2009-04-03

തെലുങ്കുദേശത്ത്‌ ഭീമന്‍ ചെണ്ട അലറുന്നു

ഹൈദരാബാദ്‌: ആന്ധ്ര തിരഞ്ഞെടുപ്പില്‍ ഭീമന്‍ ഡ്രം ഒരു മുഖ്യഘടകമായി മാറിയിരിക്കുന്നു. ജനങ്ങല്‍ ഉല്‍സവവേളകളില്‍ ഉപയോഗിക്കുന്ന ഈ വാദ്യോപകരണത്തിനു ചിഹ്നത്തേക്കാള്‍ പ്രാധാന്യമാണുള്ളത്‌.

മെഗാസ്റ്റാര്‍ ചിരഞ്‌ജീവി പൊതുവേദികളില്‍ മുട്ടാന്‍ തുടങ്ങിയതോടെയാണു ഡ്രമ്മിനു പ്രാധാന്യം വന്നത്‌. പ്രസംഗത്തിനു മുമ്പു സിനിമാനടന്‍ ഡ്രം മുട്ടും. ജനങ്ങള്‍ക്ക്‌ അതൊരു ഹരമായി മാറുകയും ചെയ്‌തു.
മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്ഡി ഡ്രം മുട്ടിക്കൊണ്ടാണ്‌ എല്ലാ ദിവസവും തന്റെ പ്രചാരണപരിപാടികള്‍ക്കു തുടക്കം കുറിക്കുന്നത്‌. ഒരു പ്രമുഖ ജോല്‍സ്യന്റെ അഭിപ്രായപ്രകാരം കാലത്തു കൃത്യം 9.45നാണ്‌ ഈ മുട്ടല്‍. മുന്‍ എം.എല്‍.എ രപ്പാല ശ്രീനിവാസാണ്‌ ഇതിനുവേണ്ടി ഡ്രം മുഖ്യമന്ത്രിക്കു സംഘടിപ്പിച്ചുകൊടുത്തത്‌. ഡ്രം മുട്ടുമ്പോള്‍ മൂന്നു സ്‌ത്രീകള്‍ ആകര്‍ഷകമായ വേഷത്തോടെ മുഖ്യമന്ത്രിയുടെ തൊട്ടരികില്‍ നില്‍ക്കും. മന്ത്രിമാരായ പി സബിതാ ഇന്ദ്ര റെഡ്ഡി, ജെ ഗീതാ റെഡ്ഡി, സിനിമാനടി ജീവിത എന്നിവരാണവര്‍.
തെലുങ്ക്‌ദേശം നേതാവ്‌ ചന്ദ്രബാബു നായിഡു നേരിട്ടു ഡ്രം മുട്ടാന്‍ തുടങ്ങിയിട്ടില്ല. അനുയായികളാണ്‌ ഇപ്പോള്‍ ഡ്രം മുട്ടുന്നത്‌.