2009-04-08

മിണ്ടാപ്രാണികള്‍ പരസ്യപ്പലകകള്‍

കെ പി ഒ റഹ്‌മത്തുല്ല
മൈസൂര്‍: തിരഞ്ഞെടുപ്പ്‌ കമ്മീഷനും ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മൈസൂരിലെ സൂത്രശാലികള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്‌. സ്ഥാനാര്‍ഥികളെ സ്വന്തം വീട്ടിനു മുന്നില്‍പ്പോലും കട്ടൗട്ടുകളോ ബാനറുകളോ സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിക്കുന്നില്ല.
എന്നാല്‍, രാഷ്‌ട്രീയക്കാര്‍ ജനപ്രാതിനിധ്യച്ചട്ടം ലംഘിച്ചു പുതിയ പ്രചാരണം തുടങ്ങിയിരിക്കുന്നു. അലഞ്ഞുതിരിയുന്ന വെള്ളത്തൊലിയുള്ള നാല്‍ക്കാലികളെ പിടിച്ചു ദേഹം മുഴുവന്‍ ചായംപൂശുന്നു.
പിന്നീടു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ട്‌ അഭ്യര്‍ഥനയും അവിടെ എഴുതിവയ്‌ക്കുന്നു. ആര്‍പ്പുവിളികളിലൂടെ പ്രകടനങ്ങള്‍ക്കു മുന്നില്‍ ഇത്തരം പശുക്കളെ ആനയിക്കുന്നത്‌ മൈസൂരില്‍ പതിവായിരിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇത്തരത്തിലുള്ള അനേകം പശുക്കളെ നഗരത്തില്‍ കണ്ടു.
രാഷ്‌ട്രീയക്കാരുടെ ഈ ക്രൂരത പശു ഉടമകളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്‌. സ്ഥാനാര്‍ഥികള്‍ കൃത്രിമ ഓയില്‍ പെയിന്റാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ഒരിക്കലും തുടച്ചുവൃത്തിയാക്കാന്‍ പറ്റില്ല. മൃഗസംരക്ഷണസമിതി ഭാരവാഹികള്‍ ഗോമാതാക്കളെ പ്രചാരണപ്പലകകളാക്കുന്നതിനെതിരേ ഇലക്‌ഷന്‍ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്‌.
മൃഗങ്ങളോടുള്ള ക്രൂരത നിരോധനച്ചട്ടത്തിന്റെ ലംഘനമാണിതെന്നാണ്‌ അവര്‍ പറയുന്നത്‌. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്‌ ശിക്ഷാര്‍ഹവുമാണ്‌. മൃഗങ്ങളുടെ പുറത്ത്‌ എഴുതുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. പശുപ്പുറത്തു പ്രചാരണം നടത്തുന്നവരില്‍ പശുവിനെ മാതാവായി കാണുന്ന ബി.ജെ.പിയും കോണ്‍ഗ്രസ്സും ജനതാദളുമുണ്ട്‌.

കോഴിക്കോട്ട്‌ കണക്കുകള്‍ ഇടത്തോട്ട്‌; കാറ്റ്‌ വലത്തോട്ട്‌

പി സി അബ്‌ദുല്ല

കോഴിക്കോട്‌: കൂട്ടിക്കിഴിക്കലുകളുടെ അന്തിമഘട്ടത്തില്‍ കോഴിക്കോട്ട്‌ ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. എന്നാല്‍, കണക്കുകള്‍ കടപുഴക്കി കാറ്റ്‌ വലത്തോട്ട്‌ ആഞ്ഞുവീശുമെന്ന പൂര്‍ണ പ്രതീക്ഷയിലാണു യു.ഡി.എഫ്‌. പോരാട്ടത്തിന്റെ അവസാന പിരിമുറുക്കത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പംതന്നെ. ഇടതുമുന്നണി അവകാശവാദമുന്നയിച്ചു നിരത്തുന്ന കണക്കുകള്‍ കടങ്കഥയാവുമെന്നു കണ്ണടച്ചു പറയാനാവില്ല. അതേസമയം, കണക്കുകള്‍ക്കപ്പുറം യു.ഡി.എഫിന്‌ അനുകൂലമായി ഉരുത്തിരിഞ്ഞ നിര്‍ണായക സാധ്യതകള്‍ കാണാതിരിക്കാനുമാവില്ല.
മണ്ഡലപരിധിയിലെ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും 36 ഗ്രാമപ്പഞ്ചായത്തുകളില്‍ 33ഉം കോഴിക്കോട്‌ ജില്ലാ പഞ്ചായത്തും കോര്‍പറേഷനും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്‌. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. പുനര്‍നിര്‍ണയത്തില്‍ ഇത്തവണ മണ്ഡലത്തിന്റെ കീഴില്‍ വന്ന മൂന്നു നിയമസഭാ മണ്ഡലങ്ങളാവട്ടെ ഇടതു ഭൂരിപക്ഷമേഖലകളും. യു.ഡി.എഫ്‌ തട്ടകങ്ങളായ മൂന്നു നിയമസഭാമണ്ഡലങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ ഭാഗമായിരുന്നിട്ടുകൂടി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ വിജയിച്ചത്‌.
എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ക്കതീതമാണു കോഴിക്കോടിന്റെ ഇപ്പോഴത്തെ സ്‌പന്ദനങ്ങള്‍. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‌ ആഴത്തില്‍ വേരോട്ടമുള്ള മലബാറിന്റെ ഈ ആസ്ഥാന നഗര മണ്ഡലത്തില്‍ ആരുടെ ഭാഗധേയമാണ്‌ അവര്‍ നിര്‍ണയിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജയാപചയങ്ങള്‍. പ്രകടമായി രാഷ്ട്രീയം പറയാത്ത മുസ്‌ലിം സംഘടനകളില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌ എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌.
പോപുലര്‍ ഫ്രണ്ട്‌, മുജാഹിദ്‌ വിഭാഗങ്ങളുടെ പിന്തുണ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും യു.ഡി.എഫിനു നിര്‍ണായക സഹായകമാവുമെന്നാണു വിലയിരുത്തല്‍. പി.ഡി.പിക്ക്‌ മണ്ഡലത്തില്‍ കാര്യമാത്രപ്രസക്തിയില്ല. എ പി സുന്നി വിഭാഗം പരസ്യനിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെപോലെ കടുത്ത യു.ഡി.എഫ്‌ വിരുദ്ധ നിലപാടിലല്ല.
സീറ്റ്‌ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിനും സ്ഥാനാര്‍ഥി പി എ മുഹമ്മദ്‌ റിയാസിനുമെതിരേ അങ്കംകുറിച്ച വീരേന്ദ്രകുമാറിന്റെ അനുയായികളും യു.ഡി.എഫിന്‌ ആശ്വാസംപകരുന്നു. കോഴിക്കോട്‌ നോര്‍ത്ത്‌, കൊടുവള്ളി മേഖലകളില്‍ ജനതാദളിന്‌ സാമാന്യം വോട്ടുണ്ടെന്നാണ്‌ അവരുടെ അവകാശവാദം. സി.പി.എം വിമതസംഘടനയായ ഇടതുപക്ഷ ഏകോപനസമിതിക്കു മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനമുണ്ട്‌. ഇവരുടെ സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്കു ലഭിക്കുന്ന വോട്ടുകള്‍ സി.പി.എമ്മിന്റെ പെട്ടിയിലാണു കുറവു വരുത്തുകയെന്നത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി എം കെ രാഘവന്‌ സഹായകമാവും.
മുമ്പേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ബി.ജെ.പിയും ഇത്തവണ വര്‍ധിച്ച പ്രതീക്ഷയിലാണ്‌. സ്ഥാനാര്‍ഥി വി മുരളീധരന്റെ വ്യക്തിപ്രഭാവവും ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്വാധീനവും നില മെച്ചപ്പെടുത്തുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വര്‍ധിച്ച ഭൂരിപക്ഷത്തോടെ കോഴിക്കോട്‌ നിലനിര്‍ത്തുമെന്നാണ്‌ എല്‍.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എ മൂസക്കുട്ടി പറയുന്നത്‌. വോട്ടര്‍മാര്‍ ദേശീയ രാഷ്ട്രീയം ഗൗരവമായി വിലയിരുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു. ജനതാദളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സി.പി.എം വിമതരുടെ രംഗപ്രവേശവും എല്‍.ഡി.എഫിനെ ബാധിക്കില്ല. റിയാസിന്റെ ജനസമ്മതിയും ന്യൂനപക്ഷവിഭാഗങ്ങളില്‍ മുന്നണി നേടിയ സ്വാധീനവും തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും മൂസക്കുട്ടി കരുതുന്നു. അതേസമയം, ഇടതുമുന്നണിയുടെ വികസനവിരുദ്ധ നിലപാടിനും സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യത്തിനുമെതിരേ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും കോഴിക്കോട്ട്‌ എം കെ രാഘവന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എം സി മായിന്‍ഹാജി തറപ്പിച്ചുപറയുന്നു.

തീരദേശത്ത്‌ ഇടതുമുന്നേറ്റം; തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ യു.ഡി.എഫ്‌

ബിജോ സില്‍വറി
തൃശൂര്‍: ആറ്റിക്കുറുക്കിയൊരു കണക്കെടുപ്പിന്‌ ഒരിക്കലും മനസ്സുതുറക്കാത്തവരാണു തൃശൂരുകാര്‍. നിലപാടു?കള്‍ അവര്‍ക്ക്‌ ഇരുമ്പുലക്കയല്ല. മാറിയും മറിഞ്ഞും അവര്‍ മുന്നണികളെ പുല്‍കാറുണ്ട്‌. യു.ഡി.എഫിനാണ്‌ കഴിഞ്ഞകാലങ്ങളില്‍ മുന്‍തൂക്കം ലഭിച്ചിരുന്നതെങ്കിലും കെ കരുണാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ മലര്‍ന്നടിച്ചുവീഴുകയും ചെയ്‌തു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചന്ദ്രപ്പനെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ അവര്‍ ഡല്‍ഹിക്കയച്ചത്‌.
അന്തിമവിധിയെഴുത്തിനു ദിവസങ്ങള്‍ ശേഷിക്കെ അണിയറയില്‍ കൂട്ടലും കിഴിക്കലും തകൃതിയായി. സമുദായ സമവാക്യങ്ങള്‍, മണ്ഡലപുനര്‍നിര്‍ണയം, സ്ഥാനാര്‍ഥികളുടെ താരതമ്യം, മുന്നണിയിലെ പടലപിണക്കങ്ങള്‍ എന്നിവയിലാണു പ്രതീക്ഷയും നിരാശയും. സി.പി.ഐയുടെ സിറ്റിങ്‌ സീറ്റില്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവനാണു മല്‍സരിക്കുന്നത്‌. തുടക്കത്തില്‍ പൊന്നാനിപ്രശ്‌നത്തില്‍ ഇടഞ്ഞുനിന്നിരുന്ന സി.പി.എം അണികളെ അവസാനഘട്ടമായപ്പോഴേക്ക്‌ പ്രചാരണത്തിന്‌ ഇറക്കാനായതാണു ജയദേവന്റെ നേട്ടം. പാര്‍ട്ടിയെയും മുന്നണിയെയും നമ്പാതെയാണു കളിക്കളത്തില്‍ പരിചയസമ്പന്നനായ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി സി ചാക്കോ ഗോദയിലുള്ളത്‌.
ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ എന്നിവയാണു പുനക്രമീകരിച്ച തൃശൂര്‍ മണ്ഡലത്തിലുള്ളത്‌. ഇതില്‍ സി.പി.എം ശക്തികേന്ദ്രങ്ങളായ ഇരിങ്ങാലക്കുടയിലും മണലൂരിലും പുതുക്കാടിലും എല്‍.ഡിഎഫിന്റെ പ്രചാരണം തുടക്കത്തില്‍ ഏറെ മോശമായിരുന്നു.
എന്നാല്‍, രണ്ടാംഘട്ട പ്രചാരണത്തോടനുബന്ധിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശൂരിലെത്തിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ സജീവമായി. നഗരപ്രദേശങ്ങളായ പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ മേഖലകളില്‍ ചാക്കോക്ക്‌ മുന്‍തൂക്കമുണ്ടെന്നാണു യു.ഡി.എഫിന്റെ അവകാശവാദം. പതിവിനു വിപരീതമായി ഈ മേഖലകളില്‍ വീട്‌ കയറിയുള്ള പ്രചാരണത്തിനു യു.ഡി.എഫ്‌ തയ്യാറായിട്ടുണ്ട്‌. പുതുതായി തൃശൂരില്‍ ചേര്‍ക്കപ്പെട്ട ഇരിങ്ങാലക്കുടയില്‍ ഇടതുപക്ഷമാണു പ്രചാരണത്തില്‍ മുന്നില്‍.
അതേസമയം, തീരദേശ മണ്ഡലങ്ങളായ ഗുരുവായൂരിലും നാട്ടികയിലും മണലൂരിലും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ഏറെ മുന്നിലാണ്‌. പോസ്‌റ്ററും ഫ്‌ളക്‌സ്‌ ബോര്‍ഡും ചുവപ്പണിഞ്ഞുനില്‍ക്കുന്നു. വീടുവീടാന്തരം കയറിയുള്ള വോട്ട്‌ പിടിത്തവും ഊര്‍ജിതമാണ്‌. യു.ഡി.എഫ്‌ പോഷകസംഘടനകളെ ഉപയോഗിച്ചു പലസ്ഥലത്തും കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. നേതാക്കളുടെ പട തന്നെ ഇരുകൂട്ടര്‍ക്കും വേണ്ടി രംഗത്തെത്തിയിരുന്നു. യു.ഡി.എഫിന്‌ വേണ്ടി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എം വി രാഘവനും വി എം സുധീരനും മറ്റും യോഗങ്ങളില്‍ പങ്കെടുത്തു. സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗങ്ങളായ സീതാറാം െയച്ചൂരിയും രാമചന്ദ്രന്‍പിള്ളയും പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനും സി.പി.ഐ നേതാക്കളായ വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും ഇസ്‌മായിലും ആനി രാജയും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എല്‍.ഡി.എഫ്‌ സംഘടിപ്പിച്ച യോഗങ്ങളില്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയമായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണായുധമെങ്കില്‍ ലാവ്‌ലിനും പി.ഡി.പിയുമായിരുന്നു യു.ഡി.എഫിന്റെ മറുപടി.
എസ്‌.എന്‍.ഡി.പിക്കും മുസ്‌ലിം വിഭാഗങ്ങള്‍ക്കും കത്തോലിക്കാസഭയ്‌ക്കും നിര്‍ണായക സ്വാധീനമാണു മണ്ഡലത്തിലുള്ളത്‌. തീരദേശത്ത്‌ എസ്‌.എന്‍.ഡി.പിയും മുസ്‌ലിം വിഭാഗങ്ങളും സ്വാധീനം ചെലുത്തുമ്പോള്‍ നഗരപ്രദേശങ്ങളിലും ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങളിലും കത്തോലിക്ക?രെയും എഴുതിത്തള്ളാന്‍ പറ്റില്ല. എസ്‌.എന്‍.ഡി.പിയുടെ വോട്ട്‌ ജയദേവനാണെന്ന്‌ ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞു.
കത്തോലിക്കാസഭ ചാക്കോക്ക്‌ പിന്നിലും അണിനിരക്കും. സി.പി.ഐക്ക്‌ വേണ്ടി പ്രചാരണരംഗത്തില്ലെങ്കിലും വോട്ട്‌ ഇടതുപക്ഷത്തിനു തന്നെയാണെന്നു പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സുന്നി എ പി വിഭാഗത്തിനും മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിനും തീരദേശത്ത്‌ അടിത്തറയുണ്ട്‌. പോപുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും മേഖലയിലെ സജീവസാന്നിധ്യമാണ്‌. ജനതാദള്‍ ഔദ്യോഗിക വിഭാഗം എല്‍.ഡി.എഫിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ വിമതര്‍ എല്‍.ഡി.എഫ്‌ പ്രചാരണത്തില്‍ സഹകരിക്കുന്നുണ്ട്‌. ശക്തമായ മല്‍സരത്തില്‍ ജയം നിര്‍ണയിക്കുക ഈ ചെറുസംഘങ്ങളാവാനും സാധ്യതയുണ്ട്‌.
അവസാനഘട്ടം ഇടതുവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌ ക്യാംപ്‌. അതിനാല്‍ ജയം ഉറപ്പാക്കിയവരുടെ അലസത പ്രവര്‍ത്തകരിലുണ്ട്‌. ആളും അനക്കവുമില്ലാതെ നീങ്ങുന്ന സ്ഥാനാര്‍ഥിപര്യടനം തന്നെ ഇതിനു തെളിവാണ്‌. അതേസമയം, ശക്തമായ പ്രചാരണം കൊണ്ടു മാത്രമേ വിജയിക്കാന്‍ കഴിയൂവെന്ന കണക്കുകൂട്ടലിലാണ്‌ എല്‍.ഡി.എഫ്‌. രാഷ്ട്രീയമായ ഏറ്റുമുട്ടലാണു മണ്ഡലത്തില്‍ നടക്കുന്നതെന്ന്‌ ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ പി ആര്‍ രാജന്‍ എം.പി വ്യക്തമാക്കുന്നു.
ജയദേവന്റെ ജയം ഉറപ്പാണെന്നാണ്‌ അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ചു സമര്‍ഥിക്കുന്നത്‌. യു.ഡിഎഫിന്‌ അനുകൂലമായ തരംഗം സംസ്ഥാനത്ത്‌ ഒട്ടാകെയുണ്ടെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബാലകൃഷ്‌ണന്‍ പറയുന്നത്‌. ചാക്കോയുടെ വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനും സംശയമില്ല. ബി.ജെ.പിയുടെ രമാ രഘുനന്ദനും ബി.എസ്‌.പിയുടെ അഡ്വ. ജോഷി തരകനും ഭാരതീയ ജനശബ്ദത്തിന്റെ അരുണ്‍കുമാറും സജീവ പ്രചാരണത്തിനുണ്ട്‌. ഇവര്‍ക്കു പുറമെ ഏഴു സ്വതന്ത്രന്‍മാരും. അപരന്‍മാരുടെ ശല്യമില്ലെന്നതു തൃശൂരിന്റെ പ്രത്യേകത.