2009-04-16

വെള്ളം കുടിപ്പിക്കുമോ...



തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശിതരൂര്‍ വോട്ടെടുപ്പിനിടെ

കേരളത്തില്‍ വോട്ടെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി കേരളത്തില്‍ 2,18,65,324 വോട്ടര്‍മാര്‍ പോളിങ്‌ബൂത്തിലേക്ക നീങ്ങിത്തുടങ്ങി. ആദ്യ മൂന്നു മണിക്കൂറിലെ കണക്കനുസരിച്ച്‌ 20 ശതമാനത്തോളം പേര്‍ ഇതിനകം വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.കേരളമടക്കം 15 സംസ്ഥാനങ്ങളിലും രണ്‌ടു കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്നത്‌.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്‌ട്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‌. മല്‍സരത്തിനു വീറും വാശിയും ഏറിയതോടെ ഇത്തവണ പോളിങ്‌ ശതമാനം കൂടാനാണു സാധ്യത.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.45 ശതമാനമായിരുന്നു പോളിങ്‌. പോളിങ്‌ ശതമാനത്തിലെ വര്‍ധന വിജയസാധ്യത നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാവും. കേരളത്തില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട്‌ അഞ്ചുവരെയാണു വോട്ടെടുപ്പ്‌.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഏഴു കേന്ദ്രങ്ങളിലായാണു പോളിങ്‌ സാമഗ്രികളുടെ വിതരണം നടന്നത്‌. അഞ്ചു കേന്ദ്രങ്ങളിലായാണു മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്‌. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മൂന്നു കേന്ദ്രങ്ങളിലായാണു വിതരണം നടന്നത്‌.
രണ്‌ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌. 20,508 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ സംസ്ഥാനത്ത്‌ വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്‌. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്‌. ഇതില്‍ 14 പേര്‍ സ്‌ത്രീകളാണ്‌.
തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം കൗണ്‌ടിങ്‌ സെന്ററുകളുടെ എണ്ണം ഇത്തവണ 36 ആയി ചുരുക്കിയിട്ടുണ്‌ട്‌. ഒരുലക്ഷം ഉദ്യോഗസ്ഥരാണ്‌ തിരഞ്ഞെടുപ്പു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. 20 പേര്‍ മല്‍സരിക്കുന്ന കോട്ടയം മണ്ഡലത്തില്‍ രണ്‌ടു വോട്ടിങ്‌ യന്ത്രമുണ്‌ടാവും. കൊട്ടിക്കലാശത്തിലുണ്‌ടായ സംഘര്‍ഷം കണക്കിലെടുത്ത്‌ കനത്ത സുരക്ഷാക്രമീകരണങ്ങളാണു സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 കമ്പനി സേനയെയും കണ്ണൂരില്‍ രണ്‌ടു കമ്പനി ദ്രുതകര്‍മസേനയെയും രണ്‌ടു കമ്പനി സി.ഐ.എസ്‌.എഫിനെയും വിന്യസിച്ചു. മലബാര്‍ മേഖലയില്‍ എം.എസ്‌.പി, ആംഡ്‌ റിസര്‍വ്‌, കെ.എ.പി എന്നീ സായുധസേനകളുടെ സേവനവുമുണ്‌ടാവും.
സംസ്ഥാനത്തെ 20,508 ബൂത്തുകളിലേക്കായി 25,000 പോലിസുകാരെയാണു വിന്യസിച്ചിരിക്കുന്നത്‌. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ 2000 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്‌.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 187 മേഖലകളിലായി 342 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്‌. ഇതിനു പുറമെ 532 ബൂത്തുകള്‍ക്കാണ്‌ പ്രത്യേക ജാഗ്രത വേണ്‌ടിവരുന്നത്‌. സ്‌പെഷ്യല്‍ പോലിസ്‌, വീഡിയോ കാമറ എന്നിവ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കും. ദൃശ്യമാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വോട്ടെടുപ്പ്‌ നടക്കുന്ന സ്ഥലത്ത്‌ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്‌ട്‌.

പ്രിയങ്ക ദക്ഷിണ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയെന്ന്‌ അഭ്യൂഹം

അന്ദലീബ്‌ അക്‌തര്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന്‌ പ്രിയങ്കാഗാന്ധി മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതില്‍ തനിക്കു മടിയില്ലെന്ന്‌ അമേത്തിയില്‍ വച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ്‌ അവര്‍ സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്‌.
ദക്ഷിണ ഡല്‍ഹിയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിഖ്‌ സമുദായത്തിന്റെ എതിര്‍പ്പിനെ ത്തുടര്‍ന്ന്‌ ദക്ഷിണ ഡല്‍ഹി, വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു യഥാക്രമം സജ്ജന്‍ കുമാറിനെയും ജഗദീഷ്‌ ടൈറ്റ്‌ലറെയും കോണ്‍ഗ്രസ്‌ ഒഴിവാക്കിയിരുന്നു.
സജ്ജന്‍ കുമാറിനും ജഗദീഷ്‌ ടൈറ്റ്‌ലര്‍ക്കും ഡല്‍ഹിയില്‍ സ്വാധീനമുണ്ട്‌. സീറ്റ്‌ നിഷേധിക്കപ്പെട്ടതില്‍ ഇരുവര്‍ക്കും നീരസമുണ്ട്‌. തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ഓരോ സീറ്റും വിലപ്പെട്ടതായതിനാല്‍ ഇവരെ പിണക്കാന്‍ കോണ്‍ഗ്രസ്സിനു താല്‍പ്പര്യമില്ല. ഡല്‍ഹിയിലെ പല മണ്ഡലങ്ങളിലും പ്രത്യേകിച്ച്‌ കപില്‍ സിബല്‍ മല്‍സരിക്കുന്ന ചാന്ദ്‌നി ചൗക്കില്‍ ഇരുവര്‍ക്കും വലിയ സ്വാധീനമുണ്ട്‌.
തങ്ങളുടെ മണ്ഡലത്തില്‍ `സ്വന്തം ആളുകളെ' സ്ഥാനാര്‍ഥിയാക്കണമെന്ന്‌ സജ്ജനും ടൈറ്റ്‌ലറും ആവശ്യപ്പെട്ടിട്ടുണ്ടെങ്കി ലും മറ്റൊരു വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറല്ല. എന്നാല്‍, പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വിവാദമുണ്ടാക്കില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസ്സിനത്‌ ഊര്‍ജം പകരുകയും ചെയ്യും. ഈ നിലയ്‌ക്കാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ആലോചിക്കുന്നത്‌. മുതിര്‍ന്ന നേതാക്കള്‍ സജ്ജനുമായും ടൈറ്റ്‌ലറുമായും രഹസ്യചര്‍ച്ച നടത്തുന്നുണ്ടത്രേ.
കോണ്‍ഗ്രസ്സിലെ ഉന്നതവൃത്തങ്ങളെ വിശ്വസിക്കാമെങ്കില്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം നേതൃത്വം ഗൗരവമായി ചിന്തിക്കുന്നുണ്ട്‌. പാര്‍ട്ടിയ ധ്യക്ഷ സോണിയാഗാന്ധിയും പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ്‌ പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്‌. സജീവരാഷ്ട്രീയത്തില്‍ ഉടനെ ഇറങ്ങാന്‍ പ്രിയങ്ക മടിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം അവര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു വിട്ടിരിക്കുകയാണത്രേ.

വരുണ്‍ മല്‍സരിക്കുന്നത്‌ തടയണം: ഖുശ്‌വന്ത്‌സിങ്‌


ന്യൂഡല്‍ഹി: മുസ്‌ലിംവിരുദ്ധ പരാമര്‍ശം നടത്തിയ വരുണ്‍ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു തടയണമെന്ന്‌ പ്രമുഖ എഴുത്തുകാരനും അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ഗാന്ധിയുടെ നടപടികളുടെ ആരാധകനുമായ ഖുശ്‌വന്ത്‌സിങ്‌ പറഞ്ഞു. വരുണിന്റെ പരാമര്‍ശം മുസ്‌ലിംകളെ അവഹേളിക്കുന്നതാണ്‌. മേനകാഗാന്ധി മകനെ ശരിയായ രീതിയിലല്ല വളര്‍ത്തിയത്‌. ഞാന്‍ എന്തുകൊണ്ട്‌ അടിയന്തരാവസ്ഥയെ പിന്തുണച്ചു എന്ന തന്റെ ലേഖനസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിനിടെ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു ഖുശ്‌വന്ത്‌സിങ്‌. അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ഖേദിക്കുന്നില്ല. സിഖ്‌വിരുദ്ധ കലാപത്തില്‍ പ്രതികളായ ജഗദീഷ്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്‌ പിന്‍വലിച്ചത്‌ നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അട്ടിമറി ലഘുലേഖകള്‍ സജീവം; നിശ്ശബ്ദപ്രചാരണം കടലാസുകള്‍ കൈയടക്കി


വേങ്ങര (മലപ്പുറം): തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ കെട്ടടങ്ങി; ഇന്നലെ നടന്ന നിശ്ശബ്ദ പ്രചാരണം കടലാസുകള്‍ കൈയടക്കി. ചൊവാഴ്‌ച വരെ നടത്തിയ പരസ്യ പ്രചാരണങ്ങളെ മറികടക്കാനെന്നോണമാണ്‌ പല പേരുകളിലും വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്‌തത്‌. ഇടതുമുന്നണിയെ അനുകൂലിച്ചും മുസ്‌ലിം ലീഗിനെയും നേതാക്കളെയും താറടിച്ചുമാണു പ്രസാധകരുടെ പേരില്ലാത്തതും ഉള്ളതുമായ മൂന്നു ലഘുലേഖകള്‍ ഇന്നലെ വേങ്ങരയില്‍ വിതരണം ചെയ്‌തത്‌. സാമ്രാജ്യത്വത്തിനു കോണി വയ്‌ക്കുന്നവര്‍ക്കു വോട്ട്‌ കുത്തണോ? എന്നു ചോദിച്ചിറങ്ങിയ ലഘുലേഖ മലപ്പുറത്തെ പ്രതികരണവേദി കണ്‍വീനറുടെ പേരിലാണ്‌ ഇറങ്ങിയതെങ്കിലും അച്ചടിച്ച പ്രസ്സിന്റെ പേര്‌ നല്‍കിയിട്ടില്ല. സാമ്രാജ്യത്വത്തിനെതിരേ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ പാരമ്പര്യം അവകാശപ്പെടുന്ന ലഘുലേഖയില്‍ ടി കെ ഹംസയ്‌ക്ക്‌ വോട്ട്‌ ചെയ്യണമെന്ന അഭ്യര്‍ഥനയുമുണ്ട്‌.
`തിരഞ്ഞെടുപ്പ്‌: ചില സുന്നി ചിന്തകള്‍' എന്ന പേരിലാണു മറ്റൊരു ലഘുലേഖ. ഇ കെ വിഭാഗത്തെ അവഗണിച്ച്‌ ഒരു തീരുമാനമെടുക്കാന്‍ പോലും നട്ടെല്ലില്ലാത്ത മുസ്‌്‌ലിം ലീഗിന്‌ വോട്ട്‌ ചെയ്‌താല്‍ സുന്നികള്‍ക്ക്‌ നീതി കിട്ടില്ലെന്നാണു നന്നമ്പ്ര പഞ്ചായത്തിലെ കൊളത്തൂര്‍ അബ്ദുസ്സലാമിന്റെ പേരില്‍ ചെമ്മാട്ടെ ഒരു സ്ഥാപനത്തില്‍ നിന്നും അടിച്ചിറക്കിയ ലഘുലേഖയില്‍ പറയുന്നത്‌.
ഇ കെ വിഭാഗത്തിന്റെ ഉന്നത സ്ഥാപനത്തില്‍ നിന്നു ബിരുദമെടുത്തവരുടെ പിന്തുണയോടെ കാന്തപുരത്തിനെതിരേ വധഭീഷണി മുഴക്കിയതിനെ ലഘുലേഖയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. അതേസമയം കാന്തപുരത്തിനെതിരേ വധശ്രമം നടത്തിയ ആര്‍.എസ്‌.എസ്‌ നടപടിയെ വിമര്‍ശിക്കുകയോ ആര്‍.എസ്‌. എസുകാരായ ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും കൂടെക്കൊണ്ടു നടക്കുന്നവരെ തള്ളിപ്പറയുകയോ ചെയ്‌തില്ലെന്നതും ശ്രദ്ധേയമാണ്‌. കുറ്റം മുഴുവന്‍ ലീഗിന്റേതാണെന്നും വോട്ടവകാശം ചിന്തിച്ച്‌ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞാണു ലഘുലേഖ അവസാനിക്കുന്നത്‌.
`നിങ്ങളുടെ വിലയേറിയ വോട്ട്‌ ആര്‍ക്ക്‌?, തീവ്രവാദികളുടെ ആഹ്വാനം ഭീകരവാദത്തിലേക്ക്‌' എന്ന തലക്കെട്ടോടെ ഇറങ്ങിയ ലഘുലേഖ ആര്‌ അടിച്ചെന്നോ എവിടെ നിന്ന്‌ അടിച്ചെന്നോ രേഖപ്പെടുത്തിയിട്ടില്ല. പശ്ചിമ ബംഗാളിലെ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെന്തിനാണു പോപുലര്‍ഫ്രണ്ടുകാര്‍ കേരളത്തില്‍ പറയുന്നതെന്നാണ്‌ ഇതിലെ പ്രധാന ചോദ്യം. കേരളജനതയുടെ ശ്രദ്ധ ബംഗാളിലേക്കു തിരിക്കും മുമ്പു കേരളത്തില്‍ കൊല്ലപ്പെട്ട സുന്നികളുടെ കണക്ക്‌ പരിശോധിക്കാനും ഓര്‍മപ്പെടുത്തുന്നതാണ്‌ ലഘുലേഖ. അമേരിക്കന്‍-സയണിസ്‌റ്റുകളാണു തങ്ങളുടെ രൂപീകരണത്തിനു കാരണമെന്നു പറഞ്ഞിരുന്ന എന്‍.ഡി.എഫ്‌ ഇപ്പോള്‍ അവയ്‌ക്കെതിരേ ശബ്ദിക്കാതെ എന്തിനാണു പശ്ചിമബംഗാളിനെക്കുറിച്ചു പറയുന്നതെന്നും ലഘുലേഖ ചോദിക്കുന്നു. പരാജയഭീതി പൂണ്ടാണ്‌ ഇടതുകേന്ദ്രങ്ങള്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ഇല്ലാതായത്‌ മനക്കണക്ക്‌ യന്ത്രങ്ങള്‍

സ്വന്തം പ്രതിനിധി
തൃശൂര്‍: കേരളത്തില്‍ ബാലറ്റ്‌ പേപ്പറുകള്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു വഴിമാറിയിട്ട്‌ ഒരു ദശാബ്ദമാവുന്നു. വോട്ട്‌ ചെയ്യലും എണ്ണലുമെല്ലാം യന്ത്രസഹായത്തോടെ ഏറെ എളുപ്പവുമായി. വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള സമയം മനക്കണക്കിന്റെതാണ്‌. മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ പെട്ടിയില്‍ വീണിട്ടുള്ള വോട്ടുകള്‍ ഏകദേശം ഇത്രയെന്ന്‌ തിട്ടപ്പെടുത്താനുള്ള ശ്രമം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ ഈ മനക്കണക്കുകള്‍ അപ്പാടെ തെറ്റുകയും ചെയ്‌തു. പാര്‍ട്ടികളുടെ കേഡര്‍ സംവിധാനങ്ങള്‍ക്കു വന്ന വീഴ്‌ചയായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. യഥാര്‍ഥത്തില്‍ വോട്ടര്‍മാരുമായി ബന്ധമുള്ള അവരുടെ മനസ്‌ വായിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ കുറഞ്ഞതോടെ കണക്കിന്റെ താളവും തെറ്റി.
നേരത്തെ ഇത്‌ യന്ത്രസമാനമായ ഒരു പ്രവൃത്തിയായിരുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തെന്നു സൂചന ലഭിച്ചാല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. വോട്ടര്‍പ്പട്ടിക പരിശോധനയാണ്‌ ആദ്യപടി. ഓരോ ബൂത്ത്‌ തലത്തിലും ഇതിനു തിരഞ്ഞെടുക്കപ്പെട്ട മൂന്നോ നാലോ പ്രവര്‍ത്തകര്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാവും. ഈ വീട്ടിലെ ഇത്ര വോട്ടുകള്‍ നമുക്കും ശേഷിക്കുന്നത്‌ എതിരാളികള്‍ക്കും കിട്ടുമെന്നു തരംതിരിവ്‌ നടത്തും. ചാഞ്ചാട്ടമുള്ള വോട്ടുകളുടെയും നിഷ്‌പക്ഷരെന്നു കരുതുന്നവരുടെയും പുതിയവരുടെയും വോട്ടുകളും വേര്‍തിരിക്കും.
ഈ കണക്ക്‌ മേല്‍ ഘടകത്തിനു കൈമാറിയാല്‍ രണ്ടാംഘട്ടം തുടങ്ങുകയായി. ചെറിയ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ ഉറച്ച വോട്ടുകാരെയും പ്രവര്‍ത്തനരംഗത്തിറക്കും. നിഷ്‌പക്ഷരെയും ചാഞ്ചാട്ടക്കാരെയും സ്വാധീനിക്കേണ്ട ചുമതല അവര്‍ക്കാണ്‌. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഉറച്ച വോട്ടുകാരുണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട്‌ പോളിങ്‌ ദിനത്തില്‍ സ്ഥലത്തെത്തിക്കണം.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം മേല്‍ഘടകത്തിന്‌ രണ്ടാമത്തെ പട്ടിക നല്‍കും. വോട്ടിന്റെ ബൂത്ത്‌ തിരിച്ചുള്ള കണക്കായിരിക്കും ഈ റിപോര്‍ട്ടില്‍. കഴിഞ്ഞ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ വോട്ടുകള്‍ കൂടാനും കുറയാനുമുള്ള സാധ്യതാ പഠനവും അതിലുണ്ടാവും. ശേഷിച്ച ഒരു ദിവസം വോട്ട്‌ ചോര്‍ച്ചയുണ്ടായത്‌ പരിഹരിക്കുവാന്‍ നീക്കിവയ്‌ക്കും. പടലപ്പിണക്കങ്ങളും സ്വകാര്യപ്രശ്‌നങ്ങളും മൂലം വോട്ട്‌ ചെയ്യേണ്ടെന്നു തീരുമാനിച്ചിട്ടുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയും പ്രലോഭനങ്ങള്‍ ചൊരിഞ്ഞും പോളിംഗ്‌ സ്‌റ്റേഷനിലെത്തിക്കുകയാണ്‌ വോട്ടെടുപ്പ്‌ ദിവസത്തെ പ്രധാന അജണ്ട. പ്രായമായവരെയും ദൂരെയുള്ളവരെയും പാര്‍ട്ടി ചെലവില്‍ വേണം ബൂത്തിലെത്തിക്കേണ്ടത്‌.
പോളിങ്‌ ബൂത്തിലിരിക്കുന്ന സ്ഥാനാര്‍ഥിയുടെ പ്രതിനിധി ഓരോ വോട്ടര്‍മാരെയും പരിചയമുള്ളവരായിരിക്കും. ഒരാള്‍ ബൂത്തിനുള്ളിലേക്കു പ്രവേശിച്ചാല്‍ ഈ വോട്ട്‌ ആര്‍ക്കാണെന്നു നിസ്സംശയം പറയാന്‍ കഴിയുന്നവരായിരിക്കും അവര്‍. കൈയിലുള്ള വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന വോട്ടുകള്‍ കുറിച്ചിടാന്‍ തന്‍മൂലം സാധിക്കും. ഉച്ചയോടെ ബൂത്തുകളില്‍ നിന്നുള്ള ഈ ലിസ്‌റ്റ്‌ പാര്‍ട്ടി കേന്ദ്രത്തിലെത്തും. വൈകീട്ടും ഇത്‌ ആവര്‍ത്തിക്കും. വോട്ടെടുപ്പ്‌ തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോള്‍ വോട്ട്‌ ചെയ്യാനെത്താത്തവരെ തേടി പരക്കംപാച്ചിലായി.
പോളിങ്‌ കഴിഞ്ഞാല്‍ രാത്രിയില്‍ തന്നെ വോട്ടുകളുടെ ബൂത്ത്‌ തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കും. നേരത്തെയുള്ള കണക്കുകളില്‍ എന്തെങ്കിലും അട്ടിമറികള്‍ നടന്നിട്ടുണ്ടോ എന്ന്‌ സസൂക്ഷ്‌മം നിരീക്ഷിക്കും. ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിക്കുള്ളിലെ വോട്ടെണ്ണല്‍ ഇങ്ങിനെ 24 മണിക്കൂറിനുള്ളില്‍ തീര്‍ന്നിരിക്കും. രണ്ടുദിവസത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച്‌ സംസ്ഥാന നേതൃത്വത്തിന്‌ ഏകദേശം കൃത്യമായ വിവരം ലഭിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വരെ നേതാക്കളുടെ വാചകക്കസര്‍ത്ത്‌ മനസ്സിന്റെ അടിത്തട്ടില്‍ ഈ കണക്ക്‌ സൂക്ഷിച്ചുകൊണ്ടുള്ളതായിരിക്കും.
എന്നാല്‍ കണക്കൂകൂട്ടലുകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുന്ന പുതിയ വോട്ടര്‍മാരെ പഠിക്കുവാന്‍ സാധിക്കാത്തതാണു പ്രധാന കാരണം. സാധാരണ ഗതിയില്‍ ഒരു വീട്ടില്‍ പുതിയ വോട്ടര്‍ വരുമ്പോള്‍ ആ കുടംബം പാരമ്പര്യമായി വോട്ട്‌ ചെയ്യുന്ന പാര്‍ട്ടിയിലേക്കാണ്‌ ഈ വോട്ട്‌ കണക്കില്‍ കൊള്ളിക്കാറുള്ളത്‌.
എന്നാല്‍ പുതുതലമുറയുടെ മനസ്സ്‌ എങ്ങോട്ടു പായുന്നു എന്നു നിസ്സംശയം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ കണക്കുകൂട്ടലില്‍ സമുദായ സമവാക്യങ്ങള്‍ വരെ തെറ്റിപ്പോവുന്നുണ്ട്‌.

തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി; ഇടുക്കിയില്‍ 1300 വാഹന ജീവനക്കാരുടെ വോട്ടുകള്‍ നഷ്ടമാവും


ഷാനവാസ്‌ കാരിമറ്റം

അടിമാലി: ഇന്നു നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി പിടിച്ചെടുത്ത വാഹനങ്ങളിലെ 1300ഓളം ജീവനക്കാര്‍ക്കു വോട്ട്‌ ചെയ്യാനാവില്ല. മോട്ടോര്‍ വാഹന വകുപ്പും പോലിസും ചേര്‍ന്നു പിടിച്ചെടുത്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്കാണ്‌ അധികൃതരുടെ അനാസ്ഥമൂലം വോട്ടവകാശം നഷ്ടമാവുന്നത്‌.
അടിമാലിയില്‍ നിന്നും പിടിച്ചെടുത്ത ബസ്സുകള്‍ക്ക്‌ നല്‍കിയ ബൂത്തുകള്‍ ദേവികുളം, മൂന്നാര്‍, രാജാക്കാട്‌ മേഖലകളിലാണ്‌. നെടുങ്കണ്ടത്തെ വാഹനങ്ങള്‍ കട്ടപ്പനയിലും ഇടുക്കിയിലേതു തൊടുപുഴയിലും കട്ടപ്പനയിലെ വാഹനങ്ങള്‍ കുമളിയിലുമാണു നിയോഗിക്കപ്പെട്ടിരിക്കുന്നത്‌. ഈ പ്രദേശങ്ങള്‍ തമ്മില്‍ ശരാശരി 40 മുതല്‍ 80 കിലോമീറ്റര്‍ വരെ ദൂരമുണ്ട്‌. മിക്ക വാഹനങ്ങളും ഇന്നലെ വൈകീട്ട്‌ അേഞ്ചാടെ മിക്ക ബൂത്തുകളിലുമെത്തി.
കൂടാതെ ആദിവാസി കുടികളായ മറയൂര്‍ക്കുടി, ഇടമലക്കുടി, ചെങ്കല്‍ക്കുടി, കോഴിവിളക്കുടി, മാങ്കുളം, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ മേഖലകളിലും നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും വോട്ട്‌ ചെയ്യാനാവില്ല. വാഹനത്തില്‍ എപ്പോഴും ജീവനക്കാര്‍ വേണമെന്ന നിര്‍ദേശമാണു ജീവനക്കാരെ കുഴപ്പിക്കുന്നത്‌.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇതിനു പരിഹാരം ഉണ്ടാക്കാെമന്ന നിര്‍ദേശം ഉണ്ടായെങ്കിലും യാതൊരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കാത്തതാണ്‌ ഇത്രയും വോട്ടുകള്‍ ഇല്ലാതാവാന്‍ കാരണം.
മറ്റു ജില്ലകളിലെ ചില മേഖലകളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നതായി വാഹന ജീവനക്കാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ്‌ ആവശ്യത്തിനായി ജീപ്പ്‌, സര്‍വീസ്‌ ബസ്സുകള്‍ എന്നിവയാണു വന്‍തോതില്‍ പിടിച്ചെടുത്തിരിക്കുന്നത്‌. ഇതുമൂലം വന്‍ ഗതാഗത ക്ലേശങ്ങളും ഹൈറെയ്‌ഞ്ചില്‍ രൂപപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്‌.ആര്‍.ടി.സിയും ആവശ്യത്തിന്‌ സര്‍വീസുകള്‍ നടത്തുന്നില്ല.

കേരളത്തില്‍ കോണ്‍ഗ്രസ്സിന്‌ സീറ്റ്‌ ുറയ്‌ക്കാന്‍ ബി.ജെ.പി തന്ത്രം

സ്വന്തം പ്രതിനിധി
കോഴിക്കോട്‌: കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന്‌ അവകാശപ്പെടുന്ന ബി.ജെ.പി കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ്‌ പരമാവധി കുറയ്‌ക്കാനുള്ള തന്ത്രത്തിനു രൂപം നല്‍കി. വോട്ടെടുപ്പിന്‌ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണു ഈ നീക്കം.
കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണു കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ്‌ കുറയ്‌ക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുന്നതെന്നാണ്‌ അറിയുന്നത്‌. കേരളത്തില്‍ യു.ഡി.എഫ്‌ വന്‍മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ്‌ ഈ തീരുമാനം. ഇടതുപക്ഷം കേരളത്തില്‍ കനത്ത പരാജയം നേരിടുമെന്ന സൂചന ലഭിച്ചതോടെ പിണറായിപക്ഷം ബി.ജെ.പിക്ക്‌ പച്ചക്കൊടി കാണിച്ചതായാണു വിവരം. ഇതോടെ പരസ്‌പരം മനസ്സിലാക്കിയുള്ള നീക്കത്തിനു ബി.ജെ.പി തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്‌. കേരളത്തില്‍ നാലു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ശക്തമായ മല്‍സരം നടത്തിയാല്‍ മതിയെന്നാണത്രെ ബി.ജെ.പിയുടെ അന്തിമ തീരുമാനം. കാസര്‍കോഡ്‌ കെ സുരേന്ദ്രന്‍, കോഴിക്കോട്‌ വി മുരളീധരന്‍, പാലക്കാട്‌ സി കെ പത്മനാഭന്‍, തിരുവനന്തപുരത്തു പി കെ കൃഷ്‌ണദാസ്‌ എന്നിവര്‍ക്കു ബി.ജെ.പിയുടെ വോട്ട്‌ പരമാവധി പോള്‍ ചെയ്യുമെന്ന്‌ ഉറപ്പുവരുത്തും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പാക്കാന്‍ ആവശ്യമായതു ചെയ്യും.
വോട്ട്‌ വില്‍പ്പനയുടെ പേരില്‍ ഓരോ തിരഞ്ഞെടുപ്പിലും മാനക്കേടിനിരയാവുന്ന ബി.ജെ.പി അതിനാല്‍ത്തന്നെ പാര്‍ട്ടി നേതാക്കള്‍ പോരിനിറങ്ങിയ നാലു മണ്ഡലങ്ങളില്‍ വോട്ട്‌ വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്‌. മറ്റുള്ള മണ്ഡലങ്ങളില്‍ തന്ത്രപരമായ നീക്കം നടത്തും.
ഇടതുപക്ഷത്തിനു സീറ്റ്‌ ലഭിക്കാന്‍ സാധ്യത കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ്‌. അതു കേന്ദ്രഭരണത്തിനു ഭീഷണിയല്ല. എന്നാല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരം വരാനുള്ള സാധ്യതയാണുള്ളതെന്നു ബി.ജെ.പി കണക്കുകൂട്ടുന്നു. അതിനാല്‍ കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ 20 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള കേരളത്തെ വലിയ ഭീഷണിയായാണു ബി.ജെ.പി കേന്ദ്രനേതൃത്വം കാണുന്നത്‌. കേരളത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ എല്‍ കെ അഡ്വാനി ഇടതുപക്ഷത്തിനെതിരേ കടുത്ത ആക്രമണം നടത്താതിരുന്നതും ഈ തന്ത്രം ഉള്ളില്‍വച്ചായിരുന്നു.

സി.പി.എം വോട്ടില്‍ അടിയൊഴുക്കിനു സാധ്യത

എം ബിജുകുമാര്‍

കോഴിക്കോട്‌: കേരളത്തിന്റെ രാഷ്‌ട്രീയഭാവിയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു സാധ്യതയുള്ള തിരഞ്ഞെടുപ്പിനായി കേരളം ഇന്നു പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അന്തിമ നിമിഷത്തില്‍ രൂപപ്പെട്ട ശക്തമായ അടിയൊഴുക്ക്‌ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കും. ജനതാദളിന്റെയും സി.പി.ഐയുടെയും വോട്ടുകള്‍ എല്‍.ഡി.എഫ്‌ പെട്ടിയില്‍ നിന്നു ചോരുന്നതിനു പുറമെ പിണറായി-വി എസ്‌ വിഭാഗീയതയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
സി.പി.എം വിഭാഗീയതയില്‍ നിര്‍ണായകമാവുമെന്നു കരുതിയ ലാവ്‌ലിന്‍ അഴിമതിക്കേസിനെ പിണറായി വിജയന്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ അതിജീവിച്ചതു വി എസ്‌ പക്ഷത്തെ അങ്കലാപ്പിലാക്കിയിരുന്നു. അഴിമതിയാരോപണത്തില്‍പ്പെട്ടു പിണറായി നിശ്ശബ്ദനാവുന്നതോടെ വലതുപക്ഷ വ്യതിയാനത്തിനെതിരേ താന്‍ തുടരുന്ന ഉള്‍പ്പാര്‍ട്ടി സമരം ലക്ഷ്യംകാണുമെന്നായിരുന്നു വി എസിന്റെ പ്രതീക്ഷ. ഈ കാത്തിരിപ്പ്‌ അസ്ഥാനത്തായ വി എസ്‌ പക്ഷം മറുതന്ത്രം പ്രയോഗിക്കാനുള്ള അവസരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നാണു വിവരം. ഇതനുസരിച്ച്‌ ഇടതുപക്ഷത്തിനു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയുള്ള ഷോക്ക്‌ ട്രീറ്റ്‌മെന്റിനായി വി എസ്‌ കേന്ദ്രങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി വിവരമുണ്ട്‌. വിശ്വസ്‌തന്‍മാര്‍ വഴി തിരഞ്ഞെടുപ്പിലെ വി എസ്‌ ലൈന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നാണ്‌ അറിയുന്നത്‌.
തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും മുന്നണിബന്ധം തകര്‍ക്കുകയും ചെയ്‌ത പിണറായിയെ തളയ്‌ക്കാനുള്ള തന്ത്രങ്ങള്‍ ഓരോ മണ്ഡലത്തിലും നടപ്പാക്കാനാണു വി എസ്‌ അനുകൂലികളുടെ ആലോചന. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടെങ്കിലും ഇവര്‍ രഹസ്യമായി തന്ത്രങ്ങള്‍ നടപ്പാക്കുമെന്നാണു അറിയുന്നത്‌. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ കനത്ത തിരിച്ചടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്ത നേതൃത്വമായി ഇന്നത്തെ നിലയില്‍ പിണറായിക്ക്‌ തുടരാന്‍ കഴിയില്ലെന്നാണു വി എസ്‌ പക്ഷം ചിന്തിക്കുന്നത്‌. മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഇടതുമുന്നണി സംവിധാനം തകര്‍ത്തുവെന്നും പി.ഡി.പിക്ക്‌ മാന്യത ചാര്‍ത്തിക്കൊടുത്തുവെന്നും ഫാരിസ്‌ അബൂബക്കറിന്റെ നോമിനിക്കായി സീറ്റ്‌ നല്‍കിയെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ക്ക്‌ പിണറായി മറുപടി പറയണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായേ പറ്റൂ എന്നാണ്‌ അവര്‍ വിലയിരുത്തുന്നത്‌.
ലാവ്‌ലിന്‍ ആരോപണ വിധേയനായ പിണറായി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചതാണു കനത്ത പരാജയകാരണമെന്ന ആരോപണവും വി എസ്‌ പക്ഷത്തിന്‌ ഉന്നയിക്കാന്‍ കഴിയും. ഈ ഘട്ടത്തില്‍ പിണറായിയുടെ രക്ഷയ്‌ക്കായി കേന്ദ്രനേതൃത്വത്തിന്‌ ഇടപെടാന്‍ കഴിയാതെവരും. അത്തരമൊരു സാഹചര്യത്തില്‍ പിണറായിയെ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവുമെന്നാണു വി എസ്‌ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.
പിണറായി കുലംകുത്തികള്‍ എന്ന്‌ എഴുതിത്തള്ളിയ പാര്‍ട്ടി വിമതര്‍ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട്‌ നേടുകയും സി.പി.എമ്മിന്റെ ഉറച്ച സീറ്റായി കരുതുന്ന അഞ്ചു മണ്ഡലങ്ങളില്‍ തങ്ങളുടെ പരാജയത്തില്‍ പങ്കുവഹിക്കുകയും ചെയ്‌താല്‍ അതും പിണറായിക്കു തിരിച്ചടിയാവും.
എന്നാല്‍ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി മാറണമെന്ന ആവശ്യം ഔദ്യോഗികപക്ഷത്തിന്‌ ഉയര്‍ത്താന്‍ കഴിയില്ലെന്നാണു വി എസ്‌ പക്ഷത്തിന്റെ കണക്കുകൂട്ടല്‍. വി എസ്‌ പക്ഷം വോട്ട്‌ മറിക്കാന്‍ സാധ്യതയുള്ളതു മുന്നില്‍ക്കണ്ടു കടുത്ത ജാഗ്രത പുലര്‍ത്താന്‍ വി എസ്‌ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പൊന്നാനിയും മലപ്പുറവും നിര്‍ണായകം;മുസ്‌്‌ലിം രാഷ്ട്രീയം കരുതലോടെ

പി സി അബ്‌്‌ദുല്ല

കോഴിക്കോട്‌: പൊതുരാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ മുസ്‌ലിം സംഘശക്തിക്ക്‌ മുമ്പില്‍ ഇന്നത്തെ വിധിയെഴുത്ത്‌ ഏറെ നിര്‍ണായകം.
തന്ത്രങ്ങളിലൂടെ കേരളമണ്ണില്‍ മുസ്‌ലിം രാഷ്ട്രീയം കുഴിച്ചുമൂടാനുള്ള സി.പി.എം ഗൂഢനീക്കം മറനീങ്ങിയ പശ്ചാത്തലത്തില്‍ സമുദായം വളരെ കരുതലോടെയാവും ഇന്നു പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുക.
ബാബരി ദുരന്തത്തെ തുടര്‍ന്നു സംജാതമായ അന്തച്ഛിദ്രങ്ങള്‍ അതിജീവിച്ചു ദിശാബോധത്തിലേക്ക്‌ ഏകീകരിക്കപ്പെട്ടു തുടങ്ങിയ കേരള മുസ്‌ലിം രാഷ്ട്രീയം പ്രതിയോഗികളുടെ രണ്ടും കല്‍പ്പിച്ച നീക്കങ്ങള്‍ക്കു മുമ്പില്‍ കടുത്ത പരീക്ഷണ വിധേയമാവുന്നുവെന്നതാണ്‌ ഇന്നത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. മുസ്‌ലിം ലീഗിന്റെ പരാജയത്തിനപ്പുറം സമുദായ സംഘശക്തിയുടെ ദൂരവ്യാപക പതനമാണ്‌ പൊന്നാനിയിലും മലപ്പുറത്തും സി.പി.എം ലക്ഷ്യമിടുന്നതെന്നു വ്യക്തം.
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയഭാവി എന്നതിനേക്കാള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിനെതിരേയുള്ള അപകടകരമായ നീക്കങ്ങളാണു മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ പെരുമ്പറകൊട്ടിയത്‌. ഈ മണ്ഡലങ്ങളില്‍ ലീഗിനെതിരാവുന്ന വോട്ടുകള്‍ മറുഭാഗത്തു സമുദായത്തിന്റെ അക്കൗണ്ടിലല്ല സമാഹരിക്കപ്പെടുകയെന്നതാണു മുസ്‌്‌ലിം വോട്ടര്‍മാരെ ഭയപ്പെടുത്തുന്നത്‌.
കാലങ്ങളായി കൂടെയുള്ള ഐ.എന്‍.എല്‍ പോലുള്ള വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതു മുസ്‌ലിം സംഘടനകളെ മാറ്റിനിര്‍ത്തി അരാഷ്ട്രീയ സ്വതന്ത്രരെ രംഗത്തിറക്കിയാണു സി.പി.എം മലപ്പുറം ജില്ലയിലെ മുസ്‌ലിം രാഷ്ട്രീയം വിഭജിക്കുന്നതാണ്‌.
സമുദായ സംഘശക്തിയെ ഭിന്നിപ്പിക്കുന്ന വോട്ടുകള്‍ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഏകീകരിക്കപ്പെടാതിരിക്കാന്‍ സി.പി.എം പുലര്‍ത്തുന്ന ജാഗ്രത മുസ്‌ലിം രാഷ്ട്രീയത്തിനെതിരായ ഉന്മൂലന നീക്കമായാണു വിലയിരുത്തല്‍. മുസ്‌ലിം രാഷ്ട്രീയതട്ടകത്തില്‍ നിന്ന്‌ അട്ടിമറിയിലൂടെ സി.പി.എമ്മിന്‌ വോട്ട്‌ സമാഹരിച്ച്‌ നല്‍കിയവര്‍ക്കൊന്നും ആ വോട്ടുകളുടെ രാഷ്‌ട്രീയ അംഗീകാരം നല്‍കാന്‍ പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല.
മുസ്‌ലിം രാഷ്ട്രീയഭിന്നതയുടെ അംബാസഡറായി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തെത്തിയ അബ്ദുന്നാസിര്‍ മഅ്‌ദനിയോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും ഇതുതന്നെയാണു വ്യക്തമാവുന്നത്‌. സമുദായശക്തി ഛിന്നഭിന്നമാക്കാനുള്ള കൈകൊണ്ടു തൊടാന്‍ പറ്റാത്ത ഉപകരണമെന്നതിലപ്പുറമുള്ള ഒരംഗീകാരവും മഅ്‌ദനിക്കു നല്‍കാന്‍ തയ്യാറല്ലെന്നു സി.പി.എം നേതാക്കള്‍ ഇതിനകം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിം വോട്ട്‌ ഭിന്നിപ്പിക്കാന്‍ സി.പി.എം വേദികളില്‍ നിറഞ്ഞാടിയ മഅ്‌ദനിയുടെ അവസ്ഥ തിരഞ്ഞെടുപ്പിനു ശേഷം എന്താവുമെന്ന ചോദ്യവും പ്രസക്തമാണ്‌. വരുംനാളുകള്‍ ലക്ഷ്യംവച്ച്‌ മഅ്‌ദനിക്കു പിന്നാലെ വേട്ടക്കാര്‍ പൂര്‍വാധികം ശക്തമായി നീങ്ങുന്നതിന്റെ സൂചനകളുണ്ട്‌.
അതോടൊപ്പം ഒമ്പതര വര്‍ഷത്തെ ജയില്‍പീഡനത്തിനിടയില്‍ സമുദായത്തില്‍ നിന്നു ലഭിച്ച സഹാനുഭൂതിയും അനുകമ്പയും കഴിഞ്ഞ ഒരു മാസത്തെ സി.പി.എം വിധേയത്വ പ്രകടനങ്ങളിലൂടെ മഅ്‌ദനി കളഞ്ഞുകുളിച്ചുവെന്ന ആക്ഷേപവും ശക്തമാണ്‌.
മഅ്‌ദനിയിലൂടെ ഭിന്നിപ്പിക്കാമെന്നു കരുതിയ മുസ്‌ലിം വോട്ടുകള്‍ വിരുദ്ധപക്ഷത്ത്‌ പരസ്യമായി ഏകീകരിക്കപ്പെടുന്ന കാഴ്‌ചയാണു പൊന്നാനിയില്‍ വോട്ടെടുപ്പിന്‌ മുമ്പെ ദൃശ്യമായത്‌.
ഇക്കാര്യം പി.ഡി.പി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. മലപ്പുറത്താവട്ടെ ലീഗിന്റെ ശക്തികേന്ദ്രമെന്ന നിലയില്‍ വലിയ അട്ടിമറിക്കുള്ള സാധ്യതയുണ്ടെന്ന്‌ ഇടതുമുന്നണി തന്നെ കരുതുന്നില്ല. ജമാ അത്തെ ഇസ്‌്‌ലാമിക്കെതിരേ യൂത്ത്‌ ലീഗിന്റെ കെ എം ഷാജി മാതൃഭൂമി വാരികയില്‍ എഴുതിയ തീര്‍ത്തും വിഷലിപ്‌തമായ ലേഖനത്തില്‍ എന്‍.ഡി.എഫിനെപ്പറ്റി വന്ന വിവാദ പരാമര്‍ശങ്ങള്‍ക്കു പ്രചാരണം നല്‍കാന്‍ അവസാനം നടത്തിയ ശ്രമങ്ങള്‍ ആ പരിഭ്രമത്തിന്റെ സൂചനയാണെന്നു വിലയിരുത്തപ്പെടുന്നു.