2009-04-04

കോടികള്‍ മറിയുന്ന തിരഞ്ഞെടുപ്പ്‌ ചൂതാട്ടരംഗം

ശ്രീധരനുണ്ണി

അധികാരക്കായലില്‍ നേതാക്കള്‍ വലയെറിഞ്ഞു കഴിഞ്ഞപ്പോള്‍ കൊമ്പന്‍ സ്രാവുകളുടെ വിഹാരകേന്ദ്രങ്ങളില്‍ ചൂതാട്ടം കൊഴുകൊഴുക്കുന്നു.
രാഷ്ട്രീയ കമ്പവും പന്തയമനസ്സും ഉണ്ടെങ്കില്‍ ഇങ്ങോട്ട്‌ വരിക. ഇവിടെ ചതിയും വഞ്ചനയും ഇല്ല. ഒന്നു വച്ചാല്‍ പത്ത്‌. പത്ത്‌ വച്ചാല്‍ നൂറ്‌. കിട്ടിയാല്‍ ലോട്ടറി അടിച്ചെന്നു കരുതി സന്തോഷിക്കാം.
ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയാവുമെന്ന്‌ പ്രതീക്ഷിച്ച്‌ ഒരു രൂപ വച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്‌ മുപ്പത്‌ രൂപയായിരിക്കും. അവര്‍ പ്രധാനമന്ത്രി ആവണമെന്നു മാത്രം. ഒരു ലക്ഷം വച്ചാല്‍ മുപ്പതു ലക്ഷം വാരാം. ശരത്‌പവാറിന്‌ ഒരു രൂപ വച്ചാല്‍ എട്ടു രൂപ. മന്‍മോഹന്‍സിങിനാണു നിങ്ങള്‍ ഒരു രൂപ വയ്‌ക്കുന്നതെങ്കില്‍ വാതുവച്ചയാള്‍ക്കു ലഭിക്കുന്നത്‌ രണ്ടര രൂപയാണ്‌. സോണിയാഗാന്ധിക്കാണെങ്കില്‍ ഒരു രൂപയ്‌ക്ക്‌ മൂന്നു രൂപ. എല്‍.കെ അഡ്വാനിക്കുവേണ്ടി ഒരു രൂപ നിക്ഷേപിച്ചാല്‍ അഞ്ചു രൂപയാണു ലഭിക്കുക. പ്രധാനമന്ത്രിപദത്തിലേക്കു കൂടുതല്‍ വാതുവെക്കല്‍ ഇപ്പോള്‍ നടക്കുന്നത്‌ മന്‍മോഹന്‍സിങ്‌, എല്‍.കെ അഡ്വാനി എന്നിവര്‍ക്കാണ്‌. ഏതു മുന്നണി അധികാരത്തില്‍ വരുമെന്നതാണു മറ്റൊരു പന്തയം. കോണ്‍ഗ്രസ്‌ മുന്നണിക്കാണെങ്കില്‍ ഒരു രൂപയ്‌ക്ക്‌ 100 രൂപ ലഭിക്കും. ബി.ജെ.പി മുന്നണിക്കാണ്‌ ഒരു രൂപ വയ്‌ക്കുന്നതെങ്കില്‍ 200 രൂപയാണു മടക്കിക്കിട്ടുക. ചൂതാട്ട കേന്ദ്രങ്ങളിലെ നിരീക്ഷണങ്ങള്‍ അനുസരിച്ചു കോണ്‍ഗ്രസ്‌ മുന്നണിക്കാണു മുന്‍തൂക്കമെന്ന്‌ ഇതില്‍ നിന്നു വ്യക്തമാവുന്നു. 100 രൂപ വച്ചു ജയിച്ചാല്‍ 100രൂപ മടക്കിക്കൊടുക്കുന്ന നാടന്‍ പന്തയങ്ങളൊക്കെ ഇപ്പോള്‍ അപ്രത്യക്ഷമായി. ദേശീയ നേതാക്കളായ സ്ഥാനാര്‍ഥികള്‍, സംസ്ഥാന നേതാക്കള്‍, സംസ്ഥാന മുന്നണികള്‍, നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍,
നിങ്ങള്‍ക്ക്‌ ഏതിലാണു താല്‍പര്യം, ഇവിടെ പന്തയത്തിനു സ്വാഗതം. നിങ്ങളുടെ മടിശ്ശീലയുടെ കനം മാത്രമേ പ്രശ്‌നമുള്ളൂ. മടക്കിത്തരാന്‍ പണം എത്രവേണമെങ്കിലും തയ്യാറാക്കിവച്ചിരിക്കുന്നു.
പണച്ചാക്കുകളുടെ വന്‍ ശൃംഖലയാണു മുന്‍കാലങ്ങളെപ്പോലെ ഈ രംഗത്ത്‌ അരയും തലയും മുറുക്കി നിലയുറപ്പിച്ചിട്ടുള്ളത്‌. സ്വദേശി വാതുവയ്‌പ്പുകാര്‍ മാത്രമല്ല, സാര്‍വദേശീയ തലത്തിലുള്ള വാതുവയ്‌പ്പുകാരും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്‌്‌ നടക്കുന്ന പന്തയങ്ങളില്‍ അണിനിരന്നുകഴിഞ്ഞു.
ഒരു സംശയവും വേണ്ട. ഇക്കുറി ഇരുപതിനായിരം കോടി രൂപയെങ്കിലും ചൂതാട്ട കളങ്ങളില്‍ ആടിത്തിമര്‍ക്കുമെന്നാണ്‌ ഈരംഗത്തുള്ള പരിചയസമ്പന്നരുടെ അഭിപ്രായം. രാഷ്ട്രീയത്തിലെ നേരിയൊരു ഇലയനക്കം പോലും കോടികളുടെ മലക്കംമറിച്ചിലുകള്‍ക്ക്‌ ഇടവരുത്തിക്കളയും.
ദേശീയ തലങ്ങളിലും, നിര്‍ണായക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്‌ അടിയൊഴുക്കുകള്‍ അപ്പപ്പോള്‍ വിലയിരുത്തുവാനും കൃത്യമായി അവലോകനം നടത്തുവാനും ആധുനികരീതിയിലുള്ള വന്‍ സജ്ജീകരണങ്ങളാണ്‌ ഇതിനുവേണ്ടി ഒരുക്കിക്കഴിഞ്ഞത്‌.
വിവരാന്വേഷണങ്ങള്‍ക്കുള്ള വന്‍ ക്രമീകരണങ്ങള്‍ക്കുതന്നെ വന്‍ തുകകളാണു ചിലവഴിക്കപ്പെടുന്നത്‌. നിരീക്ഷണങ്ങള്‍ക്കു വിദഗ്‌ധന്‍മാര്‍ അടങ്ങിയ സംഘങ്ങള്‍, ഗംഭീരമായ ഓഫിസ്‌ സംവിധാനങ്ങള്‍, ആവശ്യാനുസരണം ജീവനക്കാര്‍, സദാസമയവും ലാപ്‌ടോപ്പുകളും, മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത്‌ നമ്മെ അമ്പരപ്പിക്കുന്ന വേറൊരു ലോകമാണ്‌.
കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യ നഗരങ്ങളിലാണു ചൂതാട്ടക്കാരുടെ കേന്ദ്രങ്ങള്‍.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്‌, ചെന്നൈ, ലക്‌നോ, പാറ്റ്‌ന തുടങ്ങിയ നഗരങ്ങളില്‍ ഇതിനകം ഇവരുടെ 'കളികള്‍' ആരംഭിച്ചു കഴിഞ്ഞു. നിരന്തരമായ റെയ്‌ഡുകള്‍ മുംബൈയില്‍ മാര്‍ക്കറ്റിനെ ബാധിച്ചിട്ടുണ്ട്‌. ഇവിടെ കേന്ദ്രീകരിച്ചിരുന്ന വാതുവയ്‌പ്പുകാര്‍ ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്‌, ജയ്‌പൂര്‍ എന്നിവിടങ്ങളിലേക്കു ചേക്കേറിയതായും വിവരമുണ്ട്‌.
ഇങ്ങനെയൊരു പന്തയക്കളി നടത്താന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നിട്ടും കാലാകാലങ്ങളായി ലക്ഷങ്ങളും കോടികളും മറിയുന്ന ഇത്‌ നിര്‍ബാധം നടമാടുന്നു. വാതുവയ്‌പുകാര്‍ തലപ്പൊക്കമുള്ള കുബേരന്‍മാരായതിനാല്‍ അധികാരികള്‍ കണ്ണടച്ചുപിടിക്കുകയാണ്‌. കഴിഞ്ഞതവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ചൂതാട്ടക്കാരുടെ സകല പ്രതീക്ഷകളും തകര്‍ത്തിരുന്നു. എന്‍.ഡി.എ സഖ്യത്തിന്റെ കനത്ത തോല്‍വി ചൂതാട്ടക്കച്ചവടക്കാര്‍ക്ക്‌ നഷ്ടപ്പെടുത്തിയത്‌ ചുരുങ്ങിയത്‌ അയ്യായിരം കോടി രൂപയെങ്കിലും ഉണ്ടാവുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഇക്കുറി ഈ അനുഭവം ആവര്‍ത്തിക്കാതിരിക്കാനും അഞ്ചുവര്‍ഷം മുമ്പ്‌ വെള്ളത്തിലായ കോടികള്‍ തിരിച്ചുപിടിക്കാനും ഇക്കൂട്ടര്‍ കണ്ണിലെണ്ണയൊഴിച്ചു രാഷ്ട്രീയ ഗവേഷണങ്ങളില്‍ ആണ്ട്‌ മുങ്ങിയിരിക്കുകയാണ്‌.

വീണ്ടും മൂന്നാംമുന്നണി പരീക്ഷണം

വേണമെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ പങ്കാളിയാവുന്നതടക്കമുള്ള ഏതു തീരുമാനവും കൈക്കൊള്ളാന്‍ തക്കവിധം വാതില്‍ തുറന്നിട്ടിരിക്കയാണെന്നു സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നു. മൂന്നാംമുന്നണി എന്നതിനു പകരം സോഷ്യലിസം തൊട്ടു കൂട്ടുന്ന പുതിയ പേരുമായി മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ രംഗത്തുവന്നിട്ടുണ്ട്‌.
കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണി തിരഞ്ഞെടുപ്പിനു മുമ്പേ തിരിച്ചടി നേരിടുകയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്കു വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തില്‍ ഒരു മൂന്നാംമുന്നണി പരീക്ഷണത്തിനുള്ള സാധ്യതകളാണു രൂപപ്പെടുന്നതെന്നാണു മിക്ക തിരഞ്ഞെടുപ്പുനിരീക്ഷകരും നല്‍കുന്ന സൂചന. എന്നാല്‍, 1996ല്‍ പിരിയുകയും 1998ല്‍ അന്ത്യമാവുകയും ചെയ്‌ത മൂന്നാംമുന്നണി പരീക്ഷണം അതേപടി അനുകരിക്കുന്നതിനുള്ള ശ്രമങ്ങളാണു പ്രകാശ്‌ കാരാട്ടിന്റെയും എ ബി ബര്‍ധന്റെയും കാര്‍മികത്വത്തില്‍ ദേവഗൗഡയെയും ജയലളിതയെയും മായാവതിയെയും അണിനിരത്തി നടക്കുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. 1996 മെയില്‍ തൂക്ക്‌ ലോക്‌സഭ നിലവില്‍ വന്നതു മുതല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ നാടകങ്ങള്‍ മൂന്നാംമുന്നണി പരീക്ഷണത്തില്‍ മറക്കാന്‍ കഴിയാത്തതാണ്‌.
കോണ്‍ഗ്രസ്‌ പരാജയം സമ്മതിക്കുകയും ബി.ജെ.പിക്കും സഖ്യത്തിനും കൂടി ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവരുകയും ചെയ്‌തു. തെലുങ്കുദേശം, തമിഴ്‌ മനിലാ കോണ്‍ഗ്രസ്‌, ഡി.എം.കെ, എ.ജി.പി, ജനതാദള്‍ മുതലായ പാര്‍ട്ടികളില്‍ പിന്തുണ അവര്‍ പ്രതീക്ഷിച്ചെങ്കിലും ബി.ജെ.പിയെ പിന്തുണയ്‌ക്കാന്‍ താല്‍പ്പര്യമില്ല എന്ന സൂചനകള്‍ അവര്‍ നല്‍കി. ഒന്നുകില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുക അല്ലെങ്കില്‍ ഒരു മുന്നണിയായി കോണ്‍ഗ്രസ്സിന്റെ പിന്തുണ ആവശ്യപ്പെടുക എന്ന സാധ്യതകളാണ്‌ ഈ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നത്‌. ഈ ഘട്ടത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഒരു നേതാവിനെ തിരഞ്ഞെടുക്കാനായില്ല. ഈ അവസ്ഥയില്‍ ജ്യോതിബസുവിന്റെ പേരും പ്രധാനമന്ത്രി പദത്തിലേക്കു ചര്‍ച്ച ചെയ്‌തു. സി.പി.എം കേന്ദ്ര കമ്മിറ്റി ഈ നിര്‍ദേശം തള്ളിക്കളഞ്ഞു.
മൂന്നാംമുന്നണിക്കു നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി അടല്‍ബിഹാരി വാജ്‌പേയിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. വാജ്‌പേയി 12 പേരൊടൊപ്പം സത്യപ്രതിജ്ഞ ചെയ്‌തു. അതിനുശേഷമാണു മൂന്നാംമുന്നണി എച്ച്‌ ഡി ദേവഗൗഡയെ നേതാവായി തിരഞ്ഞെടുത്തത്‌. മതനിരപേക്ഷതയ്‌ക്കു വേണ്ടിയായിരുന്നു ഈ നീക്കമെങ്കിലും ഗൗഡ മുംബൈയിലെത്തി ബാല്‍ താക്കറെയുമായി കൂടിക്കാഴ്‌ച നടത്തി. ശിവസേനയെ ഒപ്പം ചേര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഗൗഡയ്‌ക്ക്‌ അധികകാലം പ്രധാനമന്ത്രിയായി തുടരാനായില്ല.
1998ല്‍ ഐ കെ ഗുജറാള്‍ മന്ത്രിസഭയും ഇത്തരം അസംബന്ധങ്ങള്‍ ആവര്‍ത്തിച്ചു. മന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരെ പുറത്താക്കണം എന്ന ആവശ്യം അദ്ദേഹം നിരാകരിച്ചതിനെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചു. ഐക്യമുന്നണി സര്‍ക്കാര്‍ തകര്‍ന്നു. രാജീവ്‌ഗാന്ധി വധത്തില്‍ ഡി.എം.കെക്ക്‌ പങ്കുണ്ട്‌ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വാദം. വീണ്ടും തിരഞ്ഞെടുപ്പു നടന്നു. അത്തവണ ബി.ജെ.പി മുമ്പുണ്ടായിരുന്നതിനെക്കാള്‍ സീറ്റ്‌ നേടി. അവര്‍ക്കു പുതിയ ഘടകകക്ഷികളെ കിട്ടാന്‍ പ്രയാസമുണ്ടായില്ല. ബിജൂ ജനതാദള്‍, അണ്ണാ ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ എന്നീ കക്ഷികള്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായി. സീറ്റുകളുടെ കുറവ്‌ തെലുങ്കുദേശം നികത്തി. 1999ല്‍ മുന്നണി വിപുലീകരിച്ചു. അണ്ണാ ഡി.എം.കെ പുറത്തുപോയപ്പോള്‍ ഡി.എം.കെ മുന്നണിയിലെത്തി.
ഇപ്പോഴക്കെ മൂന്നാംമുന്നണി നേതാക്കളില്‍ പ്രമുഖരെല്ലാം തക്കം കിട്ടിയപ്പോഴൊക്കെ ബി.ജെ.പിയുമായി കൂട്ടു കൂടിയവരാണ്‌. 1996 മുതല്‍ ബി.എസ്‌.പി ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുമായി ചേര്‍ന്നു. അതിനുശേഷം ബന്ധം രണ്ടുപ്രാവശ്യം ആവര്‍ത്തിച്ചു. ദേവഗൗഡ മകന്‍ കുമാരസ്വാമിക്കുവേണ്ടി ആദ്യം കോണ്‍ഗ്രസ്സുമായും പിന്നീടു ബി.ജെ.പിയുമായും ചേര്‍ന്നു. ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്‌ ഇതര ബി.ജെ.പി ഇതര മുന്നണിക്കായി ശ്രമിച്ച്‌ ഒടുവില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള മുന്നണിക്കു പിന്തുണ നല്‍കേണ്ട സാഹചര്യത്തിലെത്തി. 1996ലെയും 1998ലെയും ഐക്യമുന്നണി പരീക്ഷണത്തിന്റെ ദുരന്തം, സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന പ്രചാരണമുയര്‍ത്തി വര്‍ധിതവീര്യത്തോടെ ഉയര്‍ന്നുവരാന്‍ ബി.ജെ.പിക്ക്‌ അവസരം നല്‍കി എന്നതാണ്‌.

മൂന്നാം മുന്നണിക്ക്‌ തലയില്ല; തലച്ചോറും

കെ പി വിജയകുമാര്‍

തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി ദേശീയ രാഷ്ട്രീയത്തില്‍ പൊടുന്നനെ രൂപംകൊണ്ട മൂന്നാം മുന്നണി അവസരവാദ കൂട്ടുകെട്ടായി പരിണമിക്കുമോ?
വ്യക്തമായ ദേശീയ സാര്‍വദേശീയ കാഴ്‌ചപ്പാടുകളില്ലാതെ, യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയുള്ള ഐക്യം സാധ്യമാവാതെ എട്ടു സംസ്ഥാനങ്ങളിലെ പത്ത്‌ പാര്‍ട്ടി നേതാക്കളുടെ കൈകോര്‍ക്കലിലൂടെയാണു മൂന്നാംമുന്നണിക്കു തുടക്കംകുറിച്ചത്‌.
മുന്നണിക്കു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല, ചെയര്‍മാനോ കണ്‍വീനറോ കോ- ഓഡിനേഷന്‍ കമ്മിറ്റിയോ ഇല്ല. മുന്നോട്ടുവയ്‌ക്കാന്‍ ദേശീയ മിനിമം പരിപാടിയും ഇല്ല. ഇങ്ങനെയൊരു മുന്നണിക്കു ജനവിശ്വാസമാര്‍ജിക്കാന്‍ കഴിയുമോ?
വേണ്ടത്ര മുന്നൊരുക്കങ്ങളോ, ആലോചനകളോ ഇല്ലാതെയാണു മൂന്നാം മുന്നണി കക്ഷികളുടെ ആദ്യത്തെ റാലി കര്‍ണാടകയിലെ തുംകൂരില്‍ അരങ്ങേറിയത്‌ എന്നതു വിസ്‌മരിച്ചുകൂടാ.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡ സ്‌പോണ്‍സര്‍ചെയ്‌തതായിരുന്നു ഈ റാലി. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയുടെ അത്താഴവിരുന്നില്‍ രാഷ്ട്രീയവിഭവങ്ങളൊന്നും വിളമ്പാനും കഴിഞ്ഞില്ല. തനിക്കു പ്രധാനമന്ത്രിയാവുക എന്ന താല്‍പര്യത്തില്‍ കവിഞ്ഞ മറ്റൊന്നും ബി.എസ്‌.പി നേതാവിനില്ലെന്ന്‌ ഏവര്‍ക്കുമറിയാം. യു.പിയിലെ എണ്‍പത്‌ സീറ്റുകളിലും ഒറ്റയ്‌ക്കു മല്‍സരിക്കുന്ന ബി.എസ്‌.പി ഒരു സീറ്റുപോലും മറ്റ്‌ ഏതെങ്കിലും കക്ഷികള്‍ക്കു കൊടുക്കാന്‍ തയ്യാറില്ല. തിരഞ്ഞെടുപ്പിനു മുമ്പ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നു മായാവതി ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ കക്ഷികളാണ്‌ ഈ ആവശ്യം നിരാകരിച്ചത്‌.
ഇപ്പോള്‍ മുന്നണിയിലുള്ള നാലു പാര്‍ട്ടികള്‍ ഇടതുപാര്‍ട്ടികളാണ്‌. സി.പി.എം, സി.പി.ഐ, ആര്‍.എസ്‌.പി. ഫോര്‍വേഡ്‌ ബ്ലോക്ക്‌; ജനതാദള്‍ (എസ്‌), ടി.ഡി.പി, എ.ഐ.എ.ഡി.എം.കെ, ബി.എസ്‌.പി, ഹരിയാന ജനഹിത കോണ്‍ഗ്രസ്‌ എന്നിവരാണു മറ്റുള്ളവ. ഒറീസയിലെ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയും മുന്നണിയില്‍ ചേരും. മറ്റുചില പ്രാദേശിക കക്ഷികളെ മുന്നണിയില്‍ ചേര്‍ത്താനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു.
മൂന്നാംമുന്നണിയിലെ കക്ഷികളിലെ നേതാക്കളില്‍ പലരും പ്രധാനമന്ത്രിപദം കാംക്ഷിക്കുന്നവരാണ്‌. അതുതന്നെയാണു മുന്നണിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. തിരഞ്ഞെടുപ്പ്‌ ഫലം നോക്കി ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളുള്ള നേതാവിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ്‌ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. അതുകൊണ്ടുതന്നെ ഓരോ കക്ഷിയും പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലേക്കാണു നീങ്ങുക.
തിരഞ്ഞെടുപ്പിനു ശേഷം യു.പി.എക്ക്‌ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ യു.പി.എയില്‍ നിന്നു പുറത്തു കടന്നു പ്രധാനമന്ത്രിയാവാന്‍ എന്‍.സി.പി നേതാവ്‌ ശരത്‌പവാര്‍ തയ്യാറെടുക്കുമെന്നു തീര്‍ച്ച. അങ്ങനെ വന്നാല്‍ മൂന്നാം മുന്നണിയുടെ നേതൃത്വം ശരത്‌പവാറിനായിരിക്കും.
ഇപ്പോള്‍ മൂന്നാംമുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ക്ക്‌ പതിനാലാം ലോക്‌സഭയില്‍ 83 സീറ്റുകള്‍ മാത്രമേയുള്ളൂ. സി.പി.എം-42, സി.പി.ഐ-10, ബി.എസ്‌.പി-16, തെലുങ്ക്‌ദേശം-4, ആര്‍.എസ്‌.പി, ഫോര്‍വേഡ്‌ ബ്ലോക്ക്‌, തെലുങ്കാനാ രാഷ്ട്രസമിതി മൂന്നുവീതം സീറ്റുകള്‍ എന്നിങ്ങനെയാണു കക്ഷിനില. ജനതാദള്‍ എസിന്‌ രണ്ട്‌. എ.ഐ.ഡി.എം.കെക്കും ഹരിയാന ജനഹിത കോണ്‍ഗ്രസ്സിനും എം.പിമാരില്ല. കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷ കക്ഷികള്‍ക്കു കഴിയുമോ എന്ന കാര്യം സംശയത്തിലാണ്‌.
മൂന്നു പതിറ്റാണ്ട്‌ ഭരിച്ച പശ്ചിമബംഗാളില്‍ സി.പി.എം മുന്നണിക്കു തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. നന്ദിഗ്രാമിലും, സിങ്കൂരിലും വലിയ വിഭാഗം ജനങ്ങള്‍ ഇന്ന്‌ ആ മുന്നണിയോടൊപ്പമില്ല. കേരളത്തില്‍ കഴിഞ്ഞതവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഇരുപതില്‍ പത്തൊമ്പത്‌ സീറ്റുകള്‍ ലഭിച്ചു. ഇക്കുറി അത്‌ ആവര്‍ത്തിക്കുമെന്ന്‌ ആരും കരുതുന്നില്ല.
അതുകൊണ്ട്‌ തിരഞ്ഞെടുപ്പിനു ശേഷം മൂന്നാംമുന്നണിയിലെ ഘടകകക്ഷികളില്‍ പലതും, കോണ്‍ഗ്രസ്‌- ബി.ജെ.പി സഖ്യങ്ങളിലേക്കു ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രാദേശിക വികാരങ്ങളും അധികാരമോഹങ്ങളും മാത്രമാണു മൂന്നാംമുന്നണിയിലെ പ്രാദേശിക കക്ഷികള്‍ക്കുള്ളത്‌. ദേവഗൗഡയും ചന്ദ്രബാബു നായിഡുവും ജയലളിതയും നവീന്‍പട്‌നായ്‌ക്കും കഴിഞ്ഞതവണ ബി.ജെ.പി മുന്നണിയില്‍ ഉള്ളവരാണ്‌. ആദര്‍ശങ്ങളേക്കാള്‍ അധികാരത്തിന്റെ മണിക്കിലുക്കമാണ്‌ ഇവര്‍ക്കൊക്കെ മധുരോതരം. ഇതിനു മുമ്പ്‌ രണ്ടു തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസും ബി.ജെ.പിയും അല്ലാത്ത മുന്നണി മന്ത്രിസഭകളെയും അതുവഴി നാല്‌ പ്രധാനമന്ത്രിമാരെയും പ്രദാനംചെയ്‌തിട്ടുണ്ട്‌. 1989ലെ മുന്നണി പരീക്ഷണം വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. വി പി സിങിനെ തുടര്‍ന്നു ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായെങ്കിലും അതിന്‌ അല്‍പ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1996-97ലെ ഐക്യമുന്നണി ഭരണം രണ്ടുവര്‍ഷം നിലനിന്നു. അധികാരത്തിനു വേണ്ടിയുള്ള തമ്മില്‍ത്തല്ല്‌ മൂന്നാംമുന്നണി കക്ഷികളുടെ മുഖമുദ്രയായി മാറുന്ന അനുഭവമാണ്‌ ഉണ്ടായിട്ടുള്ളത്‌.
ഇക്കാരണങ്ങള്‍കൊണ്ടാണ്‌ ഇപ്പോള്‍ രൂപീകരിച്ച മൂന്നാം മുന്നണിക്ക്‌ കെട്ടുറപ്പോടെ മുന്നോട്ടു പോവാനും ഉറച്ച ഭരണം പ്രദാനംചെയ്യാനും കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നത്‌.
മൂന്നാം മുന്നണിയുടെ തകര്‍ച്ച ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുക ഇടതുപക്ഷ കക്ഷികളെയായിരിക്കും. അതുകൊണ്ടാണ്‌ പരമാവധി വിട്ടുവീഴ്‌ചകള്‍ ചെയ്‌ത്‌ മൂന്നാം മുന്നണി കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്‌.
ഒന്നര വര്‍ഷം മുമ്പുതന്നെ ഇങ്ങനെയൊരു ആശയം ഇടതുപക്ഷ കക്ഷികളില്‍ രൂപപ്പെട്ടുവന്നിരുന്നു. മുലായംസിങ്‌ യാദവിനെ മുന്നില്‍നിര്‍ത്തിയുള്ള പരീക്ഷണത്തിനാണു സി.പി.എം അന്നു ശ്രമിച്ചത്‌. ഓര്‍ക്കാപ്പുറത്ത്‌ മുലായംസിങ്‌ മറുകണ്ടം ചാടിയപ്പോള്‍ ആ ശ്രമങ്ങള്‍ പാഴായി.
ആണവകരാറിന്റെ പേരില്‍ യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുകയായിരുന്നു. സാമ്രാജ്യത്വത്തിനെതിരേ പ്രചണ്ഡമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും പിന്തുണ പിന്‍വലിച്ചത്‌ എന്തിനെന്ന്‌ ഇന്ത്യയിലെ സാമാന്യ ജനങ്ങള്‍ക്ക്‌ ഇപ്പോഴും മനസ്സിലായിട്ടില്ല. പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന്‌ ഇടതുപക്ഷം വിശ്വസിച്ചു. അതുണ്ടായില്ല. തുടര്‍ന്നാണു മൂന്നാംമുന്നണി രൂപീകരിക്കാന്‍ ഇടതുപക്ഷം പരക്കംപാഞ്ഞത്‌. സ്വന്തം മകനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പിയോടൊത്ത്‌ നെറികെട്ട രാഷ്ട്രീയം കളിച്ച ദേവഗൗഡ മൂന്നാം മുന്നണിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍, ഇതുതന്നെ അവസരം എന്നു കരുതി ചാടിപ്പുറപ്പെടുകയായിരുന്നു ഇടതുപക്ഷം. ദേവഗൗഡ എത്രകാലം ഈ മുന്നണിയോടൊപ്പം ഉണ്ടാവുമെന്നു പ്രവചിക്കുന്നില്ല. അതു കാണാന്‍ പോവുന്ന പൂരമാണ്‌.

ജസ്‌പാല്‍ ഭാട്ടി മല്‍സരിക്കുന്നു; പ്രധാനമന്ത്രിയാവാന്‍

ചണ്ഡീഗഡ്‌: പ്രമുഖ ബോളിവുഡ്‌ ഹാസ്യതാരം ജസ്‌പാല്‍ ഭാട്ടി പൊരിഞ്ഞ മല്‍സരത്തിലാണ്‌; എം.പിയാവാനല്ല, പ്രധാനമന്ത്രിയാവാന്‍.അതിനായി കഴിഞ്ഞ ദിവസം രൂപീകരിച്ച പാര്‍ട്ടിയുടെ പേര്‌ റിസെമന്‍ പാര്‍ട്ടി അഥവാ സാമ്പത്തിക മാന്ദ്യം പാര്‍ട്ടി.
സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത്‌ പണിയില്ലാതെ നടക്കുന്ന തനിക്ക്‌ ഇതോടെ ഒരു ജോലിയാവുമെന്നും സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനാവുമെന്നുമാണു തന്റെ പ്രതീക്ഷയെന്നു ഹാസ്യത്തിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാട്ടി തുറന്നുപറയുന്നു. തന്റെ ജന്‍മദേശമായ ചണ്ഡീഗഡില്‍ നിന്നാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഇദ്ദേഹം മല്‍സരിക്കുന്നത്‌. തന്റെ പ്രചാരണ ചെലവിലേക്കു സാമ്പത്തിക സഹായം നല്‍കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അധികാരത്തിലെത്തിയാല്‍ താന്‍ അവരെ പതിന്‍മടങ്ങ്‌ സഹായിക്കുമെന്നു വാഗ്‌ദാനം ചെയ്യാനും ഭാട്ടി മറന്നില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിക്കുന്നതാണു പുതിയ ട്രെന്റ്‌ എന്നാണു ഹാസ്യതാരത്തിന്റെ വിലയിരുത്തല്‍. ചണ്ഡീഗഡിനു ചുറ്റും കൂടുതല്‍ ചേരി പ്രദേശം നിര്‍മിക്കുമെന്നതാണു തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനങ്ങളിലൊന്ന്‌. ഭാവിയില്‍ കൂടുതല്‍ വോട്ട്‌ ലഭിക്കാന്‍ ഇതു തുണയാവുമെന്നതാണു പ്രധാന കാരണം.ഇതുവഴി രാജ്യത്തിനു കൂടുതല്‍ ഓസ്‌കറുകള്‍ നേടിക്കൊടുക്കുകയുമാവാം.
`തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ ഒരു നയാ പൈസ പോലും ഞാന്‍ ചെലവാക്കില്ല. ഞാനുദ്ദ്യേശിച്ചത്‌ എന്റെ കീശയില്‍ നിന്നു ചെലവാക്കില്ലെന്നാണ്‌'-പ്രഖ്യാപനം കേള്‍ക്കാന്‍ കൂടിനിന്നവരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു ഭാട്ടി തുറന്നടിച്ചു.
`ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിഭജിക്കില്ല. മറിച്ച്‌ ബുദ്ധിമാന്‍മാരും വിഡ്ഡികളും എന്നു രണ്ടായി തരംതിരിക്കാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്‌. അവരില്‍ ബുദ്ധിജീവികളുടെ വോട്ട്‌ ഞങ്ങള്‍ക്കു വേണ്ട. കാരണം ഓരോ തിരഞ്ഞെടുപ്പിലും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്നത്‌ അവരാണ്‌. വിഡ്ഡികളുടെ വോട്ടിലാണു ഞങ്ങളുടെ പ്രതീക്ഷ. അവരുടെ പിന്തുണയോടെ വിജയിച്ച്‌ പ്രധാനമന്ത്രിയാവണമെന്നാണു മോഹം' -അദ്ദേഹം തുടര്‍ന്നു.
സാധാരണക്കാരന്റെ പ്രശ്‌നങ്ങളെയും സങ്കടങ്ങളെയും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഈ പഞ്ചാബി താരത്തിന്റെ `ഫ്‌ളോപ്പ്‌ ഷോ' `ഉള്‍ട്ടാ പുള്‍ടാ' തുടങ്ങിയ ടി.വി പരിപാടികള്‍ ശ്രദ്ധേയമാണ്‌. ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ്‌ ജസ്‌പാല്‍ ഭാട്ടി.

കിട്ടാത്ത ചായയും പിറന്നാളിന്റെ ഓര്‍മയും

ആരുമാവാം പ്രധാനമന്ത്രി. ആരാവില്ലെന്നു പറയാനാവും വിഷമം. ഒരുകുറി നാടകീയമായി ഡല്‍ഹിയില്‍ നിന്ന്‌ അധികാരത്തിന്റെ വിളി വരുമ്പോള്‍ അതേറ്റുപിടിച്ച ആള്‍ ബാംഗ്ലൂരില്‍ ജലാശയത്തിന്റെ കാറ്റുകൊണ്ട്‌ ഉറക്കംതൂങ്ങുകയായിരുന്നുപോലും. എങ്കില്‍ പിന്നെ എല്ലാംകൊണ്ടും യോഗ്യനായ എ കെ ആന്റണിയുടെ കാര്യം പറയാനുണ്ടോ?
മന്‍മോഹന്‍ സിങിനു വയ്യാതായി. ഒരുവട്ടംകൂടി മന്ത്രിസഭ നയിക്കുന്നതു സൂക്ഷിച്ചുവേണം. പിന്നെ, വിശ്വസ്‌തരുടെ വലയത്തില്‍ ജനങ്ങളുടെ പിന്തുണയും രാഷ്ട്രീയ ശുചിത്വവും തികഞ്ഞവനായി ഒരാളേ ഉള്ളൂ, ആന്റണി. ഇതില്‍ ആദ്യം പറഞ്ഞ ഗുണം സിങിനും ഉള്ളതായി ആരും തമാശപറയാറില്ല. ആന്റണിയിലുള്ള വിശ്വാസത്തിന്റെ സൂചന മന്‍മോഹന്‍സിങ്‌ ശസ്‌ത്രക്രിയക്കു പോയപ്പോഴേ കാണാമായിരുന്നു.
തന്റെ ഇംഗിതം വെളിവാക്കാതെ, അതാണു നന്‍മയെന്നു മറ്റുള്ളവര്‍ക്കു തോന്നിപ്പിക്കുക. അതിനുവേണ്ടി അവരെക്കൊണ്ടു പ്രയത്‌നിപ്പിക്കുക. അതാണു പരമമായ നേതൃഗുണം. അതാണ്‌ ആന്റണിയുടെ കരുത്തും. ഇപ്പോഴത്തെ നിലയില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഉയരുന്ന ശബ്ദം കലര്‍പ്പില്ലാത്ത തിന്‍മയായേ വ്യാഖ്യാനിക്കപ്പെടൂ.
എ കെ ആന്റണിയാവുക എളുപ്പമല്ല. പ്രധാനമന്ത്രിയാവുന്നത്‌ ഒരുപക്ഷേ അതിലും എളുപ്പമാവാം. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന ഹരിശ്ചന്ദ്രനെ പോലും സംശയിക്കുന്നതാണു കാലം. ഇക്കാലത്ത്‌ സത്യസന്ധനായ പൊതുപ്രവര്‍ത്തകനെന്ന്‌, കാര്യമായോ കളിയായോ വിശേഷിപ്പിക്കപ്പെട്ടാല്‍ അതൊരു ബഹുമതിതന്നെ. ആന്റണിയുടെ ഒരു ദൗര്‍ബല്യമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കണമെങ്കില്‍, അതു താന്‍ സത്യസന്ധനാണെന്ന്‌ എല്ലാവരും വിശ്വസിക്കണം എന്ന ആഗ്രഹമാവുന്നു.
നേതാവായാല്‍ നക്ഷത്രനിലവാരമുള്ള ഭക്ഷണമേ കഴിക്കൂ എന്നാണു പൊതുവേ നിര്‍ബന്ധം. അങ്ങനെയിരിക്കേ അടുക്കുപാത്രത്തില്‍ ഉച്ചയൂണ്‌ ഓഫിസിലേക്കു വരുത്തുന്ന ഒരു കേന്ദ്രമന്ത്രിയെ സങ്കല്‍പ്പിച്ചുനോക്കുക. ഒരു ഉച്ചയ്‌ക്ക്‌ ഊണിനു ക്ഷണിച്ചപ്പോള്‍ ഞാന്‍ പോയത്‌ നക്ഷത്രഭക്ഷണം സ്വപ്‌നംകണ്ടായിരുന്നു. കിട്ടിയതോ കേരള ഹൗസില്‍ നിന്നു വന്ന അടുക്കുപാത്രത്തിലെ ചോറും കറികളും. മന്ത്രിയുടെ ഓഫിസിനോടു ചേര്‍ന്നുള്ള ഒരു ഇടുങ്ങിയ മുറിയിലിരുന്ന്‌ ഞങ്ങള്‍ സ്വയം വിളമ്പിക്കഴിച്ചു. അത്‌ ആന്റണിക്കേ പറ്റൂ.
വേറൊരു ദിവസം ആന്ധ്ര ഭവനത്തിനെതിരേയുള്ള വീട്ടില്‍ പോയപ്പോള്‍ ഏറെ നേരം സംസാരിച്ചിരുന്നിട്ടും ഒരു ചായപോലും കിട്ടാത്തതെന്തേ എന്ന മനസ്സിലെ ചോദ്യം അറിഞ്ഞിട്ടെന്നോണം ആന്റണി പറഞ്ഞു. വരുന്നവര്‍ക്കെല്ലാം ചായ കൊടുക്കാനുള്ള വഴിയില്ല. ഇവിടെ പാചകത്തിനാളില്ല. കൂടെ താമസിപ്പിച്ചിരിക്കുന്നവര്‍ എനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നു. ചെലവും ശമ്പളവും കൊടുത്ത്‌ ഒന്നോ രണ്ടോ ആളുകളെ നിര്‍ത്താനുള്ള വരുമാനം തികയില്ല... ഇങ്ങനെയുമുണ്ടാവുമോ ഒരു കേന്ദ്രമന്ത്രി എന്നായി എന്റെ ചിന്ത.
ആന്റണി അധികാരമേറുന്നതും ഇറങ്ങുന്നതും എന്നും വാര്‍ത്തയായിരുന്നു. കയറുന്നതു തന്റെ ശ്രമഫലമായല്ലെന്നു തോന്നും. ഇറങ്ങിപ്പോവുന്നതാവട്ടെ, എപ്പോഴും മനസ്സാക്ഷിയുടെ വിളംബരമായിരിക്കുകയും ചെയ്യും. കുറേക്കാലം സ്വന്തം പേരിലൊരു കോണ്‍ഗ്രസ്സുമായി പയറ്റിനോക്കി. കോണ്‍ഗ്രസുകാരനായി നില്‍ക്കണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള തായ്‌ കൂടാരത്തിലേക്കു മടങ്ങിയേ പറ്റൂ എന്നു വന്നപ്പോള്‍, മടങ്ങി. ഉപാധികള്‍ ഒന്നുമില്ലാതെ. തന്റെ വികാരത്തോടും ചിന്തയോടും സത്യസന്ധത പുലര്‍ത്തിക്കൊണ്ട്‌. അടുത്ത ദിവസങ്ങളില്‍, രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന ആള്‍ കൊച്ചിയിലെ തിരക്കേറിയ റോഡുകളില്‍ ബസ്‌ കാത്തുനില്‍ക്കുന്നതു കണ്ടവര്‍ അല്‍ഭുതപ്പെട്ടു. രാജീവ്‌ ഗാന്ധിയും അല്‍ഭുതപ്പെട്ടപ്പോള്‍ ആന്റണിക്ക്‌ ഡല്‍ഹിയില്‍ ഒരു സ്ഥാനമായി. തന്റെ എളിമകൊണ്ട്‌ ആളുകളെ അല്‍ഭുതപ്പെടുത്തുന്നതാണ്‌ ആന്റണിക്ക്‌ ഇഷ്ടം. അദ്ദേഹത്തിന്റെ നന്മയും എളിമയും വേണ്ടപോലെ നമ്മള്‍ മനസ്സിലാക്കാതിരുന്നാല്‍ അദ്ദേഹം മുഷിയും.
ആന്റണിയുടെ സാധ്യതയെപ്പറ്റി ആരും ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. വേണ്ട നേരത്ത്‌ വേണ്ടിടത്ത്‌ വേണ്ടപ്പെട്ടവര്‍ പറയും. അതങ്ങനെയാണ്‌ എല്ലായിപ്പോഴും. അതേസമയം ലാല്‍കൃഷ്‌ണ അഡ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടുതുടങ്ങിയിട്ടു കാലം ഏറെയായി. അങ്ങനെ കണ്ടാലും കണ്ടില്ലെങ്കിലും അഡ്വാനിയുടെ മുഖത്തെ ഭാവം മാറുകയില്ല. അതിനൊന്നും ഇനി സമയം കാണില്ല എന്നു പണ്ടൊരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുമ്പോഴും ഭാവവ്യത്യാസം കണ്ടിരുന്നില്ല. ക്ഷേത്രത്തില്‍ പോവാതെ, പ്രാര്‍ഥിക്കാതെ, ക്ഷേത്രത്തിന്റെ രാഷ്ട്രീയം പറയുമ്പോഴും അദ്ദേഹത്തിനു ഭാവം മാറുകയില്ല. അനായാസമായ ഒരു അചഞ്ചലതയാണ്‌ സ്ഥായീഭാവം. ചിലര്‍ അതിനെ നിഗൂഢത എന്നും വിളിക്കും.
നാല്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടക്കാല തിരഞ്ഞെടുപ്പു നടക്കുന്നു. പതിനഞ്ചു കൊല്ലം മുമ്പ്‌. പ്രചാരണത്തിനു പോവുമ്പോള്‍, ആറുപേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു വിമാനത്തില്‍ അഡ്വാനിയോടൊപ്പം ഞാനും നാടാകെ പറന്നു. പാഞ്ചജന്യത്തിന്റെ അധിപനായിരുന്ന തരുണ്‌ വിജയ്‌ ആയിരുന്നു മറ്റൊരു പത്രക്കാരന്‍. ജോധ്‌പൂരില്‍ ഇറങ്ങി ഒരു ഉള്‍നാട്ടിലെത്തിയപ്പോള്‍, ഒരു പ്രമാണിയുടെ വീട്ടില്‍വച്ച്‌ ഗ്രാമീണ സ്‌ത്രീകള്‍ അഡ്വാനിയെ പൊതിഞ്ഞു. പൊട്ട്‌ കുത്താത്ത അദ്ദേഹത്തിന്റെ നെറ്റിയില്‍ അവര്‍ പലനിറത്തില്‍ തിലകംചാര്‍ത്തി. നിസ്സഹായനായി ഒട്ടൊരു നാണത്തോടെ, അദ്ദേഹം അതിനെല്ലാം നിന്നുകൊടുക്കുന്നതു കാണാന്‍ രസമായിരുന്നു.
പിറന്നാള്‍ കേമമായി ആഘോഷിക്കാത്ത ആളാണ്‌ അഡ്വാനി. ഞങ്ങളുടെ യാത്രയ്‌ക്കിടയിലായിരുന്നു അക്കൊല്ലത്തെ പിറന്നാള്‍. വേറെ ആരും അറിഞ്ഞില്ല. അദ്ദേഹത്തിന്റെ സഹായി ഇടയ്‌ക്ക്‌ സൂചിപ്പിച്ച കാര്യം ഞാന്‍ ഉല്‍സാഹപൂര്‍വ്വം വീശി. പിറന്നാള്‍ വാര്‍ത്തയുമായി പത്രം ഇറങ്ങിയതോടെ ആളുകള്‍ വിളിയോടു വിളി. മധുരപ്രളയം. ശല്യമായെന്നു തോന്നിത്തുടങ്ങിയപ്പോള്‍ അഡ്വാനി പറഞ്ഞു. `ഈ പൊല്ലാപ്പിന്റെയെല്ലാം കാരണം, ദാ ഈ നില്‍ക്കുന്ന ഗോവിന്ദ്‌ജിയാണ്‌.'
അന്നു പ്രചാരത്തിലിരുന്ന ഒരു വാമൊഴി അദ്ദേഹത്തോടുള്ള ഈര്‍ഷ്യയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചേരിതിരിവും വെളിവാക്കി. `പാമ്പിനെ നമ്പിയാലും സിന്ധിയെ സന്ധിക്കരുത്‌' എന്ന അര്‍ഥം വരുന്നതായിരുന്നു ആ പ്രയോഗം.
വേറൊരു കൊച്ചു സംഭവം. ഞാന്‍ എഴുതിയ ഒരു പുസ്‌തകത്തിന്റെ പ്രകാശനമായിരുന്നു അവസരം. പ്രകാശനത്തിന്റെ തലേന്നാള്‍ പുസ്‌തകം നിരോധിക്കപ്പെട്ടു. അത്‌ തമിഴരെ താഴ്‌ത്തിക്കെട്ടുന്നു എന്നായിരുന്നു പരാതി. പ്രസാധകന്‍ പരിഭ്രമിച്ചു. ഞങ്ങള്‍ പ്രകാശനം ഒഴിവാക്കി. അതിനെ ഒരു ചര്‍ച്ചയായി മാറ്റി.
നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ, ജസ്‌റ്റിസ്‌ എച്ച്‌ ആര്‍ ഖന്ന എത്തി, പ്രകാശനത്തിനല്ല, ചര്‍ച്ച ഉദ്‌ഘാടനം ചെയ്യാന്‍. അരുണ്‍ ശൗരി എത്തി, വേറെ പല പ്രശസ്‌തരും കാണികളായി വന്നു. പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറും പിന്നീട്‌ ആഭ്യന്തരമന്ത്രിയായ ഇന്ദ്രജിത്‌ ഗുപ്‌തയും വരാമെന്നേറ്റിരുന്നെങ്കിലും ഒടുവില്‍ മുങ്ങി. ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന്‌ അഡ്വാനിയുടെ മേലും വലിയ സമ്മര്‍ദ്ദമുണ്ടായി. .
തെക്കേ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ്‌, വൈകി വീട്ടിലെത്തിയ അഡ്വാനി ചോദിച്ചു. `ഗോവിന്ദ്‌ജി, പലരും പറയുന്നു ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌, എന്തുവേണം, പറയൂ'. രാവിലെ പത്തുമണിക്കായിരുന്നു ചടങ്ങ്‌. അത്ര മാത്രം ഞാന്‍ ഓര്‍മിപ്പിച്ചു. ഒമ്പത്‌ നാല്‍പ്പത്തഞ്ചിന്‌ ഫിക്കി ഓഡിറ്റോറിയത്തില്‍ എത്തിയവരില്‍ അഡ്വാനിയും ഉണ്ടായിരുന്നു. പാമ്പിനെ നമ്പുന്നതിനെപ്പറ്റിയുള്ള പഴയ ബി.ജെ.പി മൊഴി, ആ സന്ദര്‍ഭത്തില്‍ പാഴ്‌മൊഴി. ഞാന്‍ ഒന്നുകൂടി ഓര്‍ത്തുപോയി.
വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന ആളാണ്‌ അഡ്വാനി. സംസാരത്തിലും എഴുത്തിലും. പത്രക്കാരനായിരുന്നപ്പോഴും പാര്‍ലമെന്റേറിയനായപ്പോഴും അതുതന്നെ വഴക്കം. വാക്ക്‌ നിശിതമായ ആയുധമാവുമ്പോഴും അതു തൊടുക്കുന്ന ആളുടെ മുഖത്ത്‌ കോപം സ്‌ഫുരിക്കില്ല. സ്വതവേ ഗൗരവം മാത്രം കാണുന്ന ആ മുഖത്ത്‌ വല്ലപ്പോഴും മാറിവരുന്ന ഭാവം നേരിയ ഒരു പുഞ്ചിരിയാവും. എന്നാല്‍ പ്രതിയോഗികളിലും ചിലപ്പോഴൊക്കെ അസ്‌മാദികളിലും പ്രകോപനവും പ്രകമ്പനം പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ഒരു വാക്കു ധാരാളം മതിയാവും.
ഒരുകാലത്ത്‌ രാജ്യസഭയില്‍ നിറഞ്ഞു തിളങ്ങിനിന്നിരുന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ ഭൂപേഷ്‌ ഗുപ്‌ത, മിക്കപ്പോഴും മൗനം ദീക്ഷിച്ചിരിക്കുന്ന അഡ്വാനിയെ ചൂണ്ടി ഒരിക്കല്‍ പറഞ്ഞു: ദാ ഈ ഇരിക്കുന്ന ആളെ കണ്ടോ? ആര്‌ എന്തു പറഞ്ഞാലും കുലുങ്ങാത്ത മനുഷ്യന്‍. കോപം വരാത്ത മനുഷ്യന്‍. ഒന്ന്‌ ചിരിച്ചാലായി. ദേഷ്യംവരാത്ത ഇയാളാണ്‌ ആപല്‍ക്കാരി..''അതു കേട്ടപ്പോഴും അഡ്വാനി ചെറുതായൊന്നു ചിരിച്ചതേയുള്ളൂവത്രേ.

മൂന്നാം മുന്നണിയെ അധികാരത്തിലേറ്റുക ലക്ഷ്യം: വി എസ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ - ബി.ജെ.പി മുന്നണികള്‍ക്കു പകരം ഇടതുപക്ഷ മതനിരപേക്ഷ ശക്തികളുടേതായ ഒരു മൂന്നാം മുന്നണിയെ അധികാരത്തിലേറ്റുക എന്നതാണു ലക്ഷ്യമെന്നു കേരള മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവുമായ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന പ്രത്യേക അഭിമുഖത്തിലാണു മൂന്നാം മുന്നണിയില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചത്‌.
മൂന്നാംമുന്നണി ആശയപരമായി എങ്ങനെയാണു രൂപംകൊള്ളുന്നത്‌?
സാമ്രാജ്യത്വ വിരോധം, സാമ്പത്തിക പരമാധികാരം, സ്വതന്ത്ര വിദേശ നയം, മതനിരപേക്ഷ ജനാധിപത്യം എന്നീ തത്വങ്ങളിലൂന്നിക്കൊണ്ടാണു മൂന്നാംമുന്നണി രൂപംകൊള്ളുന്നത്‌.
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണു യു.പി.എ ഇതര എന്‍.ഡി.എ ഇതര പ്ലാറ്റ്‌ഫോം രൂപപ്പെടാന്‍ തുടങ്ങിയത്‌. അത്‌ മൂന്നാം മുന്നണി എന്ന മൂര്‍ത്തരൂപത്തില്‍ എത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും ആവഴിക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. അതാണെങ്കില്‍ ഇടതുപക്ഷ മതേതര ശക്തികള്‍ക്കു തികച്ചും അനുകൂലമായിത്തീരും. ഇന്ത്യയുടെ സുരക്ഷിതത്വത്തിന്‌ ഏറ്റവുമധികം വെല്ലുവിളിയുണ്ടായ കാലമാണു യു.പി.എ ഭരണം. ഭീകര സംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അവരുടെ കടന്നുകയറ്റം തടയുന്നതിനും യു.പി.എ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു.
മതപരമായ വിദ്വേഷം സൃഷ്ടിച്ച്‌ ഹിന്ദുവോട്ട്‌ തട്ടിയെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തേണ്ടതുണ്ട്‌. മതത്തിന്റെ പേരില്‍ നടമാടുന്ന ഭീകരതാണ്ഡവത്തിനെതിരായ ശക്തമായ ജനവികാരംകൂടി ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.
യോജിച്ച പ്രവര്‍ത്തനങ്ങളും വ്യക്തമായ അജണ്ടയും ഇല്ലാതെ പ്രാദേശിക പാര്‍ട്ടികള്‍ക്കു ഭൂരിപക്ഷമുണ്ടാക്കുന്ന മൂന്നാം മുന്നണിക്ക്‌ കെട്ടുറപ്പോടെ നിലനില്‍ക്കാന്‍ കഴിയുമോ?
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്‌. അന്നു കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണമായിരുന്നു. രാജ്യത്താകെ വര്‍ഗീയ വിഷം കുത്തിചെലുത്തുകയും ന്യൂനപക്ഷ സമുദായങ്ങളെ കടന്നാക്രമിക്കാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു ആ സര്‍ക്കാര്‍. മുസ്‌്‌ലിംകളെ കൂട്ടത്തോടെ കശാപ്പുചെയ്യുകയാണു ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്‌തത്‌. ബി.ജെ.പി ഭരണം കേന്ദ്രത്തില്‍ വീണ്ടും വന്നാല്‍ വിഭജനകാലത്തെ അവസ്ഥയിലേക്കു രാജ്യം നീങ്ങുമായിരുന്നു. ഈ അവസ്ഥയില്‍ നയപരമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌(ഐ) ഭരണം അധികാരത്തില്‍ വരേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. അതുകൊണ്ടാണു യു.പി.എക്ക്‌ പുറത്തുനിന്നു പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയ്യാറായത്‌. ആ നിലപാട്‌ ശരിയായിരുന്നുവെന്നു കാലം തെളിയിക്കുകയും ചെയ്‌തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനു പൂര്‍ണമായി കീഴടങ്ങി ആണവകരാറില്‍ ഒപ്പിടുകയും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്‌ക്കുകയും ചെയ്‌തപ്പോഴാണ്‌ ഇടതുപക്ഷം യു.പി.എക്ക്‌ പിന്തുണ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്‌.
ഇടതുപക്ഷത്തിന്റെ ആഹ്വാനം ശരിവച്ചുകൊണ്ട്‌ ആന്ധ്രപ്രദേശിലെ ടി.ഡി.പിയും ഉത്തര്‍പ്രദേശിലെ ബി.എസ്‌.പിയും തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസും വിശ്വാസവോട്ടിനെതിരേ പരസ്യമായി രംഗത്തുവന്നു. തങ്ങള്‍ നേരത്തേ കൈക്കൊണ്ട നിലപാടുകള്‍ തെറ്റായിരുന്നുവെന്നു മനസ്സിലാക്കിക്കൊണ്ടാണ്‌ ആ പാര്‍ട്ടികളൊക്കെ മുന്നോട്ടുവന്നത്‌. ഈ പാര്‍ട്ടികളുടെ നിലപാടുകള്‍വച്ചുകൊണ്ട്‌ ഒരു ദേശീയ ബദല്‍ ഉണ്ടാവുമെന്ന്‌ അപ്പോള്‍ത്തന്നെ തീര്‍ച്ചപ്പെട്ടിരുന്നു. അങ്ങനെയാണു പുതിയൊരു മൂന്നാം മുന്നണി ഉദയംചെയ്യുന്നത്‌.
കെ.പി.വി

ഇടതുപക്ഷം നിര്‍ണായകമാവും: എ ബി ബര്‍ധന്‍

ബാംഗ്ലൂര്‍: അടുത്ത പാര്‍ലമെന്റില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയായിരിക്കുമെന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ അവകാശപ്പെട്ടു. കര്‍ണ്ണാടകയിലെ തുംകൂരില്‍ മൂന്നാം മുന്നണി രൂപീകരണ റാലിയില്‍ പ്രസംഗിക്കാനെത്തിയ എ ബി ബര്‍ധന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
? കഴിഞ്ഞ ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്‌ 62 സീറ്റുകളുണ്ടായിരുന്നു. അത്‌ വര്‍ധിക്കുമെന്നാണോ?
തീര്‍ച്ചയായും. സീറ്റുകള്‍ വര്‍ധിക്കും. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രാജ്യത്ത്‌ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഞങ്ങളുടെ ലക്ഷ്യം ബദല്‍ സര്‍ക്കാരാണ്‌.
? പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി മുന്നണിയുണ്ടാക്കിയ ഇടതുപക്ഷം ദേശീയ കാഴ്‌ച്ചപ്പാട്‌ ബലികഴിക്കുന്നതായി ആരോപണം ഉണ്ടല്ലോ?
ആ ആരോപണം അടിസ്ഥാനരഹിതമാണ്‌. എക്കാലത്തും ദേശീയ- സാര്‍വദേശീയ കാഴ്‌ച്ചപ്പാട്‌ ഉള്ള പാര്‍ട്ടികളാണു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സ്വതന്ത്ര വിദേശനയവും ദേശീയ ആണവനയവും പിന്തുടരാനുള്ള അവകാശവും പരിരക്ഷിക്കുക എന്നതാണു ഞങ്ങളുടെ സര്‍വ്വപ്രധാന മുദ്രാവാക്യം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന ഫലസ്‌തീന്‍ ജനതയോടും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളോടും ഞങ്ങള്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
ഇതിനായി ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ഭരണത്തിനെതിരായ ഒരു ദേശീയ ബദല്‍ രൂപീകരിക്കുക എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനാണു ഞങ്ങള്‍ ക്ഷണിക്കുന്നത്‌. രാജ്യത്തെ മുന്നോട്ടു നയിക്കാനും ദുരിതപൂര്‍ണമല്ലാത്ത ഒരു ജനജീവിതം കെട്ടിപ്പടുക്കാനും ഇത്‌ അത്യന്താപേക്ഷിതമാണ്‌.
? തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം രൂപീകരിച്ച മൂന്നാം മുന്നണിക്ക്‌ ഈ ലക്ഷ്യം കൈവരിക്കാനാവുമോ?
ആവുമെന്നാണു ഞങ്ങളുടെ വിശ്വാസം. കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി ഇടതുപക്ഷ കക്ഷികളും പ്രാദേശിക മതേതര പാര്‍ട്ടികളും ചേര്‍ന്നാണ്‌ ഇപ്പോള്‍ മൂന്നാം മുന്നണി രൂപീകരിച്ചത്‌. കൂടുതല്‍ മതേതര പാര്‍ട്ടികള്‍ താമസിയാതെ മുന്നണിയില്‍ പങ്കാളികളാവുമെന്നാണു പ്രതീക്ഷിക്കുന്നത്‌.
? ദേശീയ മിനിമം പരിപാടിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഇല്ലാതെ ഒരു മൂന്നാം മുന്നണിയെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുമോ?
തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ഒരു മിനിമം പരിപാടി ഉണ്ടാക്കാനാവുമെന്നു കരുതുന്നു. ആരെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മൂന്നാം മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുകയില്ല. തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ പ്രധാനമന്ത്രിയെ നിശ്ചയിക്കുകയുള്ളൂ.
? മൂന്നാം മുന്നണിയില്‍ ഉള്‍പ്പെട്ട കക്ഷികള്‍ പല സംസ്ഥാനങ്ങളിലും പരസ്‌പരം മല്‍സരരംഗത്താണല്ലോ. മാത്രമല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ മുന്നണിയിലുള്ള ചില കക്ഷികള്‍ സീറ്റ്‌ നല്‍കുന്നുമില്ലല്ലോ?
മൂന്നാം മുന്നണിയിലെ കക്ഷികള്‍ പരസ്‌പരം മല്‍സരിക്കുന്നത്‌ പരമാവധി ഒഴിവാക്കണം. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്‌. സീറ്റിന്റെ കാര്യത്തില്‍ എല്ലാ കക്ഷികളും വിട്ടുവീഴ്‌ചാ മനോഭാവം കൈക്കൊള്ളണം. ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിക്കുക എന്നതാണു മൂന്നാം മുന്നണിയുടെ മുഖ്യ അജണ്ട.
? ബി.ജെ.പി അധികാരത്തില്‍ കയറുന്നതു തടയാന്‍ കോണ്‍ഗ്രസ്സിനെ വീണ്ടും ഇടതുപക്ഷം പിന്തുണയ്‌ക്കുമോ?
അഞ്ചുവര്‍ഷംകൊണ്ട്‌ ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നു യു.പി.എ ഭരണം അവകാശപ്പെടുന്നു. പൊള്ളയായ അവകാശവാദമാണിത്‌. അമേരിക്കയുടെ ആശിര്‍വാദത്തോടെ സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ മുതലാളിത്ത സാമ്പത്തിക നയമാണു കോണ്‍ഗ്രസ്സ്‌ നടപ്പാക്കിയത്‌.
ഇന്ത്യയിലെ 84 കോടിയിലധികം ജനങ്ങള്‍ക്കു പ്രതിദിനം ഇരുപതു രൂപയില്‍ കുറഞ്ഞ വരുമാനമാണുള്ളതെന്നു സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ജനജീവിതം അധികമധികം ദുഷ്‌കരമാവുകയാണ്‌. തൊഴിലാളികളും കൃഷിക്കാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ക്ലേശിക്കുന്നു. യു.പി.എ ഭരണംകൊണ്ട്‌ ചുരുക്കംചിലര്‍ കോടീശ്വരന്‍മാരായി. അതുകൊണ്ട്‌ യു.പി.എയുടെ നയം രാജ്യദ്രോഹവും ജനദ്രോഹവുമാണ്‌.