി പിന്‍മാറിയതോടെ അത്ര സുപരിചിതനല്ലാത്ത നവീന്‍കുമാര്‍ കട്ടീലയാണു രംഗത്തുള്ളത്‌. മുന്‍ തിരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായി എട്ടുതവണ കോണ്‍ഗ്രസ്സിനെ തുണച്ച മംഗലാപുരം അവസാനത്തെ നാലു തവണയും ബി.ജെ.പിയെയാണു വിജയിപ്പിച്ചത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ സദാനന്ദ ഗൗഡ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമായ വീരപ്പ മൊയ്‌ലിയെയായിരുന്നു പരാജയപ്പെടുത്തിയത്‌. 1991ല്‍ ധനഞ്‌ജയ കുമാറിലൂടെയാണ്‌ ആദ്യമായി ബി.ജെ.പി ജനാര്‍ദ്ദനപൂജാരിയില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുത്തത്‌.
അടുത്തകാലത്തായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും സംഘപരിവാര സംഘടനകളുടെ കടന്നാക്രമണങ്ങളും കൊള്ളിവയ്‌പും കൊലപാതകവുമെല്ലാം ബി.ജെ.പിക്ക്‌ കനത്ത പ്രഹരമായിട്ടുണ്ട്‌. ബി.ജെ.പി ഭരണത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ശ്രീരാമസേന നടത്തിയ അക്രമം, പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടത്തിയ അക്രമം എന്നിവയെല്ലാം മംഗലാപുരത്ത്‌ സംഘപരിവാര സംഘടനകള്‍െക്കതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്‌. അവസാനമായി പ്രമുഖ അഭിഭാഷകന്‍ നൗഷാദ്‌ കാസിമിന്റെ കൊലപാതകവും അതില്‍ പോലിസിന്റെ പങ്കും പ്രതികളെ പിടികൂടാത്തതും മനുഷ്യാവകാശസംഘടനകളെയും അഭിഭാഷകരെയും മുസ്‌ലിം സംഘടനകളെയും മറ്റും ബി.ജെ.പിക്കെതിരെ പ്രകോപിതരാക്കിയിട്ടുണ്ട്‌.

അഴിമതിക്കെതിരേ ചേരിയില്‍ നിന്നൊരു സ്ഥാനാര്‍ഥി

മുംബൈ: കോടികളുടെ സമ്പാദ്യങ്ങളുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുംബൈയിലെ ചേരിയില്‍ താമസിക്കുന്ന അശ്വനി പതക്‌ എത്തിയത്‌ വെറും 339 രൂപയുടെ സമ്പാദ്യവുമായിട്ടാണ്‌. മുംബൈ സൗത്ത്‌ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക്‌ ഈ മാസം 30നു ജനവിധി തേടുന്ന ഇദ്ദേഹമാണു രാജ്യത്തെ ഏറ്റവും സാമ്പത്തികശേഷി കുറഞ്ഞ സ്ഥാനാര്‍ഥി.
മാസം കിട്ടുന്ന ശമ്പളം 5000 രൂപയാണ്‌. ഇതു നഗരത്തില്‍ ഒന്നിനും തികയില്ല. വാടകവീട്ടില്‍ കഴിയുന്ന എനിക്ക്‌ സ്വത്തോ മറ്റു നിക്ഷേപമോ ഇല്ല. കഴിഞ്ഞ കുറേ വര്‍ഷമായി കൂട്ടിവച്ചിരുന്ന 10,000 രൂപ മല്‍സരിക്കാനായി കെട്ടിവച്ചു. ഇനി കൈയിലുള്ളതു വെറും 339 രൂപയാണ്‌-മൂന്നുവര്‍ഷമായി മുംബൈ ഹൈക്കോടതിയില്‍ പ്രാക്‌റ്റീസ്‌ ചെയ്യുന്ന അശ്വനി പറയുന്നു. രാഷ്ട്രീയ മഹാജന്‍ ശക്തി ദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അശ്വനിക്ക്‌ നേരിടേണ്ടതു കോണ്‍ഗ്രസ്സിന്റെ എക്‌നാഥ്‌ ഗൈക്‌വാദിനെയും ശിവസേനയുടെ സുരേഷ്‌ ഗംഭീറിനെയുമാണ്‌. ഇവര്‍ക്ക്‌ രണ്ടാള്‍ക്കുമുള്ള സമ്പാദ്യമാവട്ടെ യഥാക്രമം 24 ലക്ഷവും നാലുകോടിയുമാണ്‌. ഇത്തരത്തിലുള്ള വമ്പന്‍മാരോടു മല്‍സരിക്കാന്‍ 339 രൂപയുള്ള തനിക്ക്‌ കഴിയുമെന്നാണ്‌ അശ്വനിയുടെ വിശ്വാസം.
ജയിച്ചുകഴിഞ്ഞാല്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അഴിമതിയില്ലാതാക്കുമെന്നും തനിക്ക്‌ വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ കാശ്‌ വാങ്ങാതെ കോടതിയില്‍ വാദിക്കുമെന്നുമാണ്‌ ഇദ്ദേഹത്തിന്റെ തിരഞ്ഞടുപ്പ്‌ വാഗ്‌ദാനം.
ഇത്രയും കാലം മണ്ഡലത്തില്‍ നിന്നു പണക്കാര്‍ മാത്രം ജയിച്ചു പോയിട്ട്‌ ചേരിനിവാസികള്‍ക്കെന്ത്‌ കിട്ടി. മറ്റു സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പണവും ബിരിയാണിയുമൊക്ക നിങ്ങള്‍ എടുത്തിട്ട്‌ വോട്ട്‌ മാത്രം എനിക്ക്‌ ചെയ്യൂവെന്നാണ്‌ അശ്വനി പ്രചാരണത്തില്‍ ഊന്നിപ്പറയുന്നത്‌. മറ്റു സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ വീടുകള്‍ കയറി വാചകമടിക്കലായിരുന്നു ഈ പാവപ്പെട്ടവന്റെ ആയുധം.