2009-04-13

മുംബൈയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മിലിന്ദ്‌ മുരളി ദേവ്‌രക്കു വേണ്ടി പ്രചാരണം നടത്തുന്ന ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍

കോണ്‍ഗ്രസ്സിനെ അവരോധിക്കാന്‍ ബാധ്യതയില്ലെന്ന്‌ മുലായം

ബലിയ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ അവരോധിക്കുക എന്നതു തന്റെ പാര്‍ട്ടിയുടെ ബാധ്യതയല്ലെന്നു സമാജ്‌വാദി പാര്‍ട്ടി (എസ്‌.പി) നേതാവ്‌ മുലായം സിങ്‌ യാദവ്‌. എസ്‌.പി തിരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ സഖ്യത്തിലുള്ള മന്ത്രിമാരായ ലാലുപ്രസാദ്‌ യാദവിന്റെയും രാംവിലാസ്‌ പാസ്വാന്റെയും നിലപാടില്‍ നിന്നു വ്യത്യസ്‌തമാണു മുലായത്തിന്റേത്‌.
കോണ്‍ഗ്രസ്‌ എസ്‌.പിയെ ചതിച്ചുവെന്നു മുലായം പറഞ്ഞു. കോണ്‍ഗ്രസ്സിനു 17 സീറ്റുനല്‍കാന്‍ തങ്ങള്‍ തയ്യാറായെങ്കിലും അവര്‍ക്കതു സ്വീകാര്യമായില്ല. 3000 കോടി രൂപയിലേറെ മുഖ്യമന്ത്രി മായാവതി സമ്പാദിച്ചതായി അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മന്‍മോഹന്‍ സിങാണെന്ന്‌ ലാലുവും പാസ്വാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബെയ്‌ന്‍സ്‌്‌ല ബി.ജെ.പി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ സമരം നയിച്ച ഗുജ്ജാര്‍ നേതാവ്‌ കിരോരിസിങ്‌ ബെയ്‌ന്‍സ്‌ല ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. തോങ്‌സവായ്‌ മധേപുരിലാണ്‌ ബെയ്‌ന്‍സ്‌ല സ്ഥാനാര്‍ഥിയാകുന്നത്‌. ഇതിനു മുന്നോടിയായി ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ നമോനാരായണ്‍ മീണയാണ്‌ ബെയ്‌ന്‍സ്‌ലയുടെ എതിരാളി.
ഗുജ്ജാറുകളെ പട്ടികജാതി-വര്‍ഗ പദവിയിലുള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത്‌ ബെയ്‌ന്‍സ്‌ല നേതൃത്വം നല്‍കിയ സമരത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുജ്ജാറുകള്‍ക്ക്‌ അഞ്ചു ശതമാനം സംവരണം നല്‍കുന്ന ബില്ല്‌ വസുന്ധരാ രാജെ സര്‍ക്കാര്‍ പാസാക്കുകയും ചെയ്‌തിരുന്നു. ബില്ലിപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്‌.
കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജ്ജാറുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിക്കെതിരായാണ്‌ വോട്ട്‌ ചെയ്‌തത്‌. ഗുജ്ജാറുകളില്‍ ബി.ജെ.പി വിരുദ്ധതരംഗം ചൂടാറാതെ നില്‍ക്കുമ്പോഴാണ്‌ ബെയ്‌ന്‍സ്‌ല അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ ചേരുന്നത്‌. എം.പിയായാല്‍ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നും അത്‌ തങ്ങളുടെ ലക്ഷ്യം എളുപ്പമാക്കുമെന്നുമാണ്‌ ബെയ്‌ന്‍സ്‌ല പറയുന്നത്‌. ഗുജ്ജാര്‍ വോട്ടുകള്‍ വീണ്ടും ബി.ജെ.പിക്കൊപ്പമാക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ ഓംപ്രകാശ്‌ മാഥൂറും ദേശീയ ട്രഷറര്‍ രാംദാസ്‌ അഗര്‍വാളും ബെയ്‌ന്‍സ്‌ലയുമായി അടച്ചിട്ട മുറിയില്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ബെയ്‌ന്‍സ്‌ല ബി.ജെ.പിയില്‍ ചേര്‍ന്നത്‌.

പത്തനംതിട്ടയില്‍ പ്രവചനങ്ങള്‍ അസാധ്യം

ഷാജഹാന്‍ എസ്‌

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള കന്നിയങ്കത്തില്‍ ആരു വെന്നിക്കൊടി പാറിക്കുമെന്നു പറയാറായിട്ടില്ലെങ്കിലും പരീക്ഷ കടുത്തതായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇടതുപക്ഷ വിരോധവും സര്‍ക്കാരിനെതിരായ ജനവികാരവും തങ്ങള്‍ക്കനുകൂലമെന്നു വിധിയെഴുതി യു.ഡി.എഫ്‌ വിജയം ഉറപ്പിച്ച മട്ടാണ്‌. എന്നാല്‍, കഴിഞ്ഞകാലത്തെ കണക്കുകള്‍ നിരത്തി എല്‍.ഡി.എഫും മണ്ഡലത്തില്‍ വിജയം അവകാശപ്പെടുന്നു.
ഇരുമുന്നണികളും തങ്ങളുടെ ആവനാഴിയിലെ അവസാന അമ്പും എതിരാളികള്‍ക്കെതിരേ പ്രയോഗിക്കുമെന്ന്‌ ഉറപ്പായതോടെ ആരും പ്രവചനം നടത്താന്‍ തയ്യാറാവുന്നില്ല. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്‌ ചില സമുദായ നേതാക്കളുടെ സമദൂര നിലപാടുകളാണ്‌.
മാറിയ സാഹചര്യം അനുകൂലമെന്നു കണ്ടതോടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാവാന്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ തുടങ്ങി ബ്ലോക്ക്‌ പ്രസിഡന്റ്‌ വരെ തയ്യാറെടുത്തിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ മാറ്റിമറിച്ച്‌ ആന്റോ രംഗത്തെത്തിയത്‌ വളരെ വൈകിയാണ്‌. ഇതു പ്രചാരണപ്രവര്‍ത്തനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ്‌ യു.ഡി.എഫ്‌ നേതാക്കളുടെ അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എല്‍.ഡി.എഫിലെ കെ അനന്തഗോപന്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൈ നേടിയതായി എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സഭയും സമുദായവും സജീവമായി രംഗത്തെത്തിയതാണു മുന്നണികള്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. സീറ്റ്‌ വിഭജനത്തെ തുടര്‍ന്ന്‌ മുന്നണി?ക്കുള്ളിലുണ്ടായ പൊട്ടലും ചീറ്റലും ജനതാദളിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും ഇടതുമുന്നണിയുടെ കോട്ടയില്‍ വിള്ളലുകള്‍ വീഴ്‌ത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ചെങ്ങറ സമരത്തോട്‌ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാടിനെ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കിയാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണി പ്രചാരണം തുടങ്ങിയത്‌. രണ്ടു ജില്ലകളിലായി കിടക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലത്തിലെ ജനങ്ങളുടെ ഉന്നമനവും സമാനതകളില്ലാത്ത സമഗ്ര പുരോഗതിയും വികസനവുമാണ്‌ സ്വീകരണവേദികളില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ഉയര്‍ത്തിക്കാട്ടുന്നത്‌. ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ആഗോള പ്രതിസന്ധിയും അതുമൂലം പ്രവാസികള്‍ നേരിടുന്ന ദുരിതവും, ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന പ്രചാരണവിഷയങ്ങള്‍. ഒറീസയിലെ സംഘപരിവാര കലാപത്തിനെതിരേ ഉയര്‍ന്നിട്ടുള്ള വികാരം പെന്തക്കോസ്‌ത്‌ സഭകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എങ്ങനെ ബാധിക്കുമെന്നത്‌ പ്രധാന വിഷയമാണ്‌. പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങിയ സംഘടനകള്‍ ഇടതിനു പിന്തുണ നല്‍കിയിട്ടും പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്‌തമായി സാഹചര്യങ്ങളെ വിലയിരുത്തി യു.ഡി.എഫിന്‌ വോട്ട്‌ ചെയ്യുമെന്ന പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്‌ യു.ഡി.എഫ്‌ ക്യാംപിന്‌ ആശ്വാസമായിട്ടുണ്ട്‌.
ഇതിനോടകംതന്നെ ഇരു മുന്നണി സ്ഥാനാര്‍ഥികളും മണ്ഡലത്തിലുടനീളം രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി തങ്ങളുടെ സ്വാധീനമറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞകാല കണക്കുകളും ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാംമുന്നണിയെന്ന ആശയവുമാണ്‌ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി അനന്തഗോപന്‌ അനുകൂല സാഹചര്യമൊരുക്കുന്നതെന്ന്‌ എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ മണ്ഡലം പ്രസിഡന്റും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മുണ്ടപള്ളി തോമസ്‌ തേജസിനോടു പറഞ്ഞു. പത്തനംതിട്ട മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 45 എണ്ണത്തിലും ഭരണം എല്‍.ഡി.എഫിനാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറും ഡി.സി.സി പ്രസിഡന്റുമായ മോഹന്‍രാജിന്‌ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം ഒരുലക്ഷം വോട്ടുകള്‍ക്കു മുകളിലായി?രിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. കേരള സര്‍ക്കാരിനെതിരേയുള്ള ജനവികാരവും കേന്ദ്രം ഭരിച്ച യു.പി.എയുടെ ഭരണനേട്ടങ്ങളുമാണ്‌ അദ്ദേഹത്തിന്റെ വാദത്തിന്‌ തെളിവായി ചൂണ്ടിക്കാട്ടുന്നത്‌. രാഹുല്‍ ഗാന്ധിയുടെ മണ്ഡലസന്ദര്‍ശനം യു.ഡി.എഫിനെ ഏറെ സഹായിക്കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു.
പ്രധാന മല്‍സരം ഇടതു-വലതു മുന്നണികള്‍ തമ്മിലാണെങ്കിലും ബി.ജെ.പിയും ബി.എസ്‌.പിയും എന്‍.സി.പിയും സജീവമായി കളത്തിലുണ്ട്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാധാകൃഷ്‌ണ മേനോനെയാണ്‌ ബി.ജെ.പി ഗോദയില്‍ ഇറക്കിയിട്ടുള്ളത്‌. മല്‍സരഗോദയില്‍ കാരണവരായി ബി.എസ്‌.പി സ്ഥാനാര്‍ഥി കെ കെ നായരുമുണ്ട്‌.

യുവതലമുറ സുപ്രധാന പങ്കു നിര്‍വഹിക്കും

എ പി സലാം
ഭരണകൂട ഭീകരതയും മറ്റ്‌ അധികാര അടിച്ചമര്‍ത്തലുകളും എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യത്തിനാണു രാഷ്ട്രീയം ഉത്തരം നല്‍കേണ്ടതെന്നു യുവ നോവലിസ്‌റ്റ്‌ സുരേഷ്‌ പി തോമസ്‌ പറയുന്നു. അധികാരത്തിന്റെ നായാട്ടുകളിലൊന്നും വ്യക്തിപരമായി ഇരയാക്കപ്പെട്ടിട്ടില്ലെങ്കിലും രാഷ്ട്രീയത്തിന്റെ എല്ലാ രീതികളും ദുരൂഹമാണെന്നു വ്യക്തമായിട്ടുണ്ട്‌. രാഷ്ട്രീയത്തിന്റെ മായക്കാഴ്‌ചകളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അതിലോലമായിട്ടുണ്ട്‌.
ആശയപരമായി ജനാധിപത്യവും മതേതരത്വവും അവശേഷിക്കുന്നു എന്നതു പ്രത്യാശനല്‍കുന്നു. അതേസമയം, ഈ ആശയങ്ങളുടെ മറപറ്റി തന്നെയാണ്‌ ഫാഷിസ്റ്റ്‌ നടപടികളും അരങ്ങേറുന്നത്‌. ഗുജറാത്ത്‌, ഒറീസ സംഭവങ്ങള്‍ ഉദാഹരണമാണ്‌. ചെങ്ങറയും വല്ലാര്‍പാടവും സ്‌ത്രീപീഡനക്കേസുകളും തെളിയിക്കുന്നത്‌ ജാതി, വര്‍ഗ, ലിംഗപരമായി മനുഷ്യന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ തടയാന്‍ ഭരണകൂടം പരാജയപ്പെടുന്നു എന്നാണ്‌. ഇതിന്‌ അറുതിവന്നേ പറ്റൂ. എല്ലാ പ്രത്യാശകളെയും കരിച്ചുകളയുംവിധമാണ്‌ ഇത്തരം സംഭവങ്ങളില്‍ ഭരണകൂടം ഇടപെടുന്നത്‌. രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്ന മധ്യവര്‍ഗ ചെറുപ്പക്കാര്‍ക്കുപോലും രാഷ്ട്രീയം ആവശ്യമായിവരുന്ന സാഹചര്യങ്ങളാണ്‌ ആഗോളവല്‍ക്കരണ സാമ്പത്തികാവസ്ഥ രൂപപ്പെടുത്തിയത്‌. അനിശ്ചിതത്വം നിറഞ്ഞ ഈ രാഷ്ട്രീയ സാഹചര്യത്തിലെ സുപ്രധാന പങ്കു നിര്‍വഹിക്കുക യുവതലമുറതന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികള്‍

സമദ്‌ പാമ്പുരുത്തി
പാലക്കാട്‌: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ പലയിടത്തും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മാവോവാദികള്‍ ഇതാദ്യമായി കേരളത്തില്‍ ഈ വിഷയമുന്നയിച്ചു പ്രചാരണം നടത്തുന്നു.
വോട്ട്‌ ചെയ്യാതിരിക്കലും ജനാധിപത്യാവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയ ലഘുലേഖകളും പോസ്‌റ്ററുകളും വഴിയാണ്‌ ഇവരുടെ പ്രചാരണം. ചൂഷകരുടെ കൂട്ടമായിമാറിയ അധികാരകേന്ദ്രത്തിനെതിരേ ജനങ്ങളുടെ അധികാരമാണ്‌ ബദലായി വേണ്ടതെന്ന്‌ ഇവര്‍ വാദിക്കുന്നു. സി.പി.ഐ മാവോവാദികളുടെ രണ്ട്‌ കേന്ദ്രകമ്മിറ്റി നേതാക്കളെ കേരളത്തില്‍ നിന്ന്‌ നക്‌സല്‍വിരുദ്ധ സേന കഴിഞ്ഞ വര്‍ഷം അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ കേരളത്തിലും മാവോവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന സൂചനകള്‍ ലഭിച്ചത്‌.
സി.പി.ഐ മാവോവാദികളുടെ പ്രസിദ്ധീകരണമായ ജനകീയപാതയുടെ പുതിയ ലക്കത്തില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണമാണു മുഖ്യ വിഷയം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പാര്‍ലമെന്ററി സംവിധാനത്തിനു പുറത്താണെന്നും കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധിവസിക്കുന്നവര്‍ സൈനിക അടിച്ചമര്‍ത്തലിനു കീഴിലാണെന്നും അതില്‍ പറയുന്നു. ഭരണഘടനയ്‌ക്കപ്പുറത്ത്‌ വിദേശാക്രമണങ്ങളുടെ രൂപത്തില്‍ ഊണിലും ഉറക്കിലും ഇന്ത്യക്കാരനാണെന്നു തെളിയിക്കേണ്ട ബാധ്യതയോടെയാണ്‌ മതന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്‌. സിംഗൂരും നന്തിഗ്രാമും കലിംഗനഗറും മുത്തങ്ങയുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിന്റെ യഥാര്‍ഥ മുഖങ്ങള്‍ മാത്രം. ദലിതുകളും ആദിവാസികളും എക്കാലവും നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറത്താണ്‌. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനയും നിയമനിര്‍മാണങ്ങളുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിനുള്ള മറയായാണ്‌ ഉപയോഗിക്കുന്നതെന്നും പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ അവസരവാദ കൂട്ടുകെട്ടിനെക്കുറിച്ചുള്ള വിമര്‍ശനം ഇങ്ങനെ: അധികാരത്തിനു വേണ്ടിയുള്ള കടിപിടിയുടെയും പരസ്‌പരം കുതികാല്‍വെട്ടിന്റെയും മലക്കംമറിച്ചിലുകളുടെയും കേന്ദ്രമായി പാര്‍ലമെന്റ്‌ മാറി. 1977ലും 1987ലും ജനസംഘവും ബി.ജെ.പിയുമായി അധികാരം പങ്കുവച്ച സി.പി.ഐയും സി.പി.എമ്മും പിന്നീടു വര്‍ഗീയതയ്‌ക്കെതിരേ എന്ന പേരില്‍ കോണ്‍ഗ്രസ്സിനെ സംരക്ഷിച്ചുനിര്‍ത്തി. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ഒപ്പംനിന്ന ഇടതുപക്ഷം പിന്നീട്‌ ഡി.എം.കെ മുന്നണിയുടെ ഭാഗമായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞ്‌ എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. സോണിയാഗാന്ധിയുടെ സാമ്പത്തിക, രാഷ്ട്രീയ ഉപദേശകരായ കാരാട്ടും യെച്ചൂരിയും കടുത്ത സോണിയാവിരുദ്ധരായി. ഏതു നക്കാപ്പിച്ച സീറ്റിനും വോട്ടിനും വേണ്ടി അങ്ങേയറ്റം അവസരവാദ കൂട്ടുകെട്ടു തീര്‍ക്കുകയാണ്‌ സി.പി.എമ്മും സി.പി.ഐയുമെന്ന്‌ ഇവര്‍ ആരോപിക്കുന്നു.
പാര്‍ലമെന്ററി ജീര്‍ണത ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടില്ലെന്നു കുറ്റപ്പെടുത്തുന്ന മാവോവാദികള്‍, ബദല്‍ രാഷ്ട്രീയസംഹിതയും അവതരിപ്പിക്കുന്നു. താഴേക്കിടയിലുള്ള ജനങ്ങളുടെ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണു യഥാര്‍ഥ ബദലെന്നാണ്‌ ഇവരുടെ വാദം. ജനങ്ങളുടെ ഉജ്വല പോരാട്ടത്തിന്റെ ഭാഗമായി ഛത്തീസ്‌ഗഡിലും മറ്റിതരപ്രദേശങ്ങളിലും ഉയര്‍ന്നുവരുന്ന ബദലായ അധികാരവ്യവസ്ഥയാണു ശരിയായ ബദല്‍.

പാലക്കാടന്‍ ചെങ്കോട്ട തകര്‍ക്കാന്‍ യു.ഡി.എഫ്‌

ശരീഫ്‌ ചാലിയം

പാലക്കാട്‌: സ്വന്തം തട്ടകത്തില്‍ വിമതര്‍ തീര്‍ക്കുന്ന വാരിക്കുഴി ഭയന്ന്‌ എല്‍.ഡി.എഫ്‌ കരുതലോടെ നീങ്ങുമ്പോള്‍ നിഷേധവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായിഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. ചെമ്പടയെ ഒരിക്കല്‍ക്കൂടി പാഠംപഠിപ്പിക്കാന്‍ ഷൊര്‍ണൂര്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇടത്‌ ഏകോപനസമിതിയും നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയും സാന്നിധ്യമറിയിച്ച്‌ എന്‍.സി.പിയും ബി.എസ്‌.പിയും ഗോദയിലുണ്ട്‌. ജനവിധിക്കു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ചുവപ്പുകോട്ടയായ പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തിലെ അന്തിമചിത്രം ഇതാണ്‌. അതിനാല്‍ ഇവിടെ ഫലം പ്രവചനാതീതം.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ വിജയം ആരെ തുണയ്‌ക്കുമെന്നു കണ്ടറിയണം. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പും ശേഷവും മിക്ക നിയോജകമണ്ഡലങ്ങളും എല്‍.ഡി.എഫിന്‌ അനുകൂലമാണെങ്കിലും അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരുഭാഗത്ത്‌ ഇടത്‌ ഏകോപനസമിതി ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ എം ആര്‍ മുരളി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനതാദള്‍ പ്രശ്‌നമാണു മറുഭാഗത്തെ പൊല്ലാപ്പ്‌. അതിനാല്‍ സ്വന്തം തട്ടകത്തില്‍ എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വിജയം അഭിമാനപ്രശ്‌നമാണ്‌. ഗതകാലചരിത്രമല്ല, രാഷ്ട്രീയ അടിയൊഴുക്കാവും എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ ജയസാധ്യത നിര്‍ണയിക്കുക.
അതേസമയം, ആത്മവിശ്വാസത്തിന്റെ ആകാശത്തിലാണു യു.ഡി.എഫ്‌. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച്‌ മുന്നണിയില്‍ പടലപ്പിണക്കങ്ങളില്ല. കൂടാതെ, ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളും സംസ്ഥാന ഭരണ വിരുദ്ധ തരംഗവും തങ്ങള്‍ക്ക്‌ അനുകൂലമായി ഭവിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ്‌ അച്യുതാനന്ദനെതിരേ ശ്രദ്ധേയമായ മല്‍സരം കാഴ്‌ചവച്ച സതീശന്‍ പാച്ചേനിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പാലക്കാട്‌ നഗരം, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പിക്കു ശക്തമായ സ്വാധീനമുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,47,792 വോട്ടുകളാണ്‌ ബി.ജെ.പി സ്ഥാനാര്‍ഥി പോക്കറ്റിലാക്കിയത്‌. ഇടതു-വലതു മുന്നണികളുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ്‌ സി കെ പത്മനാഭന്റെ വ്യക്തിപ്രഭാവത്തിലൂടെ വോട്ട്‌ നില വര്‍ധിപ്പിക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.
ജില്ലാ പ്രസിഡന്റ്‌ പി എ റസാഖ്‌ മൗലവിയെയാണ്‌ എന്‍.സി.പി രംഗത്തിറക്കുന്നത്‌. പാര്‍ട്ടി വോട്ടുകളെകൂടാതെ മുസ്‌ലിം വോട്ടുകളും ലഭിക്കുമെന്ന വിശ്വാസത്തിലാണ്‌ ഇദ്ദേഹം. യു.ഡി.എഫ്‌ കോട്ടയായ കാരാക്കുറിശ്ശി പോലുള്ള മണ്ഡലങ്ങളില്‍ മൗലവിക്കു ലഭിക്കുന്ന വോട്ട്‌ പാച്ചേനിക്ക്‌ വിനയാവും. നിഷ്‌പക്ഷ-പിന്നാക്ക വോട്ടുകളിലാണ്‌ ബി.എസ്‌.പി സ്ഥാനാര്‍ഥി വി ചന്ദ്രന്റെ പ്രതീക്ഷ. മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്‌ നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌, പട്ടാമ്പി മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ്‌. അലനല്ലൂരിലെ ലീഗ്‌ വിഭാഗീയത യു.ഡി.എഫിന്‌ തലവേദനയാവും.
പാലക്കാട്‌, പട്ടാമ്പി, മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം മേഖലകളില്‍ പോപുലര്‍ ഫ്രണ്ടിന്‌ സാമാന്യം സ്വാധീനമുണ്ട്‌. സ്വന്തം വോട്ടുകള്‍ക്കു പുറമെ, അനുഭാവികളുടെ വോട്ടുകള്‍ കൂടി യു.ഡി.എഫ്‌ പെട്ടിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ പോപുലര്‍ ഫ്രണ്ട്‌ ഇവിടെ നടത്തുന്നത്‌. ഈ ഭാഗങ്ങളില്‍ വേരോട്ടമുള്ള ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി വോട്ടുകള്‍ ഇടതുപാളയത്തിനു ശക്തിപകരും.
കുടിയേറ്റമേഖലകളിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കും. എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി നേതൃത്വങ്ങള്‍ മനസ്സു തുറന്നിട്ടില്ലെങ്കിലും അവരുടെ വോട്ടുകള്‍ ഇരുപക്ഷത്തേക്കും ചായാനാണു സാധ്യത. കേരളത്തിന്റെ നെല്ലറയെന്നു വിശേഷണമുള്ള മണ്ഡലത്തില്‍ കര്‍ഷക വോട്ടുകളും നിര്‍ണായകംതന്നെ. സ്ഥാനാര്‍ഥിനിര്‍ണയം വൈകിയതിനെ തുടര്‍ന്നു പ്രചാരണത്തിന്‌ കാലതാമസം നേരിട്ടെങ്കിലും പെട്ടെന്നുതന്നെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞതായി യു.ഡി.എഫ്‌ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ രാമസ്വാമി പറഞ്ഞു.
എതിര്‍പക്ഷത്തെ അപേക്ഷിച്ചു താഴെതട്ടില്‍ സ്‌ക്വാഡ്‌ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിനാല്‍ പ്രചാരണരംഗത്തു മുന്നേറാന്‍ സാധിച്ചിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും എല്‍.ഡി.എഫ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി കെ രാജേന്ദ്രന്‍ വ്യക്തമാക്കി.