2009-05-15

എക്‌സിറ്റ്‌പോള്‍ ഫലം രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളി


ന്യൂഡല്‍ഹി: കഴിഞ്ഞദിവസം വിവിധ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലം യാഥാര്‍ഥ്യവിരുദ്ധമാണെന്ന്‌ എന്‍.ഡി.എ അധ്യക്ഷന്‍ ശരത്‌ യാദവ്‌ പറഞ്ഞു. ലോക്‌സഭയില്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നും എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സിറ്റ്‌പോളില്‍ വിശ്വാസമില്ലെന്നും തന്റെ പാര്‍ട്ടി 116 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ബി.ജെ.പി നേതാവ്‌ ശവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ്യം ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ വ്യക്തമാവൂ എന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു.
എക്‌സിറ്റ്‌പോളുകളും സര്‍വേകളും ശരിയാവുമെന്നു വിശ്വസിക്കുന്നില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ രാഷ്ട്രീയ പ്രചോദിതമാണെന്നും നേരത്തെ തന്നെ വോട്ടിങ്‌ യന്ത്രത്തില്‍ പതിഞ്ഞ ജനവിധി അവയ്‌ക്ക്‌ മാറ്റാനാവില്ലെന്നും എസ്‌.പി നേതാവ്‌ അമര്‍സിങ്‌ സൂചിപ്പിച്ചു. 2004ല്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും 216 സീറ്റ്‌ ലഭിച്ചു. എന്‍.ഡി.എ 187 സീറ്റില്‍ മാത്രമാണ്‌ വിജയിച്ചത്‌.

ഇടതുകേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തില്‍


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ കടുത്ത പരാജയം പ്രവചിച്ചിട്ടും ഇടതുപക്ഷം ഇപ്പോഴും ആത്മവിശ്വാസത്തില്‍. മാധ്യമങ്ങളുടെ വിധിയെഴുത്ത്‌ തങ്ങളെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ്‌ മൂന്നാംമുന്നണി ക്ലച്ച്‌ പിടിപ്പിക്കാന്‍ ഓടിനടക്കുന്ന ഇടതുപാര്‍ട്ടികള്‍.
തിരഞ്ഞെടുപ്പു പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നു പറഞ്ഞ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, ബി.ജെ.പിയെ ഒരിക്കലും അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. മൂന്നാംമുന്നണിക്ക്‌ അമിതപ്രതീക്ഷയില്ലെങ്കിലും തങ്ങളുടെ സീറ്റുകള്‍ ഭരിക്കാന്‍ കോണ്‍ഗ്രസ്സിനു നിര്‍ണായമാകും എന്ന കണക്കുകൂട്ടലും ഇടതുപാര്‍ട്ടികള്‍ക്കുണ്ട്‌.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എന്‍.ഡി.എ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി.
ബി.ജെ.പി അധികാരത്തിലെത്തുന്നതു തടയാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ പിന്തുണ നല്‍കില്ലെന്ന്‌ കാരാട്ട്‌ പറഞ്ഞെങ്കിലും, ബി.ജെ.പിക്കു തടയിടാന്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ എതിര്‍ക്കാതെ ബി.ജെ.പിയെ തടയും. എന്തായാലും യു.പി.എയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്‌ക്കുക എന്ന അജണ്ടയിലേക്കു തന്നെയാണ്‌ ഇടതുപാര്‍ട്ടികള്‍ എത്തിച്ചേരുക. 17ന്‌ മൂന്നാംമുന്നണി യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന്‌ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായും.
ബി.എസ്‌.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മൂന്നാംമുന്നണി സ്വപ്‌നങ്ങള്‍ തകര്‍ന്നാല്‍ അടുത്ത നടപടികള്‍ തീരുമാനിക്കുക പിന്നാലെ ചേരുന്ന പോളിറ്റ്‌ബ്യൂറോ യോഗമായിരിക്കും.
തൂക്കുമന്ത്രിസഭ വരികയാണെങ്കിലും ഇടതുപാര്‍ട്ടികളുടെ തീരുമാനമായിരിക്കും നിര്‍ണായകമാവുക. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും മുമ്പേ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച്‌ ബി.ജെ.പി നീക്കത്തെ തടയിടുക തന്നെയാണ്‌ ഇടതുലക്ഷ്യം.
ബംഗാളിലും കേരളത്തിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുണ്ടെങ്കിലും, ഫലപ്രഖ്യാപനം മാധ്യമപ്രവചനങ്ങളെ മറികടക്കുന്നതാവുമെന്ന പ്രതീക്ഷയാണ്‌ ഇടതുപാര്‍ട്ടികള്‍ക്കുമുള്ളത്‌.

ഫലം നാളെ; വിവാദമണ്ഡലങ്ങള്‍ശ്രദ്ധാകേന്ദ്രങ്ങളാവും

തിരുവനന്തപുരം: 15ാം ലോക്‌സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നവര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. കൂട്ടിക്കിഴിക്കലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജീവമാവുന്നതോടെ സീറ്റ്‌തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാവും.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്‌ത മണ്ഡലമെന്ന നിലയില്‍ പൊന്നാനി ആരെ തുണയ്‌ക്കുമെന്നതാവും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പ്രധാന ഫലം. ഇരുമുന്നണികളുടെയും പ്രസ്റ്റീജ്‌ മണ്ഡലമായി മാറിക്കഴിഞ്ഞ പൊന്നാനിയില്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീറും ഇടതുമുന്നണി പൊതുസ്വതന്ത്രന്‍ ഹുസയ്‌ന്‍ രണ്ടത്താണിയും തമ്മിലാണ്‌ മല്‍സരം. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ചുവടുറപ്പിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനീക്കങ്ങളുടെ ഉരകല്ലുകൂടിയാവും നാളത്തെ ഫലം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സി.പി.എം-പി.ഡി.പി ബന്ധത്തിന്റെ ഗുണദോഷങ്ങള്‍ ഈ രണ്ടു മണ്ഡലങ്ങളിലെ ഫലമാവും നിര്‍ണയിക്കുക.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ സാമ്രാജ്യത്വ-സയണിസ്റ്റ്‌ വിധേയത്വം പ്രചാരണരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളാണ്‌ തിരുവനന്തപുരവും എറണാകുളവും. തിരുവനന്തപുരത്ത്‌ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം മാസങ്ങള്‍ക്കു മുമ്പേ എ.ഐ.സി.സി നേതൃത്വം ഉറപ്പിച്ചിട്ടും അവസാന നിമിഷം വരെ കെ.പി.സി.സി നേതൃത്വം മറച്ചുപിടിക്കുകയായിരുന്നു. ശശി തരൂരിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്തെ മല്‍സരഫലം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടുന്ന ഒന്നായിരിക്കും.
എന്‍.എസ്‌.യു പ്രസിഡന്റ്‌ ഹൈബി ഈഡന്‍ ഏറെക്കുറെ ഉറപ്പിച്ച എറണാകുളത്തെ സ്ഥാനാര്‍ഥിത്വം തട്ടിത്തെറിപ്പിച്ച്‌ അവസാന നിമിഷമാണ്‌ പ്രഫ. കെ വി തോമസ്‌ രംഗത്തെത്തിയത്‌. മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ നിറഞ്ഞുനിന്ന ഇസ്രായേല്‍ വിരുദ്ധവികാരം എറണാകുളത്തെ തിരഞ്ഞെടുപ്പുഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ്‌ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിനു മുമ്പ്‌ ഇരുമുന്നണികളും ഉറച്ച സീറ്റെന്ന്‌ വിധിയെഴുതുകയും പ്രചാരണം കൊഴുത്തതോടെ ഗതി മാറുകയും ചെയ്‌ത രണ്ടു മണ്ഡലങ്ങളാണ്‌ വടകരയും വയനാടും. എല്‍.ഡി.എഫിലെ സതീദേവി ഏറെ ആശിച്ച വടകര മണ്ഡലം ജനതാദള്‍ ഇടതുമുന്നണിയുമായി ഇടഞ്ഞതോടെയാണ്‌ നിര്‍ണായകമായത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാന നിമിഷം യു.ഡി.എഫിനു വേണ്ടി കച്ചകെട്ടിയതോടെ ഇവിടെ മല്‍സരം കനത്തു. ജനതാദളിന്റെയും ഒഞ്ചിയത്തെ വിമത സി.പി.എമ്മുകാരുടെയും ശക്തി പരീക്ഷിക്കപ്പെടുന്ന വേദി കൂടിയാവും വടകര.
എം ഐ ഷാനവാസ്‌ ഇത്തവണ ചരിത്രം തിരുത്തുമെന്നു കരുതിയ വയനാട്ടില്‍ കെ മുരളീധരന്റെ രംഗപ്രവേശത്തോടെ ആശങ്ക വര്‍ധിച്ചു. പൊന്നാനി ഉപേക്ഷിച്ചു ചുരം കയറേണ്ടിവന്ന സി.പി.ഐക്കും വയനാട്‌ അഭിമാനപ്രശ്‌നമാണ്‌.
ജയപരാജയങ്ങളേക്കാളുപരി, പല മണ്ഡലങ്ങളിലും ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി രംഗത്തുവന്ന മൂന്നാംകക്ഷികളുടെ പ്രകടനവും രാഷ്ട്രീയകേരളം ആകാംക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. തിരുവനന്തപുരത്തെ ബി.എസ്‌.പി സ്ഥാനാര്‍ഥി ഡോ. എ നീലലോഹിതദാസന്‍ നാടാരാണ്‌ ഇക്കൂട്ടത്തില്‍ പ്രമുഖന്‍. നീലന്‍ നേടുന്ന വോട്ടുകള്‍ തലസ്ഥാന മണ്ഡലത്തിന്റെ ചായ്‌വ്‌ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
പാലക്കാട്ടെ ഇടത്‌ ഏകോപനസമിതി സ്ഥാനാര്‍ഥി എം ആര്‍ മുരളിയാണ്‌ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. സിറ്റിങ്‌ എം.എല്‍.എമാര്‍ മല്‍സരിക്കുന്നുവെന്ന നിലയില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഫലവും ശ്രദ്ധിക്കപ്പെടും.