2009-04-06

സോണിയക്ക്‌ ഇറ്റലിയില്‍ വീട്‌; ഇന്ത്യയില്‍ ഒരു കാറു പോലുമില്ല
















റായ്‌ബരേലി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി റായ്‌ബരേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച കണക്കുകളനുസരിച്ച്‌ സോണിയക്ക്‌ ഒരു കോടി 38 ലക്ഷം രൂപയുടെ ആസ്‌തിയാണുള്ളത്‌.
ബാങ്ക്‌ നിക്ഷേപമായി 28.61 ലക്ഷം രൂപയും കൈവശം 75000രൂപയുമാണുള്ളത്‌. കൂടാതെ വിവിധ മ്യൂച്ചല്‍ ഫണ്ടുകളിലായി 32 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്‌. എന്നാല്‍ ഇന്ന്‌ നിക്ഷേപത്തിന്റെ മതിപ്പുവില മാത്രം രണ്ടു കോടി രൂപയോളം വരും. പോസ്‌റ്റ്‌ ഓഫിസ്‌ നിക്ഷേപങ്ങളില്‍ 199000 രൂപയും പി.എഫ്‌ ഫണ്ടില്‍ 24.88 ലക്ഷം രൂപയുമുണ്ട്‌. രണ്ടര കിലോ തൂക്കം വരുന്ന 11 ലക്ഷത്തിന്റെ സ്വര്‍ണ ഉരുപ്പടികളാണ്‌ സോണിയക്കുള്ളത്‌. നല്‍കിയ രേഖകളനുസരിച്ച്‌ സോണിയക്ക്‌ നാട്ടില്‍ കാറോ മറ്റു വാഹനങ്ങളോ ഇല്ല. പക്ഷേ, ഇറ്റലിയില്‍ പരമ്പരാഗതമായി കിട്ടിയ ഒരു വീടുണ്ട്‌. ഇതിന്‌ ഏകദേശം 18 ലക്ഷത്തോളം രൂപ വരുമെന്ന്‌ രേഖകളില്‍ പറയുന്നു.

ചാലക്കുടിയില്‍ വികസനം പറഞ്ഞ്‌ ധനപാലന്‍; ജനകീയനായി ജോസഫ്‌



ബിജോ സില്‍വറി
തൃശൂര്‍: തിരഞ്ഞെടുപ്പുപ്രചാരണച്ചൂടില്‍ തിളച്ചുമറിയുകയാണു ചാലക്കുടി ലോക്‌സഭാ മണ്ഡലം. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ മണ്ഡലം നിറഞ്ഞുള്ള പ്രചാരണത്തിലാണ്‌ യു.ഡി.എഫിന്റെ ധനപാലനും എല്‍.ഡി.എഫിന്റെ യു പി ജോസഫും.
കഴിഞ്ഞതവണ ഒരു ലക്ഷത്തിലധികം വോട്ടിനു ലോനപ്പന്‍ നമ്പാടന്‍ കരുണാകരപുത്രി പത്മജയെ തോല്‍പ്പിച്ച പഴയ മുകുന്ദപുരത്ത്‌ ഇത്തവണ പ്രവചനങ്ങള്‍ തീര്‍ത്തും അസാധ്യം.
ചാലക്കുടി മണ്ഡലത്തിലെ പുതുതായി രൂപംകൊണ്ട കയ്‌പമംഗലത്തെ പള്ളിപ്പാടിയില്‍ നിന്നാണു കഴിഞ്ഞദിവസം ഇടതു സ്ഥാനാര്‍ഥി യു പി ജോസഫ്‌ തന്റെ പര്യടനത്തിനു തുടക്കമിട്ടത്‌. തീരദേശഗ്രാമത്തില്‍ സ്ഥാനാര്‍ഥിയും സംഘവും എത്തുമ്പോള്‍ പുലരി പിറക്കുന്നതേ ഉള്ളൂ. തുറന്ന വാഹനത്തിലാണു ജോസഫ്‌. ആദ്യസ്വീകരണം അഞ്ചാംപരത്തിയിലെ ഹരിജന്‍ കോളനിയില്‍. കൈകൂപ്പിയും കൈത്തലം കവര്‍ന്നും നിറഞ്ഞ ചിരിയോടെ ജോസഫ്‌. ശ്രീനാരാണപുരത്തിനു ശേഷം ചരിത്രമുറങ്ങിക്കിടക്കുന്ന പഴയ തൃക്കണാമതിലകത്തേക്കായിരുന്നു യാത്ര. മതിലകം പുഴയോരത്തു സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സ്‌ത്രീകളടക്കം നിരവധി പേര്‍ കാത്തിരിക്കുന്നു. പിന്നീടു തൃപ്പേക്കുളം ക്ഷേത്രപരിസരത്തേക്ക്‌. പഞ്ചായത്തിലെ ശക്തികേന്ദ്രത്തില്‍ ഊഷ്‌മളമായ സ്വീകരണം. പെരിഞ്ഞനം പഞ്ചായത്തില്‍ പൊന്മാനിക്കുടത്തെത്തുമ്പോള്‍ സമയം ഒമ്പതു മണി. ചെന്ത്രാപ്പിന്നിയില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, വടക്കാഞ്ചേരി എം.എല്‍.എ എ സി മൊയ്‌തീന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നിരുന്നു. ചാമക്കാല, വഞ്ചിപ്പുര, അഴീക്കോട്‌, കാര, പടിഞ്ഞാറേ വെമ്പല്ലൂര്‍, കൂളിമുട്ടം, കയ്‌പമംഗലം എന്നിങ്ങനെ ഓരോ മേഖലയിലും ചെറിയ സ്വീകരണയോഗങ്ങള്‍. പര്യടനം എം.ഐ.ടി സ്‌കൂള്‍പരിസരത്തു സമാപിക്കുമ്പോള്‍ രാത്രി പത്തു മണി.
ചാലക്കുടിയുടെ സമഗ്രവികസനത്തിനു വോട്ട്‌ തേടിയാണു യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കെ പി ധനപാലന്‍ അങ്കമാലിയില്‍ പര്യടനം നടത്തിയത്‌. ചെറിയ വ്യവസായ സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരോടു വോട്ടഭ്യര്‍ഥിക്കാന്‍ ധനപാലന്‍ മറന്നില്ല. മുക്കന്നൂര്‍ റേഷന്‍കട കവലയില്‍ പര്യടനത്തിനു തുടക്കമിടുമ്പോള്‍ ധാരാളം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരുന്നു. എറണാകുളം ജില്ലയുടെ മുക്കുംമൂലയും പരിചയമുള്ള ധനപാലന്‍ ചാലക്കുടി മണ്ഡലത്തിന്റെ വികസനം ഏറെ കാലമായി മുടങ്ങിക്കിടക്കുകയാണെന്നു നാട്ടുകാരെ ഓര്‍മിപ്പിക്കുന്നു. നഗരത്തിലെ ഫ്‌ളൈ ഓവറുകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. പ്രതിക്കൂട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെന്നു വിശദീകരണം. വട്ടപ്പറമ്പ്‌, ഷാപ്പ്‌ കവല, മൂഴിക്കുളം, എളവൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിക്ക്‌ ആവേശകരമായ വരവേല്‍പ്പുകള്‍. ഇടയ്‌ക്കു ത്രിവര്‍ണ ഖദര്‍ മാലകളണിയിച്ചു പ്രവര്‍ത്തകര്‍ ആദരങ്ങളറിയിക്കുന്നു.
കറുകുറ്റി പഞ്ചായത്തില്‍ പാലിശേരി, മുന്നൂര്‍പിള്ളി, പാലക്കല്‍, കരയാമ്പറമ്പ്‌ കവല, കോക്കുന്ന്‌, പൂതംകുറ്റി തുടങ്ങി കൊച്ചു കൊച്ചു സ്ഥലങ്ങളില്‍ പോലും സ്വീകരണങ്ങള്‍. ഇടയ്‌ക്കു പ്രാദേശിക നേതാക്കളുമായി തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍. പാറക്കടവിലെ കുറുമശേരിയില്‍ പര്യടനം അവസാനിക്കുമ്പോള്‍ സി.പി.എമ്മില്‍ നിന്നു മണ്ഡലം പിടിച്ചെടുക്കാനാവുമെന്നു ധനപാലനു തികഞ്ഞ ആത്മവിശ്വാസം.

ചുവന്ന മണ്ണിലൂടെ വാക്കുകള്‍ ചാട്ടുളിയാക്കി വയലാര്‍ രവി


ടോമി മാത്യു
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ രക്തംവീണു ചുവന്ന മണ്ണില്‍ സി.പി.എമ്മിന്റെ നെഞ്ചിലേക്കു ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന വാക്കുകളുമായാണു കേന്ദ്രമന്ത്രി വയലാര്‍ രവി ഇന്നലെ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തിയത്‌. ആലപ്പുഴയുടെ വടക്കേ അറ്റമായ അരൂക്കുറ്റിയില്‍ നിന്നും രാവിലെ 9നു വയലാര്‍ രവിയുടെ പര്യടനം ആരംഭിക്കുമെന്നാണറിയിച്ചിരുന്നത്‌. 8.55നു തന്നെ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നിന്നു വയലാര്‍ രവി സ്ഥലത്തെത്തിയെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്വീകരണസ്ഥലത്ത്‌ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്നു പെരുമ്പളം ദ്വീപിലെ വോട്ടര്‍മാരെ കാണാന്‍ മന്ത്രി അങ്ങോട്ടേക്കു പോയി.
അരൂക്കുറ്റിയെ മയക്കത്തില്‍ നിന്നുണര്‍ത്താന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയസമിതിയംഗം അനില്‍ ബോസിനെ ചുമതലപ്പെടുത്തി. തലേദിവസം എ കെ ആന്റണി?ക്കൊപ്പം സ്വീകരണവേദികളില്‍ പ്രസംഗിച്ചുതളര്‍ന്ന അനില്‍ ക്ഷീണം വകവയ്‌ക്കാതെ കത്തിക്കയറിയതോടെ ഒഴിഞ്ഞ കസേരകള്‍ നിറഞ്ഞു. പ്രസംഗം ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വയലാര്‍ രവിയുടെ വരവറിയിച്ചുകൊണ്ട്‌ അനൗണ്‍സ്‌മെന്റ്‌ വാഹനമെത്തി. പിന്നാലെ കെ.പി.സി.സി സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഹാജി, ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ ടി ജി പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കൊപ്പം വയലാര്‍ രവിയും. രാജ്യത്തിന്റെ ഭദ്രതയ്‌ക്കു മന്‍മോഹന്‍സിങിന്റെ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന അഭ്യര്‍ഥനയോടെ രവി പ്രസംഗം ആരംഭിച്ചു.
തുടര്‍ന്ന്‌, എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിച്ചു. മൂന്നുവര്‍ഷത്തെ വി എസ്‌ സര്‍ക്കാരിന്റെ റിപോര്‍ട്ടില്‍ പറയാനുള്ളതു ക്വട്ടേഷന്‍ സംഘം വര്‍ധിച്ചതിന്റെയും അഴിമതിയുടെയും പോലിസ്‌ സ്റ്റേഷന്‍ ആക്രമണങ്ങളുടെയും കഥ മാത്രമായിരിക്കും. എന്നാല്‍, മന്‍മോഹന്‍സിങിന്റെ സര്‍ക്കാര്‍നേട്ടങ്ങളുടെ പട്ടിക നിരത്തിയാണു ജനങ്ങളോടു വോട്ട്‌ ചോദിക്കുന്നത്‌. പ്രകടനപ്പത്രികയിലെ വാഗ്‌ദാനമായിരുന്ന തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയെന്നു പറഞ്ഞ വയലാര്‍ രവി കൂട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനിട്ടു കൊട്ടുകൊടുക്കാനും മറന്നില്ല. 100 ദിവസത്തിനു പകരം 55 ദിവസം മാത്രം തൊഴില്‍ കൊടുത്തിട്ടു ബാക്കിദിവസത്തെ രൂപ സംസ്ഥാന സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസിനെപ്പോലെ അടിച്ചുമാറ്റിയെന്നും ആക്ഷേപിച്ചുകൊണ്ടു പ്രസംഗം അവസാനിപ്പിച്ചു.
തുടര്‍ന്ന്‌, അടുത്ത വേദിയായ പൂച്ചാക്കലിലേക്കു തിരിച്ചു. ഇവിടെ നിന്നു തൈക്കാട്ടുശേരി പി.എസ്‌ കവലയിലേക്ക്‌. ഇവിടെ കെ സി വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു തുടക്കം. പതിനഞ്ചു മിനിറ്റ്‌കൊണ്ടു പ്രസംഗം അവസാനിപ്പിച്ചു വേദിവിട്ടിറങ്ങി. പ്രവര്‍ത്തകരോടു കുശലാന്വേഷണം നടത്തവേ കാലിനു സ്വാധീനമില്ലാത്ത പ്രദേശവാസിയായ പുതുവല്‍ നികര്‍ത്തില്‍ തോമസ്‌ ചികില്‍സാ സഹായം അഭ്യര്‍ഥിച്ചെത്തി. വിവരം ചോദിച്ചറിഞ്ഞ രവി തനിക്കാവുന്ന സഹായം ചെയ്‌തുതരാമെന്നു പറഞ്ഞ്‌, അതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തിയതിനു ശേഷമാണ്‌ അടുത്ത സ്വീകരണവേദിയിലേക്കു യാത്രയായത്‌. പള്ളിച്ചന്ത, മുഹമ്മ എന്നിവിടങ്ങളിലെ പ്രസംഗത്തിനു ശേഷം മണ്ണഞ്ചേരിയിലെ വേദിയില്‍ വയലാര്‍ രവിയെത്തുമ്പോള്‍ സമയം 1.15. മാലപ്പടക്കത്തിന്റെ അകമ്പടിയോടെ സ്വീകരണം. പ്രദേശത്തിന്റെ മര്‍മമറിഞ്ഞു വാക്കുകള്‍ അളന്നുതൂക്കിയ പ്രസംഗം.
അര്‍ക്കാഡിയിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം അബ്ദുല്ലക്കുട്ടിക്കൊപ്പം നാലുമണിയോടെ അടുത്ത പ്രസംഗവേദിയായ പുലയന്‍വഴി ജങ്‌ഷനിലെത്തി. തുടര്‍ന്ന്‌, അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം. മന്‍മോഹന്‍സിങ്‌ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ട ആവശ്യകതയും മതന്യൂനപക്ഷങ്ങളിന്മേലുള്ള പീഡനങ്ങളും നിരത്തിയ വയലാര്‍ രവി ഒരുമണിക്കൂറിനു ശേഷം പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ ഇന്നലത്തെ അവസാനത്തെ പ്രസംഗവേദിയിലേക്കു തിരിക്കുമ്പോള്‍ പടിഞ്ഞാറു കടലിലേക്കു സൂര്യന്‍ താഴ്‌ന്നുതുടങ്ങിയിരുന്നു.

തുളുനാട്ടില്‍ ആത്മവിശ്വാസം നിറച്ച്‌ യെച്ചൂരിയുടെ പര്യടനം


നാരായണന്‍ കരിച്ചേരി

കാസര്‍കോഡ്‌: പത്തോളം ഭാഷകളും വിവിധ സംസ്‌കാരങ്ങളും സംഗമിക്കുന്ന തുളുനാട്ടിലേക്കു കഴിഞ്ഞദിവസം സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെത്തിയതു മംഗലാപുരത്തു നിന്ന്‌. കേരളം കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരത്തെത്തിയപ്പോള്‍ സി.പി.എം നേതാവ്‌ എം രാജഗോപാലന്‍ പറഞ്ഞു: ഇനി കേരളം. മഞ്ചേശ്വരം മണ്ഡലം സി.പി.എം പിടിച്ചെടുത്ത സംഭവം അദ്ദേഹം യെച്ചൂരിയോട്‌ അഭിമാനത്തോടെ പറഞ്ഞു.
കുമ്പള പിന്നിട്ടപ്പോള്‍ കാസര്‍കോട്ടെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി പി കരുണാകരന്‍ എം.പിയുടെ ഫോണ്‍വിളി. തിരഞ്ഞെടുപ്പുപര്യടനത്തിന്റെ തിരക്കിലായതിനാല്‍ കാസര്‍കോട്ടെ പരിപാടിയില്‍ സംബന്ധിക്കാനാവില്ലെന്ന്‌ അറിയിക്കാനായിരുന്നു അത്‌.
ഇവിടെ ടൗണിനു വെളിയിലായി തയ്യാറാക്കിയ പന്തലിനകത്തു ചൂട്‌ സഹിക്കാനാവാതെ ജനക്കൂട്ടം. വിയര്‍ത്തൊലിച്ച അവര്‍ യെച്ചൂരിയുടെ വരവും കാത്തുനില്‍ക്കുകയായിരുന്നു. വേദിയില്‍ ഐ.എന്‍.എല്‍ നേതാവ്‌ പി എം എ സലാം എം.എല്‍.എ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ വെള്ള അംബാസിഡര്‍ കാറില്‍ നിന്നു സൗമ്യമായ പൂഞ്ചിരിയോടെ പുറത്തിറങ്ങിയ യെച്ചൂരി, സി.പി.എം നേതാവ്‌ എം രാജഗോപാലനോടൊപ്പം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടെ വേദിയിലേക്ക്‌. ജില്ലാ സെക്രട്ടറി കെ പി സതീശ്‌ചന്ദ്രന്‍ പൂമാലയിട്ടു സ്വീകരിച്ചു.
കോണ്‍ഗ്രസ്‌ എസ്‌ പ്രസിഡന്റ്‌ കടന്നപ്പള്ളി രാമചന്ദ്രന്റെ ഹ്രസ്വഭാഷണത്തിനു ശേഷം യെച്ചൂരി പ്രസംഗം തുടങ്ങി: ?`എന്റെ കാസര്‍കോട്ടെ സഹോദരീ സഹോദരന്മാരെ, എല്ലാവര്‍ക്കും അഭിവാദ്യം. എനിക്കു മലയാളത്തില്‍ പ്രസംഗിക്കാനറിയില്ല. എന്റെ മാതൃഭാഷ തെലുങ്കാണ്‌. അതിനാല്‍ ഇനി ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാം' എന്നു മലയാളത്തില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ്സിന്റെ കൂട്ട കൈയടി. മൂന്നാംമുന്നണിയുടെ ആവശ്യകത, ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തേണ്ടതിന്റെ കാരണം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്‌. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ഇനി തനിച്ചു ഭരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം ഇടതു പക്ഷം നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയായിരിക്കും ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ യെച്ചൂരി പറഞ്ഞപ്പോള്‍ സദസ്സില്‍ ആവേശം. ലോകത്ത്‌ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിലെത്തിയ കേരളം ഇത്തവണ മുഴുവന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്നു പറഞ്ഞായിരുന്നു സി.പി.എം നേതാവ്‌ തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌. തുടര്‍ന്ന്‌, പയ്യന്നൂരിലെ തിരഞ്ഞെടുപ്പു പൊതുയോഗത്തിലേക്കു നേതാക്കള്‍ക്കൊപ്പം യാത്ര.

ജനാധിപത്യം ലക്ഷ്യം വീണ്ടെടുക്കണം


എ പി സലാം

എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ യുവജനങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഘടകമായി രാഷ്ട്രീയം ഇന്നു മാറിക്കഴിഞ്ഞിട്ടുണ്ട്‌. നെക്‌സ്റ്റ്‌ ജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന വളരെയധികം ക്രിയാത്മകശേഷിയുള്ള ഒരു തലമുറ ഇന്ത്യയിലുണ്ട്‌. ഇവരെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല- പാരാഗ്ലൈഡിങ്‌ താരം സുനില്‍ ഹസന്‍ പറയുന്നു.
ഇവരുടെ പ്രധാനലക്ഷ്യം ഭേദപ്പെട്ടൊരു തൊഴിലാണെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയും രാഷ്ട്രത്തിന്റെ ഭാവിയും അവരെ ചിന്തിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. ആഗോള സാമ്പത്തികപ്രതിസന്ധി അനുദിനം രൂക്ഷമായി?ക്കൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഏതുവിധത്തിലുള്ള സര്‍ക്കാരിനെയാണ്‌ അധികാരത്തിലെത്തിക്കുകയെന്നു വളരെ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്നവരാണിവര്‍. കക്ഷിരാഷ്ട്രീയവും അതിനുള്ളിലെ പ്രശ്‌നങ്ങളും അധികാര വടംവലിയും കുതിരക്കച്ചടവും കഴിഞ്ഞു രാജ്യത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയം ഭരണകര്‍ത്താക്കള്‍ക്ക്‌ ഇല്ലാത്ത സ്ഥിതിയാണിന്ന്‌. ഇതാണ്‌ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും. ഈ അവസ്ഥ മാറി ജനാധിപത്യത്തിന്‌ അതിന്റെ യഥാര്‍ഥ ലക്ഷ്യം വീണ്ടെടുക്കാനാവണം. ജനങ്ങള്‍ സ്വയം ബോധവാന്മാരായി രംഗത്തെത്തുന്നതുവരെ ഈ ചവിട്ടുനാടകം തുടരും. ഭരണതലത്തില്‍ എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നും സുനില്‍ അഭിപ്രായപ്പെട്ടു.