2009-04-30

ബംഗാളില്‍ പ്രതിപക്ഷ മുദ്രാവാക്യം കൃഷിഭൂമി കര്‍ഷകന്‌

കലിചരണ്‍പൂര്‍: മുമ്പ്‌ ഇടതു പാര്‍ട്ടികള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിരുന്ന കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഇപ്പോള്‍ ബംഗാളില്‍ വിളിക്കുന്നത്‌ പ്രതിപക്ഷത്തിരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സുമാണ്‌. കര്‍ഷകന്റെയും ഭൂമിയുടെയും തൊഴിലാളിയുടെയും പേരില്‍ പടര്‍ന്നു പന്തലിച്ച ഇടതുപക്ഷം ഇപ്പോള്‍ തളരുന്നതും ഇതേ വിഷയത്തിലാണെന്നാണ്‌ ബംഗാളില്‍ നിന്നുള്ള റിപോര്‍ട്ട്‌. വര്‍ഷങ്ങളായി ഇടതിനൊപ്പം നിലകൊണ്ട വടക്കന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിലുടനീളം തൃണമൂലിന്റെ തുറുപ്പുചീട്ട്‌ ഭൂമിവിവാദങ്ങളായിരുന്നു.
``കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ ഭൂമി നല്‍കി. വര്‍ഷങ്ങളായി ഞങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്‌തു. ഇപ്പോഴവര്‍ വ്യവസായത്തിന്റെ പേരില്‍ ഞങ്ങളുടെ ഭൂമി തിരിച്ചെടുത്തു''- 1950 മുതല്‍ ഇടതിനൊപ്പം നിലകൊള്ളുന്ന ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ കൃഷിക്കാരനായ നേപ്പല്‍ ഹല്‍ദാര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മണ്ഡലത്തിലെത്താം. കര്‍ഷകര്‍ നൂറുമേനി വിളയിച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്തു. മേഖലയില്‍ വന്‍തോതില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇതെന്നും ഹല്‍ദാര്‍ പറഞ്ഞു.
വ്യവസായത്തിനു പിന്നാലെയോടുന്ന ബംഗാളില്‍ സി.പി.എം വിരുദ്ധ തരംഗം പരക്കെ രൂപപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ അസംബ്ലി ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെയാണ്‌ 2004ല്‍ 35 സീറ്റ്‌ നേടിയിരുന്ന ഇടതുപാര്‍ട്ടികള്‍ ഇപ്രാവശ്യം കടുത്ത മല്‍സരമാണ്‌ നേരിടുന്നതെന്ന്‌ വ്യവസായമന്ത്രി നിരുപം സെന്‍ സമ്മതിച്ചത്‌.
കൃഷിഭൂമി സംരക്ഷിക്കാന്‍ പൊരുതിയതിന്റെ ഫലമായി 2007ല്‍ 50ലധികം പേര്‍ക്ക്‌ സംസ്ഥാനത്ത്‌ ജീവന്‍ നഷ്ടമായി. നന്തിഗ്രാമില്‍ കെമിക്കല്‍ ഹബ്‌ പ്രൊജക്‌റ്റ്‌ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയ കര്‍ഷകരെ പോലിസും സി.പി.എം കേഡറുകളും ചേര്‍ന്ന്‌ ആക്രമിക്കുകയും തുടര്‍ന്ന്‌ നിരവധി കര്‍ഷകര്‍ മരണപ്പെടുകയും ചെയ്‌തത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണം ചെയ്‌തു. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പ്രൊജക്‌റ്റിന്‌ സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ ആഴ്‌ചകളോളം ഹൈവേ ഉപരോധം വരെ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പുഫലം എന്താവുമെന്ന്‌ പ്രവചിക്കാന്‍ ഇത്തവണ ബുദ്ധമുട്ടാണെന്നും എങ്കിലും മിക്ക സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും മന്ത്രി നിരുപം സെന്‍ പറഞ്ഞു. വ്യവസായവല്‍ക്കരണം തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമാണെന്നു സി.പി.എം പറയുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്‌ സ്ഥിതി സങ്കീര്‍ണമാക്കിയെന്ന്‌ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതിനു 22 സീറ്റായി കുറയുമെന്നാണ്‌ ടെലഗ്രാഫ്‌ പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ആശിഷ്‌ ചക്രവര്‍ത്തി പറയുന്നത്‌. സി.പി.എമ്മിനു പാരമ്പര്യമായി കിട്ടിയിരുന്ന ഗ്രാമീണവോട്ടില്‍ കോട്ടംതട്ടിയത്‌ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ സാമ്പത്തിക വിദഗ്‌ധന്‍ അഭിരൂപ്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരില്‍ ഉണ്ടായ അതൃപ്‌തി മുതലെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പൊങ്ങിയിട്ടുള്ള മമതയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതാണ്‌ തെളിയിക്കുന്നത്‌. ``വ്യവസായത്തിന്‌ ഞങ്ങള്‍ എതിരല്ല. പാവപ്പെട്ടവന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലാണ്‌ ഞങ്ങള്‍ക്കുള്ള എതിര്‍പ്പ്‌''- മമത പ്രചാരണത്തിലുടനീളം പറഞ്ഞ വാക്കുകളാണിവ.
``നന്തിഗ്രാം ഞങ്ങളുടെ മുന്നിലുണ്ട്‌. ഞങ്ങള്‍ക്കാവശ്യം ഒരു മാറ്റമാണ്‌. വൈദ്യുതിയും വെള്ളവും ഞങ്ങള്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ല''- കലിചരണ്‍പൂരിലെ കൃഷിക്കാരനായ ബിദേശ്‌ ഹല്‍ദാര്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ്‌ കുറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും പകരം മൂന്നാംബദല്‍ തേടുന്ന ഇടതുപാര്‍ട്ടികള്‍ക്ക്‌ കനത്ത തിരിച്ചടിയാവും.

മൂന്നാംമുന്നണിയുമായി കോണ്‍ഗ്രസ്സിന്‌ സഹകരിക്കേണ്ടിവരും: ഗൗഡ

കെ പി വിജയകുമാര്‍

ഹാസന്‍ (കര്‍ണാടക): ഹാസനിലെ ജനതാദള്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. കാലത്ത്‌ എട്ടുമണി. മകനും മുന്‍മന്ത്രിയുമായ എച്ച്‌ ഡി രേവണ്ണ ഓഫിസിലുണ്ട്‌. അമ്പതോളം അനുയായികളും. ഹരത്ത്‌ ഹള്ളി ക്ഷേത്രത്തില്‍ ഭാര്യ ചിന്നമ്മയോടൊപ്പം പ്രാര്‍ഥന കഴിഞ്ഞു ദേവഗൗഡ വരുന്നതും കാത്തിരിക്കുകയാണിവര്‍. പ്രാര്‍ഥനകളിലും യാഗങ്ങളിലും മന്ത്രങ്ങളിലും ജ്യോതിഷത്തിലും കടുത്ത വിശ്വാസിയാണ്‌ എഴുപത്തിയാറുകാരനായ ഗൗഡ.
പച്ചയിഴതോര്‍ത്തുമുണ്ട്‌ തോളില്‍ ചുറ്റി അദ്ദേഹം വന്നപ്പോഴേക്കും മണ്ഡലത്തിലേക്കു പോവാനുള്ള വാഹനങ്ങളൊക്കെ റെഡിയായി. മകന്‍ രേവണ്ണ പറഞ്ഞു: ??സമയം വൈകി, ഉടനെ പുറപ്പെടണം.?? ഗൗഡ ഓഫിസിലേക്ക്‌ കയറാന്‍ നിന്നില്ല. ജനതാദളിന്റെ മാത്രം പച്ചക്കൊടിയുള്ള തന്റെ കാറിലേക്കു കയറാന്‍ തുടങ്ങുന്നു. പിന്നില്‍ സുരക്ഷാഭടന്‍മാരുടെ രണ്ടു വാഹനങ്ങളും ഉണ്ട്‌. ഈ തിരക്കിനിടയിലാണു വെറും അഞ്ചു മിനിറ്റ്‌ എന്നു പറഞ്ഞ്‌ ഈ ലേഖകനെ രേവണ്ണ ദേവഗൗഡയുടെ കാറിന്‌ മുമ്പിലേക്കു കൊണ്ടുപോയത്‌.
?കര്‍ണാടകയില്‍ മൂന്നാംമുന്നണിയുടെ സ്ഥിതി എന്താണ്‌?
മൂന്നാംമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടും.
? ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാല്‍ മൂന്നാംമുന്നണി തകര്‍ന്നുവെന്ന പ്രചാരണം ഉണ്ടല്ലോ.
കള്ളപ്രചാരണമാണത്‌. ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ല. മൂന്നാംമുന്നണി തകരുകയും ഇല്ല.
? കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ജാഫര്‍ ശരീഫ്‌, മാര്‍ഗരറ്റ്‌ ആല്‍വ, എം വീരപ്പമൊ?യ്‌ലി, ബംഗാരപ്പ തുടങ്ങിയവരുടെ വിജയത്തിനു ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ?
അങ്ങനെയൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ്സുമായി ദള്‍ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഒരുവട്ടം പറഞ്ഞുകഴിഞ്ഞില്ലേ.
? ഉഡുപ്പിയില്‍ സി.പി.ഐയുടെയും മംഗലാപുരത്ത്‌ സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ?
ആരു പറഞ്ഞു ആ കള്ളം.
?സി.പി.എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ ഇതുസംബന്ധിച്ചു പരസ്യപ്രസ്‌താവന ഇറക്കിയതു മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടല്ലോ?
ഞാനതു കണ്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റുമോ?
?മൂന്നാംമുന്നണി അധികാരത്തില്‍ വരുമോ?
അധികാരത്തില്‍ വരും.
? അപ്പോള്‍ മൂന്നാംമുന്നണിക്ക്‌ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടുമെന്നാണോ?
ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്‌ മൂന്നാംമുന്നണിയുമായി സഹകരിക്കേണ്ടിവരും. അങ്ങനെ മുന്നണി അധികാരത്തില്‍ വരും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിന്‌ അതു ചെയ്യേണ്ടിവരും.
? സഹകരണമെന്ന്‌ അര്‍ഥമാക്കുന്നതു പിന്തുണയാണോ?
അതെ. പിന്തുണ തന്നെ.
? മറിച്ചും ആയിക്കൂടേ? ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിനെ മൂന്നാംമുന്നണിക്ക്‌ പിന്തുണ നല്‍കിക്കൂടേ?
അതൊക്കെ ഇനി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പറയാം. ഇത്രയും പറഞ്ഞ്‌ അദ്ദേഹം കാറില്‍ കയറി. പൊടിപാറിക്കൊണ്ടു വാഹനങ്ങള്‍ അതിവേഗം മുന്നോട്ടുനീങ്ങി.

ജനമനസ്സ്‌ കീഴടക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

കെ എ സലിം

ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക്‌ ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്‌. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക്‌ ഇത്തവണ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ്‌ കുമാരി, കോട്ടയില്‍ നിന്ന്‌ ഇജയരാജ്‌ സിങ്‌, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ്‌ എന്നിവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ്‌ എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.
40 വര്‍ഷം മുമ്പ്‌ ഹിമാചല്‍പ്രദേശിലെ ആദിത്യദേവ്‌ കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ മുന്‍കൈയെടുത്താണ്‌.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത്‌ വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ്‌ മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ്‌ ഗജ്‌സിങ്‌. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന്‌ ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്‌. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത്‌ അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട്‌ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. സിറ്റിങ്‌ എം.പിയായ ജസ്വന്ത്‌സിങ്‌ ബിഷ്‌ണോയിയാണ്‌ ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ്‌ ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്‌.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ്‌ മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ്‌ ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക്‌ എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ്‌ പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്‌.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ബി.ജെ.പിയുടെ കിരണ്‍ യാദവാണ്‌ ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ്‌ സിങ്‌ സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ്‌ അറിയപ്പെടുന്നത്‌. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ്‌ കോണ്‍ഗ്രസ്‌ കോട്ടയില്‍ ഇജയരാജിന്‌ സീറ്റ്‌ നല്‍കുന്നത്‌. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ്‌ രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്‌. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ്‌ ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്‌. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്‌. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത്‌ രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്‌. എം.പിയായിരിക്കെ ദുഷ്യന്ത്‌ അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ്‌ രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ്‌ ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ്‌ കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ്‌ കഠാരിയയെയാണു നേരിടുന്നത്‌.

ഇവിടെ ഓരോ വോട്ടും ആറടിമണ്ണിന്‌

ന്യൂഡല്‍ഹി: കുടിവെള്ളവും സഞ്ചാരയോഗ്യമായ പാതകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണു വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ സാധാരണ നിരത്താറുള്ളതെങ്കില്‍ തലസ്ഥാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നം തങ്ങള്‍ക്ക്‌ അന്ത്യവിശ്രമംകൊള്ളാനായി ഒരു ആറടി മണ്ണ്‌- ഖബര്‍സ്ഥാന്‍ മാത്രം. പരിമിതമായ സൗകര്യങ്ങളെങ്കിലുമുള്ള ഖബര്‍സ്ഥാന്‍ ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ്‌ 22 ശതമാനം വരുന്ന മണ്ഡലത്തിലെ മുസ്‌ലിംവോട്ടര്‍മാരുടെ നിലപാട്‌. ഉത്തര്‍പ്രദേശിലെ മുസ്‌തഫാബാദിലെയും ബാബര്‍പുരിലെയും മുസ്‌ലിം വോട്ടര്‍മാരുടെ ആവശ്യം വൃത്തിഹീനവും സ്ഥലപരിമിതിയുമുള്ള ഖബര്‍സ്ഥാനു പകരം പുതിയ ഭൂമി അനുവദിച്ചുതരണമെന്നാണ്‌.
അടുത്തിടെ അന്തരിച്ച മാതാവിന്റെ ഖബറിടം മൂന്നാംനാള്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ആലം ആ കാഴ്‌ച കണ്ടു ഞെട്ടി- തെരുവുനായകള്‍ വന്നു ഖബറിടം മാന്തുകയും എല്ലുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ആലമിന്റെ അനുഭവം പ്രദേശത്തെ മിക്ക മുസ്‌ലിം കുടുംബങ്ങള്‍ക്കുമുണ്ട്‌. തന്റെ അനുഭവങ്ങള്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി ദില്‍ഷാദ്‌ അലിയോടു വിശദീകരിച്ചതായും ആലം പറയുന്നു.
ബാബര്‍പുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ദില്‍ഷാദ്‌ അലി ജയിച്ചത്‌. വോട്ടര്‍മാരോടും അനുയായികളോടുമുള്ള എല്ലാ സംസാരങ്ങളിലും മുഖ്യവിഷയം ഖബര്‍സ്ഥാനുകളുടെ പരിതാപകരമായ അവസ്ഥയും മയ്യിത്ത്‌ മറവുചെയ്യാനിടമില്ലാത്ത പ്രശ്‌നങ്ങളുമാണ്‌. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനെന്ന നിലയ്‌ക്ക്‌ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന ഖബര്‍സ്ഥാനുവേണ്ടിയുള്ള സ്ഥലമെടുപ്പായിരിക്കും- ദില്‍ഷാദ്‌ അലി ഉറപ്പുനല്‍കുന്നു.
മുസ്‌ലിംകള്‍ മരിച്ചാല്‍ മറവുചെയ്യാനുള്ള പ്രയാസം നോര്‍ത്ത്‌ ഈസ്‌റ്റിലോ ഈസ്‌റ്റ്‌ ഡല്‍ഹിയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും തലസ്ഥാനത്ത്‌ എവിടെയും മുസ്‌ലിംകള്‍ക്കു വേണ്ടവിധം ഖബറിടങ്ങളില്ലെന്നും ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മദീന്‍ അഹ്‌മദ്‌ പറഞ്ഞു.