2013-02-05

ഫെബ്രുവരി പത്തിന് പുതിയൊരു ചാനല്‍ കൂടി



കോഴിക്കോട്:  മാധ്യമം ഗ്രൂപ്പില്‍ നിന്നുള്ള 'മീഡിയവണ്‍' ചാനല്‍ ഫെബ്രുവരി പത്തുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, സംവിധായകന്‍ രഞ്ജിത്ത്, എം എ യുസഫലി എന്നിവര്‍ പങ്കെടുക്കും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോയും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള വെള്ളിപറമ്പിലാണ്.

ഷിബു ചക്രവര്‍ത്തി( പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍), എം വെങ്കിട്ടരാമന്‍(സിഇഒ),എം സാജിദ്(ഡെപ്യൂട്ടി സിഇഒ), സിഎല്‍ തോമസ്(എഡിറ്റര്‍ ഇന്‍ ചീഫ്), സുനില്‍ ഹസന്‍(മാനേജിങ് എഡിറ്റര്‍) എന്നിവരാണ് ചാനലിനു പിറകിലുള്ളത്.

എന്‍എസ്എസിനെ വിമര്‍ശിച്ചാല്‍ വീക്ഷണത്തില്‍ വിലക്ക്


എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക്  പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.

നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.