2013-05-03

ഈ പതിരുകളെ തള്ളികളയണം



ഓണ്‍ലൈന്‍ മീഡിയ അക്രഡിഷന് മാനദണ്ഡം വേണമെന്ന് നിരവധി തവണ മുറവിളി കൂട്ടിയിട്ടും സര്‍ക്കാറിന് യാതൊരു കുലുക്കവുമില്ല. ഒരു പ്രത്യേക സമിതിയുണ്ടാക്കിയെന്ന് പറയുന്നതുകേട്ടു. പക്ഷേ, ഇപ്പോഴും സൈറ്റ്‌ തുടങ്ങി രണ്ടാം നാള്‍ അക്രെഡിഷന്‍ പരിഗണന ലഭിക്കുന്ന മായാജാലമാണ് കാണുന്നത്. കാരണം ബന്ധപ്പെട്ട വകുപ്പിലുള്ളവരുടെ കറവപശുവാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കുള്ള പരസ്യവിതരണം. പല ഉദ്യോഗസ്ഥരുടെയും അനുഗ്രഹത്തോടെ നാള്‍ക്കു നാള്‍ പോര്‍ട്ടലുകള്‍ തുറക്കപ്പെടുകയാണ്.

പത്രങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പരസ്യത്തില്‍ നിന്നും വല്ലാണ്ടൊന്നും കൈമടക്ക് കിട്ടില്ല. കാരണം അതിന് വ്യക്തമായ ചില മാര്‍ഗ്ഗരേഖകളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ കാര്യം അങ്ങനെയല്ല. അതിന് അങ്ങനെയൊരു നിയന്ത്രണ രേഖയൊന്നും ഇല്ല.

കേരളക്കാര്‍ ഏറ്റവും കൂടുതല്‍ അകത്താക്കുന്ന അന്നത്തിന്റെ പേരില്‍ ഒരു പോര്‍ട്ടല്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. ഉള്ളടക്കം കാണുമ്പോള്‍ ഇതിനു പിന്നിലുള്ള താല്‍പ്പര്യം പകല്‍ പോലെ വ്യക്തമാണ്. ഇതില്‍ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനെ പറ്റി ഒരു ലേഖനം എഴുതിയതുകണ്ടു. അതു കണ്ടപ്പോഴാണ് വീണ്ടും ഈ കുത്തഴിഞ്ഞ അവസ്ഥയെ കുറിച്ച് ഓര്‍മ വന്നത്. അഴിമതി നടന്നിരിക്കും. പക്ഷേ, അതിനെ കുറിച്ച് വിളിച്ചുപറയാനുള്ള ഒരു യോഗ്യതയും തനിക്കില്ലെന്ന് ആ വെബ്‌സൈറ്റിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു.

ഒരു കൗതുകത്തിനാണ് ഈ സൈറ്റിനെ കുറിച്ച് അന്വേഷിച്ചു തുടങ്ങിയത്. അലക്‌സാ റാങ്കിങില്‍ പത്തുലക്ഷത്തിനടുത്താണ് നില്‍ക്കുന്നത്. അതിനര്‍ത്ഥം ദിവസം അഞ്ഞൂറില്‍ താഴെയുള്ള ആളുകള്‍ മാത്രമേ സൈറ്റിലെത്തുന്നുള്ളൂവെന്നു തന്നെയാണ്. ഇതിലെ പല കണ്ടന്റുകളും യാതൊരു ലോജിക്കുമില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.. ഏറ്റവും ഞെട്ടിയ്ക്കുന്ന കാര്യം ഈ പ്രസിദ്ധീകരണത്തിന് പിആര്‍ഡിയുടെ മീഡിയ അക്രെഡിഷന്‍ ലഭിക്കാന്‍ പോകുന്നുവെന്നതാണ്. വാര്‍ത്തയുമായി നൂലിഴ ബന്ധം മാത്രമുള്ള ആരെയോ സംതൃപ്തിപ്പെടുത്താന്‍ വാക്കുകള്‍ ഛര്‍ദ്ദിച്ചുവിടുന്ന ഈ സാധനത്തിനും അക്രെഡിഷന്‍ എന്നാല്‍ അതിന്റെ മാനദണ്ഡം ഒന്നു പരിശോധിക്കേണ്ടതു തന്നെയാണ്.

 ഈ സൈറ്റിന്റെ ഒന്നാം പേജില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട രണ്ട് പരസ്യമാണുള്ളത്. ആരാണ് കൈമണിക്കാരന്‍? ആരാണ് കാലു നക്കുന്നവന്‍? ശരിയ്ക്കും ഒരു വേശ്യയുടെ ചാരിത്രപ്രസംഗം തന്നെ.. ഇത്തരം പതിരുകളെ അകറ്റിനിര്‍ത്തണം. അതല്ല ഇത്തരം പതിരുകളെ ഉള്‍പ്പെടുത്തിയാണ് കേരളത്തിലെ സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ മീഡിയ ഡയറക്ടറി തയ്യാറാക്കുന്നതെങ്കില്‍ പേരുകള്‍ മുഴുവന്‍ ഉള്‍കൊള്ളിക്കാന്‍ ഒരു പ്രത്യേക വെബ്‌സൈറ്റ് തുറക്കേണ്ടി വരും. ഇതു വായിക്കുന്ന ഓരോരുത്തരും തുടങ്ങണം പോര്‍ട്ടല്‍. കൈമണി അടിയ്ക്കാനും ശുപാര്‍ശ ചെയ്യാനും ആളുണ്ടോ? അത്യാവശ്യം രാഷ്ട്രീയ ഗിമ്മിക്കുകള്‍ അറിയാമോ? സുഖമായി മീഡിയാ ലിസ്റ്റില്‍ കയറി കൂടാം..പതുക്കെ സര്‍ക്കാര്‍ പരസ്യങ്ങള്‍ അടിച്ചെടുക്കുകയും ചെയ്യാം.

വാല്‍ക്കഷണം: ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കുവേണ്ടി സംഘടനയുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ചിലര്‍ ഇതിന്റെയൊക്കെ കുത്തക അങ്ങനെ വിട്ടുകൊടുക്കില്ലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. അതേ, സെക്രട്ടറിയേറ്റിനും പരിസരത്തും മാത്രം നിരങ്ങി നടക്കുന്ന ചിലരും പിന്നെ കൈയിട്ടുവാരാന്‍ ശര്‍ക്കര ഭരണ തിരയുന്ന ചില ഉദ്യോഗസ്ഥരുമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

No comments: