2013-11-28

മറുനാടന്‍ മലയാളിയുടെ വളര്‍ച്ച അദ്ഭുതകരം


തുടക്കത്തില്‍ ചില സോഫ്റ്റ് സ്റ്റോറികളുമായിട്ടായിരുന്നു മറുനാടന്‍ മലയാളിയുടെ(www.marunadanmalayalee.com വരവ്. ഇത്തരം വാര്‍ത്തകളിലൂടെ വായനക്കാരെ കണ്ടെത്താനും വരുമാനം ഉണ്ടാക്കാനും സാധിച്ചിരുന്നുവെങ്കിലും ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ മറുനാടനെ പരിഗണിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിനിടെ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ അതിനുശേഷമോ ഉണ്ടായ അശ്രദ്ധമൂലം www.marunadanmalayalee.com(രജിസ്റ്റര്‍ ചെയ്തത് 2008ല്‍) എന്ന പേരു തന്നെ നഷ്ടപ്പെട്ടതുപോലെയായി. എന്നാല്‍ കൈവശമുള്ള മറ്റൊരു പേരുമായി(www.marunadanmalayali.com-2009ല്‍ രജിസ്റ്റര്‍ ചെയ്തത്)  കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അദ്ഭുതകരമായ തിരിച്ചുവരവാണ് പോര്‍ട്ടല്‍ നടത്തിയത്.

പുതിയ നയത്തിന്റെ ഭാഗമായി മുഖ്യധാര മാധ്യമങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ നല്ല വിലകൊടുത്തു തന്നെ സ്വന്തമാക്കാന്‍ മറുനാടന്‍ മലയാളിയുടെ മാനേജ്‌മെന്റിനു സാധിച്ചു.  മികച്ച സ്റ്റോറികളിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം വിസിറ്റേഴ്‌സാണ് ഇപ്പോള്‍ സൈറ്റിലെത്തുന്നത്.  നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാതൃഭൂമിയ്ക്കും മനോരമയ്ക്കും ഇതിനേക്കാള്‍ ഒന്നോ രണ്ടോ ലക്ഷം മാത്രമാണ് അധികമുള്ളത്. ഒരു ലക്ഷം വിസിറ്റേഴ്‌സ് ദിവസം കടന്നു വന്നാല്‍ പേജ്‌വ്യൂ അതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണെന്ന് ഇതോടൊപ്പം കൂട്ടിവായിക്കണം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വിസിറ്റേഴ്‌സ് കൂടുതലായതിനാല്‍ ഗൂഗിള്‍ ആഡ്‌സെന്‍സ് പോലുള്ളവയില്‍ നിന്നുള്ള വരുമാനം സൈറ്റിന് നല്ലതുപോലെ ലഭിക്കും. കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സ്വതന്ത്ര പോര്‍ട്ടല്‍ എന്ന ബഹുമതി എന്തുകൊണ്ടും മറുനാടന്‍ മലയാളിക്ക് അര്‍ഹതപ്പെട്ടതാണ്.

ഇത്രയും നല്ല പ്രകടനം നടത്തുമ്പോള്‍  ആദര്‍ശം പറയാന്‍ ചില പൊന്നുതമ്പുരാക്കന്മാര്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ദ ഹിന്ദുവും മാതൃഭൂമിയും മനോരമയും മാത്രം വായിക്കുന്ന 'പുണ്യാളന്മാരാ'ണ്. ഇത്തരം മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാത്രമാണ് വാര്‍ത്തയെന്നുള്ള തെറ്റിദ്ധാരണയാണ് അവര്‍ക്കുള്ളത്. വാര്‍ത്ത എപ്പോഴും അറിയിക്കലാണ്. സാധാരണക്കാരന് ഇഷ്ടമുള്ളത്, അവന്‍ ആവശ്യപ്പെടുന്നത് അവന് കിട്ടുന്നുവെന്നുള്ളതുകൊണ്ടാണ് അവര്‍ ഓരോ തവണയും സൈറ്റിലേക്കെത്തുന്നത്.  ഇതിനര്‍ത്ഥം സിനിമ, നഗ്നത, ക്രൈം എന്നിവ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ട് അത്തരം വാര്‍ത്തകള്‍ മാത്രം കൊടുത്ത് അഴിഞ്ഞാടണം എന്നല്ല. അതും വാര്‍ത്തയാണ്. ആവശ്യത്തിനുള്ള ചേരുവയായി അതും വേണം. അമിതമായാല്‍ മാത്രമേ കുഴപ്പമുള്ളൂ. ഇവിടെയാണ് മറുനാടന്റെ പ്രസക്തി. എല്ലാത്തിനെയും ബാലന്‍സാക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. കൃത്യമായ അനുപാതത്തിലുള്ള ചേരുവയാണ് ഇപ്പോഴുള്ളത്.(പറയുന്നത് പുതിയ മറുനാടനെ കുറിച്ചാണ്).

 മഞ്ഞ കണ്ണട മാറ്റുകയാണ് വേണ്ടത്

ഇതും ഒരു ബിസിനസ്സാണ്. ലാഭത്തിനുവേണ്ടിയാണ് ഇതും നടത്തുന്നത്. പ്രതിദിനം 10000 സന്ദര്‍ശകരുള്ള ഒരു സാധാരണ പോര്‍ട്ടലിനു പോലും  അതു നടത്തികൊണ്ടു പോകാന്‍ ഏറ്റവും ചുരുങ്ങിയത് പ്രതിമാസം മുപ്പതിനായിരം രൂപയെങ്കിലും വേണം.(ഇത്തരം പോര്‍ട്ടല്‍ പോലും ഒരു വിപിഎസില്‍ ഹോസ്റ്റ് ചെയ്യേണ്ടി വരും. അല്ലെങ്കില്‍ സ്പീഡ് വളരെ കുറവായിരിക്കും. പലര്‍ക്കും കിട്ടുകയുമില്ല) അപ്പോള്‍ മറുനാടന്‍ മലയാളിയുടെ കാര്യം പറയേണ്ടതില്ലല്ലോ? ജീവനക്കാരുടെ ശമ്പളം, ഹോസ്റ്റിങ് ചാര്‍ജ്, വാടക,മറ്റുള്ളവ എന്നിവക്കായി പ്രതിമാസം ഏറ്റവും ചുരുങ്ങിയത് മൂന്നുലക്ഷത്തോളം ചെലവുണ്ടെന്നു പറഞ്ഞാല്‍ ആരും നെറ്റി ചുളിക്കേണ്ട.

കൂടുതല്‍ വായനക്കാര്‍ കടന്നുവരുന്നതാണ് ഒരു പോര്‍ട്ടലിന്റെ വരുമാനം. ഹോസ്റ്റിങ് ചെലവ് ഇതിനു ആനുപാതികമായി കൂടുമെന്ന കാര്യവും മറക്കരുത്. പറഞ്ഞു വരുന്നത്. ഇത്രയും സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നും വിശകലനാത്മക വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കി പോര്‍ട്ടലിനെ സാമ്പത്തികമായി വിജയിപ്പിച്ചെടുത്തവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പത്രം വായിക്കുന്ന കണ്ണട ഉപയോഗിച്ച് പോര്‍ട്ടല്‍ വായിക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ നിങ്ങളുടെ മഞ്ഞ കണ്ണട മാറ്റുകയാണ് വേണ്ടത്. ടെലിവിഷനിലുള്ള വാര്‍ത്ത അവതരണ രീതി ഇപ്പോള്‍ ഒരു വിധം ശീലമായതുകൊണ്ടാണ്. തുടക്കത്തില്‍ ഇതിനെതിരേയും വ്യാപകമായ ആക്രമണമായിരുന്നു.

ന്യൂസ്‌പോര്‍ട്ടല്‍ അഥവാ പെട്ടിക്കടകള്‍

സോഷ്യല്‍ മീഡിയകളിലൂടെയുള്ള വെബ്‌സൈറ്റ് പ്രചാരണ കോലാഹലങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല. പക്ഷേ, 80 ശതമാനത്തിലേറെ വിസിറ്റേഴ്‌സിനെയാണ് പല പുതിയ പോര്‍ട്ടലുകളും ഫേസ്ബുക്കിലൂടെ മാത്രം സ്വന്തമാക്കുന്നത്. ഏത് വിധേനയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഫേസ്ബുക്കിനെ കണ്ടില്ലെന്ന് വെയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.

വ്യക്തമായ ധാരണയില്ലാതെ തട്ടിക്കൂട്ടിയുണ്ടാക്കിയ വെബ്‌സൈറ്റ് പോര്‍ട്ടലുകളാണ് പലപ്പോഴും ഈ മേഖലയ്ക്ക് ശാപമാകുന്നത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വേണ്ടത്രയില്ലാത്ത ഈ കാലത്ത് ന്യൂസ്‌പോര്‍ട്ടലുകള്‍ തുടങ്ങുന്നത് ആത്മഹത്യാപരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഉള്ളടക്കത്തിന്റെ മേന്മ കൊണ്ട് ആയിരകണക്കിന് ജീവനക്കാരുടെ പിന്തുണയുള്ള മുഖ്യധാര മാധ്യമങ്ങളുടെ പോര്‍ട്ടലുകളുമായി പിടിച്ചുനില്‍ക്കാനാവില്ല. സ്വാഭാവികമായും പേജ്‌വ്യൂ തേടി അവര്‍ സോഫ്റ്റ് സ്റ്റോറികളുടെയും ക്രൈം സ്‌റ്റോറികളുടെയും പിറകെ പോകും.

പെട്ടിക്കട പോലെയാണ് ഇപ്പോള്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ പുറത്തിറങ്ങുന്നത്. ചുരുങ്ങിയത് അഞ്ചു ലക്ഷം മൂലധനമെങ്കിലും കൈയിലില്ലാതെ ഈ പണിയ്ക്കിറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഡിസൈന്‍ ചാര്‍ജ്, കംപ്യൂട്ടറുകള്‍, ഹോസ്റ്റിങ് ചാര്‍ജ്, റൂം വാടക, ഇന്റര്‍നെറ്റ് ചാര്‍ജ്, ചുരുങ്ങിയത് മൂന്നു ജീവനക്കാരുടെ ശമ്പളം എന്നിവ മനസ്സില്‍ കണ്ടുവേണം ഇതിലേക്ക് ചാടിയിറങ്ങാന്‍. പ്രതിദിനം ഒരു ലക്ഷത്തോളം വിസിറ്റേഴ്‌സ് എത്തിയാല്‍ അവരെ നിലനിര്‍ത്താന്‍ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപയെങ്കിലും ഒരു മാസം ചെലവഴിക്കേണ്ടി വരും..


വാല്‍ക്കഷണം: സ്വന്തം ഫേസ്ബുക്ക് സ്റ്റാറ്റസ് പോലും സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യുന്ന ആ കുശാഗ്ര ബുദ്ധിക്കാരനെ നമിക്കാതെ വയ്യ.

No comments: