2009-04-10

പോര്‍വിളി ശക്തം; ഇളകാന്‍ മടിച്ച്‌ മലപ്പുറം


സലീം ഐദീദ്‌

മലപ്പുറം: മുസ്‌ലിംലീഗിന്റെ ആകാശവും ഭൂമിയുമാണു മലപ്പുറം ജില്ല. ഇതു തുളച്ചുകയറിയാണു ടി കെ ഹംസ 2004ലെ തിരഞ്ഞെടുപ്പില്‍ ഷോ മാന്‍ ആയത്‌. ഉരുളയ്‌ക്കുപ്പേരി നല്‍കാന്‍ ആദ്യത്തെ അവസരമാണു ലീഗിനിപ്പോള്‍ കിട്ടിയിരിക്കുന്നത്‌. മലപ്പുറം ഇപ്പോഴും പുറമേക്കു ശാന്തമാണ്‌. പക്ഷേ, വോട്ടെടുപ്പ്‌ നങ്കൂരമിടാനായതോടെ ഈ മണ്ഡലത്തിന്റെ അടിത്തട്ടുകളില്‍ പോര്‍വിളി ശക്തമാവുകയാണ്‌.
മലപ്പുറത്തെ പഴയ സ്ഥിതിവിവര കണക്കുകള്‍ വച്ച്‌ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ മലപ്പുറം, കൊണ്ടോട്ടി, വേങ്ങര മണ്ഡലങ്ങളില്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം പ്രവചിക്കാം. മങ്കടയിലും പെരിന്തല്‍മണ്ണയിലും നിലവില്‍ എല്‍.ഡി.എഫിന്‌ മേല്‍ക്കോയ്‌മയുണ്ട്‌. മൂന്നു മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ നേടുന്ന ഭൂരിപക്ഷം ഈ രണ്ടു മണ്ഡലങ്ങളുടെ പിന്‍ബലത്തില്‍ വെട്ടിയൊതുക്കി ശേഷിക്കുന്ന വള്ളിക്കുന്നിനെയും മഞ്ചേരിയെയും ഒപ്പംകൂട്ടി ടി കെ ഹംസയ്‌ക്കു വീണ്ടും പാര്‍ലമെന്റില്‍ എത്താമെന്നാണ്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ ഒടുവില്‍ വിലയിരുത്തുന്നത്‌. അതേസമയം, മങ്കടയിലും പെരിന്തല്‍മണ്ണയിലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈ തിരഞ്ഞെടുപ്പിലും അത്‌ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ യു.ഡി.എഫ്‌ നേതാക്കള്‍ക്കു സംശയമില്ല. മഞ്ചേരിയിലും വള്ളിക്കുന്നിലും മുന്‍തൂക്കം നേടുന്നതോടെ ഏറ്റവും ചുരുങ്ങിയത്‌ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാവുമെന്നതാണു യു.ഡി.എഫിന്റെ അവസാന കണക്ക്‌. പക്ഷേ, പുതിയ മണ്ഡലമെന്ന നിലയില്‍ വള്ളിക്കുന്നും ടി കെ ഹംസയുടെ പ്രവര്‍ത്തനമേഖലയെന്ന നിലയില്‍ മഞ്ചേരിയും കണക്കുകൂട്ടലുകള്‍ക്ക്‌ എളുപ്പം വഴങ്ങുന്നില്ല. മഞ്ചേരിയില്‍ യു.ഡി.എഫിനാണു മുന്‍തൂക്കമുള്ളതെങ്കിലും ?ഹംസ ട്രിക്ക്‌? എന്തെങ്കിലും അട്ടിമറിയുണ്ടാക്കുമോ എന്ന സംശയമാണു ബാക്കിയുള്ളത്‌. ഹംസാക്ക ഫാക്ടര്‍ 25,000 വോട്ടുകളെങ്കിലും മറിച്ചാല്‍ ഹംസ നേരത്തേ നേടിയ വിജയം ചക്ക വീണ്‌ മുയല്‍ ചത്തതല്ലെന്നു വ്യക്തമാവും.
മലപ്പുറത്തെ നഗരങ്ങളിലെ പ്രചാരണം തണുത്തുറഞ്ഞതാണെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്‌തമാണ്‌. ജമാഅത്തെ ഇസ്‌ലാമിയും പോപുലര്‍ ഫ്രണ്ടും അവരവരുടെ രാഷ്ട്രീയ നിലപാട്‌ പ്രഖ്യാപിച്ചതാണ്‌ അവസാന റൗണ്ടിലെ സവിശേഷത. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ്‌ ജമാഅത്തിന്റെ സ്വാധീനം. ജമാഅത്തിന്റെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മലപ്പുറത്ത്‌ എല്‍.ഡി.എഫിനായിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ വോട്ടുകളാണ്‌ ഇ അഹമ്മദിന്റെ പ്ലസ്‌ പോയിന്റ്‌. പി.ഡി.പി, ഐ.എന്‍.എല്‍, സി.പി.ഐ കക്ഷികള്‍ക്കു മലപ്പുറത്ത്‌ പറയത്തക്ക സ്വാധീനമില്ല.
എ പി സുന്നി നിലപാട്‌ പരസ്യമാക്കിയില്ലെങ്കിലും ഇക്കുറിയും ടി കെ ഹംസയ്‌ക്കു നറുക്ക്‌ വീഴാനാണു സാധ്യത. ഇതേച്ചൊല്ലി തീവ്രമായ അഭിപ്രായവ്യത്യാസങ്ങള്‍ എ പി വിഭാഗത്തിനിടയില്‍ ഉള്ളതിനാല്‍ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാവുമെന്നും സൂചനയുണ്ട്‌. താന്‍ എ പി സുന്നിയാണെന്ന ഹംസയുടെ പരസ്യപ്രസ്‌താവന ഇരുവിഭാഗം മുജാഹിദുകളെയും ചൊടിപ്പിച്ചിട്ടുണ്ട്‌. മലപ്പുറത്ത്‌ പ്രചാരണങ്ങളില്‍ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന പ്രയാസങ്ങള്‍ നീങ്ങിയെന്നും ഇപ്പോള്‍ തികഞ്ഞ ശുഭാപ്‌തിവിശ്വാസമുണ്ടെന്നും യു.ഡി.എഫ്‌ മലപ്പുറം ലോക്‌സഭാ മണ്ഡലം ചെയര്‍മാന്‍ ഇ മുഹമ്മദ്‌ കുഞ്ഞി തേജസിനോടു പറഞ്ഞു. സി.പി.എമ്മിന്‌ പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നു പിന്തുണ ലഭിക്കുന്നുണ്ടെന്നു മലപ്പുറം മണ്ഡലം എല്‍.ഡി.എഫ്‌ കണ്‍വീനര്‍ പി ശ്രീരാമകൃഷ്‌ണനും തേജസിനോടു പറഞ്ഞു.

സംശുദ്ധ രാഷ്ട്രീയം മുഖമുദ്ര


അബ്ദുര്‍റഹ്‌മാന്‍ ആലൂര്‍
കാസര്‍കോഡ്‌: സംശുദ്ധ രാഷ്ട്രീയം കൈമുതലായ അഡ്വ. ഹമീദലി ഷംനാട്‌ 80ാം വയസ്സിലും ആവേശപൂര്‍വം തിരഞ്ഞെടുപ്പു ഗോദയില്‍. മുസ്‌ലിം ലീഗ്‌ സംസ്ഥാന ഖജാഞ്ചിയായ ഇദ്ദേഹത്തിനു മാതൃക സി എച്ചും ഖാഇദെ മില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌മായില്‍ സാഹിബും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം സ്വീകരിച്ച്‌ മുസ്‌ലിം ലീഗിലേക്കു കടന്നുവന്ന ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ്‌, കന്നഡ ഭാഷാ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനാവലി ഇന്നും തിങ്ങിക്കൂടുന്നു.
മുസ്‌ലിം ലീഗ്‌ സംസ്ഥാന സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌, കാസര്‍കോഡ്‌ ജില്ലാ പ്രസിഡന്റ്‌, കാസര്‍കോഡ്‌ നഗരസഭാ ചെയര്‍മാന്‍, ഒടേപെക്‌ ചെയര്‍മാന്‍, പി.എസ്‌.സി അംഗം, രാജ്യസഭാംഗം, എം.എല്‍.എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമസഭയിലേക്ക്‌ 1960ല്‍ സി എച്ച്‌ കണാരനെ പരാജയപ്പെടുത്തി. ഇ എം എസ്‌ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നാലരവര്‍ഷം സംസ്ഥാന നിയമസഭാംഗമായി. 1970ല്‍ രാജ്യസഭാംഗമായി. പിന്നീട്‌ 1976ല്‍ മൂന്നുവര്‍ഷം കൂടി രാജ്യസഭാംഗമായി. കേരളത്തിലെ സി.പി.ഐ നേതൃത്വത്തിലുള്ള സപ്‌തകക്ഷി ഭരണകാലത്താണു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്‌. അഖിലേന്ത്യാ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. സേട്ട്‌ സാഹിബ്‌ മുന്‍കൈയെടുത്ത്‌ ഇരു ലീഗുകളെയും ഒന്നിപ്പിച്ച ആ ധന്യനിമിഷം ഇപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്നു. ഇ എം എസ്‌്‌, എം എന്‍ ഗോവിന്ദന്‍ നായര്‍, അഴിക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍, സി അച്യുതമേനോന്‍, സി എച്ച്‌ , കെ എം സീതിസാഹിബ്‌ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളുമായി ഉറ്റ ബന്ധം സ്ഥാപിച്ചു. പദവിയുടെ ഉന്നത ശ്രേണികളില്‍ വിലസുമ്പോഴും സാധാരണക്കാരനായി ജീവിച്ചു ഷംനാട്‌ ഇന്നും അണികള്‍ക്ക്‌ ആവേശമാണ്‌.
കാസര്‍കോഡ്‌ ബാര്‍ കൗണ്‍സില്‍ കാന്റീനില്‍ നിന്നു പതിവുതെറ്റാതെ ഇദ്ദേഹം കഞ്ഞികുടിക്കാനെത്തുന്നു. ഈ തിരഞ്ഞെടുപ്പില്‍ കന്നട മേഖലകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനാണ്‌ ഷംനാടിന്‌ നിയോഗം. ഗസ്‌റ്റ്‌ഹൗസില്‍ തേജസുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കടന്നു വന്നു. ഹസ്‌തദാനം ചെയ്‌ത ശേഷം ഇരുവരും അല്‍പ്പനേരം കുശലാന്വേഷണത്തിലായി.

നഷ്ടപ്പെട്ട ഇടങ്ങള്‍ വീണ്ടെടുക്കണം


എ പി സലാം

ലോകം ഒരുപാടു മാറി. ആഗോളവല്‍ക്കരണം ഉത്തരാധുനിക ഇന്ത്യയെ സൃഷ്ടിച്ചിരിക്കുന്നു. സാങ്കേതിക പുരോഗതി കൂടുതലുണ്ടായി. മറുഭാഗത്ത്‌ ദാരിദ്ര്യം ഭീകരമായി വര്‍ധിച്ചു. പുരോഗതിയുടെ ഒരറ്റം മുന്നോട്ടും മറ്റൊരറ്റം പിന്നോട്ടുമാണ്‌. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായിമാറി. സമ്പന്നര്‍ ഭരണവര്‍ഗമായി. ദലിതര്‍ക്കും നാടോടികള്‍ക്കും ആദിവാസികള്‍ക്കും അവരുടെ ഇടങ്ങള്‍ നഷ്ടപ്പെട്ടു- കവി എസ്‌ ജോസഫ്‌ പറയുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെയും പ്രകൃതിയെയും പരിരക്ഷിക്കുന്ന ഒരു ബോധം ഭരണവര്‍ഗത്തിന്‌ ഉണ്ടാവണം. നാളത്തെ ഇന്ത്യ സമ്പന്നമായിരിക്കുമെന്നു പറയുന്നു. ബ്രാഹ്‌മണിക്‌ ബോധം അപ്പോഴും ഭൂരിപക്ഷത്തെ പുറത്തുനിര്‍ത്തുന്നു.
ജനാധിപത്യത്തില്‍ നിന്നു രാജ്യം വ്യതിചലിക്കാത്തത്‌ ഏറെ അഭിമാനകരമാണ്‌. ഭരണം പൊതുവില്‍ ഗുണകരമായാല്‍ പോരാ, സൂക്ഷ്‌മത്തില്‍കൂടി അതിന്റെ ശ്രദ്ധ എത്തണം.
സമീപകാല ഇന്ത്യയുടെ വേദന തീവ്രവാദവും ഭീകരവാദവുമാണ്‌. ബാബരി മസ്‌ജിദും ഗുജറാത്തും ഉണങ്ങാത്ത മുറിവുകളാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരിക്കുന്നവര്‍ക്കാവണം. മതവിശ്വാസത്തില്‍ യഥാര്‍ഥ ആത്മീയത ഇല്ലാത്തതു മനുഷ്യരെ ഭിന്നിപ്പിക്കാന്‍ കാരണമാവുന്നു. പൊതുസമൂഹത്തില്‍ നിന്നു യുക്തിബോധം നഷ്ടമാവുന്നു.

വോട്ടുവേട്ടയ്‌ക്കിറങ്ങിയ സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ ലിയോണിക്കു കൗതുകം


റാഫി പട്ടര്‍പാലം

കോട്ടയം: അവിശ്വസനീയം, മഹത്തരം, നയനമനോഹരം... കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം നേരില്‍ കാണാന്‍ അവസരം ലഭിച്ച ഇംഗ്ലണ്ടില്‍ നിന്നുള്ള ലിയോണി മോറിസിന്റെ വാക്കുകളാണിത്‌. ലോകത്തിലാദ്യമായി വെബ്‌പോര്‍ട്ടല്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ക്ക്‌ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കിയെന്ന്‌ അവകാശപ്പെടുന്ന ഇംഗ്ലണ്ടില്‍ നിന്നാണെങ്കിലും ഇവിടത്തെ പ്രചാരണപരിപാടി കാണുമ്പോള്‍ അവര്‍ അദ്‌ഭുതം കൂറുന്നു. ഇംഗ്ലണ്ടിലെ കിങ്‌സ്‌ കോളജ്‌ ഓഫ്‌ യൂനിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിക്കുന്നതിനു മുന്നോടിയായി 29 ദിവസത്തെ പ്രായോഗിക പരിചയം നേടാന്‍, കഴിഞ്ഞ 13നാണ്‌ ലിയോണി കോട്ടയത്തെത്തിയത്‌.
തന്റെ നാട്ടിലെ കണ്‍സര്‍േവറ്റീവ്‌ പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡമോക്രാറ്റ്‌സ്‌ എന്നീ മൂന്നു പാര്‍ട്ടികളുടെ മല്‍സരങ്ങള്‍ക്കു മാത്രം സാക്ഷിയായ ലിയോണിയെ കേരളത്തിലെ എണ്ണമറ്റ സ്ഥാനാര്‍ഥികളുടെ നിര തെല്ലൊന്നുമല്ല അദ്‌ഭുതപ്പെടുത്തിയത്‌. തിരഞ്ഞെടുപ്പുരംഗത്തു പാരപണിയുന്ന അപരന്‍മാരും ലിയോണിയെ വിസ്‌മയിപ്പിച്ചു. ടി.വി സ്‌ക്രീനില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ലണ്ടനിലെ സ്ഥാനാര്‍ഥികളില്‍ നി ന്നു തികച്ചും വ്യത്യസ്‌തമായി കുഗ്രാമങ്ങളില്‍പ്പോലും വോട്ടര്‍മാരെ നേരില്‍ കാണാനുള്ള സ്ഥാനാര്‍ഥികളുടെ മനസ്സിനെ അവര്‍ അഭിനന്ദിച്ചു. വിവിധ വര്‍ണങ്ങളിലുള്ള കൊടികളും ബോര്‍ഡുകളുമായി പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശവും മറക്കാനാവാത്ത അനുഭവമാണെന്ന്‌ അവര്‍ പറയുന്നു. ജനഹൃദയം കീഴടക്കാന്‍ തുറന്ന വാഹനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികളെ സ്വീകരിക്കാന്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ ഓടിക്കൂടുന്ന രംഗം ലിയോണിയുടെ മനസ്സില്‍ നിന്നു മായുന്നില്ല.

എന്‍.എസ്‌.എസിന്റെ വോട്ടിനായി സര്‍ക്കാര്‍ ഒളിച്ചുകളിച്ചു


നിഷാദ്‌ എം ബഷീര്‍

തിരുവനന്തപുരം: പി.എസ്‌.സി സംവരണ വിഷയത്തില്‍ എന്‍.എസ്‌.എസിന്റെ പത്തു വോട്ടിനുവേണ്ടി സര്‍ക്കാര്‍ ഒളിച്ചുകളി നടത്തിയെന്നു സംവരണ സമുദായ മുന്നണി ചെയര്‍മാനും കേരള വണികവൈശ്യാസംഘം സംസ്ഥാന പ്രസിഡന്റുമായ എ സി താണു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും.
സംവരണസമരത്തെ അനുകൂലിക്കുകയും കോടതിയില്‍ കേസ്‌ വന്നപ്പോള്‍ മൗനംപാലിക്കുകയുമായിരുന്നു സര്‍ക്കാര്‍. കോണ്‍ഗ്രസ്‌ അമേരിക്കയുടെ ദാസന്‍മാരാണെങ്കില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ചൈനയുടെ ദാസന്‍മാരാണ്‌.
ഇടതുമുന്നണിക്ക്‌ ഒരുകാര്യത്തിലും വ്യക്തതയില്ല. ആദ്യകാലത്ത്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ച തെറ്റായ നയങ്ങള്‍ തിരുത്തി മുന്നോട്ടുപോവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ അനുകൂലമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. നരേന്ദ്രന്‍ പാക്കേജ്‌, പി.എസ്‌.സി നിയമന നടപടികളിലെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ നല്‍കാനാണു തങ്ങളുടെ തീരുമാനം.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അവര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കു വിധേയരാണോയെന്നു നേതൃത്വം വിലയിരുത്തണം. ജനാധിപത്യവ്യവസ്ഥിതിയില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. അതുകൊണ്ടു വ്യക്തികളെ വച്ചു രാഷ്ട്രീയപ്പാര്‍ട്ടികളെ വിലയിരുത്താനാവില്ല. അങ്ങനെയെങ്കില്‍ ഒരുപാടുപേരെ മാറ്റിനിര്‍ത്തേണ്ടിവരും. കേരളത്തില്‍ യു.ഡി.എഫിനു പിന്തുണ നല്‍കിയെങ്കിലും തിരുവനന്തപുരത്ത്‌ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി എ നീലലോഹിതദാസന്‍ നാടാര്‍ക്ക്‌ അനുകൂലമായ തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നും എ സി താണു പറഞ്ഞു.

രാഷ്ട്രീയഗണിതങ്ങള്‍ക്കു വഴങ്ങാതെ മലയോരം

ഷബ്‌ന സിയാദ്‌

ഇടുക്കി: പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച്‌. സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം. ഇരുകൂട്ടരും കര്‍ഷകമനസ്സ്‌ തൊട്ടറിഞ്ഞവര്‍. 10 വര്‍ഷമായി ഇടതോരം ചേര്‍ന്നുപോയ ഇടുക്കിയുടെ മനസ്സ്‌ ഇത്തവണ മാറുമോ? മുന്നണികളുടെ മുന്‍നിരക്കാര്‍ കണക്കുകളും ന്യായങ്ങളും നിരത്തി ജയം ഉറപ്പിക്കുന്നുണ്ടെങ്കിലും പോളിങ്‌ ബൂത്തിലേക്കുള്ള ദൂരം കുറഞ്ഞുവരവെ നിഷ്‌പക്ഷ രാഷ്‌ട്രീയഗണിതങ്ങള്‍ക്കു വഴങ്ങാതെ വഴുതിമാറുകയാണു മലയോരം.
തോട്ടം-കാര്‍ഷികമേഖല ഒപ്പമുണ്ടെന്ന്‌ യു.ഡി.എഫ്‌ ഊറ്റംകൊള്ളുന്നു. എന്നാല്‍, ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ ഒരുലക്ഷത്തില്‍ താഴെയുള്ള ഭൂരിപക്ഷത്തേക്കുറിച്ച്‌ ആലോചിക്കേണ്ടതില്ലെന്ന ഉറപ്പിലാണ്‌ ഇടതുമുന്നണിയുടെ അമരക്കാര്‍. 10,62,667 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്‌. രണ്ടരലക്ഷത്തോളം വരുന്ന തമിഴ്‌ വോട്ടുകളും ഒന്നരലക്ഷത്തോളമുള്ള മുസ്‌ലിം വോട്ടുകളും സഭയുടെ വോട്ടുകളും വിധിനിര്‍ണയത്തില്‍ നിര്‍ണായകമാണ്‌. ഇരു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണു മണ്ഡലത്തില്‍ കാഴ്‌ചവയ്‌ക്കുന്നത്‌്‌. ഒരേ സമുദായാംഗങ്ങളാണു രണ്ടു സ്ഥാനാര്‍ഥികളുമെന്നതിനാല്‍ വ്യക്തികളെ പരിഗണിക്കാതെ ഇടുക്കി, കോതമംഗലം രൂപത ഇടതുവിരുദ്ധ സമീപനമായിരിക്കും കൈക്കൊള്ളുക. എന്നാല്‍, സഭയുടെ ചെറിയ വോട്ടേ ഇത്തരത്തില്‍ മറിയൂവെന്നാണ്‌ എല്‍.ഡി.എഫ്‌ കണക്കുകൂട്ടല്‍. സഭ കൈവിട്ടപ്പോള്‍ എസ്‌.എന്‍.ഡി.പി കനിഞ്ഞതിന്റെ ആശ്വാസവും അവര്‍ക്കുണ്ട്‌.
തോട്ടം-കാര്‍ഷിക മേഖലയാണ്‌ ഇടുക്കിയില്‍ വിധി നിര്‍ണയിക്കുന്നതെന്നാണ്‌ യു.ഡി.എഫ്‌ അവകാശവാദം. ഇടതുസര്‍ക്കാരിന്റെ തോട്ടം-കര്‍ഷകത്തൊഴിലാളിവിരുദ്ധ സമീപനം ഇത്തവണ ഇടുക്കിയിലെ കാറ്റ്‌ വലത്തോട്ടടിക്കാന്‍ സഹായകമാവുമെന്നാണു പി ടി തോമസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ജോയി തോമസ്‌ പറയുന്നത്‌. തോട്ടംമേഖലയിലെ സൗജന്യറേഷന്‍ നിര്‍ത്തലാക്കി, മെഡിക്കല്‍ ക്യാംപുകള്‍ ഇല്ലാതായി, യൂനിഫോം വിതരണം നിര്‍ത്തലാക്കി, കാര്‍ഷികമേഖലയോട്‌ തികഞ്ഞ അവഗണന കാട്ടി തുടങ്ങി യു.ഡി.എഫ്‌ ആവനാഴി ആയുധങ്ങളാല്‍ സമ്പന്നം. അതിനാല്‍ ഇടുക്കിയില്‍ ഇടതുവിരുദ്ധ വികാരം ഇരമ്പുമെന്നും അതുവഴി പി ടി തോമസിന്റെ വിജയം ഉറപ്പാവുമെന്നുമാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷ.
എന്നാല്‍, കഴിഞ്ഞ തവണ തോട്ടംമേഖലയില്‍ നിന്നു ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഫ്രാന്‍സിസ്‌ ജോര്‍ജിനു ലഭിക്കുമെന്നാണു വ്യക്തമാവുന്നതെന്ന്‌ എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ പ്രഫ. എം ജെ ജേക്കബ്‌ അവകാശപ്പെടുന്നു. രാഷ്ട്രീയപശ്ചാത്തലം എന്തുതന്നെയായാലും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും പ്രവര്‍ത്തനങ്ങളുമാണു പ്രധാന ഘടകമായിവരുക. ജനകീയ എം.പിയെന്ന നിലയിലുള്ള ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേട്ടങ്ങള്‍ ഇതിനു ബലംപകരാനായി അവര്‍ അക്കമിട്ടുനിരത്തുന്നു. കാര്‍ഷിക പാക്കേജ്‌, അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങള്‍ തുറന്നത്‌, ശബരി പാതയ്‌ക്കുള്ള നടപടി, സ്‌പൈസസ്‌ പാര്‍ക്ക്‌, കേന്ദ്രീയ വിദ്യാലയം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ ഉദാഹരണം.
തോട്ടംമേഖലയിലെ പ്രബല ട്രേഡ്‌ യൂനിയനുകള്‍ ഇടതുപക്ഷ സംഘടനകളുടേതാണ്‌. അതിനാല്‍ ഈ വോട്ടുകള്‍ എല്‍.ഡി.എഫ്‌ പെട്ടിയില്‍ വീഴും. തന്നെയുമല്ല മൂന്നാര്‍ ഓപറേഷനു കാരണക്കാരനായത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസാണ്‌. ഈ വികാരം മൂന്നാറിലെ വോട്ടര്‍മാര്‍ക്കുണ്ടെന്നും അത്‌ ഇടതുസ്ഥാനാര്‍ഥിക്ക്‌ അനുകൂല ഘടകമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണ നേടിയ 58,290 വോട്ട്‌ നിലനിര്‍ത്താന്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീനഗരി രാജനു കഴിയില്ലെന്നു പരക്കെ അഭിപ്രായമുണ്ട്‌. ഈ ചോരുന്ന വോട്ടുകള്‍ എവിടെ പോവുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അവസാന നിമിഷം എന്‍.സി.പി പിന്തുണയോടെ കളത്തിലിറങ്ങിയ മുന്‍ എം.എല്‍.എയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ ജോസ്‌ കുറ്റിയാനി എന്തു ചലനമുണ്ടാക്കുമെന്ന്‌ ഇനിയും പറയാറായിട്ടുമില്ല.