2009-04-14

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളത്തില്‍ 2.18 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ്‌ ഇലക്‌ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പാണു നടക്കുന്നത്‌. ഇതു പ്രകാരമുള്ള വോട്ടര്‍പട്ടിക തയ്യാറായി. സംസ്ഥാനത്ത്‌ ഇത്തവണ 2.18 കോടി വോട്ടര്‍മാരാണ്‌ സമ്മതിദാനാവകാശം വിനിയോഗിക്കുക. സര്‍വീസ്‌ വോട്ടര്‍മാരുള്‍പ്പെടെയാണിത്‌. ഒരു ലോക്‌സഭാ മണ്ഡലത്തിലെ റിട്ടേണിങ്‌ ഓഫിസര്‍ അതതു ജില്ലാ കലക്ടര്‍മാരായിരിക്കുമെന്നു സി.ഇ.ഒ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ്‌്‌ ക്രമീകരണങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ പൂര്‍ത്തിയായി. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര ഒഴികെയുള്ള മണ്ഡലങ്ങളില്‍ രണ്ട്‌ തിരഞ്ഞെടുപ്പു നിരീക്ഷകരെയാണു നിയമിച്ചിരിക്കുന്നത്‌. ഈ മൂന്നു മണ്ഡലങ്ങളില്‍ മൂന്നു നിരീക്ഷകരെ നിയമിച്ചു. മൊത്തം ഒരുലക്ഷം ഉദ്യോഗസ്ഥരാണു പോളിങ്‌ ബൂത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്ത്‌ 20,476 പോളിങ്‌ സ്‌റ്റേഷനുകളാണു തയ്യാറാക്കിയിട്ടുള്ളത്‌. ഇതിനു പുറമേ 32 താല്‍ക്കാലിക പോളിങ്‌ സ്‌റ്റേഷനുകള്‍ കൂടി സജ്ജമാക്കി. 500ല്‍ കുറവ്‌ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും രണ്ട്‌ പോളിങ്‌ ഓഫിസറെയുമാണു നിയോഗിച്ചിരിക്കുന്നത്‌. 5001 മുതല്‍ 1200 വരെയുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും മൂന്നു പോളിങ്‌ ഓഫിസറെയും 1201 മുതല്‍ 1600 വരെ വോട്ടര്‍മാരുള്ള പോളിങ്‌ ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും നാലു പോളിങ്‌ ഓഫിസറെയും നിയോഗിച്ചു. 20,508 ബാലറ്റ്‌ മെഷീനുകളാണ്‌ വിതരണം ചെയ്‌തിട്ടുള്ളത്‌.
തിരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്കായി കേരളത്തിനു 22 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ 217 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്‌. ഇതില്‍ 14 പേര്‍ സ്‌ത്രീകളാണ്‌. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതു കോട്ടയത്താണ്‌. 20 പേരാണ്‌ ഇവിടെ മല്‍സരരംഗത്ത്‌. നാലു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മലപ്പുറമാണ്‌ ഏറ്റവും പിന്നില്‍. 16ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഒരു കണ്‍ട്രോള്‍ യൂനിറ്റും രണ്ട്‌ ബാലറ്റ്‌ യൂനിറ്റുമുണ്ടായിരിക്കും.
ഏതെങ്കിലും കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ പേരിനൊപ്പം ഫോട്ടോ ഇല്ലാതെ വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ച്‌ വോട്ട്‌ ചെയ്യാവുന്നതാണ്‌. തിരിച്ചറിയല്‍ കാര്‍ഡിന്റെ അഭാവത്തില്‍ പാസ്‌പോര്‍ട്ട്‌, ഫോട്ടോ പതിച്ച പാന്‍കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നിയുള്‍പ്പെടെ 15 തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശപ്രകാരം കൗണ്ടിങ്‌ സെന്ററുകളുടെ എണ്ണം ഇത്തവണ 36 ആയി ചുരുക്കി. കഴിഞ്ഞതവണ സംസ്ഥാനത്ത്‌ 129 കൗണ്ടിങ്‌ സെന്ററുണ്ടായിരുന്നു. പോസ്‌റ്റല്‍ വോട്ട്‌ ചെയ്യുന്നതിനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാനുളള കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും നളിനി നെറ്റോ അറിയിച്ചു.

20 കമ്പനി പ്രത്യേക സേന; 2000 പ്രശ്‌നസാധ്യതാ ബൂത്തുകള്‍

തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷയ്‌ക്കായി കേരളത്തില്‍ 20 കമ്പനി പ്രത്യേകസേനയെ വിന്യസിക്കുമെന്ന്‌ ചീഫ്‌ ഇലക്‌ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
86 പേര്‍ വീതമുള്ള പ്രത്യേകസേന തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്‌. ഇതിനു പുറമെ കണ്ണൂരില്‍ രണ്ടു കമ്പനി വീതം റാപിഡ്‌ ആക്‌ഷന്‍ ഫോഴ്‌സിനെയും സി.ഐ.എസ്‌.എഫിനെയും നിയോഗിക്കും. ഈ നാലു കമ്പനി സേന സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്‌.
കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളാണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതയുള്ളത്‌. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ 2000 ബൂത്തുകളെയാണ്‌ നിലവില്‍ പ്രശ്‌നസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 20,476 ബൂത്തുകളിലേക്കായി 25,000 പോലിസുകാരെ വിന്യസിക്കും. കണ്ണൂര്‍ ജില്ലയിലെ 187 മേഖലകളിലായി 342 ബൂത്തുകള്‍ പ്രശ്‌നസാധ്യതയുള്ള ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമെ 532 ബൂത്തുകള്‍ക്കാണ്‌ പ്രത്യേക ജാഗ്രത വേണ്ടത്‌. പക്ഷേ, ഈ പട്ടികയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന്‌ കമ്മീഷണര്‍ വ്യക്തമാക്കി.
പ്രശ്‌നസാധ്യതയുള്ള മണ്ഡലങ്ങളില്‍ സൂക്ഷ്‌മപരിശോധനാ വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്‌. സ്‌പെഷ്യല്‍ പോലിസ്‌, വീഡിയോ കാമറ എന്നിവ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കും. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളെ രണ്ടു രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതും ശക്തമായ മല്‍സരം നടക്കുന്നതുമായ മണ്ഡലങ്ങളിലെ ബൂത്തുകള്‍, വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തടസ്സം നേരിടുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെയാണ്‌ തിരിച്ചിട്ടുള്ളത്‌.
പോളിങ്‌ബൂത്തുകളുടെ മുന്‍കാല ചരിത്രം, പ്രശ്‌നങ്ങളുടെ ആഴം എന്നിവ പരിഗണിച്ച ശേഷമാണ്‌ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ അന്തിമപട്ടിക തയ്യാറാക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളും പ്രത്യേക നിരീക്ഷകര്‍ പരിശോധിച്ചിട്ടുണ്ടെന്നും നളിനി നെറ്റോ പറഞ്ഞു.

റബ്‌റിക്കെതിരേ മാനനഷ്ടക്കേസ്‌

പട്‌ന: തനിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനുമെതിരേ സഭ്യേതരമായ ഭാഷയില്‍ പ്രസംഗിച്ചതിനു മുന്‍ മുഖ്യമന്ത്രി റബ്‌റീ ദേവിക്കെതിരേ ജെ.ഡി.യു പ്രസിഡന്റ്‌ രാജീവ്‌ രഞ്‌ജന്‍ സിങ്‌്‌ ലലന്‍ മാനനഷ്ടത്തിനു കേസ്‌ ഫയല്‍ ചെയ്‌തു. അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു കേസ്‌ ഫയല്‍ചെയ്‌തത്‌. പരാമര്‍ശം പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിച്ചുവെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഈ മാസം അഞ്ചിനാണു സരണ്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗര്‍ഖയില്‍വച്ചു റബ്‌റി വിവാദ പ്രസംഗം നടത്തിയത്‌. നിതീഷ്‌ കുമാറും ലലനും അളിയന്‍മാരാണെന്നാണു അവര്‍ പ്രസംഗിച്ചത്‌. ഇത്‌ അപകീര്‍ത്തികരമാണെന്നാണു പരാതി. താനും നിതീഷ്‌ കുമാറും അളിയന്‍മാരല്ലെന്ന്‌ അറിയാമായിരുന്നിട്ടും ദുരുദ്ദേശ്യപരമായിട്ടാണു റബ്‌റി പ്രസംഗിച്ചതെന്നു ഹരജിയില്‍ വ്യക്തമാക്കി. ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയ മൂന്നു സാക്ഷികളുടെ മൊഴി മെയ്‌ നാലിനു രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്‌.

നേതാക്കള്‍ സംയമനം പാലിക്കണം: തിര. കമ്മീഷന്‍

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും വിലകുറഞ്ഞതുമായ വാക്കുകള്‍ കൊണ്ട്‌ എതിരാളിയെ ആക്രമിക്കുന്നതു നിര്‍ത്തി സംയമനത്തിന്റെ പാത പിന്തുടരാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളോട്‌ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഴുവന്‍ അംഗീകൃത പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ അയച്ച സന്ദേശത്തില്‍, പ്രചാരണത്തിനിടെ പരസ്യമായി പണം വിതരണം ചെയ്യുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ പൊതു പരിപാടികള്‍ക്കിടെ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതു വേദനാജനകമാണ്‌. നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മാതൃകാചട്ടം പിന്തുടരണം. മറ്റു പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സ്വകാര്യവിഷയങ്ങള്‍ പറഞ്ഞും ചിലര്‍ ആക്ഷേപിക്കുന്നുണ്ട്‌. ജാതീയവും സാമുദായികവുമായ വിദ്വേഷമുണ്ടാക്കുന്ന തരത്തിലാണു പലരുടെയും പ്രസംഗമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വിദ്വേഷപ്രസംഗം, പണവിതരണം തുടങ്ങി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കോണ്‍ഗ്രസ്‌, ബി.ജെ.പി, ആര്‍.ജെ.ഡി, എസ്‌.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ തിരഞ്ഞെടുപ്പുകമ്മീഷനു പരാതി ലഭിച്ചിട്ടുണ്ട്‌.

ഫാറൂഖ്‌ അബ്ദുല്ല ശ്രീനഗറില്‍

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുല്ലയെ മല്‍സരിപ്പിക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ്‌ തീരുമാനിച്ചു. ഫാറൂഖിനൊപ്പം ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറായ സല്‍മാന്‍ സാഗറിന്റെ പേരും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഫാറൂഖ്‌ തീരുമാനമെടുക്കാത്തതാണ്‌ സാഗറിന്റെ നാമനിര്‍ദേശത്തിനു പിന്നിലെ കാരണം. ബാരാമുല്ല മണ്ഡലത്തില്‍ ശരീഫുദ്ദീന്‍ ശരീഖ്‌ മല്‍സരിക്കുമെന്ന്‌ ഫാറൂഖ്‌ അബ്ദുല്ല പറഞ്ഞു.

അതിരപ്പിള്ളി, മുരിയാട്‌ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പുബഹളത്തില്‍ മുങ്ങി

ബിജോ സില്‍വറി
തൃശൂര്‍: കേരളത്തിലെ ജനകീയ പ്രതിരോധസമരങ്ങളില്‍ പ്രധാനപ്പെട്ടതെന്നു വിലയിരുത്തുന്ന അതിരപ്പിള്ളി, മുരിയാട്‌ കായല്‍ സമരങ്ങള്‍ തിരഞ്ഞെടുപ്പുബഹളത്തില്‍ അവഗണിക്കപ്പെട്ടു. അതിരപ്പിള്ളിയിലെ നിര്‍ദിഷ്ട വൈദ്യുതനിലയം നിലകൊള്ളുന്നതു ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും മുരിയാട്‌ കൃഷിമേഖല തൃശൂര്‍ മണ്ഡലത്തിലുമാണ്‌. പരിസ്ഥിതിക്കു ദോഷകരമായതു കൊണ്ട്‌ അതിരപ്പിള്ളിയില്‍ വൈദ്യുതനിലയം വേണ്ട എന്ന അഭിപ്രായക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്‌. സി.പി.എം ഒഴിച്ചുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പരിസ്ഥിതിസംഘടനകളും സമരത്തില്‍ പങ്കാളികളാണ്‌. മുരിയാട്‌ കായല്‍മേഖല മണല്‍ലോബികളുടെ കൈകളില്‍ നിന്നു മോചിപ്പിച്ചു കൃഷി ചെയ്യാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായി കര്‍ഷകമുന്നേറ്റവും കഴിഞ്ഞ ഒരു വര്‍ഷമായി സമരമുഖത്താണ്‌. സി.പി.എമ്മും സി.പി.ഐയും ഈ സമരത്തെ എതിര്‍ക്കുന്നു.
തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മുഖ്യ വിഷയമാവുമെന്നു കരുതിയ രണ്ടു വിഷയങ്ങളും ഏകദേശം പിന്തള്ളപ്പെട്ട മട്ടാണ്‌. അതിരപ്പിള്ളി സമരത്തിനു മുഖ്യപങ്കു വഹിക്കുന്നതു സി.പി.ഐക്കാരും പാര്‍ട്ടിയുടെ പോഷക സംഘടനകളുമാണ്‌. തിരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ന്നുവരുന്നതു മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു സി.പി.ഐക്കാര്‍ പിന്‍വാങ്ങി നില്‍ക്കുന്നത്‌. ചാലക്കുടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയാണു മല്‍സരിക്കുന്നതെങ്കിലും തൃശൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ സി എന്‍ ജയദേവനാണു ജനവിധി തേടുന്നത്‌. പൊന്നാനി സീറ്റ്‌ പ്രശ്‌നത്തോടെ ഉടക്കിനില്‍ക്കുന്ന സി.പി.എം അണികള്‍ ഇപ്പോഴും തൃശൂരില്‍ സജീവമായി പ്രചാരണത്തിന്‌ ഇറങ്ങിയിട്ടില്ല. അതിരപ്പിള്ളി പ്രശ്‌നം സജീവമായാല്‍ അതു ചാലക്കുടിയിലെ സി.പി.എം സ്ഥാനാര്‍ഥി യു പി ജോസഫിനെ പ്രതികൂലമായി ബാധിച്ചേക്കും. അതോടെ തൃശൂരില്‍ ജയദേവനെ സി.പി.എം കാലുവാരാന്‍ സാധ്യതയുണ്ടെന്നാണു സി.പി.ഐക്കാര്‍ക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്‌. യു.ഡി.എഫാവട്ടെ പ്രശ്‌നത്തില്‍ കൃത്യമായ ഒരു നിലപാടു സ്വീകരിക്കാത്തതു മൂലം തിരഞ്ഞെടുപ്പുവിഷയമാക്കി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.
തരിശിടുന്നതും മണല്‍ലോബിക്കാര്‍ ഉപയോഗിച്ചുവരുന്നതുമായ കൃഷിഭൂമി കൃഷി ചെയ്യാന്‍ ഉപയുക്തമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്ത്‌ ആദ്യമായി തുടങ്ങിയ സമരമാണു മുരിയാട്‌സമരം. മുരിയാട്‌കായല്‍ എന്നറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഏക്കര്‍ കൃഷിഭൂമി ഇപ്പോള്‍ വെള്ളക്കെട്ടിലാണ്‌. രണ്ടുവര്‍ഷം മുമ്പ്‌ സമരം തുടങ്ങുമ്പോള്‍ എല്ലാ പ്രതിപക്ഷകക്ഷികളും സമരത്തിനു പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാരിനെ അടിക്കാനുള്ള നല്ലൊരു വടിയാക്കി സമരത്തെ മാറ്റാമെന്നാണ്‌ അവര്‍ പ്രതീക്ഷിച്ചിരുന്നത്‌. സമരത്തിന്റെ മുന്നണിയില്‍ നിന്നിരുന്ന കര്‍ഷകമുന്നേറ്റക്കാരെ ഒഴിവാക്കി സമരം ഏറ്റെടുക്കാന്‍ വരെ ഒരു ഘട്ടത്തില്‍ യു.ഡി.എഫ്‌ ആലോചിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ ഇതിനു വഴങ്ങാതായതോടെ ഇവരും സമരമുഖത്തു നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കര്‍ഷകമുന്നേറ്റം തീരുമാനിച്ചത്‌. കുഞ്ഞന്‍പുലയനാണ്‌ ഇവരുടെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിനു ശേഷം മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ എതിര്‍പ്പ്‌ കൂടുതല്‍ രൂക്ഷമാക്കാനേ ഇത്‌ ഇടയാക്കൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്യന്തികമായി ഇതു കര്‍ഷകരെ തന്നെ വിപരീതമായി ബാധിച്ചേക്കും.

മാവേലിക്കരയില്‍ യു.ഡി.എഫ്‌ പടയോട്ടം; തളരാതെ എല്‍.ഡി.എഫ്‌

ശരീഫ്‌ താമരക്കുളം
മാവേലിക്കര: തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ക്ക്‌ ഇന്നു തിരശ്ശീല വീഴുമ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍. പുതുതായി പിറന്ന മാവേലിക്കര മണ്ഡലത്തിന്റെ ഭൂപ്രകൃതിയും രാഷ്ട്രീയചേരുവകളും സാമുദായിക സമവാക്യങ്ങളും ഓരോന്നായി തെളിഞ്ഞിരിക്കുന്നു.
പാരമ്പര്യത്തിന്റെ പഴയ കണക്കുവച്ചു മാവേലിക്കരയുടെ ഗതി നിര്‍ണയിക്കാന്‍ കഴിയില്ലെങ്കിലും അടിസ്ഥാനപരമായി മണ്ഡലത്തിനുള്ള ജാതി-മത കൂട്ടായ്‌മയും മണ്ഡലത്തിന്റെ ഘടനാപരമായ മാറ്റവും യു.ഡി.എഫിന്‌ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നു. എങ്കിലും പ്രചാരണതന്ത്രങ്ങളിലും സന്നാഹങ്ങളിലും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്‌ ഇടതുമുന്നണിസ്ഥാനാര്‍ഥി ആര്‍ എസ്‌ അനില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ലിസ്റ്റിലുള്ള ഉറച്ച സീറ്റായിട്ടാണു മാവേലിക്കരയെ കണക്കുകൂട്ടുന്നത്‌. കഴിഞ്ഞ ഇടതുഭരണത്തിലും ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം എന്നീ നാലു മണ്ഡലങ്ങള്‍ യു.ഡി.എഫിനെയാണു തുണച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനു വിജയസാധ്യതയുണ്ടെന്നു യു.ഡി.എഫ്‌ വൃത്തങ്ങള്‍ പറയുന്നു.
യു.ഡി.എഫിന്റെ ജാതിമതാടിത്തറകള്‍ ഈ മണ്ഡലത്തില്‍ ഭദ്രമാണെന്നു രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌, കെ.പി.എം.എസ്‌ തുടങ്ങിയ ജാതിസംഘടനകള്‍ യു.ഡി.എഫിനു വേണ്ടി പരസ്യപിന്തുണയുമായി രംഗത്തുവന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ നില ഭദ്രമാണെന്നു സൂചിപ്പിക്കുന്നു. അതു മറികടക്കാനുള്ള ശക്തമായ പോരാട്ടം ഇടതുനിര കാഴ്‌ചവച്ചെങ്കിലും ആരെയും അകറ്റാതെയും പിണക്കാതെയുമുള്ള തന്ത്രങ്ങള്‍ കൃത്യമായി കൊണ്ടുപോയ കൊടിക്കുന്നില്‍ സുരേഷ്‌, നായര്‍, ക്രിസ്‌ത്യന്‍, ഈഴവ, മുസ്‌ലിം നേതാക്കളുടെ എല്‍.ഡി.എഫ്‌ വിരുദ്ധ വികാരം നന്നായി മുതലെടുത്തുകഴിഞ്ഞു. കഴിഞ്ഞതവണ തിരഞ്ഞെടുപ്പില്‍ സുരേഷിനു ഭീഷണി ഉയര്‍ത്തിയ കോണ്‍ഗ്രസ്‌ (ബി) നേതാവായ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ പഴയ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും മാറ്റിവച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുന്നതു വിജയപ്രതീക്ഷ ഏറിയിരിക്കുന്നു. ഏഴു നിയോജകമണ്ഡലത്തിലെ ആറെണ്ണത്തില്‍ നല്ല ഭൂരിപക്ഷം കിട്ടുമെന്നാണു യു.ഡി.എഫ്‌ കണ്‍വീനറായ മുന്‍ ന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള പറയുന്നത്‌.
കൊടിക്കുന്നിലിന്റെ പ്രചാരണബഹളങ്ങള്‍ക്കിടയില്‍ സൗമ്യസാന്നിധ്യമായാണ്‌ അനില്‍ നീങ്ങിയത്‌. കെ.പി.എം.എസിന്റെ സ്ഥാപകരില്‍ പ്രമുഖനും ദലിത്‌ സമൂഹത്തിനു വൈകാരികമായി അടുപ്പവുമുള്ള മുന്‍ മന്ത്രി പി ജെ രാഘവന്റെ മകനെ ദലിത്‌ പിന്നാക്കവിഭാഗങ്ങള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്‌ ഇടതുമുന്നണി.
സി.പി.എമിന്റെ പി.ഡി.പി ബന്ധം ഉപയോഗപ്പെടുത്തി ബി.ജെ.പി വോട്ടുകളില്‍ നുഴഞ്ഞുകയറാനും ഹിന്ദുത്വവോട്ടുകളുടെ ഏകീകരണത്തിനുമുള്ള നീക്കങ്ങള്‍ യു.ഡി.എഫില്‍ നടക്കുന്നതായി വിലയിരുത്തുന്നു. ബി.ജെ.പി വോട്ടു മുഴുവന്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ പോള്‍ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ സ്ഥാനാര്‍ഥി പി എം വേലായുധന്‍. പ്രചാരണത്തിന്റ തുടക്കത്തില്‍ ആര്‍ എസ്‌ അനില്‍ വളരെ പിന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ കൊടിക്കുന്നിലിനൊപ്പം എത്തിനില്‍ക്കുന്നതു വിജയപ്രതീക്ഷയ്‌ക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.
മഴ ശക്തമായതോടെ എല്‍.ഡി.എഫ്‌ കുടുംബയോഗങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസം കൊണ്ട്‌ 100 കണക്കിനു കുടുംബയോഗങ്ങള്‍ കൂടാനായതും വിജയം ഉറപ്പാക്കുമെന്നാണു പ്രതീക്ഷയെന്നു മാവേലിക്കര എല്‍.ഡി.എഫ്‌ ഇലക്‌ഷന്‍ കണ്‍വീനര്‍ ബി രാഘവന്‍ എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞതവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയാണു പുനര്‍നിര്‍ണയത്തിലൂടെ മാവേലിക്കര മണ്ഡലത്തിലുള്ളത്‌.
കൊട്ടാരക്കരയുടെ ചാഞ്ചാട്ടവും കുട്ടനാട്ടിലെ ഇളകിയാട്ടവും ചങ്ങനാശ്ശേരിയുടെ സമുദായ സമവാക്യങ്ങളും മാത്രമല്ല, ഇളക്കം തൊടാതെ നില്‍ക്കുന്ന കുന്നത്തൂരും ചെങ്ങന്നൂരും പത്തനാപുരവും തുടങ്ങി നിയോജകമണ്ഡലങ്ങളില്‍ അടിയൊഴുക്കുകളും യു.ഡി.എഫിന്റെ മേല്‍ക്കോയ്‌മയ്‌ക്കു കോട്ടം തട്ടുമെന്ന പ്രതീക്ഷയിലാണ്‌ എല്‍.ഡി.എഫ്‌.

ശക്തിദുര്‍ഗങ്ങളില്‍ സി.പി.എം വിമതര്‍ നിര്‍ണായകം

കോഴിക്കോട്‌: സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരേ ശബ്ദിച്ചതിനു പാര്‍ട്ടിയുടെ വിവിധ തലത്തില്‍ നിന്നു പുറത്തായവര്‍ ചേര്‍ന്നു രൂപം നല്‍കിയ ഇടതുപക്ഷ ഏകോപനസമിതി ഈ തിരഞ്ഞെടുപ്പോടെ കേരളരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാവും. തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു സി.പി.എം അനുവദിക്കാതിരുന്നിട്ടും വിമതര്‍ വന്‍ജനപ്രീതി ആകര്‍ഷിക്കുന്നതായാണ്‌ അവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള വിവരം.
അഞ്ചിടങ്ങളിലാണ്‌ ഇടതുപക്ഷ ഏകോപനസമിതി മല്‍സരിക്കുന്നത്‌. കോഴിക്കോട്‌ അഡ്വ. പി കുമാരന്‍കുട്ടി, വടകരയില്‍ ടി പി ചന്ദ്രശേഖരന്‍, പൊന്നാനിയില്‍ ഡോ. ആസാദ്‌, പാലക്കാട്‌ എം ആര്‍ മുരളി, ആറ്റിങ്ങലില്‍ എം ജയകുമാര്‍. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണു വിമതപ്രവര്‍ത്തനം.
വടകരയില്‍ ടി പി ചന്ദ്രശേഖരനും കോഴിക്കോട്ട്‌ അഡ്വ. പി കുമാരന്‍കുട്ടിയും പ്രചാരണരംഗത്തു സജീവമായതു സി.പി.എമ്മിനെ പ്രകോപിപ്പിച്ചു. രണ്ടുപേരെയും കൈയേറ്റം ചെയ്യാനും ഇവരുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കാനും സംഘടിതശ്രമമുണ്ടായി. എന്നാലും വടകരയില്‍ ചന്ദ്രശേഖരന്‍ വന്‍തോതില്‍ വോട്ട്‌ നേടുമെന്നാണു കരുതുന്നത്‌. ജനതാദള്‍ വോട്ട്‌കൂടി ചോരുന്നതോടെ സിറ്റിങ്‌ എം.പി സതീദേവിയുടെ ഭാവി അനിശ്ചിതത്വത്തിലായി. കോഴിക്കോട്ട്‌ സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസിനെതിരേ നിലനില്‍ക്കുന്ന പേമെന്റ്‌ സീറ്റ്‌ ആരോപണത്തില്‍ മനംനൊന്ത സി.പി.എം പ്രവര്‍ത്തകര്‍ കുമാരന്‍കുട്ടിക്കു വോട്ട്‌ ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ഇടതുപക്ഷ ഏകോപനസമിതി ജനറല്‍ സെക്രട്ടറി എം ആര്‍ മുരളിയുടെ സാന്നിധ്യം പാലക്കാട്‌ എല്‍.ഡി.എഫ്‌ തട്ടകത്തെ നടുക്കി. ഷൊര്‍ണൂര്‍ പരാജയത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പ്‌ എത്തിയ തിരഞ്ഞെടുപ്പില്‍ മുരളിയുടെ സാന്നിധ്യത്തെ പാര്‍ട്ടി അങ്ങേയറ്റം ഭീതിയോടെയാണു കാണുന്നത്‌.
മുരളിയെ പര്യടനത്തിനിടെ സി.പി.എം കൈയേറ്റം ചെയ്‌തതും സമിതിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ ബി ഗുപ്‌തനെതിരേ വധഭീഷണി മുഴക്കിയതും ജനങ്ങളില്‍ മുരളിക്കനുകൂല മനസ്സു സൃഷ്ടിച്ചു. പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നതിനെതിരേ കലക്ടറേറ്റിനു മുന്നില്‍ മുരളി ഉപവസിച്ചിരുന്നു.
സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയിലെ ചില നേതാക്കളുടെ സാമ്പത്തിക അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്ന മുരളി, നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ വി എസ്‌ അനുകൂലപ്രകടനം നയിച്ചതോടെയാണ്‌ ഔദ്യോഗികവിഭാഗത്തിന്‌ അനഭിമതനായത്‌. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മുരളിയെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി പിണറായിപക്ഷം പകരംവീട്ടി.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്‌, പട്ടാമ്പി, അഗളി, കോങ്ങാട്‌ മണ്ഡലങ്ങള്‍ സമിതിയുടെ ശക്തികേന്ദ്രങ്ങളാണ്‌. പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ തനിക്കു ലഭിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു ഗതിവേഗം കൂട്ടുമെന്നു മുരളി പറയുന്നു. അതിനാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടമായിരിക്കും പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത്‌. എത്ര വോട്ട്‌ പിടിക്കുന്നുവെന്നല്ല, കാര്യങ്ങള്‍ തുറന്നുപറയുക എന്നതാണു ഞങ്ങളുടെ രീതിയെന്നാണു പൊന്നാനിയിലെ സ്ഥാനാര്‍ഥി ഡോ. ആസാദ്‌ പറയുന്നത്‌. മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണു തന്റെ സ്ഥാനാര്‍ഥിത്വമെന്നും ആസാദ്‌ പറയുന്നു.
ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ഒരുപോലെയാണെന്ന്‌ ആസാദ്‌ പറയുന്നു. പുത്തന്‍ സാമ്പത്തികനയത്തെ സഹായിക്കുന്ന നിലപാട്‌, ലോകബാങ്ക്‌ നിര്‍ദേശപ്രകാരം വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യം, കുടിവെള്ളം, വികസന നയം എന്നിവ മാറ്റി. വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാനാണ്‌ ഇരുമുന്നണികളും ബി.ജെ.പിയും ശ്രമിക്കുന്നത്‌. ഇൗ മൂന്നു കൂട്ടര്‍ക്കും ബദലായി ഒരു യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പൈതൃകവും മൂല്യവും കാത്തുസൂക്ഷിക്കുക എന്നതാണു ലക്ഷ്യം. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ രാഷ്ട്രീയക്കാരായ വലിയൊരു വിഭാഗം തങ്ങള്‍ക്ക്‌ അനുകൂലമായി രംഗത്തു വന്നിട്ടുണ്ടെന്നും അവരുടെ രംഗപ്രവേശം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപനസമിതിയുടെ അടിത്തറ ഭദ്രമാക്കാന്‍ സഹായിക്കുമെന്നും ഡോ. ആസാദ്‌ പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടതുകേന്ദ്രങ്ങളില്‍ ആശങ്ക വിതച്ചിരിക്കയാണ്‌ സമിതി സംസ്ഥാന സെക്രട്ടറി ബി ജയകുമാര്‍. വി എസ്‌ പക്ഷത്തെ തിരുവനന്തപുരം ജില്ലയിലെ ശക്തനായ നേതാവായിരുന്നു വിജയകുമാര്‍. സി.പി.എം ഉഴമലയ്‌ക്കല്‍ എല്‍.സി സെക്രട്ടറി, വിതുര ഏരിയാ കമ്മിറ്റിയംഗം, ഉഴമലയ്‌ക്കല്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരനായിരുന്ന കാലത്തു സി.ഐ.ടി.യു നേതാവായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രചാരണം ശ്രദ്ധേയമായിട്ടുണ്ട്‌.
തയ്യാറാക്കിയത്‌: സഫീര്‍
ഷാബാസ്‌, സമദ്‌ പാമ്പുരുത്തി, നിസാര്‍ കാടേരി, കെ മുഹമ്മദ്‌ റാഫി