2013-02-08

കേരളഓണ്‍ലൈവിനെ ഓര്‍മയുണ്ടോ?


തുടക്കം ഗംഭീരമാക്കിയ രണ്ടു പോര്‍ട്ടലുകളാണ് കേരളഓണ്‍ലൈവ് ഡോട്ട് കോമും വൈഗാന്യൂസ് ഡോട്ട് കോമും. പ്രമുഖപത്രങ്ങളില്‍ നിന്നുള്ള സീനിയര്‍ ജേര്‍ണലിസ്റ്റുകളെ പൊന്നും വിലയ്‌ക്കെടുത്ത് മലയാളന്യൂസ് പോര്‍ട്ടല്‍ ജേര്‍ണലിസത്തില്‍ പുതിയ ട്രെന്‍ഡ് തന്നെ കൊണ്ടുവരാന്‍ ഈ വെബ്‌സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു.

ഫഌഷ് ന്യൂസുകള്‍ അതിവേഗം അപ് ചെയ്യുന്നതിലൂടെയാണ് കേരളഓണ്‍ലൈവ് ശ്രദ്ധിക്കപ്പെട്ടത്. വൈഗാന്യൂസാണെങ്കില്‍ ഫീച്ചര്‍ സ്റ്റോറികളിലൂടെ വായനക്കാരെ കണ്ടെത്തി. ഒന്നു ക്ഷീണിച്ചെങ്കിലും വൈഗാന്യൂസ് ഇപ്പോഴുമുണ്ട്. പക്ഷേ, കേരളഓണ്‍ലൈവ് വെബ്‌സൈറ്റ് ഇപ്പോള്‍ ഹാക്ക് ചെയ്തിരിക്കുകയാണ്. ഹാക്ക് ചെയ്യാനുള്ള കാരണം സുരക്ഷ കുറഞ്ഞ സെര്‍വറില്‍ ഹോസ്റ്റ് ചെയ്തതു തന്നെയാണ്.

ഐപികളും നെയിംസെര്‍വറുകളും പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന വിവരങ്ങളാണ് കിട്ടുന്നത്. ലിക്വിഡ്‌വെബിന്റെ താരതമ്യേന മെച്ചപ്പെട്ട സെര്‍വറിലാണ് വൈഗാന്യൂസ് ഉള്ളത്. കേരളഓണ്‍ലൈവ് ആകട്ടെ ഇന്‍സെറോ എന്ന ക്വാളിറ്റി കുറഞ്ഞ ഡാറ്റാ സെന്ററിലും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രാദേശിക കമ്പനിയായിരിക്കും കേരളഓണ്‍ലൈവിന്റെ ഹോസ്റ്റിങ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

മാതൃഭൂമിയുടെ രണ്ടാമത്തെ ചാനല്‍ കപ്പ


മാതൃഭൂമി ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ ചാനലായ കപ്പ സംപ്രേഷണം ആരംഭിച്ചു. സംഗീതത്തിനും ഫാഷനും നര്‍മത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള സ്‌പെഷ്യാലിറ്റി ചാനലായിരിക്കും കപ്പ. വിവിധ ഭാഷാ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 'ടിവി ചാനലിലെ റേഡിയോ'യായി മാറി യുവഹൃദയങ്ങള്‍ കീഴടക്കുകയാണ് ചാനലിന്റെ ലക്ഷ്യം.

2013-02-06

ദാ വന്നു ദേ പോയ്,സിറാജിന്റെ വെബ്‌സൈറ്റ് അങ്ങനെയാണ്


വര്‍ഷങ്ങളുടെ പഴക്കമുള്ള പത്രമാണ് സിറാജ്. എപി വിഭാഗം സുന്നികളുടെ മുഖപത്രം. നിരവധി അനുയായികളുള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ന്യൂസ് പോര്‍ട്ടല്‍ ഇല്ലാതിരിക്കുന്നത് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ഇവരില്‍ ഭൂരിഭാഗം പേരും പ്രവാസികളായിരിക്കുമ്പോള്‍.

സൈറ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. www.sirajnews.com എന്ന വെബ്‌സൈറ്റ് ഇടക്കിടെ ഉയര്‍ന്നുവരും. അതുപോലെ പോവുകയും ചെയ്യും. പത്രവുമായി ബന്ധപ്പെട്ട മിക്ക ഡൊമെയ്‌നുകളും(sirajdaily.com, sirajonline.com..etc )ഒന്നോ രണ്ടോ പേര്‍ കൈവശമാക്കിവെച്ചിട്ടുണ്ട്. ഡൊമെയ്ന്‍ രേഖകള്‍ പ്രകാരമുള്ള പേരുകള്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ സംഘടനയുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നാണ് മനസ്സിലാകുന്നത്.

2013-02-05

ഫെബ്രുവരി പത്തിന് പുതിയൊരു ചാനല്‍ കൂടി



കോഴിക്കോട്:  മാധ്യമം ഗ്രൂപ്പില്‍ നിന്നുള്ള 'മീഡിയവണ്‍' ചാനല്‍ ഫെബ്രുവരി പത്തുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, സംവിധായകന്‍ രഞ്ജിത്ത്, എം എ യുസഫലി എന്നിവര്‍ പങ്കെടുക്കും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോയും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള വെള്ളിപറമ്പിലാണ്.

ഷിബു ചക്രവര്‍ത്തി( പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍), എം വെങ്കിട്ടരാമന്‍(സിഇഒ),എം സാജിദ്(ഡെപ്യൂട്ടി സിഇഒ), സിഎല്‍ തോമസ്(എഡിറ്റര്‍ ഇന്‍ ചീഫ്), സുനില്‍ ഹസന്‍(മാനേജിങ് എഡിറ്റര്‍) എന്നിവരാണ് ചാനലിനു പിറകിലുള്ളത്.

എന്‍എസ്എസിനെ വിമര്‍ശിച്ചാല്‍ വീക്ഷണത്തില്‍ വിലക്ക്


എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക്  പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.

നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.


2013-02-04

മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത, പോര്‍ട്ടലുകള്‍ക്കെതിരേ പരാതി

കോഴിക്കോട്: മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച നാലു വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. 'മാതൃഭൂമിയെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്യവും' എന്ന വിഷയത്തില്‍ എഴുതിയ ലേഖനമാണ് കോഴിക്കോട് പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിക്ക് അടിസ്ഥാനം. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റെടുത്ത നടപടികളായിരുന്നു ലേഖനത്തിലെ വിഷയം. ഏറെ വിവാദം സൃഷ്ടിച്ച സൈബര്‍ നിയമം മാതൃഭൂമി പോലുള്ള ഒരു മാധ്യമസ്ഥാപനം ദുരുപയോഗം ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജീവനക്കാര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൂള്‍ന്യൂസ്, മറുനാടന്‍മലയാളി, മലയാള്‍.എഎം, ബോധികോമണ്‍സ് തുടങ്ങിയ സൈറ്റുകള്‍ പ്രസിദ്ധീകരിച്ചതെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാം. ചില ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇക്കാര്യം പ്രസിദ്ധീകരിച്ചതുമാണ്. കെയുഡബ്ലുജെയുടെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷനു നല്‍കിയ പരാതിയുടെ കോപ്പി മാത്രം മതി ഈ കേസ് തള്ളിപ്പോകാന്‍. പക്ഷേ, വിചിത്രമായ ഐടി ആക്ടിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണിത്. വാസ്തവത്തില്‍ ചിരിയ്ക്കുന്നത് വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലുകളാണ്. കാരണം അവര്‍ക്ക് ചുളുവില്‍ ലഭിക്കുന്ന മൈലേജാണിത്. വാല്‍ക്കഷണം: അരിയും തിന്ന് ആശാരിയെയും കടിച്ച് എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ്‌

2013-02-03

വര്‍ത്തമാനം ജീവനക്കാരുടെ വിശദീകരണം

വര്‍ത്തമാനം പത്രത്തിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പുറത്തിറങ്ങിയ വിശദീകരണക്കുറിപ്പ്‌

varthamanam issue by



വര്‍ത്തമാനം വിഷയത്തില്‍ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌




2013-02-01

വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?



കിഷന്‍ജി

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?