2009-04-12

മരത്തില്‍ കയറിയും പ്രതിഷേധിക്കാം






















സീറ്റ്‌ കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മരത്തില്‍ കയറിയിരുന്ന മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ പ്രേം പാല്‍ സിങ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നു.

കൈ അടയാളം


ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയില്‍ കോണ്‍ഗ്രസ്‌ പ്രചരണത്തിനെത്തിയ സോണിയയെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍

അമേഠിയില്‍ പ്രിയങ്കാ ഗാന്ധി വോട്ടര്‍മാര്‍ക്കിടയില്‍

കേരളത്തില്‍ അല്‍ഭുതം സൃഷ്ടിക്കാന്‍ എന്‍.സി.പി

ഇരുമുന്നണികളും അകറ്റിയ എന്‍.സി.പി ഇത്തവണ കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്ന വാശിയിലാണ്‌ വയനാട്‌ മണ്ഡലത്തിനു സുപരിചിതനായ മുരളീധരന്‍. എന്‍.സി.പി ഉള്‍പ്പെടുന്ന ഭരണം വന്നാല്‍ കേരളത്തില്‍ നിന്നൊരു കാബിനറ്റ്‌ റാങ്കുള്ള മന്ത്രി ഉറപ്പാണെന്ന ശരത്‌പവാറിന്റെ പ്രഖ്യാപനം വച്ചാണു വോട്ട്‌ പിടിക്കുന്നത്‌.
തിരുവനന്തപുരത്ത്‌ എന്‍ പി ഗംഗാധരനും പാലക്കാട്ട്‌ റസാഖ്‌ മൗലവിയും പത്തനംതിട്ടയില്‍ മാണി സി കാപ്പനുമാണ്‌ ക്ലോക്‌ ചിഹ്നത്തില്‍ ജനവിധി തേടുന്നത്‌. വയനാട്ടില്‍ കരുണാകരവിഭാഗത്തിന്റെയും ഇരുമുന്നണികളോടും താല്‍പ്പര്യമില്ലാത്തവരുടെയും വോട്ടുകളാണ്‌ മുരളീധരന്റെ പ്രതീക്ഷ. വികസനത്തിന്‌ ഒരുവോട്ട്‌ എന്ന ലേബലിലാണ്‌ 12 വര്‍ഷത്തോളം എം.പിയായിരുന്ന മുരളീധരന്റെ മുദ്രാവാക്യം. കേന്ദ്രമന്ത്രി ശരത്‌പവാര്‍ കര്‍ഷകര്‍ക്കു നല്‍കിയ സഹായവും എം.പിയായിരുന്നപ്പോള്‍ കക്ഷിഭേദമെന്യേയുള്ള ഇടപെടലുകളും നടപ്പാക്കിയ പദ്ധതിയും അക്കമിട്ടുനിരത്തിയാണ്‌ എന്‍.സി.പി പ്രചാരണം.
കന്നി മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയോടെയാണ്‌ മുരളീധരന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്‌. കാര്‍ഷിക, വിദ്യാഭ്യാസ, ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവുമെന്ന്‌ അദ്ദേഹം ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കുന്നു. മുരളീധരന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെല്ലുന്നിടത്തെല്ലാം ചെറിയൊരു ആള്‍ക്കൂട്ടമെങ്കിലുമുണ്ട്‌. കോണ്‍ഗ്രസ്സില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും മാറിവന്നവരാണ്‌ അവരില്‍ പലരും. സമുദായനേതാക്കളുടെ പിന്തുണ തേടിയാണ്‌ അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ തുടക്കംകുറിച്ചതുതന്നെ. ഇടതു-വലതു മുന്നണികളോടുള്ള നിഷേധാത്മക വോട്ടുകളും കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും ചെറിയൊരു ശതമാനം വോട്ടുകളും തന്റെ പെട്ടിയില്‍ വീഴുമെന്നുതന്നെയാണു മുരളിയുടെ പ്രതീക്ഷ.
വിജയപ്രതീക്ഷയില്ലെങ്കിലും പരമാവധി വോട്ട്‌ നേടിയെടുക്കാനുള്ള പ്രയത്‌നത്തിലാണ്‌ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍. തുടക്കത്തില്‍ പ്രചാരണം മന്ദഗതിയിലായിരുന്നെങ്കിലും അന്തിമഘട്ടമെത്തിയതോടെ രംഗം ചൂടുപിടിച്ചു.
മണ്ഡലത്തില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്ന്‌ ജില്ലാ പ്രസിഡന്റ്‌ മര്യാപുരം ശ്രീകുമാര്‍ പറഞ്ഞു. തീരദേശമേഖലകളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ എന്‍.സി.പിക്കു മുന്‍തൂക്കമുണ്ട്‌. ഈ മേഖലകളില്‍ താന്‍ മുമ്പു ജലവിഭവമന്ത്രിയായിരുന്നപ്പോള്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ചെയ്‌ത കാര്യങ്ങള്‍ തനിക്കു ഗുണം ചെയ്യുമെന്നാണു ഗംഗാധരന്റെ പ്രതീക്ഷ. ശരത്‌പവാര്‍ പ്രധാനമന്ത്രിയാവുമെന്നും എന്‍.സി.പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മുന്നണി അധികാരത്തില്‍ വരുമെന്നും ഇദ്ദേഹം പ്രചരിപ്പിക്കുന്നു. കമ്മ്യൂണിസ്‌റ്റുകള്‍ കുത്തകയാക്കിവച്ചിരുന്ന നിലമ്പൂരും പട്ടാമ്പിയും അട്ടിമറിയിലൂടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എം പി ഗംഗാധരന്‍ തിരിച്ചുപിടിച്ചിരുന്നു. ആ പാരമ്പര്യം കാക്കുമെന്നാണ്‌ എം പി ഗംഗാധരന്‍ വിലയിരുത്തുന്നത്‌. പത്തനംതിട്ടയില്‍ പാര്‍ട്ടി സംസ്ഥാന ഖജാഞ്ചി മാണി സി കാപ്പനും വിജയസാധ്യത കല്‍പ്പിക്കുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ തനിക്കുണ്ടെന്നും സിനിമ, കായികമേഖലകളില്‍ നേടിയിട്ടുള്ള പരിചയങ്ങളും വ്യക്തിബന്ധങ്ങളും തിരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാണെന്നും മാണി സി കാപ്പന്‍ പറയുന്നു.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണിയും മാണി സി കാപ്പനും റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മതപരമായ പരിഗണന നിര്‍ണായകമാവും. തന്നെ വിജയിപ്പിച്ചാല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം സമീപഭാവിയില്‍ യാഥാര്‍ഥ്യമാക്കുമെന്ന വാഗ്‌ദാനമാണ്‌ മാണി സി കാപ്പന്റെ പ്രധാന ആയുധം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ തിരുവല്ല, ആറന്മുള, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലാണ്‌ എന്‍.സി.പിക്ക്‌ ഏറക്കുറേ സ്വാധീനമുള്ളത്‌.
(തയ്യാറാക്കിയത്‌: എസ്‌ മൊയ്‌തു, നിഷാദ്‌ എം ബഷീര്‍, എച്ച്‌ സുധീര്‍)

ധനപാലന്‍ ഒരു പണത്തൂക്കം മുന്നില്‍; പോരാടി നേടാന്‍ ജോസഫ്‌

ബിജോ സില്‍വറി

തൃശൂര്‍: യു.ഡി.എഫിന്‌ തീറെഴുതിക്കൊടുത്ത സീറ്റാണ്‌ പഴയ മുകുന്ദപുരമെന്ന ഇപ്പോഴത്തെ ചാലക്കുടി. 2004ലെ തിരഞ്ഞെടുപ്പില്‍ നമ്പാടന്‍ മാഷ്‌ കരുണാകരപുത്രിയെ ഒരു പാഠംപഠിപ്പിച്ചെങ്കിലും അടിസ്ഥാനപരമായി വലതുദര്‍ശനമുള്ള മണ്ഡലമാണു ചാലക്കുടിയെന്ന്‌ ഇടതുപക്ഷക്കാര്‍ പോലും സമ്മതിക്കും. ഇത്തവണയും മല്‍സരരംഗമുണരുന്നതിനു മുമ്പ്‌ യു.ഡി.എഫ്‌ എണ്ണി കീശയിലാക്കിയ ചുരുക്കം ചില സീറ്റുകളിലൊന്നാണിത്‌. ഗോദയിലിറങ്ങുന്നത്‌ എറണാകുളത്തിന്റെ പഴയ ഡി.സി.സി പ്രസിഡന്റ്‌ കൂടിയായപ്പോള്‍ ആദ്യവട്ടത്തില്‍ യു.ഡി.എഫിനു വാക്കോവറായിരുന്നു.
പക്ഷേ, എളുപ്പത്തില്‍ കീഴടങ്ങാന്‍ എല്‍.ഡി.എഫും യു പി ജോസഫും തയ്യാറാവാതിരുന്നതോടെ അവസാന റൗണ്ടിലെത്തുമ്പോള്‍ തീ പാറുന്ന പോരാട്ടമാണ്‌ ചാലക്കുടിയില്‍. മണ്ഡലം പുനര്‍നിര്‍ണയിച്ചപ്പോള്‍ യു.ഡി.എഫ്‌ സ്വാധീനമുള്ള നാലു മണ്ഡലങ്ങളാണ്‌ എറണാകുളത്തു നിന്നു ചാലക്കുടിയിലേക്കു വന്നത്‌. ഇതിനു പുറമെ ചാലക്കുടി, ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാള, നാട്ടികയുടെ ഭാഗമായിരുന്ന കൈപ്പമംഗലം എന്നീ യു.ഡി.എഫ്‌ ശക്തികേന്ദ്രങ്ങള്‍ കൂടി വരുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്പാടന്‍ നേടിയ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ധനപാലനു ലഭിക്കുമെന്നു കരുതുന്നതില്‍ തെറ്റുകാണാന്‍ കഴിയില്ല. അങ്കമാലി, ചാലക്കുടി, മാള മേഖലകളില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ക്കു നിര്‍ണായക സ്വാധീനമുണ്ടെങ്കില്‍ ആലുവ, പെരുമ്പാവൂര്‍, മാള, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ മുസ്‌ലിം വോട്ടുകള്‍ ഗതി നിയന്ത്രിക്കുന്നവയാണ്‌. സ്വാഭാവികമായും പരമ്പരാഗത യു.ഡി.എഫ്‌ മണ്ഡലമെന്ന പേര്‌ അന്വര്‍ഥമാക്കുന്നിടം. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വ്യതിയാനങ്ങള്‍ കണക്കിലെടുത്താല്‍ യു.ഡി.എഫിനെ തരംഗം തന്നെ കാക്കേണ്ടിവരും. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്ന്‌ നല്ലൊരുവിഭാഗം അടര്‍ന്നുമാറി എല്‍.ഡി.എഫ്‌ കൂടാരത്തിലേക്ക്‌ എത്തിയിരിക്കുന്നുവെന്ന്‌ 2004 മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഭൂരിപക്ഷം ക്രിസ്‌ത്യന്‍ വോട്ടുകളും ഇപ്പോഴും യു.ഡി.എഫ്‌ പെട്ടിയില്‍ വീഴുമ്പോള്‍ ചെറുപ്പക്കാരിലുണ്ടായ മാറ്റം മണ്ഡലത്തില്‍ വ്യക്തമാണ്‌. ഇവിടെ ഒരു റോമന്‍ കത്തോലിക്കനെയാണ്‌ സി.പി.എം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌. യാക്കോബായക്കാരനെയാണു ബി.ജെ.പി പോലും പരീക്ഷിക്കുന്നത്‌. ഉറച്ച എല്‍.ഡി.എഫ്‌ വോട്ടുകളുടെ കൂട്ടത്തില്‍ സമുദായത്തില്‍ നിന്നു ചെറിയശതമാനം വോട്ടുകളെങ്കിലും ചോരുന്നതോടെ ഫലം പ്രവചനാതീതമാവും. പെരുമ്പാവൂര്‍, കൈപ്പമംഗലം, ആലുവ, മാള, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ പി.ഡി.പിക്കു നിര്‍ണായക സ്വാധീനമുണ്ടെന്ന അവരുടെ അവകാശവാദംകൂടി കണക്കിലെടുത്താല്‍ വിജയസൂചിക ഏതു ഭാഗത്തേക്കും തിരിയാന്‍ സാധ്യതയുണ്ട്‌. കൊടുങ്ങല്ലൂരില്‍ മുസ്‌ലിം വിഭാഗങ്ങള്‍ പരമ്പരാഗതമായിത്തന്നെ എല്‍.ഡി.എഫ്‌ ചായ്‌വുള്ളവരാണ്‌. കൈപ്പമംഗലത്തെ എന്‍.ഡി.എഫ്‌, മുജാഹിദ്‌ വോട്ടുകള്‍ യു.ഡി.എഫിന്‌ ഉറപ്പാണ്‌. ജമാഅത്തെ വോട്ടുകള്‍ സി.പി.എമ്മിനു ലഭി?ക്കും.
ജനതാദള്‍ വോട്ടുകളില്‍ പകുതിയെങ്കിലും തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌. വിമത എം.എല്‍.എ ജോസ്‌ തെറ്റയിലിന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ ഇടതുപാളയത്തിലേക്കെത്തിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്‌. ഇവിടെ പാര്‍ട്ടിക്ക്‌ ഒരുലക്ഷം വോട്ടുണ്ടെന്നാണു ബി.ജെ.പി സ്ഥാനാര്‍ഥി കെ വി സാബുവിന്റെ അവകാശവാദം. നേരത്തേ സാവിത്രി ലക്ഷ്‌മണനും കരുണാകരനും മല്‍സരിച്ചപ്പോള്‍ ഈ വോട്ട്‌ ബാങ്കില്‍ ഒഴുക്കുണ്ടായി എന്നതാണു നേര്‌.

കണ്ണൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

ടി സന്ദീപ്‌

കണ്ണൂര്‍: ആവേശം നുരഞ്ഞുപതയുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കുശേഷം കണ്ണൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ആവനാഴിയിലെ അവസാന അസ്‌ത്രവുമെടുത്തുള്ള പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നു. മണ്ഡലം നിലനിര്‍ത്തുമെന്ന്‌ എല്‍.ഡി.എഫും തിരിച്ചുപിടിക്കുമെന്നു യു.ഡി.എഫും ശുഭാപ്‌തിവിശ്വാസം പുലര്‍ത്താന്‍ കാരണം ഇരുമുന്നണികളുടെയും കരുത്തുറ്റ പ്രചാരണം തന്നെ. ഈ തിരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിലെ തങ്ങളുടെ സ്വാധീനവും ശക്തിയും തുറന്നുകാട്ടാമെന്ന വിശ്വാസത്തിലാണു ബി.ജെ.പി.
മണ്ഡലത്തില്‍ ആദ്യമെത്തിയ സ്ഥാനാര്‍ഥിയായതുകൊണ്ടു പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനായതു മുതല്‍ക്കൂട്ടായെന്ന കണക്കുകൂട്ടല്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തിനുണ്ട്‌. ചിട്ടയായതും പടിപടിയായതുമായ പ്രചാരണപരിപാടിയായിരുന്നു എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി കെ കെ രാഗേഷിന്റേത്‌. ആദ്യഘട്ടത്തില്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു വോട്ടഭ്യര്‍ഥന. രണ്ടാംഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. മൂന്നാംഘട്ടത്തില്‍ മണ്ഡലപര്യടനമായിരുന്നു. കുടുംബയോഗങ്ങളും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കുടുംബസംഗമങ്ങളും നടന്നു. എസ്‌.എഫ്‌.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നതിനാല്‍ വിദ്യാര്‍ഥികളും രാഗേഷിനു വേണ്ടി രംഗത്തുണ്ട്‌. കേന്ദ്രത്തില്‍ മൂന്നാംമുന്നണി വരേണ്ടതിന്റെ ആവശ്യം, കോണ്‍ഗ്രസ്സിന്റെ സാമ്രാജ്യത്വ നിലപാടുകളും മുസ്‌ലിംകളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ കരിനിയമങ്ങളും തുറന്നുകാട്ടിയായിരുന്നു രാഗേഷിന്റെ പ്രസംഗങ്ങള്‍.
വൈകിയാണു സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെങ്കിലും കെ സുധാകരന്‍ സ്ഥാനാര്‍ഥിയായി വന്നതോടെ യു.ഡി.എഫ്‌ കേന്ദ്രം തികഞ്ഞ വിജയപ്രതീക്ഷയിലായി. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്‌ എം.എല്‍.എ കൂടിയായ സുധാകരനെ യു.ഡി.എഫ്‌ രംഗത്തിറക്കിയതും. ഏഴുതവണ നിയമസഭയിലേക്കു മല്‍സരിച്ചതിന്റെയും മൂന്നുതവണ എം.എല്‍.എ ആയതിന്റെയും അനുഭവം തുണയാവുമെന്ന വിശ്വാസം സുധാകരനുണ്ട്‌. ചാനല്‍ ചര്‍ച്ചകളിലും പൊതുസംവാദങ്ങളിലും ഇരുസ്ഥാനാര്‍ഥികളും വാക്‌ശരങ്ങള്‍ ഉതിര്‍ത്തത്‌ മണ്ഡലത്തിലെ ആവേശം ഉയര്‍ത്തി.
സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടുകളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണു സുധാകരന്‍ വോട്ടര്‍മാരെ നേരില്‍ കണ്ടത്‌. സുധാകരനെ പിന്താങ്ങി ആവേശപൂര്‍വം ഘടക കക്ഷികളും പ്രചാരണത്തിനുണ്ട്‌. അബ്ദുല്ലക്കുട്ടി പാര്‍ട്ടി വിട്ടു തങ്ങളുടെ കേന്ദ്രത്തിലെത്തിയതും യു.ഡി.എഫില്‍ ഏറെ ആഹ്ലാദം പകര്‍ന്നു. കഴിഞ്ഞ തവണ അബ്ദുല്ലക്കുട്ടി നേടിയ 80,000 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ സുധാകരന്‍ നേടുമെന്ന്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി രാമകൃഷ്‌ണന്‍ ഉറപ്പിച്ചുപറയുന്നു.
കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തേണ്ടത്‌ സി.പി.എമ്മിന്‌ അഭിമാനപ്രശ്‌നമാണ്‌. 1999ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയായ മുല്ലപ്പള്ളി രാമചന്ദ്രനെ 10,000 വോട്ടിനു പരാജയപ്പെടുത്തിയ അബ്ദുല്ലക്കുട്ടി 2004ലും മുല്ലപ്പള്ളിയെ 86,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാളും വോട്ട്‌ നേടി മണ്ഡലം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു സി.പി.എം ജില്ലാ സെക്രട്ടറി പി ശശിയും എല്‍.ഡി.എഫ്‌ കേന്ദ്രങ്ങളും.
പി പി കരുണാകരന്‍ മാസ്റ്ററിലൂടെ മണ്ഡലത്തിലെ തങ്ങളുടെ ശക്തി തുറന്നുകാട്ടാമെന്ന കണക്കുകൂട്ടലിലാണു ബി.ജെ.പി നേതൃത്വം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 10 മണ്ഡലങ്ങളില്‍ നിന്നായി ബി.ജെ.പിക്ക്‌ അമ്പതിനായിരത്തോളം വോട്ട്‌ ലഭിച്ചിരുന്നു. മണ്ഡലത്തിന്റെ വികസനത്തിന്‌ ഒരു വോട്ട്‌ എന്നാണു ബി.ജെ.പി ഉന്നയിച്ച മുദ്രാവാക്യം. കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ കെ വാസുമാസ്‌റ്റര്‍ക്ക്‌ 48,000 വോട്ട്‌ ലഭിച്ചിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ട്‌ ഇത്തവണ നേടുമെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പി കെ വേലായുധന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പുതുക്കിയ മണ്ഡല ക്രമമനുസരിച്ച്‌ ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും (തളിപ്പറമ്പ്‌, അഴീക്കോട്‌, കണ്ണൂര്‍, ഇരിക്കൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍) ഒരു കണ്ടോണ്‍മെന്റും കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ഉള്‍പ്പെടും. മണ്ഡലം പുനസ്സംഘടിപ്പിച്ചപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്‌ കരുത്തിനു കുറവുവന്നിട്ടുണ്ട്‌. തളിപ്പറമ്പ്‌ ഉള്‍പ്പെട്ടതും വടക്കേ വയനാട്‌ ഒഴിവാക്കപ്പെട്ടതും എല്‍.ഡി.എഫിന്‌ അനുകൂലമാവും. 10,64,141 വോട്ടര്‍മാരാണു കണ്ണൂര്‍ മണ്ഡലത്തില്‍ ആകെയുള്ളത്‌.

ചിരി ആയുധമാക്കി നഫീസാ അലി

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: പ്രഖ്യാപനങ്ങളോ പൊള്ളയായ വാഗ്‌ദാനങ്ങളോ ഇല്ല. എതിര്‍സ്ഥാനാര്‍ഥിക്കെതിരേ മുനവച്ച ആരോപണങ്ങളില്ല. മുഖത്ത്‌ പതിവുള്ള കള്ളച്ചിരി, സ്‌നേഹത്തോടെയുള്ള നോട്ടം, ദയാവായ്‌പോടെയുള്ള വാക്കുകള്‍- നഫീസാ അലി വോട്ട്‌ ചോദിക്കുമ്പോള്‍ അതി നുമുണ്ട്‌ ഒരു ബോളിവുഡ്‌ ടച്ച്‌.
53കാരിയായ മുന്‍ മിസ്‌ഇന്ത്യ നഫീസാ അലി ലഖ്‌നോയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ്‌ മല്‍സരിക്കുന്നത്‌. കോടതി ഇടെപടലിനെത്തുടര്‍ന്ന്‌ സഞ്‌ജയ്‌ദത്തിനെ പിന്‍വലിച്ച്‌ സമാജ്‌വാദി പാര്‍ട്ടി പൊടുന്നനെ ലഖ്‌നോയില്‍ സാമൂഹികപ്രവര്‍ത്തക കൂടിയായ നഫീസയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഹിന്ദിഭാഷയില്‍ മോശമായ ഇവര്‍ക്ക്‌ ബാബരി മസ്‌ജിദ്‌ എന്നുച്ചരിക്കാന്‍ കഴിയില്ലെന്നായിരുന്നു ബി.ജെ.പിയുടെ ഇതേക്കുറിച്ചുള്ള പ്രാഥമിക പ്രതികരണം.
എന്നാല്‍ `ബിഗ്‌ബി'യിലൂടെ മലയാളത്തിനു പ്രിയങ്കരിയായ `മേരിടീച്ചര്‍' ലഖ്‌നോയെ കൈയിലെടുക്കുകയാണ്‌. ഒരു ചിരികൊണ്ടും ദയാവായ്‌പുകൊണ്ടും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരേ ആരോപണങ്ങളുന്നയിക്കേണ്ടതിന്റെ ആവശ്യമെന്താണ്‌? രാഷ്‌ട്രീയത്തില്‍ ആരോപണത്തിന്റെയും അധിക്ഷേപത്തിന്റെയും അനിവാര്യതയെന്താണെന്നെനിക്ക്‌ മനസ്സിലാകുന്നില്ല- മുന്‍ നീന്തല്‍ താരം കൂടിയായ നഫീസാ അലി പറയുന്നു.
താന്‍ ഈ നഗരത്തില്‍ പുതിയ ആളല്ല. സ്‌കൂള്‍കാല ഓര്‍മകള്‍ ലഖ്‌നോ നഗരത്തെ ചുറ്റിപ്പറ്റിയുണ്ട്‌. കൊല്‍ക്കത്ത ലാ മാര്‍ട്ടിനയര്‍ ഗേള്‍സ്‌ സ്‌കൂളില്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഈ നഗരത്തില്‍ നീന്തല്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തുമായിരുന്നു. അന്ന്‌ തങ്ങള്‍ക്ക്‌ വെജിറ്റേറിയല്‍ ഭക്ഷണമായിരുന്നു വിളമ്പിയിരുന്നത്‌. തനിക്കതിഷ്ടമില്ലായിരുന്നു. ഒരു ദിവസം ടീച്ചര്‍മാര്‍ കാണാതെ മാംസാഹാരം തേടി തങ്ങള്‍ ഒളിച്ചുകടന്നു. പക്ഷേ, പിടിക്കപ്പെട്ടുവെങ്കിലും പ്രിന്‍സിപ്പല്‍ തന്റെ മാതാപിതാക്കളുടെ അടുെത്തത്തിച്ചില്ല. നല്ലവരായിരുന്നു അവര്‍- നഫീസ ഓര്‍മിക്കുന്നു.
യുവാക്കളുടെ ശാക്തീകരണമാണ്‌ ലക്ഷ്യമെന്ന്‌ നഫീസ പറയുന്നു. വോട്ടിങ്‌ ശതമാനം കൂട്ടാനാണ്‌ താന്‍ ശ്രമിക്കുന്നത്‌. അതൊരിക്കലും 34 ശതമാനത്തില്‍ താഴരുത്‌. ഏപ്രില്‍ 9 നഫീസയെ സംബന്ധിച്ച്‌ പ്രത്യേകതയുള്ളതാണ്‌. അന്നാണ്‌ മകന്‍ ജനിച്ചത്‌. അതുകൊണ്ടുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനും അതേ ദിവസം തിരഞ്ഞെടുത്തു.
1976ല്‍ മിസ്‌ഇന്ത്യയായ നഫീസ ഫോട്ടോഗ്രാഫറായ അഹ്‌മദ്‌ അലിയുടെയും ഫിലോമിനാ ടോറസെന്നിന്റെയും മകളാണ്‌. പ്രമുഖ ബംഗാളി എഴുത്തുകാരന്‍ വാജിദ്‌ അലിയുടെ മകനായിരുന്നു അഹ്‌മദ്‌ അലി. മുംബൈയിലാണ്‌ ജനിച്ചതെങ്കിലും കൊല്‍ക്കത്തയില്‍ വളര്‍ന്നതിനാല്‍ ഹിന്ദി സംസാരിക്കുന്നതില്‍ പിന്നിലായി. അര്‍ജുന അവാര്‍ഡ്‌ ജേതാവ്‌ റിട്ട. കേണല്‍ ആര്‍ എസ്‌ സോധിയാണ്‌ നഫീസയുടെ ഭര്‍ത്താവ്‌. അരമന (28), പിയ (22), അജിത്‌ അഹ്‌മദ്‌ (20) എന്നിവര്‍ മക്കള്‍.
ഒപ്പമുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ നഫീസ ഒരുകൈ നോക്കുന്നതിനോട്‌ സുഹൃത്തുക്കള്‍ക്കു താല്‍പ്പര്യമില്ല. രാഷ്‌ട്രീയം മലിനമായ മേഖലയാണെന്ന്‌ ഇവര്‍ ഉപദേശിക്കുന്നു. അതിനും ഒരു തുറന്ന ചിരിയാണ്‌ നഫീസയുടെ മറുപടി.

യു.പി.എക്ക്‌ 203 സീറ്റെന്ന്‌ സ്റ്റാര്‍ ന്യൂസ്‌

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 203 സീറ്റുമായി യു.പി.എ സഖ്യം ഒന്നാമതെത്തുമെന്നും സ്റ്റാര്‍ ന്യൂസ്‌-നീല്‍സണ്‍ അഭിപ്രായ വോട്ടെടുപ്പ്‌. 191 സീറ്റുമായി എന്‍.ഡി.എയാണ്‌ രണ്ടാമത്‌. മൂന്നാംമുന്നണിക്ക്‌ 104ഉം നാലാംമുന്നണിക്ക്‌ 39ഉം സീറ്റ്‌ പ്രവചിക്കുന്നു.
യു.പി.എ സഖ്യത്തില്‍ കോണ്‍ഗ്രസ്‌-155, ഡി.എം.കെ-15, തൃണമൂല്‍ കോണ്‍ഗ്രസ്‌-13, എന്‍.സി.പി-11, ജെ.എം.എം, നാഷനല്‍ കോണ്‍ഫറന്‍സ്‌, മുസ്‌ലിംലീഗ്‌-2 വീതം, എം.ഐ.എം, കെ.ഇ.സി(എം), ആര്‍.പി.ഐ.(എ)- 1 വീതം എന്നിങ്ങനെയാണ്‌ സീറ്റ്‌ നില.
എന്‍.ഡി.എയില്‍ ബി.ജെ.പി-147, ജെ.ഡി.യു-22, ശിവസേന-9, അകാലിദള്‍-5, എ.ജി.പി-4, ആര്‍.എല്‍.ഡി-3, ഐ.എന്‍.എല്‍.ഡി-1 ലഭിക്കും.
26 സീറ്റുമായി ബി.എസ്‌.പിയാണ്‌ മൂന്നാംമുന്നണിയില്‍ മുന്നില്‍. സി.പി.എമ്മിന്‌ 25 സീറ്റ്‌ കിട്ടും. ടി.ഡി.പി-13, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ-9 സീറ്റ്‌ വീതവും മറ്റ്‌ കക്ഷികള്‍ക്കെല്ലാം കൂടി 22 സീറ്റും ലഭിക്കും.
നാലാംമുന്നണിയില്‍ എസ്‌.പി-28, ആര്‍.ജെ.ഡി-6, എല്‍.ജെ.പി-4, പ്രജാരാജ്യം-1 എന്നിങ്ങനെയാണ്‌ സീറ്റ്‌ നില.

ഐമെഗ്‌ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്‌ 11 മുതല്‍ 14 വരെയും എല്‍.ഡി.എഫിന്‌ 6 മുതല്‍ 9 വരെയും സീറ്റുകള്‍ കിട്ടുമെന്ന്‌ അഭിപ്രായ സര്‍വേ ഫലം. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മോണിറ്ററിങ്‌ ഇക്കണോമിക്‌ ഗ്രോത്തി(ഐമെഗ്‌)ലെ സിഫോളജി വിഭാഗം നടത്തിയ സര്‍വേയിലാണ്‌ സംസ്ഥാനത്ത്‌ യു.ഡി.എഫിന്‌ മുന്‍തൂക്കം കാണിക്കുന്ന ഈ ഫലം.
ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക്‌ വ്യക്തമായ മുന്‍തൂക്കം ഉള്ളതായി സര്‍വേയില്‍ പ്രവചിക്കുന്നു. കാസര്‍കോഡ്‌, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവയാണവ. കണ്ണൂര്‍, വടകര, കോട്ടയം എന്നിവിടങ്ങളില്‍ ഇടതിന്‌ വിജയസാധ്യത കൂടുതലാണ്‌.
ബി.ജെ.പി, ബി.എസ്‌.പി, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കാന്‍ സാധ്യതയില്ല. വയനാട്ടിലെ എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരനും തിരുവനന്തപുരത്തെ ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാരും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
യു.ഡി.എഫിലേക്ക്‌ ഇത്തവണ ഇടതുമുന്നണിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വോട്ടിന്റെ ചാഞ്ചാട്ടമുണ്ടാകും. 4 മുതല്‍ 12 ശതമാനം വരെ വോട്ടിന്റെ ചാഞ്ചാട്ടമാണ്‌ ഇടതുമുന്നണിയില്‍ നിന്നും യു.ഡി.എഫിലേക്ക്‌ ഉണ്ടാവുക. ചില മണ്ഡലങ്ങളില്‍ പ്രാദേശികപ്രശ്‌നങ്ങള്‍ കാരണം ചാഞ്ചാട്ടം 12 ശതമാനത്തിനു മുകളിലായിരിക്കും.
പി.ഡി.പി ഫാക്ടര്‍ മൂലം 1 മുതല്‍ 3 ശതമാനം വോട്ട്‌ വരെ ഇടതുമുന്നണിക്ക്‌ ലഭിക്കും. പി.ഡി.പി പിന്തുണ കൊണ്ട്‌ പൊന്നാനിയില്‍ ഇടതുമുന്നണിക്ക്‌ നേട്ടമുണ്ടാകാന്‍ സാധ്യത കുറവാണ്‌. പി.ഡി.പി, ജനപക്ഷം തുടങ്ങിയ സംഘടനകളോട്‌ മുന്നണികള്‍ കൂട്ടുചേരുന്നതില്‍ പല വോട്ടര്‍മാരും പ്രതിഷേധം പ്രകടിപ്പിച്ചതായും സര്‍വേയില്‍ വ്യക്തമായി. രാഷ്ട്രീയകക്ഷികളുടെ വര്‍ഗീയകക്ഷികളുമായുള്ള ആഭിമുഖ്യം ചെറുപ്പക്കാരായ വോട്ടര്‍മാരില്‍ രാഷ്ട്രീയത്തോട്‌ നിസ്സംഗത സൃഷ്ടിച്ചിട്ടുണ്ട്‌. ലാവ്‌ലിന്‍ പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്‌തിട്ടില്ല.
മൂന്നു ഘട്ടങ്ങളായിട്ടാണ്‌ സര്‍വേ നടത്തിയത്‌. 65,418 പേര്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 10 വരെയുള്ള കാലയളവിലാണ്‌ സര്‍വേ നടത്തിയത്‌.

കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെ: ഐ.എന്‍.എല്‍


കോഴിക്കോട്‌: ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌ കോണ്‍ഗ്രസ്സും ബി.ജെ.പിയുമെന്ന്‌ ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ സിറാജ്‌ ഇബ്രാഹീം സേട്ട്‌. കോണ്‍ഗ്രസ്‌ സാമ്പത്തിക ഭീകരത നടപ്പാക്കുമ്പോള്‍ ബി.ജെ.പി ഉന്മൂലന ഭീകരതയാണ്‌ നടപ്പാക്കുന്നത്‌. യു.പി.എക്കും എന്‍.ഡി.എക്കും ബദലാണ്‌ മുന്നാംമുന്നണി. അതുകൊണ്ടാണ്‌ ഇടതുപക്ഷത്തെ ഐ.എന്‍.എല്‍ പിന്തുണയ്‌ക്കുന്നത്‌.
സി.പി.എമ്മിന്‌ ഇസ്രായേലുമായി ഏതെങ്കിലും തരത്തില്‍ ഇടപാടുണ്ടെന്നു തെളിഞ്ഞാല്‍ ആ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും. ഇസ്രായേലുമായി സി.പി.എമ്മിന്‌ ബന്ധമില്ല. ബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേലില്‍ നിന്ന്‌ നിക്ഷേപമൊന്നും സ്വീകരിച്ചിട്ടില്ലെന്ന്‌ പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ആയുധയിടപാട്‌ മാത്രമല്ല, ഒരിടപാടും ഇസ്രായേലുമായി പാടില്ലെന്നാണ്‌ ഐ.എന്‍.എല്ലിന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക്‌ ഇരട്ടത്താപ്പില്ലെന്നും സിറാജ്‌ ഇബ്രാഹീം സേട്ട്‌ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചെറുതാണെങ്കിലും ഐ.എന്‍.എല്‍ ഉയര്‍ത്തുന്ന ആദര്‍ശം വലുതാണ്‌. ഭാവിയില്‍ ശക്തമായ പാര്‍ട്ടിയായി ഐ.എന്‍.എല്‍ മാറുമെന്നും സേട്ട്‌ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഹമ്മദ്‌ ദേവര്‍കോവില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി അപമാനിക്കുന്നുവെന്ന്‌ മുലായം


ലഖ്‌നോ: വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ സഹായിച്ച തന്റെ പാര്‍ട്ടിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അപമാനിക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിങ്‌ യാദവ്‌ കുറ്റപ്പെടുത്തി. ഇന്ത്യ-യു.എസ്‌ ആണവകരാറില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാരിനെ രക്ഷിച്ച തങ്ങളോട്‌ പ്രധാനമന്ത്രിക്ക്‌ ഇപ്പോള്‍ ഉപേക്ഷാമനോഭാവമാണെന്നും മുലായം പറഞ്ഞു.
ലഖ്‌നോയില്‍ എസ്‌.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എസ്‌ ആണവകരാര്‍ നടപ്പാക്കാനായില്ലെങ്കില്‍ താന്‍ രാജിവയ്‌ക്കുമായിരുന്നു എന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഭീകരവാദവും സാമ്പത്തികമാന്ദ്യവും നേരിടുന്നതിനും കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനും പ്രാമുഖ്യം നല്‍കുമെന്ന്‌ മുലായം പറഞ്ഞു. `വിശക്കുന്ന മനുഷ്യന്റെ ദൈവമാണ്‌ കൃഷി' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ മറന്നു. കാര്‍ഷികമേഖലയെ പ്രോല്‍സാഹിപ്പിക്കാതെ രാജ്യത്തെ പുരോഗതിയിലേക്ക്‌ നയിക്കാനാവില്ല. കാര്‍ഷികഭൂമി വ്യാവസായികാവശ്യത്തിന്‌ ബലമായി പിടിച്ചെടുക്കുന്നത്‌ അവസാനിപ്പിക്കണം.
ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുന്നതിനും ബംഗ്ലാദേശ്‌, പാകിസ്‌താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്നതിനും എസ്‌.പി പ്രാധാന്യം നല്‍കും. പ്രാദേശിക അസമത്വമാണ്‌ ഭീകരവാദം വളരുന്നതിനുള്ള പ്രധാന കാരണമെന്നും ഭീകരവാദത്തെ നേരിടുന്നതില്‍ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുകിട-ഇടത്തരം വ്യവസായരംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം കാണാനാവൂ എന്നും എസ്‌.പി പ്രകടനപത്രികയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന്‌ എസ്‌.പി ജനറല്‍ സെക്രട്ടറി അമര്‍സിങ്‌ പറഞ്ഞു. ബോളിവുഡ്‌ നടനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സഞ്‌ജയ്‌ദത്തും ചടങ്ങില്‍ പങ്കെടുത്തു.

ആര്‍.ജെ.ഡി-എല്‍.ജെ.പി സഖ്യത്തിന്‌ സോണിയയുടെ രൂക്ഷവിമര്‍ശനം

ജമൂയ്‌(ബിഹാര്‍): യു.പി.എ ഘടകകക്ഷികളായ രാഷ്ട്രീയ ജനതാദളും(ആര്‍.ജെ.ഡി) ലോക്‌ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി)യും ചേര്‍ന്നുള്ള സഖ്യത്തിനെതിരേ ഇതാദ്യമായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുംനട്ടാണ്‌ കോണ്‍ഗ്രസ്സിനൊപ്പം അധികാരം പങ്കിടുന്ന ചിലര്‍ നാലാംമുന്നണി രൂപീകരിച്ചിരിക്കുന്നതെന്ന്‌ അവര്‍ കുറ്റപ്പെടുത്തി. ജമൂയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
മുന്നണിയുണ്ടാക്കല്‍ ഫാഷനായി മാറിയ കാലമാണിത്‌. മൂന്നാംമുന്നണി, നാലാംമുന്നണി ഇത്തരത്തില്‍ ഇനിയുമുണ്ടാവാം. കോണ്‍ഗ്രസ്സുമായി കേന്ദ്രത്തില്‍ അധികാരം പങ്കിടുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. പ്രധാനമന്ത്രിപദമാണ്‌ ഈ നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നു മന്ത്രിമാരായ ലാലുപ്രസാദ്‌ യാദവിനെയും രാം വിലാസ്‌ പാസ്വാനെയും പേരെടുത്ത്‌ പറയാതെ സോണിയ വ്യക്തമാക്കി.
ഇതിനു മുമ്പ്‌ രൂപീകരിക്കപ്പെട്ട പല സഖ്യങ്ങളും ദുര്‍ബലമാവുകയാണുണ്ടായത്‌. ഇവരാരെങ്കിലും ദാരിദ്ര്യത്തിനും വര്‍ഗീയതയ്‌ക്കും ഭീകരതയ്‌ക്കുമെതിരേ പോരാടാന്‍ ചങ്കൂറ്റം കാണിച്ചോ? കോണ്‍ഗ്രസ്സിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇത്തരക്കാര്‍ക്ക്‌ സര്‍ക്കാരിനെ നയിക്കാനുള്ള കഴിവില്ലെന്നും സോണിയാഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുള്ള ഒരേയൊരാള്‍ മന്‍മോഹന്‍സിങാണ്‌. അദ്ദേഹത്തിന്‌ മുന്‍പരിചയവും കാഴ്‌ചപ്പാടുമുണ്ട്‌. എല്ലാവരെയും വിശ്വാസത്തിലെടുക്കാനും സ്ഥിരത കൊണ്ടുവരാനും മന്‍മോഹനേ കഴിയൂവെന്ന്‌ അവര്‍ അവകാശപ്പെട്ടു.
നേരത്തേ ജാര്‍ഖണ്ഡിലെ ഖുന്തില്‍ നടന്ന പ്രചാരണ പരിപാടിയിലും മന്‍മോഹന്‍സിങിനെ കോണ്‍ഗ്രസ്‌ അധ്യക്ഷ പുകഴ്‌ത്തി. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കാനുള്ള കഴിവ്‌ അദ്ദേഹത്തിനേയുള്ളൂവെന്ന്‌ സോണിയ പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സുശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്‌. ദേശസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികളെ തിരിച്ചറിയണം. അവര്‍ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണ്‌.
നല്ലവണ്ണം ചിന്തിച്ച ശേഷമേ വോട്ട്‌ ചെയ്യാവൂവെന്ന്‌ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലുള്ള ജാര്‍ഖണ്ഡിലെ ജനങ്ങളെ സോണിയ ഓര്‍മിപ്പിച്ചു.

സജ്ജാദ്‌ ലോണ്‍ മല്‍സരിക്കുന്നു


ശ്രീനഗര്‍: കശ്‌മീരി സംഘടനയായ പീപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സജ്ജാദ്‌ ലോണ്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തിലാണു ലോണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌. ആദ്യമായാണ്‌ ഒരു കശ്‌മീരി സംഘടന ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവാനുള്ള തീരുമാനമെടുക്കുന്നത്‌.
കശ്‌മീരികളുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണു താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നും ഇത്‌ പാകിസ്‌താനും മറ്റുചില ഏജന്‍സികള്‍ക്കും ഇഷ്ടമാവില്ലെന്നും ലോണ്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ച്‌ മുന്‍വിധിയില്ലെന്നും പാര്‍ലമെന്റില്‍ കശ്‌മീരികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തനിക്ക്‌ ഒരവസരം തരണമെന്നും ഹുര്‍റിയത്‌ കോണ്‍ഫറന്‍സ്‌ സ്ഥാപകന്‍ അബ്ദുല്‍ ഗനി ലോണിന്റെ മകന്‍ പറഞ്ഞു. താന്‍ ആശയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നില്ല. അതിനു പുതിയൊരു രീതി പരീക്ഷിക്കുകയാണ്‌. അധികാരത്തിലെത്തുന്നതിനല്ല ലോക്‌സഭയിലേക്കു മല്‍സരിക്കുന്നത്‌. അധികാരമോഹമുണ്ടെങ്കില്‍ നിയമസഭയിലേക്കായിരുന്നു മല്‍സരിക്കുക- ലോണ്‍ പറഞ്ഞു. ഇത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്സിന്റെ 65 കോടി നാലുവര്‍ഷം കൊണ്ട്‌ 229 കോടിയായി

ബൈജു ജോണ്‍
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്പാദ്യവര്‍ധനയുടെ കാര്യത്തില്‍ ഒന്നിനൊന്നു മെച്ചമെന്നു കണക്കുകള്‍. രാ്രഷ്ടീയ വളര്‍ച്ച നേടുന്നതില്‍ ദേശീയപാര്‍ട്ടികള്‍ പലതും കീഴോട്ടുപോയെങ്കിലും ആകെയുള്ള ആസ്‌തി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ കിടമല്‍സരമാണെന്ന്‌ ആദായനികുതി വകുപ്പിനു ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സി.പി.ഐ മാത്രമാണ്‌ ഇതിനൊരു അപവാദം.
2002 മുതല്‍ 2006 വരെ പ്രധാന പാര്‍ട്ടികളുടെ ആസ്‌തിയില്‍ 30 മുതല്‍ 40 ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. കോണ്‍ഗ്രസ്സാണ്‌ 2002ലെ 65 കോടി വെറും നാലുവര്‍ഷംകൊണ്ട്‌ 229 കോടിയാക്കി ആദായനികുതി വകുപ്പിനെ ഞെട്ടിപ്പിച്ചത്‌. നാലുവര്‍ഷംകൊണ്ട്‌ 164 കോടിയുടെ വര്‍ധന. സി.പി.എമ്മിന്റെ സമ്പാദ്യം ഈ കാലയളവില്‍ 38 കോടിയില്‍ നിന്ന്‌ 77 കോടിയായി.
ബി.ജെ.പിക്ക്‌ 2002ല്‍ 81 കോടിയായിരുന്നത്‌ 2004ല്‍ 155 കോടിയായി വര്‍ധിച്ചു. എന്നാല്‍, 2006 ആയപ്പോഴേക്കും 112 കോടിയായി ചുരുങ്ങി. 2004വരെ അധികാരത്തിലിരുന്ന ബി.ജെ.പിക്ക്‌ ഭരണം പോയതോടെ കുറഞ്ഞത്‌ 43 കോടി. കോണ്‍ഗ്രസ്സിന്‌ അധികാരം ലഭിച്ചതോടെ 2004ല്‍ 136 കോടിയായിരുന്നതു രണ്ടുവര്‍ഷംകൊണ്ട്‌ 229 കോടിയായി. സി.പി.ഐക്ക്‌ 2002ലുണ്ടായിരുന്ന അഞ്ചുകോടി നാലുവര്‍ഷം കൊണ്ട്‌ ആറുകോടിയിലെത്തിക്കാനേ സാധിച്ചുള്ളൂ.
മുലായംസിങിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്‌.പിയും സമ്പാദ്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പിറകിലല്ല. സമാജ്‌വാദി പാര്‍ട്ടിക്ക്‌ 2002ല്‍ 14 കോടിയുടെ സമ്പാദ്യമായിരുന്നെങ്കില്‍ 2006 ആയപ്പോഴേക്കും 63 കോടിയായി ഉയര്‍ന്നു. 2004ല്‍ 27 കോടിയായിരുന്നു എസ്‌.പിയുടെ പക്കലുണ്ടായിരുന്നത്‌. 2005-06 കാലയളവിലാണ്‌ 50 കോടിയുടെ വര്‍ധനയുണ്ടായത്‌. ബി.എസ്‌.പിയുടെ 2006ലെ സമ്പാദ്യം 44 കോടിയാണ്‌. 2002ല്‍ ഇതു 11 കോടി മാത്രമായിരുന്നു. 2004ലാണ്‌ 30 കോടിയുടെ വര്‍ധന ഉണ്ടായത്‌.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്പാദ്യവര്‍ധന സാമ്പത്തിക വിദഗ്‌ധരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്‌. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രധാന വരുമാനമാര്‍ഗം അനുയായികളുടെയും അനുഭാവികളുടെയും സംഭാവനയാണെന്നാണു വാദം. എന്നാല്‍, അധികാരവുമായി ബന്ധപ്പെട്ടാണ്‌ പാര്‍ട്ടികളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നതെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്‌.



മാള്‍ട്ടയില്‍ നിന്നൊരു ദൃശ്യം