2009-05-06

സ്ഥാനാര്‍ഥിപ്പട്ടിക: മുസ്‌ലിം പ്രാതിനിധ്യം പാലിച്ചത്‌ ബി.എസ്‌.പിയും എസ്‌.പിയും

ന്യൂഡല്‍ഹി: 15ാം ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷപ്രാതിനിധ്യം പാലിച്ചത്‌ മായാവതിയുടെ ബി.എസ്‌.പിയും മുലായംസിങിന്റെ എസ്‌.പിയും മാത്രം. നാളിതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണകൊണ്ടുമാത്രം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്‌, 13 ശതമാനം വരുന്ന ന്യൂനപക്ഷസമുദായത്തിനു നീക്കിവച്ചതാവട്ടെ 5.5 ശതമാനം സീറ്റുകള്‍.
മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി എഴുപതോളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ 180ഓളം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ്‌വാദിപാര്‍ട്ടി(എസ്‌.പി)യുടെ സ്ഥാനാര്‍ഥികളില്‍ മുപ്പത്തഞ്ചോളം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരാണ്‌. ആകെ സ്ഥാനാര്‍ഥികളുടെ 13 ശതമാനം ബി.എസ്‌.പി ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍ എസ്‌.പി 19.4 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചു. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മതേര-ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയും എസ്‌.പി തന്നെയാണ്‌.
നാനൂറില്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളില്‍ 25നു താഴെ മാത്രമാണ്‌ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. തൊണ്ണൂറോളം സീറ്റുകളില്‍ മല്‍സരിക്കുന്ന സി.പി.എം പട്ടികയില്‍ ഒമ്പതുപേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്‌. എസ്‌.പിയുടെയും ബി.എസ്‌.പിയുടെയും ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശില്‍ തന്നെയാണ്‌ ഇരു പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്‌. രാജ്യത്തു കൂടുതല്‍ മണ്ഡലങ്ങളുള്ള ഈ സംസ്ഥാനത്ത്‌ ബി.എസ്‌.പി ടിക്കറ്റില്‍ 13 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ എസ്‌.പിയുടെ ലിസ്റ്റില്‍ 12 മുസ്‌ലിംകളുണ്ട്‌. (സംസ്ഥാനത്തെ 78 മണ്ഡലങ്ങളിലും ബി.എസ്‌.പി തനിച്ചു മല്‍സരിക്കുമ്പോള്‍ എസ്‌.പി 73 മണ്ഡലങ്ങളിലാണു മല്‍സരിക്കുന്നത്‌).
മഹാരാഷ്ട്രയിലെ 10 എസ്‌.പി സ്ഥാനാര്‍ഥികളില്‍ ആറും ഡല്‍ഹിയിലെ ഏഴില്‍ മൂന്നും പേര്‍ ന്യൂനപക്ഷവിഭാഗക്കാരാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി ലിസ്റ്റില്‍ ആറുപേര്‍ മുസ്‌ലിം പ്രതിനിധികളാണ്‌.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച്‌ ഉലമാ കൗണ്‍സിലടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ ബി.എസ്‌.പിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ബാനറില്‍ ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ റായ്‌ഗഡില്‍ നിന്നു മാറ്റുരയ്‌ക്കുന്ന കേന്ദ്രമന്ത്രി എ ആര്‍ ആന്തുലെ മാത്രമാണ്‌ മുസ്‌ലിം പ്രതിനിധി. അതേസമയം, തലസ്ഥാനത്ത്‌ ഒരാള്‍പോലുമില്ല.
ഡല്‍ഹിയിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22 ശതമാനവും ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌.

യു.പിയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുറാദാബാദ്‌ ജില്ലയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ലെന്നു തീരുമാനിച്ചു. ഇത്രയുംകാലം വോട്ട്‌ ചെയ്‌തിട്ട്‌ സഞ്ചാരയോഗ്യമായ റോഡോ മറ്റ്‌ അടിസ്ഥാന ആവശ്യങ്ങളോ ലഭ്യമാക്കുന്നതിനു മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറിയ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിച്ചില്ലെന്നതാണു ഗ്രാമീണരെ ഈ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്‌.
തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ഗ്രാമീണ പഞ്ചായത്ത്‌ കൂടിയാണ്‌ തീരുമാനിച്ചത്‌. യൂത്ത്‌ ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയുടെ നേതാവ്‌ ജിതന്‍ ജെയ്‌ന്‍ ഇവരുമായി സംസാരിച്ച്‌ തിരഞ്ഞെടുപ്പു നിയമത്തിലുള്ള 49ാം സെക്‌ഷനെക്കുറിച്ച്‌ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന്‌്‌ നിയമപ്രകാരം ബൂത്തിലെത്തി പേര്‌ രജിസ്റ്റര്‍ ചെയ്‌ത ശേഷം ഒരു സ്ഥാനാര്‍ഥിക്കും വോട്ട്‌ ചെയ്യാതിരിക്കാനാണു ഗ്രാമീണരുടെ പുതിയ തീരുമാനം. വോട്ടെടുപ്പ്‌ ബഹിഷ്‌കരിക്കുന്നതിനുപകരം നിയമമുപയോഗിച്ച്‌ തന്നെ പ്രതിഷേധം രേഖപ്പെടുത്താമെന്നാണു ജെയ്‌നിന്റെ അഭിപ്രായം.
40 ഗ്രാമങ്ങളിലായി ഒന്നരലക്ഷം വോട്ടര്‍മാരാണ്‌ നാളെ പ്രതിഷേധ വോട്ട്‌ ചെയ്യുക. രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടന്ന മധ്യപ്രദേശില്‍ 1,473 പേരാണ്‌ ഇത്തരത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നത്‌.
ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ വാഗ്‌ദാനലംഘനത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ നിഷേധവോട്ട്‌ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും ഇത്തരത്തില്‍ വോട്ട്‌ ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നു കിഴക്കന്‍ ഡല്‍ഹിയിലെ പബ്ലിക്‌ റിലേഷന്‍ ഓഫിസര്‍ ഹരീഷ്‌ മെഹ്‌റ പറഞ്ഞു.

മുര്‍ശിദാബാദിന്റെ മനസ്സ്‌ കവര്‍ന്ന്‌ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി

സി പി കരീം
മുര്‍ശിദാബാദ്‌: ആരും പോവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്‌ പശ്ചിമ ബംഗാള്‍ ജില്ലയായ മുര്‍ശിദാബാദിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഐ.എന്‍.എല്‍ ദേശീയ വര്‍ക്കിങ്‌ സെക്രട്ടറി സമീറുല്‍ഹസന്‍.
ഇന്ത്യയിലെ ഏറ്റവും ദരിദ്രജില്ലയെന്ന്‌ `പേരെടുത്ത' മുര്‍ശിദാബാദിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണു ജംഗിപൂര്‍. കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ജനവിധിതേടുന്നത്‌ ഇവിടെയാണ്‌.
ചെമ്മണ്‍പാതകളിലൂടെ ജീപ്പില്‍ സഞ്ചരിച്ചു വോട്ട്‌ തേടുകയാണ്‌ ബിസിനസുകാരനായ സമീറുല്‍ഹസന്‍. കുണ്ടും കുഴിയും നിറഞ്ഞ ടാറിടാത്ത റോഡിലൂടെ ജീപ്പ്‌ മാത്രമേ ഓടൂ. 100 ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന മുഅ്‌മിനാബാദ്‌, ആച്ച്‌ടാ തുടങ്ങിയ ഗ്രാമങ്ങളിലൂടെ അനൗണ്‍സ്‌മെന്റ്‌ വാഹനം പതുക്കെ നീങ്ങുമ്പോള്‍ മണ്‍കുടിലുകളില്‍ നിന്ന്‌ ആളുകള്‍ കൗതുകപൂര്‍വം പുറത്തേക്കിറങ്ങിനോക്കുന്നു. കവലകള്‍തോറും വാഹനം നിര്‍ത്തി ഗ്രാമീണരോട്‌ സ്ഥാനാര്‍ഥി കുശലംപറയുന്നു; വോട്ടഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത്‌ ദാരിദ്ര്യത്തെക്കുറിച്ച്‌, ജോലിയില്ലായ്‌മയെ കുറിച്ച്‌. ചെമ്മണ്‍ റോഡിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചിട്ടും മറ്റൊരു വാഹനവും കണ്ടില്ല. പലരും തങ്ങളുടെ ഒരു സ്ഥാനാര്‍ഥിയെ നേരില്‍ കാണുന്നത്‌ ഇതാദ്യമായാണ്‌. പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന റോഡിലൂടെ ആരും വരാന്‍ മെനക്കെടാറില്ലെന്നതാണു യാഥാര്‍ഥ്യം.
താന്‍ വിജയിക്കുമെന്ന്‌ വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഒരുലക്ഷത്തോളം വോട്ട്‌ പിടിക്കാനാവുമെന്നാണ്‌ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും സ്ഥാനാര്‍ഥിക്കുണ്ട്‌. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സജീവമാണിവിടെ. ചില പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലയുടെ പിന്നാക്കാവസ്ഥയാണ്‌ യോഗങ്ങളിലെ പ്രധാന വിഷയം. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ എം.പിമാരും മുസ്‌ലിം പ്രദേശങ്ങളോടു വിവേചനപരമായാണു പെരുമാറുന്നതെന്ന്‌ സമീറുല്‍ഹസന്‍ പറഞ്ഞു.
താന്‍ ജയിച്ചാലും ഇല്ലെങ്കിലും ജില്ലയുടെ വികസനത്തിനുവേണ്ടി ഏതാനും പദ്ധതികളുണ്ട്‌ അദ്ദേഹത്തിന്റെ മനസ്സില്‍. കാലിവളര്‍ത്തല്‍, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ ഏതാനും സംരംഭങ്ങള്‍ തുടങ്ങാനാണ്‌ അദ്ദേഹത്തിന്റെ പദ്ധതി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ തനിക്ക്‌ 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നതായും അദ്ദേഹം പറയുന്നു.
പരമ്പരാഗത പാര്‍ട്ടികള്‍ക്ക്‌ മുസ്‌ലിംകള്‍ വോട്ട്‌ പതിച്ചുനല്‍കുന്ന പതിവു രീതി ഇത്തവണ മാറ്റിമറിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എ.യു.ഡി.എഫിന്റെ പൂട്ടും താക്കോലും ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന സമീറുല്‍ഹസന്‍. സി.പി.എമ്മിലെ മൃഗാംഗശേഖര്‍ ഭട്ടാചാര്യയാണു മറ്റൊരു സ്ഥാനാര്‍ഥി.

മധുരയില്‍ സ്ഥാനാര്‍ഥി `ഇല്ലാത്ത' പോരാട്ടം


എം ബിജുകുമാര്‍

മധുര: കണ്ണകിയുടെയും കോവലന്റെയും കഥ വിരിഞ്ഞ പുരാതന ക്ഷേത്രനഗരം തിരഞ്ഞെടുപ്പില്‍ അപൂര്‍വമായ പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ പെരുമകൊണ്ടു തുടക്കംമുതല്‍ ശ്രദ്ധേയമായ മണ്ഡലമാണു മധുര. തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാര്‍ഥി പി മോഹനും മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയും തമ്മിലാണ്‌ ഇവിടെ പ്രധാന പോരാട്ടം. വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെയുടെ സാരഥിയായി കവിയനും രംഗത്തുണ്ട്‌.
പ്രചാരണരംഗത്ത്‌ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും സി.പി.എം സ്ഥാനാര്‍ഥി മോഹന്‍ കടുത്ത രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായി. കുടലില്‍ ദ്വാരം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിനു പിന്നീടു പ്രചാരണത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ സ്ഥാനാര്‍ഥി `ഇല്ലാത്ത' തിരഞ്ഞെടുപ്പു പോരാട്ടമാണ്‌ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും ഏറ്റെടുക്കേണ്ടിവന്നത്‌.
10 വര്‍ഷമായി ക്ഷേത്രനഗരത്തെ പ്രതിനിധാനം ചെയ്യുന്ന മോഹന്റെ അസാന്നിധ്യത്തെ തങ്ങള്‍ കൂട്ടായ പ്രചാരണത്തിലൂടെ മറികടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ അണ്ണാദുരൈ തേജസിനോടു പറഞ്ഞു. ``സ്ഥാനാര്‍ഥിയെ ജനങ്ങള്‍ മുഴുവന്‍ അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അവര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ മോഹന്‍ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല''- അദ്ദേഹം പറഞ്ഞു.
സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ആറുതവണ ജയില്‍വാസം അനുഷ്‌ഠിക്കുകയും നിരവധി പീഡനങ്ങള്‍ സഹിക്കുകയും ചെയ്‌ത സഖാവാണ്‌. വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നതായി ഓട്ടോ ഡ്രൈവര്‍ തങ്കരാജ്‌ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ അഴഗിരി ഭരണയന്ത്രത്തെ പൂര്‍ണമായി ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം ആരോപിക്കുന്നു. മധുര ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.ഐ.എ.ഡി.എം.കെയാണു ജയിച്ചത്‌. ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയായ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമാണ്‌ സി.പി.എം. മധുരക്കടുത്ത തിരുമംഗലം നിയമസഭാ മണ്ഡലം ഡി.എം.കെ ജയിച്ചത്‌ പണമൊഴുക്കിയും കൈയൂക്കു കാണിച്ചുമാണെന്നും ഇതേ തന്ത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
ജില്ലാ കലക്ടറും പോലിസ്‌ മേധാവികളും മുഖ്യമന്ത്രിപുത്രന്‌ എല്ലാ സഹായവും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത്‌ കൈയോടെ പിടിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. മധുരയില്‍ അഴഗിരി രാജ്‌ ആണു നടക്കുന്നതെന്നു സി.പി.എം ആരോപിക്കുന്നു.

മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു

ലഖ്‌നോ: ദലിത്‌-ബ്രാഹ്‌മണ വോട്ടുകള്‍ തന്ത്രപരമായി നേടി അധികാരം കൈക്കലാക്കുന്ന മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു. ദലിതനെ തൊട്ടാല്‍ ശുദ്ധികലശം ചെയ്യണമെന്ന പഴയ ജാതിചിന്ത തന്നെയാണു ദലിത്‌ സംഘടനയായ ബി.എസ്‌.പിയില്‍ നിന്നു ബ്രാഹ്‌ മണരെ അകറ്റുന്നത്‌.
ദലിതരുമായി കൈകോര്‍ക്കുന്ന ബ്രാഹ്‌മണരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന ബി.ജെ.പിയുടെയും എസ്‌.പിയുടെയും ആഹ്വാനം ഇതിനു തീപ്പിടിപ്പിക്കുന്നു. ദലിത്‌ ബ്രാഹ്‌മണരുടെ രാഷ്ട്രീയ കൂട്ടുകെട്ടു തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ്‌ എതിരാളികള്‍ പയറ്റുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ ദലിത്‌-ബ്രാഹ്‌മിണ്‍ കൂട്ടുകെട്ടെന്ന ആശയമുപയോഗിച്ചായിരുന്നു മായാവതി അധികാരത്തിലേക്ക്‌ നടന്നടുത്തത്‌. 2007ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 206 എണ്ണവും പിടിച്ചെടുത്തായിരുന്നു ബി.എസ്‌.പി ഒന്നാംകക്ഷിയായത്‌. ഇക്കുറി 80 ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 എണ്ണത്തില്‍ കൂടുതല്‍ പിടിച്ചെടുത്തു ചരിത്രം ആവര്‍ത്തിക്കുമോയെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
`ബ്രാഹ്‌മണര്‍ അവരുടെ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കണ'മെന്ന മായാവതിയുടെ ആത്മകഥയിലെ പരാമര്‍ശമാണ്‌ മായാവതിക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്നത്‌.
ബ്രാഹ്‌മണ്‍ വോട്ടുബാങ്ക്‌ നഷ്ടപ്പെട്ട ബി.ജെ.പിയാണ്‌ ഈ കാംപയിന്‍ നടത്തുന്നത്‌.
ലുദിയ, ഖിദിയ, ബിദിയ (ഒരേ ജഗ്ഗില്‍ നിന്ന്‌ വെള്ളം കുടിക്കുക, കട്ടിലില്‍ ഒരുമിച്ചിരിക്കുക, വ്യത്യസ്‌ത ജാതികളുടെ പരസ്‌പര വിവാഹം) എന്ന മുദ്രാവാക്യം ദലിതുകള്‍ക്കു സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന്‌്‌ എസ്‌.പി നേതാവ്‌ മുലായംസിങ്‌ യാദവ്‌ ഏപ്രില്‍ 22ന്‌ ബദോഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രാഹ്‌മണര്‍ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തു നല്‍കണമെന്നതിനെയും മുലായം വിമര്‍ശിക്കുന്നു.
ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയാനുള്ള സാമൂഹികപദ്ധതിയെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയായാണു പ്രതിപക്ഷം ചിത്രീകരിക്കുന്നത്‌. ബി.എസ്‌.പിക്ക്‌ വോട്ടു ചെയ്യുന്ന ബ്രാഹ്‌മണരുടെ ജാതി നഷ്ടപ്പെടുമെന്ന മുദ്രാവാക്യമാണു യാദവ, സംഘപരിവാര പാര്‍ട്ടികള്‍ അവരുടെ കാംപയിനുകളില്‍ ഉയര്‍ത്തുന്നത്‌്‌.
ബി.ജെ.പി നേതാവ്‌ മഹേഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ ഒരു ബ്രാഹ്‌മണന്‍ മറ്റു ജാതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയെന്നത്‌ എല്ലാവരെയും കളിയാക്കലാണ്‌.
ഇത്തരം ആശയങ്ങളിലൂടെ മായാവതി സ്വന്തമായി രാഷ്ട്രീയ കുഴിമാടം മാന്തുകയാണ്‌. മുലായം മന്ത്രിസഭയിലെ മന്ത്രിയും എസ്‌.പിയിലെ ബ്രാഹ്‌മിണ്‍ നേതാവുമായ അശോക്‌ ബാജ്‌പെയുടെ അഭിപ്രായത്തില്‍ ഇത്തരം അരുചികരമായ മുദ്രാവാക്യങ്ങള്‍ ബ്രാഹ്‌മണര്‍ക്കിടയിലെ വിധ്വേഷം ആളിക്കത്തിക്കും. എന്നാല്‍ ബി.എസ്‌.പിയിലെ ബ്രാഹ്‌മണ നേതാവും മായാവതി സര്‍ക്കാരിലെ നഗര വികസന മന്ത്രിയുമായ നകുല്‍ ദുബായി ഇതിനെ എതിര്‍ക്കുന്നു.
`സമൂഹം ഒന്ന്‌' എന്ന രാഷ്ട്രീയ മുദ്രാവാക്യമാണു മായാവതി ഉയര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു.
ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേകിച്ച്‌ പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക്‌ അര്‍ഹമായ അധികാര പങ്കാളിത്തം നല്‍കുമെന്ന വാഗ്‌ദാനമുയര്‍ത്തിയാണു മായാവതി ഇതിനെ എതിരിടുന്നത്‌. ന്യൂഡല്‍ഹിയില്‍ അധികാരത്തിലേറിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കടക്കം ജോലി സംവരണം നല്‍കുമെന്നു മായാവതി ഉറപ്പുനല്‍കുന്നു.
ഇക്കുറി നാലിലൊന്നു സീറ്റുകളാണ്‌ ബി.എസ്‌.പി ബ്രാഹ്‌മണര്‍ക്കായി നീക്കിവച്ചത്‌.