2013-02-08

കേരളഓണ്‍ലൈവിനെ ഓര്‍മയുണ്ടോ?


തുടക്കം ഗംഭീരമാക്കിയ രണ്ടു പോര്‍ട്ടലുകളാണ് കേരളഓണ്‍ലൈവ് ഡോട്ട് കോമും വൈഗാന്യൂസ് ഡോട്ട് കോമും. പ്രമുഖപത്രങ്ങളില്‍ നിന്നുള്ള സീനിയര്‍ ജേര്‍ണലിസ്റ്റുകളെ പൊന്നും വിലയ്‌ക്കെടുത്ത് മലയാളന്യൂസ് പോര്‍ട്ടല്‍ ജേര്‍ണലിസത്തില്‍ പുതിയ ട്രെന്‍ഡ് തന്നെ കൊണ്ടുവരാന്‍ ഈ വെബ്‌സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു.

ഫഌഷ് ന്യൂസുകള്‍ അതിവേഗം അപ് ചെയ്യുന്നതിലൂടെയാണ് കേരളഓണ്‍ലൈവ് ശ്രദ്ധിക്കപ്പെട്ടത്. വൈഗാന്യൂസാണെങ്കില്‍ ഫീച്ചര്‍ സ്റ്റോറികളിലൂടെ വായനക്കാരെ കണ്ടെത്തി. ഒന്നു ക്ഷീണിച്ചെങ്കിലും വൈഗാന്യൂസ് ഇപ്പോഴുമുണ്ട്. പക്ഷേ, കേരളഓണ്‍ലൈവ് വെബ്‌സൈറ്റ് ഇപ്പോള്‍ ഹാക്ക് ചെയ്തിരിക്കുകയാണ്. ഹാക്ക് ചെയ്യാനുള്ള കാരണം സുരക്ഷ കുറഞ്ഞ സെര്‍വറില്‍ ഹോസ്റ്റ് ചെയ്തതു തന്നെയാണ്.

ഐപികളും നെയിംസെര്‍വറുകളും പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന വിവരങ്ങളാണ് കിട്ടുന്നത്. ലിക്വിഡ്‌വെബിന്റെ താരതമ്യേന മെച്ചപ്പെട്ട സെര്‍വറിലാണ് വൈഗാന്യൂസ് ഉള്ളത്. കേരളഓണ്‍ലൈവ് ആകട്ടെ ഇന്‍സെറോ എന്ന ക്വാളിറ്റി കുറഞ്ഞ ഡാറ്റാ സെന്ററിലും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രാദേശിക കമ്പനിയായിരിക്കും കേരളഓണ്‍ലൈവിന്റെ ഹോസ്റ്റിങ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.