2010-02-27

ചെവിയെ അനുകരിച്ച്‌ പുതിയ റേഡിയോ ചിപ്പ്‌

മുംതാസ്‌മനുഷ്യന്റെ ചെവിയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്‌ത വേഗം കൂടിയ അള്‍ട്രാ ബ്രോഡ്‌ബാന്റ്‌ ചിപ്പുകള്‍ എം.ഐ.ടി എന്‍ജിനീയര്‍മാര്‍ പുറത്തിറക്കി. സെല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌, റേഡിയോ, ടെലിവിഷന്‍ സിഗ്നലുകളെ സ്വീകരിക്കാന്‍ കഴിയുന്നതാണു പുതിയ ചിപ്പ്‌. മനുഷ്യന്‍ ഇതുവരെ കണ്‌ടുപിടിച്ചറേഡിയോ ചിപ്പുകളേക്കാള്‍ കൂടുതല്‍ വേഗമുള്ള ഇത്‌്‌ പ്രവര്‍ത്തിപ്പിക്കുന്നതിനു കുറഞ്ഞ ഊര്‍ജം മാത്രമേ ആവശ്യമുള്ളൂ. മനുഷ്യന്റെ ചെവിയിലെ കോക്ലിയയുടെ ആകൃതിയിലുള്ള ഈ ചിപ്പ്‌ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്‌ പ്രഫസര്‍ രാഹുല്‍ സര്‍പേഷ്‌കറും ബിരുദ വിദ്യാര്‍ഥിയായ സൗമ്യജിത്‌ മണ്ഡലുമാണ്‌ രൂപകല്‍പ്പന ചെയ്‌തത്‌.
സെല്ലുലാര്‍ ഫോണ്‍, വയര്‍ലെസ്‌, ഇന്റര്‍നെറ്റ്‌, എഫ്‌.എം റേഡിയോ എന്നിവയുടെ സിഗ്നലുകള്‍ നിയന്ത്രിക്കുന്ന സോഫ്‌റ്റ്‌വെയറുമായി റേഡിയോ ഫ്രീക്വന്‍സി കോക്ലിയയെ യോജിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ സര്‍പേഷ്‌്‌കര്‍.
മനുഷ്യന്റെ ചെവിക്കുള്ളിലെ കോക്ലിയയുടെ പ്രവര്‍ത്തനരീതിയില്‍ തന്നെയാണ്‌ ആര്‍.എഫ്‌ കോക്ലിയയുടെയും പ്രവര്‍ത്തനം. കോക്ലിയയിലെത്തുന്ന ശബ്ദതരംഗങ്ങളെ സൂക്ഷമ സ്‌തരങ്ങളുടെയും ഫ്‌ളൂയിഡിന്റെയും സഹായത്തോടെ വൈദ്യുത തരംഗങ്ങളാക്കി തലച്ചോറിലേക്കയക്കുന്ന കോക്ലിയയുടെ പ്രവര്‍ത്തനരീതിയാണ്‌ സര്‍പേഷ്‌കറിന്റെ ആര്‍.എഫ്‌ കോക്ലിയയും അനുകരിക്കുന്നത്‌.
സിഗ്നലുകളെ മില്യണ്‍ ഇരട്ടി ശക്തിയോടുകൂടി ഗ്രഹിക്കാനുള്ള കഴിവും ഇതിനുണ്‌ട്‌. റേഡിയോ കൊമേഴ്‌സ്യല്‍ ചാനലുകള്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനപ്പെടും.
ആര്‍ .എഫ്‌ കോക്ലിയയില്‍ 1.5 എം.എം / 3 എം.എം സിലിക്കണ്‍ പൂശിയിട്ടുണ്‌ട്‌. ഒരു അനലോഗ്‌ സ്‌പെക്ട്രം അനലൈസറായി പ്രവര്‍ത്തിക്കുന്ന ഇതിനു നിശ്ചിത പരിധിയില്‍ വരുന്ന ഏത്‌ ഇലക്ട്രോ മാഗ്‌നറ്റിക്‌ തരംഗങ്ങളെയും ആഗിരണം ചെയ്യാന്‍ കഴിയും . ഇലക്ട്രോണിക്‌ ഇന്‍ഡക്ടറിലൂടെയും കപാസിറ്ററിലൂടെയുമാണ്‌ തരംഗങ്ങളെ കടത്തിവിടുന്നത്‌. മനുഷ്യന്റെ ചെവിയുടെ കോക്ലിയയിലെ സൂക്ഷ്‌മസ്‌തരങ്ങളുടെയും ഫ്‌ളൂയിഡിന്റെയും ദൗത്യമാണ്‌ ഇതു നിര്‍വഹിക്കുന്നത്‌. നിലവിലുള്ള ചിപ്പുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഇതിനു മറ്റുള്ളവയെ അപേക്ഷിച്ച്‌ 100 ഇരട്ടി കുറഞ്ഞ ഊര്‍ജം മാത്രമേ ആവശ്യമുള്ളൂ.