2009-04-15

പ്രചാരണം കൊടിയിറങ്ങി

നിഷാദ്‌ എം ബഷീര്‍
തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു സംസ്ഥാനത്ത്‌ കൊടിയിറങ്ങി. കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള അണികളുടെ ആവേശത്തള്ളല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കി.
മലപ്പുറം ജില്ലയിലെ തിരൂര്‍, അരീക്കോട്‌, ചങ്ങരംകുളം, ചേളാരി, ചെമ്മാട്‌ എന്നിവിടങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരില്‍ പോലിസുകാരും ഉള്‍പ്പെടും. മഞ്ചേരി ടൗണില്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ചന്തക്കുന്ന്‌ പരേതനായ മോയി ഹൈദ്രു എന്ന കുട്ടുവിന്റെ മകന്‍ മൊയ്‌തീന്‍ (50) ആണ്‌ മരിച്ചത്‌. നെഞ്ചുവേദനയെ തുടര്‍ന്ന്‌ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സീനത്ത്‌. ഫാത്തിമ മാതാവാണ്‌. മക്കള്‍ സഫൂറ, ഹബീബ്‌, ദര്‍വിസ്‌.
ഇരുമുന്നണികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വിവിധയിടങ്ങളില്‍ പോലിസിനു ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. തിരൂരില്‍ യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കും ഒരു എല്‍.ഡി.എഫ്‌ പ്രവര്‍ത്തകനും അഞ്ച്‌ പോലിസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ്‌ ഗുരുതരാവസ്ഥയില്‍ തിരൂര്‍ സി.ഐ ബാബു കെ തോമസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ചേളാരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഴ്‌ സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചെമ്മാട്ട്‌ മൂന്ന്‌ പി.ഡി.പി-ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദ്ദനമേറ്റു. പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടപ്പോള്‍ വളാഞ്ചേരിയില്‍ പോലിസ്‌ ലാത്തിവീശി. അരീക്കോട്ട്‌ നടന്ന കൊട്ടിക്കലാശത്തിനിടെ ഇരുമുന്നണികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പോലിസുകാര്‍ക്കടക്കം നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും അക്രമത്തിനിരയായിട്ടുണ്ട്‌. താനൂരില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. എടവണ്ണപ്പാറ ആക്കോട്ട്‌ എല്‍.ഡി.എഫ്‌ നടത്തിയ റോഡ്‌ ഷോയിലെ സമാപനം അക്രമത്തില്‍ കലാശിച്ചു. ഇരുവിഭാഗത്തില്‍പ്പെട്ട മൂന്നു പേര്‍ക്കു വെട്ടേറ്റു.
കലാശക്കൊട്ടിനിടെ കോട്ടയം നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിലും പോലിസ്‌ ലാത്തിയടിയിലും ബി.ജെ.പി സ്ഥാനാര്‍ഥിയടക്കം നിരവധി പേര്‍ക്ക്‌ പരിേക്കറ്റു. സംഘര്‍ഷത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്‌. ഇന്നലെ വൈകുന്നേരം 5 മണിയോടെ പരസ്യപ്രചാരണം അവസാനത്തോടടുക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.
ഉച്ച മുതല്‍ ഗാന്ധി സ്‌ക്വയര്‍ പരിസരത്ത്‌ തടിച്ചുകൂടിയ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തുടക്കം മുതല്‍ തന്നെ ഉന്തും തള്ളും ഉണ്ടായിരുന്നു. പ്രചാരണവാഹനത്തില്‍ ഇരിക്കുകയായിരുന്ന ബി.ജെ.പി സ്ഥാനാര്‍ഥി നാരായണന്‍ നമ്പൂതിരിക്കുനേരെ ജനക്കൂട്ടത്തിനിടയില്‍നിന്നു കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ തലയ്‌ക്ക്‌ പരിക്കേറ്റു വീണ നമ്പൂതിരിയെ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.
തലയ്‌ക്ക്‌ ഏഴോളം തുന്നിക്കെട്ടുള്ള നമ്പൂതിരിയുള്‍പ്പെടെ എട്ട്‌ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജിലും, നിസ്സാര പരിക്കേറ്റ 15ഓളം പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനു പിന്നില്‍ യു.ഡി.എഫ്‌ കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

പിണറായി ഗ്രൂപ്പ്‌ നിലനില്‍പ്പിനായി അന്തിമ പോരാട്ടത്തില്‍

സ്വന്തം പ്രതിനിധി
കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണകോലാഹലങ്ങള്‍ക്കു തിരശ്ശീല വീണതോടെ പിണറായിവിഭാഗം നിലനില്‍പ്പ്‌ ഭദ്രമാക്കാനുള്ള അടവുകളുമായി നെട്ടോട്ടത്തില്‍.
യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ പോരിലുപരി ഇടതുമുന്നണിയില്‍ ഒറ്റപ്പെടുകയും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം നിസ്സഹകരിക്കുകയും ചെയ്യുന്ന സ്ഥിതിക്കു സീറ്റുകള്‍ കുറയുന്നതു പിണറായിയുടെ മാത്രം നയവൈകല്യമായിത്തീരുമെന്നതിനാല്‍ പലതരം അടവുനയങ്ങളുമായി പാര്‍ട്ടി ദൂതന്മാര്‍ പരക്കംപായുകയാണ്‌.
തങ്ങളുടെ ശക്തിദുര്‍ഗങ്ങള്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണു സി.പി.എം ഔദ്യോഗികവിഭാഗം. പാര്‍ട്ടിയിലെ തന്നെ എതിര്‍ഗ്രൂപ്പ്‌ പോളിങ്‌ ബൂത്തില്‍ ആഞ്ഞടിക്കുമെന്നാണ്‌ ഇപ്പോള്‍ പിണറായി ഗ്രൂപ്പിന്റെ ഭയം.
2008 വരെ തീവ്രവാദത്തിന്റെ ഏകോപനക്കാരന്‍ എന്നു സി.പി.എം ലേഖകര്‍ വിശേഷിപ്പിച്ചിരുന്ന അബ്ദുന്നാസിര്‍ മഅ്‌ദനിയെ ഇല കൂടാതെ തന്നെ സ്റ്റേജില്‍ കയറ്റാന്‍ പിണറായിഗ്രൂപ്പ്‌ തയ്യാറായത്‌ ഈ അസ്‌തിത്വഭീഷണി മൂലമാണ്‌.
ജയിക്കാനായി എല്ലാം മറന്നു പ്രവര്‍ത്തിക്കാനാണു പാര്‍ട്ടി സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടും എന്ന പഴയ ഇ എം എസ്‌ സിദ്ധാന്തത്തിന്റെ തനിയാവര്‍ത്തനമാണിത്‌. ഭരണവിരുദ്ധ വികാരവും ലാവ്‌ലിന്‍ അഴിമതിയും വിവിധ സമുദായസംഘടനകളുടെ എതിര്‍പ്പുകളും ചേര്‍ന്നു ശക്തമായ ഇടതുവിരുദ്ധ വികാരത്തിന്റെ അലതള്ളല്‍ പാര്‍ട്ടിയെ പത്മവ്യൂഹത്തില്‍ അകപ്പെടുത്തിയിരിക്കുമ്പോള്‍ പ്രസ്റ്റീജ്‌ മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറുകയാണു പിണറായിഗ്രൂപ്പിന്റെ ലക്ഷ്യം. വയനാട്ടില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരനാണു സി.പി.എമ്മിന്റെ രഹസ്യ പിന്തുണ. സി.പി.ഐയെ പാഠം പഠിപ്പിക്കാമെന്നും മറ്റു മണ്ഡലങ്ങളിലെ എന്‍.സി.പി വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നുമാണു ഇതിലൂടെ സി.പി.എം കരുതുന്നത്‌.
ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ബി.ജെ.പി വര്‍ഗീയകക്ഷിയല്ലെന്നു പറഞ്ഞതും പുതിയ അടവുനയത്തിന്റെ സൂചനയാണ്‌. നേരത്തേ കേന്ദ്രത്തില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുകയും പിന്നീടു പിന്‍വാതിലിലൂടെ ഇടതുമുന്നണി പ്രവേശനം നേടുകയും ചെയ്‌ത പി സി തോമസാണ്‌ ഇവിടെ ബി.ജെ.പി-ആര്‍.എസ്‌.എസ്‌ വോട്ടുകള്‍ തരപ്പെടുത്തുന്നത്‌.
സാമ്രാജ്യത്വവിരോധം മറയാക്കി പൊന്നാനിയില്‍ മുസ്‌ലിംലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.എം ഇതിനായി ആര്‍.എസ്‌.എസിന്റെയും പിന്തുണ തേടിയിട്ടുണ്ട്‌. ജനപക്ഷം നേതാവ്‌ കെ രാമന്‍പിള്ളയാണ്‌ ഇടനിലക്കാരന്‍. അദ്ദേഹം പൊന്നാനി മണ്ഡലത്തിലെ പല ആര്‍.എസ്‌.എസ്‌ നേതാക്കളുമായും ഇടതു സ്ഥാനാര്‍ഥിക്കായി വോട്ടുകള്‍ ഉറപ്പിച്ചതായാണു വിവരം. രാമന്‍പിള്ളയുടെയും ഉമാ ഉണ്ണിയുടെയും സാന്നിധ്യം സംഘപരിവാര വോട്ടുകളില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിട്ടുണ്ട്‌. ബി.ജെ.പി വിട്ടെങ്കിലും ഇരുവരും ഇപ്പോഴും ആര്‍.എസ്‌.എസുമായി അടുത്ത ബന്ധം തുടരുകയാണ്‌. മുസ്‌ലിംലീഗിനെ പൊന്നാനിയില്‍ പരാജയപ്പെടുത്തുക എന്നതു സി.പി.എമ്മിനോടൊപ്പം ഹിന്ദുത്വവാദികളുടെയും അജണ്ടയായതിനാല്‍ ലീഗിനെതിരേ വോട്ടുകള്‍ സമാഹരിക്കുന്നത്‌ എളുപ്പമായി.
സി.പി.ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം പിന്തുണച്ചാല്‍ പൊന്നാനിക്കു പുറമെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിമതഭീഷണി നേരിടുന്ന വടകര, പാലക്കാട്‌ മണ്ഡലങ്ങളിലും മലപ്പുറത്തും സി.പി.എമ്മിനു വോട്ടുകള്‍ നല്‍കാമെന്നാണത്രെ ബി.ജെ.പിയുടെ വാഗ്‌ദാനം. അവിശ്വസനീയമായി തോന്നുമെങ്കിലും പുതുതായി രൂപപ്പെട്ട രാഷ്ട്രീയ ചേരിതിരിവുകള്‍ ഈ വാദങ്ങളെ ബലപ്പെടുത്തുന്നു. തിരുവനന്തപുരത്ത്‌ സി.പി.ഐ സ്ഥാനാര്‍ഥിക്കു വേണ്ടി സി.പി.എം സജീവമായി രംഗത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യമുള്ളതുകൊണ്ടാണ്‌ ഇസ്രായേല്‍ അനുകൂല നിലപാടിന്റെ പേരില്‍ വിവാദവിധേയനായ ശശി തരൂരിനു ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ പോലും നേരിയ വിജയസാധ്യത ഉണ്ടെന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്‌.
പൊന്നാനിയില്‍ ജയിക്കാന്‍ ഉപയോഗിച്ച ശേഷം പി.ഡി.പിയുടെ കഥകഴിക്കാം എന്നു പാര്‍ട്ടി അണികള്‍ക്കു സംസ്ഥാന സെക്രട്ടറി രഹസ്യ സര്‍ക്കുലര്‍ നല്‍കിയതായി പൊന്നാനിയില്‍ തുടക്കം മുതലേ സംസാരമുണ്ടായിരുന്നു. ജമാഅത്ത്‌ പിന്തുണയും പി.ഡി.പി ബന്ധവും മതേതര ഹിന്ദുവോട്ടുകള്‍ തങ്ങള്‍ക്കു നഷ്ടപ്പെടുത്തുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ പ്രബലമാണ്‌. മുസ്‌ലിം സംഘടിതശക്തിയെ തകര്‍ക്കാനും രാഷ്ട്രീയഫാഷിസം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന പോപുലര്‍ഫ്രണ്ടിന്റെ നിലപാടാണിപ്പോള്‍ സി.പി.എമ്മിന്റെ തലവേദന. ഫെബ്രുവരിയില്‍ കോഴിക്കോട്ടു വലിയൊരു ജനാവലിയെ പങ്കെടുപ്പിച്ചു നടത്തിയ വിജയകരമായ ദേശീയ-രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയനിലപാടു നിര്‍ണായകമാണെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. വിവിധ മണ്ഡലങ്ങളില്‍ പോപുലര്‍ ഫ്രണ്ട്‌ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലും പൊതുയോഗങ്ങളിലും ദൃശ്യമായ വമ്പിച്ച ആള്‍ക്കൂട്ടവും ഇടതുകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്‌.
യു.ഡി.എഫിനുള്ള പോപുലര്‍ ഫ്രണ്ട്‌ പിന്തുണ തങ്ങളെ സഹായിക്കുമെന്നു സി.പി.എം സെക്രട്ടറി ആവര്‍ത്തിക്കുന്നതിന്റെ കാരണവുമിതാണ്‌. എന്നാല്‍ പി.ഡി.പിയെ പോലെ വികാര രാഷ്ട്രീയമോ ജമാഅത്തെ ഇസ്‌ലാമിയെ പോലെ ഇസ്‌ലാമിക രാഷ്ട്രവാദമോ പ്രചരിപ്പിക്കാത്ത പോപുലര്‍ ഫ്രണ്ടിനെതിരായ പ്രചാരണം ഫലപ്രദമായിട്ടില്ല.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയം കാണാന്‍ കാത്തിരിക്കുകയാണ്‌ വി എസും കൂട്ടരും. അതിനാല്‍ തിരഞ്ഞെടുപ്പു പരാജയം ലഘൂകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്കതു കനത്ത രാഷ്ട്രീയ തിരിച്ചടിയാവുമെന്ന ഭീതിയില്‍ എത്ര തരംതാഴാനും തയ്യാറായാണ്‌ പിണറായി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

പശ്ചിമ ബംഗാളില്‍ മുസ്‌്‌ലിംകള്‍ സി.പി.എമ്മില്‍ നിന്ന്‌ അകലുന്നു

സ്വന്തം പ്രതിനിധി

കൊല്‍ക്കത്ത: 30 വര്‍ഷത്തിലേറെ സി.പി.എമ്മിനെ പിന്തുണച്ച പശ്ചിമ ബംഗാളിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഇത്തവണ ഇടതുപക്ഷത്തിനു തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണ്‌. ഒന്നരവര്‍ഷം മുമ്പ്‌ പ്രകടമായിത്തുടങ്ങിയ ഇടതുവിരുദ്ധ തരംഗം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കൂടുതല്‍ വ്യക്തമാവുമെന്നാണ്‌ ഇവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്‌.
സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ ഈ അടിയൊഴുക്ക്‌ കൂടുതല്‍ പ്രകടമാണ്‌. നന്തിഗ്രാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകൃതമായ സിദ്ദീഖുല്ലാ ചൗധരിയുടെ നന്തിഗ്രാം മൂവ്‌മെന്റിന്റെ രാഷ്ട്രീയരൂപമായ പീപ്പ്‌ള്‍സ്‌ ഡമോക്രാറ്റിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ 10 ലോക്‌സഭാ സീറ്റുകളിലേക്കാണ്‌ മല്‍സരിക്കുന്നത്‌. മറ്റ്‌ ആറിടങ്ങളില്‍ സി.പി.എമ്മിതര കക്ഷികളെ പിന്തുണയ്‌ക്കാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ജനങ്ങളുടെ ഈ ഇടതുവിരുദ്ധ നിലപാട്‌ വ്യക്തമായി പ്രതിഫലിച്ചു കാണാനുണ്ട്‌.
പരമ്പരാഗതമായി ഇടതിനു വോട്ട്‌ ചാര്‍ത്തിയ പശ്ചിമ ബംഗാളിലെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ മനംമാറ്റത്തിനു കാരണം നന്തിഗ്രാം പ്രക്ഷോഭം നല്‍കിയ ഊര്‍ജവും തിരിച്ചറിവുമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ്‌ മിഡ്‌നാപുര്‍ ജില്ലയിലെ നന്തിഗ്രാമില്‍ തന്നെ വിദേശകമ്പനിക്കു വേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമവും, പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ്‌ നടത്തിയ വെടിവയ്‌പില്‍ 14 പേരും തുടര്‍ന്നുള്ള കലാപങ്ങളില്‍ നൂറുകണക്കിനു പേരും കൊല്ലപ്പെട്ടതും അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ്സിനൊപ്പംനിന്ന്‌ ഇടതുസ്ഥാനാര്‍ഥികളെ തറപറ്റിക്കുകയായിരുന്നു അവര്‍. അവസാനമായി ഇടതുകോട്ടയായി അറിയപ്പെടുന്ന വെസ്റ്റ്‌ വിഷ്‌ണുപൂരില്‍ സിറ്റിങ്‌ എം.എല്‍.എ ആയിരുന്ന സി.പി.എമ്മിലെ ഇസ്‌കന്ദര്‍ ഹുസയ്‌നെ 30,393 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിനായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മദന്‍ മിത്ര പരാജയപ്പെടുത്തിയത്‌. മുസ്‌ലിം-ദലിത്‌ വോട്ടുകളായിരുന്നു ഇതില്‍ നിര്‍ണായകം.
കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പോടെ ഈ പ്രവണത കണ്ടുതുടങ്ങിയെങ്കിലും സി.പി.എം അതത്ര കാര്യമാക്കിയിരുന്നില്ല. മുസ്‌ലിംകളില്‍ നിന്നുള്ള ചെറിയൊരു വിഭാഗം മാത്രമേ പാര്‍ട്ടിയെ കൈവിട്ടിട്ടുള്ളൂ എന്നായിരുന്നു അന്ന്‌ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ്‌ പറഞ്ഞത്‌. എന്നാല്‍, കാര്യങ്ങള്‍ പിടിവിട്ടുപോയെന്ന്‌ പിന്നീടു വന്ന തിരഞ്ഞെടുപ്പുകള്‍ തെളിയിക്കുകയായിരുന്നു.
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം ജനുവരി 5നു നടന്ന നന്തിഗ്രാം ഉപതിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ്സിനായിരുന്നു വിജയം. 39,551 വോട്ടുകള്‍ക്കായിരുന്നു ഇടതുപക്ഷത്തില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുത്തത്‌. ഇവിടെയും മുസ്‌ലിംവോട്ടുകളായിരുന്നു നിര്‍ണായകം.
ഈസ്‌റ്റ്‌ മിഡ്‌നാപുര്‍, സൗത്ത്‌ 24 പര്‍ഗാനാസ്‌ എന്നിവയ്‌ക്കു പുറമേ നോര്‍ത്ത്‌ 24 പര്‍ഗാനാസ്‌, ബിര്‍ഭൂം, നോര്‍ത്ത്‌ ദിനാജ്‌പുര്‍ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇടതുവിരുദ്ധ തരംഗം പ്രകടമാണ്‌.
നന്തിഗ്രാം സംഭവം, വ്യവസായ പ്രമുഖന്‍ അശോക്‌ ടോഡിയുടെ മകളെ വിവാഹം ചെയ്‌ത കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്‌ അധ്യാപകന്‍ റിസ്‌വാന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ സര്‍ക്കാര്‍ നിലപാട്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പുറമെ മൂന്നു പതിറ്റാണ്ടിലേറെയായി മുസ്‌ലിംകളോട്‌ ഇടതുസര്‍ക്കാര്‍ കാണിച്ച അവഗണനയും അടിച്ചമര്‍ത്തല്‍ നയവും ഈ അടിയൊഴുക്കിനു കാരണമായി.
ഇടതുപക്ഷത്തിന്‌ ഇത്രയും കാലം അടിയുറച്ച പിന്തുണ നല്‍കിയിട്ടും ഭരണ-ഉദ്യോഗതലങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമായതും മുസ്‌ലിം പ്രദേശങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയതും ഒരു പുനര്‍വിചിന്തനത്തിന്‌ അവരെ പ്രേരിപ്പിക്കുകയായിരുന്നു. ഓപറേഷന്‍ ബര്‍ഗ എന്ന പേരില്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയെങ്കിലും 62 ശതമാനം മുസ്‌ലിംകളും ഭൂരഹിതരാണെന്നത്‌ നന്തിഗ്രാം, സിംഗൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ എതിര്‍പ്പിന്‌ ആക്കംകൂട്ടി.
ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലം ഗ്രാമങ്ങളിലെ പണക്കാര്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമാണ്‌ ഏറെയും ലഭിച്ചതെന്ന്‌ നേരത്തെ ആരോപണമുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ മുസ്‌ലിംകളുടെ മാറിയ നിലപാട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

124 മണ്ഡലങ്ങളില്‍ പ്രചാരണം അവസാനിച്ചു; നാളെ വോട്ടെടുപ്പ്‌

ന്യൂഡല്‍ഹി: ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 17 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെയും 124 മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഏകഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന കേരളത്തിലെ 20 സീറ്റിലേക്കും മേഘാലയയിലെ രണ്ടു സീറ്റിലേക്കും നാളെ വോട്ടെടുപ്പ്‌ നടക്കും. ബിഹാര്‍, യു.പി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, ഒറീസ, അസം, അരുണാചല്‍പ്രദേശ്‌, മണിപ്പൂര്‍, ജമ്മുകശ്‌മീര്‍ എന്നീ സംസ്ഥാനങ്ങളിലെയും ചില മണ്ഡലങ്ങളിലും ഏകമണ്ഡലങ്ങളുള്ള മിസോറാം, നാഗാലാന്‍ഡ്‌, ആന്തമാന്‍- നിക്കോബാര്‍ ദ്വീപുസമൂഹങ്ങള്‍, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലും ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌.
122 വനിതകള്‍ ഉള്‍പ്പെടെ 1,715 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്‌. ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, ബി.ജെ.പി നേതാവ്‌ മുരളീ മനോഹര്‍ ജോഷി, ടി.ആര്‍.എസ്‌ നേതാവ്‌ കെ ചന്ദ്രശേഖര റാവു, കോണ്‍ഗ്രസ്‌ നേതാവ്‌ രേണുകാ ചൗധരി, നടി വിജയശാന്തി, മുന്‍ കേന്ദ്രമന്ത്രി ബി ദത്താരത്രേയ എന്നീ പ്രമുഖര്‍ ഇതില്‍പ്പെടും.
1.85 ലക്ഷം പോളിങ്‌ ബൂത്തുകളിലായി 14.31 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഒമ്പതുലക്ഷം പോളിങ്‌ ഉദ്യോഗസ്ഥരെയും 3,00,166 വോട്ടിങ്‌ യന്ത്രങ്ങളും ആദ്യഘട്ട വോട്ടിിനായി സജ്ജമാക്കിയിട്ടുണ്ട്‌.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്‌ നടത്താന്‍ വേണ്ടി 1.25 ലക്ഷം പേരെ കരുതല്‍ തടങ്കലിലാക്കി. വോട്ടെടുപ്പ്‌ രാവിലെ ഏഴു മുതല്‍ വെകീട്ട്‌ അഞ്ചുമണി വരെയാണ്‌. എന്നാല്‍, മാവോവാദി ആക്രമണസാധ്യതയുള്ള മേഖലകളില്‍ ഏഴു മുതല്‍ മൂന്നു വരെയായിരിക്കും വോട്ടെടുപ്പ്‌. ആന്ധ്രപ്രദേശ്‌, ഒറീസ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കും. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി, എന്‍.ഡി.എയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി എല്‍ കെ അഡ്വാനി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, നരേന്ദ്രമോഡി, പ്രകാശ്‌ കാരാട്ട്‌, എ ബി ബര്‍ദന്‍ തുടങ്ങിയവര്‍ അതതു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മിക്കയിടങ്ങളിലും പ്രചാരണം നടത്തിയിരുന്നു.
ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്‌ കേരളത്തിലും മുംബൈയിലും പ്രചാരണം നടത്തി. നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ കൊണ്ടും വാഗ്‌ദാന പെരുമഴയാലും വളരെ ആവേശകരമായിരുന്നു ആദ്യഘട്ട പ്രചാരണം. മന്‍മോഹന്‍സിങിനെ ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന്‌ അധിക്ഷേപിച്ച അഡ്വാനിയെ കാന്തഹാര്‍ സംഭവവും ബാബരി മസ്‌ജിദ്‌ തകര്‍ച്ചയും എടുത്തുകാട്ടിയാണു കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചത്‌.
കോണ്‍ഗ്രസ്സിനെ കിഴവി എന്നു വിളിച്ച നരേന്ദ്രമോഡിക്കെതിരേയും ചുട്ടമറുപടിയായി കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുലും പ്രിയങ്കയും രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ വിരുന്നില്‍ നിന്ന്‌ അഡ്വാനി വിട്ടുനിന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിക്ക്‌ വേണ്ടി നടത്തിയ വിരുന്നില്‍നിന്ന്‌ എല്‍ കെ അഡ്വാനി വിട്ടുനിന്നു. ഇരുവരും തമ്മിലുള്ള വാഗ്‌ യുദ്ധം തുടരുന്നതിനിടെയാണ്‌ അഡ്വാനിയുടെ വിട്ടുനില്‍ക്കല്‍. നേരത്തെ ഡോ. അംബേദ്‌കര്‍ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ഇരു നേതാക്കളും കണ്ടു മുട്ടിയിരുന്നു. പരസ്‌പരം കൈകൊടുത്തെങ്കിലും കൂടിക്കാഴ്‌ച ഊഷ്‌മളമായിരുന്നില്ല. പ്രചാരണ പരിപാടികളില്‍ മന്‍മോഹനനെ ദുര്‍ബലനെന്ന്‌ വിശേഷിപ്പിച്ച്‌ അഡ്വാനി നിരന്തരം അധിക്ഷേപിച്ചിരുന്നു. കാന്തഹാര്‍ വിഷയവും മറ്റും ഉപയോഗിച്ചാണ്‌ കോണ്‍ഗ്രസ്‌ പ്രതിരോധിച്ചത്‌. അംബേദ്‌കറോട്‌ കോണ്‍ഗ്രസ്‌ നീതികാട്ടിയില്ലെന്ന അഡ്വാനിയുടെ പരാമര്‍ശം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.

പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ല: ജയ


ചെന്നൈ: പ്രധാനമന്ത്രിപദം താന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ അണ്ണാ ഡി.എം.കെ നേതാവ്‌ ജയലളിത വ്യക്തമാക്കി. ലങ്കന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചോരപ്പുഴയൊഴുകുമെന്ന വൈക്കോയുടെ പ്രസ്‌താവനയില്‍ തെറ്റില്ലെന്ന്‌ അവര്‍ പറഞ്ഞു.

വിദ്വേഷ പ്രസംഗം: കണ്ഡമാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍

ഭുവനേശ്വര്‍: വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ കണ്ഡമാല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി അശോക്‌ സാഹുവിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലടച്ചു. ഫുല്‍ബാനി നഗരത്തില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുക്കുമ്പോഴാണ്‌ സാഹുവിനെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ ജില്ലാ കലക്ടര്‍ കൃഷ്‌ണകുമാര്‍ അറിയിച്ചു. ജാമ്യാപേക്ഷ നിരസിച്ച കോടതി ഇദ്ദേഹത്തെ രണ്ടാഴ്‌ച ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഈ മാസം 5ന്‌ രാകിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ്‌ സാഹു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌. കഴിഞ്ഞ വര്‍ഷം ലക്ഷ്‌മണാനന്ദ സരസ്വതിയെന്ന വി.എച്ച്‌.പി നേതാവ്‌ കൊല്ലപ്പെട്ടതിനെക്കുറിച്ചായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രസംഗം. ``സ്വാമിയെ ആരാണ്‌ കൊന്നത്‌? ഇത്തരമൊരു കൃത്യം ചെയ്‌തയാള്‍ക്ക്‌ അതിന്റെ പരിണിതഫലത്തെക്കുറിച്ച്‌ യാതൊരു ബോധവുമില്ലേ? ഇക്കാര്യം ഞാന്‍ ഇടയ്‌ക്കിടെ പറഞ്ഞാല്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയതിന്‌ എന്നെ പ്രതിയാക്കും'' എന്നിങ്ങനെയായിരുന്നു സാഹുവിന്റെ വാക്കുകള്‍. ചര്‍ച്ചുകളില്‍ നടക്കുന്നത്‌ മതപരിവര്‍ത്തനമാണെന്നും ഈ ബി.ജെ.പി നേതാവ്‌ ആരോപിക്കുകയുണ്ടായി.
പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 9നാണ്‌ സാഹുവിനെതിരേ എഫ്‌.ഐ.ആര്‍ തയ്യാറാക്കിയത്‌. ശനിയാഴ്‌ച പോലിസ്‌ അറസ്‌റ്റ്‌ വാറന്റും പുറപ്പെടുവിച്ചു. ക്രിസ്‌ത്യാനികള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നാണ്‌ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സാഹു വ്യക്തമാക്കിയത്‌.
ഏതാനും മാസം മുമ്പ്‌ കണ്ഡമാലില്‍ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ അരങ്ങേറിയ വ്യാപക അക്രമങ്ങളില്‍ വി.എച്ച്‌.പിയുമായി അടുത്ത ബന്ധമുള്ള സാഹുവിന്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു.

മലബാറില്‍ കാര്യങ്ങള്‍ പ്രവചനാതീതം

പി സി അബ്‌്‌ദുല്ല

കോഴിക്കോട്‌: സംസ്ഥാനത്തിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പുചൂട്‌ മുഴുവന്‍ ആവാഹിച്ച മലബാറിലെ മണ്ഡലങ്ങള്‍ അവസാന നിമിഷവും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നില്ല. പ്രചാരണ കൊട്ടിക്കലാശത്തിനു ശേഷമുള്ള അന്തിമഘട്ട വിലയിരുത്തലുകളും അടിയൊഴുക്കു സാധ്യതകളും നല്‍കുന്നത്‌ അട്ടിമറി സൂചനകളാണ്‌.
കാസര്‍കോഡ്‌ മുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിലെ ഏഴു മണ്ഡലങ്ങളില്‍ ഇരുമുന്നണികള്‍ക്കും ഉറപ്പിച്ചുപറയാവുന്നത്‌ ഓരോ മണ്ഡലങ്ങള്‍ മാത്രം- കാസര്‍കോഡും മലപ്പുറവും. ബാക്കി അഞ്ചിടത്തും കാര്യങ്ങള്‍ കാണാമറയത്തുതന്നെ. കാസര്‍കോട്ട്‌ യു.ഡി.എഫ്‌ ഇത്തവണ പ്രചാരണത്തില്‍ ഏറെ മുന്നേറിയെങ്കിലും ചരിത്രം ഷാഹിദാ കമാലിലൂടെ വഴിമാറുമെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നില്ല. ശക്തമായ പ്രചാരണം കാഴ്‌ചവച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്കു തടയിടാനുള്ള അവസാനവട്ട ഉരുത്തിരിയലുകളില്‍ സാധ്യത ഇടതുമുന്നണിക്കു തന്നെയാകുമെന്നാണ്‌ നിഗമനങ്ങള്‍.
ഇടതുമുന്നണിയുടെ ഉറച്ച തട്ടകങ്ങളായ കണ്ണൂരിലും വടകരയിലും യു.ഡി.എഫ്‌ മുന്നേറ്റം നടത്തിയിട്ടുണ്ട്‌. അട്ടിമറിസാധ്യതകളാണ്‌ ഇവിടങ്ങളില്‍ യു.ഡി.എഫ്‌ പ്രതീക്ഷിക്കുന്നത്‌. ഇടതുമുന്നണിയുടെ ഈ സിറ്റിങ്‌ മണ്ഡലങ്ങളില്‍ അവര്‍ക്കിപ്പോള്‍ അമിതമായ ആത്മവിശ്വാസമില്ല. യു.ഡി.എഫിന്‌ അനായാസ വിജയം നല്‍കേണ്ട വയനാട്ടില്‍ അടിയൊഴുക്കുസാധ്യതകള്‍ അവസാന നിമിഷം ശക്തമായിട്ടുണ്ട്‌. പ്രധാന മത്സരം ഒടുവില്‍ യു.ഡി.എഫും എന്‍.സി.പിയും തമ്മിലാവുമോ എന്നിടത്താണ്‌ വയനാട്ടിലെ രഹസ്യനീക്കങ്ങള്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്‌തിയുള്ള ചില കോണ്‍ഗ്രസ്‌ നേതാക്കളെ കെ മുരളീധരന്‍ ഇതിനകം സ്വാധീനിച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ എന്‍.സി.പി വോട്ടുകള്‍ക്കു പകരമായി വയനാട്ടിലെ സി.പി.എം വോട്ടുകള്‍ മുരളിയുടെ പെട്ടിയിലാവുമെന്നും സൂചനകളുണ്ട്‌. അതേസമയം, മണ്ഡലത്തില്‍ നിര്‍ണായകമായ മുസ്‌ലിം-ക്രിസ്‌ത്യന്‍ വോട്ടുകള്‍ എം ഐ ഷാനവാസിനെ തുണയ്‌ക്കുമെന്നുതന്നെയാണ്‌ യു.ഡി.എഫിന്റെ പ്രതീക്ഷ.
കോഴിക്കോടിന്‌ ഇടതുമുന്നണിയുടെ സാധ്യതാപട്ടികയിലാണ്‌ ഇടം. യു.ഡി.എഫ്‌ ഒപ്പത്തിനൊപ്പമാണെങ്കിലും ഇവിടെ നേരിയ മുന്‍തൂക്കം റിയാസിനാണെന്നാണ്‌ അന്തിമഘട്ട നിരീക്ഷണം.
ഇടതുമുന്നണി അമിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും മലപ്പുറത്ത്‌ യു.ഡി.എഫ്‌ മികച്ച വിജയം കൈവരിക്കുമെന്നുതന്നെയാണ്‌ അവസാന വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം പരീക്ഷിച്ചു വിജയിപ്പിച്ച ഭിന്നിപ്പിക്കല്‍ തന്ത്രം ഇക്കുറി ഇവിടെ ചെലവാകില്ലെന്നതാണ്‌ ടി കെ ഹംസയുടെ സാധ്യതകള്‍ക്കു തടയിടുന്നത്‌.
മുന്‍കാലങ്ങളില്‍ കാണാത്തവിധം മലപ്പുറത്ത്‌ കോണ്‍ഗ്രസ്‌ ഘടകങ്ങള്‍ ഇത്തവണ സജീവമായതും മണ്ഡലത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള മുസ്‌ലിം സംഘടനകളുടെ പിന്തുണയും ഇ അഹമ്മദിനു വന്‍നേട്ടമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. ആണവകരാര്‍ പ്രശ്‌നത്തില്‍ അഹമ്മദിനെതിരേ പരസ്യമായി രംഗത്തുവന്നവര്‍ക്ക്‌ അണിയറയില്‍ ഹംസ അനഭിമതനാണെന്നതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വോട്ടെടുപ്പിന്റെ അവസാന മണിക്കൂര്‍ വരെ യു.ഡി.എഫ്‌ പുലര്‍ത്തുന്ന ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു പൊന്നാനിയിലെ കാര്യങ്ങള്‍. മഅ്‌ദനിയെയും രണ്ടത്താണിയെയും ഉപയോഗിച്ച്‌ മുസ്‌ലിംവോട്ട്‌ ഭിന്നിപ്പിക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ക്ക്‌ ഇവിടെ വോട്ടെടുപ്പിനു മുമ്പേ തിരിച്ചടി ലഭിച്ചതും ശ്രദ്ധേയമാണ്‌. മുസ്‌ലിം സംഘടനകള്‍ പരസ്യമായി യു.ഡി.എഫ്‌ പക്ഷത്ത്‌ ഏകീകരിക്കപ്പെട്ട സംസ്ഥാനത്തെ ഏക മണ്ഡലമായി പൊന്നാനി മാറിയത്‌ ഇ ടി മുഹമ്മദ്‌ ബഷീറിന്റെ പ്രതീക്ഷകള്‍ക്ക്‌ ആക്കംകൂട്ടുന്നു.

തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്‌ പ്രതീക്ഷ; കരുതലോടെ എല്‍.ഡി.എഫ്‌

ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: പോളിങിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തെക്കന്‍ കേരളത്തില്‍ അവസാനവട്ട അടിയൊഴുക്കുകള്‍ ദൃശ്യമായിത്തുടങ്ങി. പരസ്യപ്രചാരണം അവസാനിച്ചതോടെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള നിശ്ശബ്ദ പ്രചാരണത്തിനും അവസാന അടിയൊഴുക്കുകള്‍ക്കുമാവും ഇനി തെക്കന്‍ കേരളം സാക്ഷ്യം വഹിക്കുക. മണ്ഡല പുനസ്സംഘടനയിലൂടെ അതിരുകളും മണ്ഡലങ്ങളുടെ പേരും മാറിമറിഞ്ഞെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കാവില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍, കൊല്ലം, ചിറയിന്‍കീഴ്‌, തിരുവനന്തപുരം മണ്ഡലങ്ങളില്‍ അരലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിരുന്നു. ശക്തമായ ഇടതുപക്ഷ അടിത്തറ ഇളക്കിമറിക്കുന്നതില്‍ യു.ഡി.എഫ്‌ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്‌.
മാവേലിക്കരയിലും പത്തനംതിട്ടയിലും യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമുണ്ട്‌. അവസാനവട്ട അട്ടിമറികള്‍ ഉണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌ നേതൃത്വം. പി.ഡി.പി ബന്ധം എല്‍.ഡി.എഫിനു കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും യു.ഡി.എഫ്‌ കരുതുന്നു. സി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന തിരുവനന്തപുരത്തും മാവേലിക്കരയിലും പി.ഡി.പി നിഷ്‌ക്രിയവുമാണ്‌.
കടുത്ത ചതുഷ്‌കോണ മല്‍സരത്തിനു വേദിയാവുന്ന തലസ്ഥാനത്ത്‌ അവസാനദിനത്തിലും ഫലം പ്രവചനാതീതമാണ്‌. പരസ്യപ്രചാരണം അവസാനിച്ച ഘട്ടത്തില്‍ നഗരപ്രദേശങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അതേസമയം, മുസ്‌ലിം സംഘടനകളില്‍ നിന്നും ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേയുണ്ടായ എതിര്‍പ്പ്‌ വിജയപ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്നുണ്ട്‌.
എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍ നേടുന്ന വോട്ടുകളും ശശി തരൂരിന്‌ തിരിച്ചടിയാവും. മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ സി.പി.ഐ സ്ഥാനാര്‍ഥി പി രാമചന്ദ്രന്‍ നായരെയും ബാധിക്കും. ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാരും തങ്ങളുടെ ശക്തി തെളിയിക്കുമെന്നുറപ്പാണ്‌.
ഇടതുമുന്നണിക്ക്‌ ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന ആറ്റിങ്ങലില്‍ സ്ഥിതി പ്രവചനാതീതമായി മാറിക്കഴിഞ്ഞു. പ്രചാരണരംഗത്ത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ജി ബാലചന്ദ്രന്‍ ആദ്യം പിന്നിലായിരുന്നെങ്കിലും അവസാനവട്ടത്തില്‍ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമാണ്‌.
കരുണാകരന്റെ വിശ്വസ്‌തന്‍ എന്‍ പീതാംബരക്കുറുപ്പ്‌ പോരിനിറങ്ങിയ കൊല്ലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ വിജയം നല്‍കി സി.പി.എമ്മിലെ പി രാജേന്ദ്രനെ അനുഗ്രഹിച്ചിരുന്നു. എന്നാല്‍, ഇത്തവണ പീതാംബരക്കുറുപ്പ്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. ആര്‍.എസ്‌.പി നിഷ്‌ക്രിയമായതും അവസാനഘട്ടത്തില്‍ സമുദായ സംഘടനകളുടെ ഭാഗത്തുനിന്നു യു.ഡി.എഫിനനുകൂലമായുണ്ടാവുന്ന നീക്കവും സി.പി.എമ്മിന്റെ വിജയപ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്നു.
മാവേലിക്കരയില്‍ എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്‌ ഉറച്ച വിജയപ്രതീക്ഷ പുലര്‍ത്തുന്നു. സി.പി.ഐ സ്ഥാനാര്‍ഥിയായ ആര്‍ എസ്‌ അനില്‍ നല്ല പോരാട്ടം കാഴ്‌ചവയ്‌ക്കുന്നുണ്ടെങ്കിലും സാമുദായിക സംഘടനകളുടെ പിന്തുണയില്ലാത്തത്‌ പോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.ഐ സ്ഥാനാര്‍ഥിയായതിനാല്‍ ഇവിടെ പി.ഡി.പിയും ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്നില്ല. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന നാലു മണ്ഡലങ്ങള്‍ ഇപ്പോള്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലുണ്ട്‌. ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ നീരസം അവസാനിച്ചതും കൊടിക്കുന്നിലിനു ഗുണം ചെയ്യും.
ആന്റോ ആന്റണി പത്തനംതിട്ടയില്‍ വിജയിക്കുമെന്നാണ്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. എന്‍.സി.പി സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ രംഗത്തുള്ളതിനാല്‍ തങ്ങളുടെ ഭൂരിപക്ഷം കുറയുമെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളും സമ്മതിക്കുന്നു.
എന്‍.എസ്‌.എസും ക്രൈസ്‌തവസഭകളും പത്തനംതിട്ടയില്‍ യു.ഡി.എഫിനെ തുണയ്‌ക്കും. ചെറിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴ ഇത്തവണ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ കെ സി വേണുഗോപാലിനെ രംഗത്തിറക്കിയത്‌.
എന്നാല്‍, സി.പി.എം വിഭാഗീയതയുടെ അതിപ്രസരമുള്ള ആലപ്പുഴയില്‍ പക്ഷേ, പ്രചാരണരംഗത്ത്‌ അത്‌ പ്രതിഫലിച്ചില്ല. പോളിങ്‌ ദിനം അടിയൊഴുക്കുകള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ്‌ സി.പി.എം. പിന്തുണ സംബന്ധിച്ച്‌ ലത്തീന്‍ കത്തോലിക്കര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയും സിറ്റിങ്‌ എം.പി ഡോ. കെ എസ്‌ മനോജിനെ കുഴക്കുന്നുണ്ട്‌.
തുടര്‍ച്ചയായി മൂന്നു തവണ നേടിയ വിജയം ഇത്തവണ കോട്ടയത്ത്‌ ആവര്‍ത്തിക്കാന്‍ സുരേഷ്‌ കുറുപ്പിന്‌ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ജോസ്‌ കെ മാണിയെ ഇത്തവണ പാര്‍ലമെന്റിലെത്തിക്കാന്‍ കഴിയുമെന്നാണ്‌ പിതാവ്‌ കെ എം മാണിയുടെ പ്രതീക്ഷ. ക്രൈസ്‌തവസഭകളുടെ പിന്തുണയും ജോസ്‌ കെ മാണിക്ക്‌ ഗുണം ചെയ്യും.
കോട്ടയത്ത്‌ യു.ഡി.എഫ്‌ ക്യാംപ്‌ സജീവമാണ്‌. കഴിഞ്ഞ തവണ 42,914 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി സുരേഷ്‌ കുറുപ്പിനെ അനുഗ്രഹിച്ച മണ്ഡലമാണ്‌ കോട്ടയം. മണ്ഡലത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിച്ചതും എന്‍.എസ്‌.എസിന്റെയും ക്രൈസ്‌തവസഭകളുടെയും പിന്തുണയും കോട്ടയത്ത്‌ യു.ഡി.എഫിന്‌ ആത്മവിശ്വാസം പകരുന്നു.

അട്ടിമറികള്‍ക്കു കാതോര്‍ത്ത്‌ മധ്യകേരളം

റഹീം നെട്ടൂര്‍
കൊച്ചി: പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയുമെല്ലാം ഇടതില്‍ നിന്നു പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌ മെനഞ്ഞ തന്ത്രങ്ങള്‍ എത്രത്തോളം ഫലപ്രദമാവുമെന്നു കാത്തിരുന്നു കാണാം. വിമതശല്യങ്ങളും ജനതാദള്‍ ഫാക്ടറുമെല്ലാം പല മണ്ഡലങ്ങളിലും ഇടതിനു തലവേദനയാകുന്നുണ്ട്‌.
ഒറ്റപ്പാലവും മുകുന്ദപുരവും മുഖംമിനുക്കല്‍ നടത്തി ആലത്തൂരും ചാലക്കുടിയുമായി മാറിയിരിക്കുകയാണ്‌. ചാലക്കുടിയില്‍ കൈപ്പത്തിക്കു തന്നെയാണ്‌ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. മധ്യകേരളത്തില്‍ വിവിധ സമുദായവോട്ടുകള്‍ വിധിനിര്‍ണയത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം ചെറുതല്ല.
സുന്നി, മുജാഹിദ്‌, പോപുലര്‍ ഫ്രണ്ട്‌, ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി തുടങ്ങിയ സംഘടനകള്‍ക്ക്‌ പലയിടങ്ങളിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാനാവും. ക്രിസ്‌ത്യന്‍ സഭകള്‍, എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌ സംഘടനകളും മധ്യകേരളത്തില്‍ നിര്‍ണായക ഘടകങ്ങളാവുമെന്നാണ്‌ കരുതുന്നത്‌. അതുകൊണ്ടുതന്നെ കണക്കുകൂട്ടലുകള്‍ക്കൊക്കെ അപ്പുറം ഈ വിഭാഗങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്താനായി എന്നതനുസരിച്ചിരിക്കും തിരഞ്ഞെടുപ്പുഫലം. പാലക്കാട്‌ `ഷൊര്‍ണൂര്‍' ആവര്‍ത്തിക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌ എല്‍.ഡി.എഫ്‌. വിമതരും ജനതാദളും ഒന്നിച്ച്‌ സി.പി.എമ്മിനെതിരേ തിരിയുന്നത്‌ പാലക്കാടന്‍ ചെങ്കോട്ടയുടെ മാറു പിളര്‍ക്കാന്‍ കരുത്തു പകരുമെന്നു യു.ഡി.എഫ്‌ സാരഥി സതീശന്‍ പാച്ചേനി കരുതുന്നു. അതേസമയം, എന്‍.സി.പി സ്ഥാനാര്‍ഥി പി എ റസാഖ്‌ മൗലവി നേടുന്ന വോട്ടുകള്‍ യു.ഡി.എഫിനെ ക്ഷീണിപ്പിച്ചേക്കും.
മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്‌ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌ ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. എന്നാല്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌, പട്ടാമ്പി മണ്ഡലങ്ങളില്‍ കാലിടറുമെന്ന തോന്നല്‍ ഇടതുമുന്നണിക്കുണ്ട്‌. പോപുലര്‍ ഫ്രണ്ട്‌ യു.ഡി.എഫിനെ പിന്തുണയ്‌ക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതിനാണ്‌.
ചാലക്കുടിയില്‍ യു.ഡി.എഫിനു തന്നെയാണ്‌ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്‌. പഴയ മുകുന്ദപുരം മണ്ഡലം മുഖംമിനുക്കി ചാലക്കുടിയായപ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നും അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കുന്നത്തുനാട്‌ എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ കൂടിച്ചേര്‍ന്നത്‌. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ ആലുവ, പെരുമ്പാവൂര്‍ മേഖലകള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ധനപാലനു പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
എന്നാല്‍, കണക്കുകൂട്ടലുകളും പ്രവചനങ്ങളും അസ്ഥാനത്താക്കി മണ്ഡലം തനിക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി യു പി ജോസഫ്‌.
ആലത്തൂരില്‍ ഇരുമുന്നണികളും തുല്യപ്രതീക്ഷയാണ്‌ വച്ചുപുലര്‍ത്തുന്നത്‌. എന്നാല്‍, പാലക്കാട്ടുള്ളതുപോലെത്തന്നെ ഇടത്‌ ഏകോപനസമിതിയും ജനതാദള്‍ സ്വാധീനവുമാണ്‌ ഇടതിന്‌ അസ്വസ്ഥതയുളവാക്കുന്നത്‌. എസ്‌.എന്‍.ഡി.പിയുടെ പിന്തുണ ഉറപ്പാക്കിയ ഇടതു സ്ഥാനാര്‍ഥി പി കെ ബിജുവിനു പക്ഷേ മുസ്‌ലിം സമുദായമടക്കമുള്ളവരുടെ വോട്ടുകള്‍ അകലുന്നത്‌ തലവേദനയുണ്ടാക്കുന്നുണ്ട്‌. എന്‍.എസ്‌.എസിനെയും കത്തോലിക്കരെയും ഇവിടെ എഴുതിത്തള്ളാനാവില്ല. ദലിത്‌ കോണ്‍ഗ്രസ്‌ തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ കൂടിയായ എന്‍ കെ സുധീറാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി. പ്രവചനങ്ങള്‍ക്ക്‌ ഇടംകൊടുക്കാത്ത തൃശൂരിന്റെ മണ്ണില്‍ ഇക്കുറിയും അവസ്ഥയ്‌ക്കു വ്യത്യാസമില്ലെങ്കിലും ഇടതുമുന്നണിയിലെ പടലപിണക്കങ്ങള്‍ തങ്ങള്‍ക്കനുകൂലമാവുമെന്ന പ്രതീക്ഷയിലാണ്‌ യു.ഡി.എഫ്‌. അതേസമയം, പ്രചാരണത്തില്‍ വന്‍ മുന്നേറ്റം നടത്തുന്ന ഇടതുസ്ഥാനാര്‍ഥി സി.പി.ഐയുടെ സി എന്‍ ജയദേവന്‍ വിജയപ്രതീക്ഷയിലാണ്‌. എസ്‌.എന്‍.ഡി.പി ജയദേവനു പിന്തുണ നല്‍കുന്നുണ്ട്‌. പോപുലര്‍ ഫ്രണ്ടിന്റെയും കത്തോലിക്കാസഭയുടെയും പല മണ്ഡലങ്ങളിലെയും സ്വാധീനം യു.ഡി.എഫ്‌ സാരഥി പി സി ചാക്കോയ്‌ക്കു പ്രതീക്ഷയേകുന്നു.
തോട്ടം കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ മനസ്സറിഞ്ഞ പ്രചാരണമാണ്‌ ഇടുക്കിയില്‍ ഇരുമുന്നണികളിലെയും കാഴ്‌ചവച്ചതെങ്കിലും കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിലുണ്ടായ പടലപ്പിണക്കങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ഫ്രാന്‍സിസ്‌ ജോര്‍ജിനെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇടുക്കി, കോതമംഗലം അതിരൂപതകളുടെ ഇടതുവിരുദ്ധ നിലപാടുകള്‍ക്കൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയുണ്ടായ മുസ്‌ലിം വോട്ടുകളുടെ സ്വാധീനവും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസിന്‌ അനുകൂലമാവും. കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ സ്വാധീനമുള്ള പോപുലര്‍ ഫ്രണ്ട്‌ നേരത്തെത്തന്നെ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യു.ഡി.എഫിനു നല്ല സ്വാധീനമുള്ള എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിന്റെ തസ്‌ലീമ, ഇസ്രായേല്‍ ബന്ധങ്ങള്‍ പ്രതികൂലമായി മാറിയിരിക്കുകയാണ്‌. മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം കെ വി തോമസിനെതിരേ തിരിഞ്ഞിട്ടുണ്ട്‌.
എങ്കിലും അവസാന നിമിഷം ലഭിച്ച, തസ്‌ലീമ സിന്ധുജോയിക്കൊപ്പം നില്‍ക്കുന്ന പോസ്‌റ്റര്‍ മറുമരുന്നായി പ്രയോഗിക്കുകയാണ്‌ യു.ഡി.എഫ്‌. വിജയപ്രതീക്ഷ തീരെയില്ലാതെയാണ്‌ മല്‍സരിക്കാനിറങ്ങിയതെങ്കിലും യു.ഡി.എഫ്‌ സ്ഥാനാര്‍ഥിനിര്‍ണയം വഴി തനിക്കു ലഭിച്ച അവസരം പരമാവധി മുതലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സിന്ധു മണ്ഡലത്തില്‍ കാഴ്‌ചവച്ചത്‌.

പ്രവാസികള്‍ പ്രചരണത്തിലൂടെ പ്രയാസങ്ങള്‍ മറക്കുന്നു


കബീര്‍ എടവണ്ണ

ദുബയ്‌. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ വ്യാപക പ്രചരണത്തിന്‌്‌്‌്‌ ശ്രദ്ധ കൊടുത്ത്‌്‌്‌ സാമ്പത്തിക പ്രതിസന്ധി കൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ മറക്കുകയാണ്‌ ഇത്തവണ പ്രവാസികള്‍. നാട്ടിലും, ലോകത്തും നടക്കുന്ന സംഭവങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ ഗൗരവത്തോടെ അപ്പപ്പോള്‍ തന്നെ നിരീക്ഷിക്കുന്ന പ്രവാസികള്‍ നാട്ടിലെ തങ്ങളെ ആശ്രയിക്കുന്ന ബന്ധുക്കള്‍ക്ക്‌്‌ ഫോണിലൂടെയും മറ്റും ഇപ്പോള്‍ തന്നെ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്‌. പതിവിന്‌ വിപരീതമായി ഇത്തവണ വ്യാപകമായ തിരഞ്ഞെടുപ്പ്‌ ജ്വരമാണ്‌ മലയാളികളെ ബാധിച്ചത്‌. കേരളത്തിലെ ഒരു വീട്ടില്‍ നിന്ന്‌്‌്‌ ചുരുങ്ങിയത്‌ ഒരാളെങ്കിലും ഗള്‍ഫിലുള്ളത്‌്‌്‌ കൊണ്ട്‌്‌്‌ പ്രവാസികളുടെ തീരുമാനം വളരെ പ്രാധാന്യമാണന്ന തിരിച്ചറിവാണ്‌ സ്ഥാനാര്‍ത്ഥികളടക്കമുള്ള പ്രവര്‍ത്തകര്‍ നാട്ടില്‍ നിന്നും വോട്ടഭ്യര്‍ത്ഥിച്ച്‌്‌്‌ പ്രവാസികള്‍ക്ക്‌്‌ ഫോണ്‍ ചെയ്യുന്നത്‌്‌.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ പിഞ്ച്‌ കുഞ്ഞുങ്ങളെയടക്കം ഇസ്രായേലി പട്ടാളക്കാര്‍ 1400 പേരെ ഗാസയില്‍ കൂട്ട കൊല നടത്തിയത്‌്‌്‌ പ്രാദേശിക അന്തര്‍ദ്ദേശീയ ചാനലിലൂടെയും മറ്റും കണ്ട ദൃശ്യങ്ങള്‍ പ്രവാസികള്‍ക്ക്‌്‌്‌ അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല. ആയതിനാല്‍ ഇത്തവണ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട രാജ്യമായ ഇസ്രായേലുമായി ബന്ധം സൂക്ഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്‌.

മുന്‍ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച്‌ വ്യാപകമായ ഇ മെയില്‍ പ്രാചാരണം തന്നെ ഇത്തവണ നടന്നിട്ടുണ്ട്‌. എറണാംകുളത്ത്‌ മല്‍സരിക്കുന്ന ടൂറിസം മന്ത്രിയായിരുന്ന കെ.വി തോമസിന്റെ നേതൃത്വത്തില്‍ പള്ളുരുത്തിയില്‍ നടന്ന `റയിന്‍ ഡാന്‍സ്‌`, വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളോടെ പുറത്തിറക്കിയ ടൂറിസം ഗൈഡ്‌, ഇസ്രായേലുമായും തസ്ലീമ നസ്‌റീനുമായുള്ള ഇദ്ദേഹത്തിനുള്ള ബന്ധം ഇതല്ലാം ഇത്തവണ ഗള്‍ഫില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നോമിനേഷന്‍ കൊടുക്കുന്നതിന്‌ മുമ്പ്‌്‌്‌ തന്നെ ഇദ്ദേഹത്തിന്റെ ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ വന്ന ഇംഗ്ലീഷ്‌ റിപ്പേര്‍ട്ടുകളുടെ മെയിലുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. കേരളം ബംഗാളാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായാണ്‌ മലപ്പുറത്ത്‌ വരേണ്ട അലിഗഡ്‌ ഓഫ്‌ കാംമ്പസ്‌ ഇടതു മുന്നണി നഷ്ടപ്പെടുത്തുന്നുത്‌ എന്ന്‌്‌്‌ വരെ മെയിലില്‍ പ്രചരിച്ചിരുന്നു.

സ്വന്തം ജീവിതം മറന്ന്‌ നാട്ടിലുള്ള ബന്ധുക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മലയാളികള്‍ക്ക്‌ തങ്ങളുടെ മാത്രം പ്രശനങ്ങളായ വോട്ടവകാശം യാത്രാക്ലേശം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധിക്കാതെ നാടിനും നാട്ടാര്‍ക്കും വേണ്ട നല്ല സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും മാത്രം വിജയിപ്പിക്കാനുള്ള തിരക്കിലാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ഇത്തവണ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി. ഇത്തവണ വളരെ സജീവമാണ്‌.കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ്‌്‌്‌ തിരിച്ച്‌്‌്‌ പിടിക്കണം എന്ന വാശിയിലാണിവര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഇ.ടി.മുഹമ്മദ്‌ ബഷീറിന്‌ വോട്ട്‌ ചെയ്യണം എന്ന ആവശ്യപ്പെടുന്ന ടീ ഷര്‍ട്ടുകള്‍ വരെ ഇറക്കിയിട്ടുണ്ട്‌.

. വോട്ടുള്ള നിരവധി മലയാളികള്‍ കമ്പനിയില്‍ നിന്ന്‌ ലീവ്‌ എടുത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനും വോട്ട്‌ ചെയ്യാനുമായി നാട്ടിലേക്ക്‌ തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. തിരക്കല്ലാത്ത സീസണ്‍ ആയതിനാല്‍ വളരെ ചെറിയ നിരക്കില്‍ തന്നെ ബജറ്റ്‌ വിമാനങ്ങളില്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയുന്നത്‌ കൊണ്ട്‌ ഏറെ പേര്‍ ഇനിയും നാട്ടിലേക്ക്‌ തിരിക്കും. യു.ഡി.എഫ്‌.ന്റെ പ്രവാസി പോഷക സംഘടനകള്‍ ഓരോ മണ്ഡലത്തിലെയും യോഗം വിളിച്ച്‌ കൂട്ടിയിരുന്നു. അതേ സമയം ഇടതു പക്ഷ മുന്നണിയുടെ പ്രവര്‍ത്തകരുടെ പ്രചാരണം വ്യാപകമായി നടക്കുന്നില്ലങ്കിലും പൊന്നാനി മണ്ഡലത്തിലെ ആളുകളുടെ യോഗം അബുദാബി സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന്‌ പ്രചരണത്തിന്‌ ആവശ്യമായ വാഹനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

പ്രവാസികളുടെ തിരഞ്ഞെടുപ്പ്‌ ചൂട്‌ കണ്ടറിഞ്ഞ്‌ സാമ്പത്തിക പ്രതിസന്ധിയിലും അവരെ ചൂഷണം ചെയ്‌ത്‌ എസ്‌്‌്‌.എം.എസ്‌്‌്‌ മുഖാന്തിരം വോട്ട്‌്‌്‌ ചെയ്യിപ്പിച്ചിട്ട്‌്‌്‌ പരസ്യം കുറഞ്ഞ ഒരു പ്രവാസി റേഡിയൊ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുകയാണ്‌. ഇവരാകട്ടെ ഗാന്ധി ഘാതകരുടെ അനുഭാവികളായ നേതാക്കള്‍ക്ക്‌ ്‌ അമിത പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം നേരെത്തെയുണ്ട്‌.