2009-04-09

യു.ഡി.എഫ്‌ പ്രതിരോധത്തില്‍; സിന്ധുവിന്‌ ലോട്ടറിയടിച്ചപോലെ

റഹീം നെട്ടൂര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തില്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ യു.ഡി.എഫിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്‌. പതിവില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ പ്രതിരോധത്തിലൂന്നിയിരിക്കുന്നത്‌ യു.ഡി.എഫ്‌ സാരഥി പ്രഫ. കെ വി തോമസാണ്‌.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാക്കളെ മണ്ഡലത്തില്‍ കൊണ്ടുവന്ന്‌ പരാജയം ഒഴിവാക്കുക എന്നതിലാണ്‌ ഇപ്പോള്‍ തോമസ്‌ മാഷ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റുന്നതിനേക്കാള്‍ തനിക്കെതിരേ ഉയര്‍ന്നുവന്ന സാമ്രാജ്യത്വാനുകൂല ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാനാണ്‌ കെ വി തോമസ്‌ സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്‌.
നേരത്തെത്തന്നെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ കറപടര്‍ത്തിയ പ്രതിഛായയുള്ള കെ വി തോമസിന്‌ ഇക്കുറി തലവേദനയായിരിക്കുന്നത്‌ പുനര്‍നിര്‍ണയത്തിനു ശേഷം മണ്ഡലത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരിക്കുന്ന നിര്‍ണായക സ്വാധീനമാണ്‌. തസ്‌ലീമാ നസ്‌റീന്‌ സ്വീകരണം നല്‍കി അവരുടെ നോവല്‍ പുനഃപ്രസിദ്ധീകരിക്കാന്‍ സഹായം ചെയ്യാമെന്നു വാഗ്‌ദാനം ചെയ്‌തതും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിക്ക്‌ ഉപഹാരം കൊടുത്തതും ഫ്രഞ്ച്‌ ചാരക്കേസുമുള്‍െപ്പടെയുള്ള കാര്യങ്ങളാണ്‌ കെ വി തോമസിനു പാരയാകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭൂരിഭാഗം സമയവും ഇക്കാര്യങ്ങളില്‍ താന്‍ നിരപരാധിയാണെന്നു തെളിയിക്കാനായിരുന്നു തോമസ്‌ മാഷ്‌ ശ്രമിച്ചുപോന്നത്‌.
എന്നാല്‍, കരപറ്റാന്‍ ശ്രമിക്കുന്തോറും ആഴങ്ങളിലേക്കു പതിക്കുന്ന അവസ്ഥയാണ്‌ കെ വി തോമസിനിപ്പോള്‍ ഉള്ളത്‌. തസ്‌ലീമാ നസ്‌റീനും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും തലയ്‌ക്കു മീതെ ഡമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങുമ്പോള്‍ പുതിയൊരു വിവാദം കൂടി മാഷ്‌ ഉണ്ടാക്കി. കൊടുങ്ങല്ലൂരില്‍ ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന വിവാദ പരാമര്‍ശം മുസ്‌ലിം വിരുദ്ധനെന്ന ആരോപണത്തിന്‌ ആക്കംകൂട്ടിയിരിക്കുകയാണ്‌.
മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം തോമസ്‌ മാഷിനെതിരേ തിരിഞ്ഞ കാഴ്‌ചയാണ്‌ എറണാകുളത്തു കാണുന്നത്‌. തെളിയിക്കാത്ത ആരോപണങ്ങള്‍ കെ വി തോമസിന്റെ വിജയം ഉറപ്പാക്കിയെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ പറയുന്നത്‌. ചിലര്‍ ആശങ്കകള്‍ പരത്താന്‍ നോക്കി. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ തങ്ങള്‍ വിജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ലോട്ടറിയടിച്ച പ്രതീതിയാണ്‌ സിന്ധു ജോയിക്ക്‌. സിന്ധുവിനോട്‌ താല്‍പ്പര്യമില്ലെങ്കില്‍ പോലും കെ വി തോമസിനെതിരായ വികാരം ഇടതു സ്ഥാനാര്‍ഥിക്ക്‌ അനുകൂലമാവും. ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പാര്‍ട്ടിയിലുള്ള അതൃപ്‌തിയും സിന്ധുവിനു ഗുണകരമാവും.
മുസ്‌ലിംകള്‍ക്കു സ്വാധീനമുള്ള കൊച്ചി, കളമശ്ശേരി, തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലാണ്‌ ഇരുമുന്നണികളും കേന്ദ്രീകരിക്കുന്നതെന്നത്‌. പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം അടക്കമുള്ള ഏഴു നിയോജകമണ്ഡലങ്ങളിലെയും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും എല്‍.ഡി.എഫിനാണ്‌്‌.
മണ്ഡലപര്യടനത്തില്‍ നിന്നു ലഭിച്ച സ്വീകരണം തങ്ങള്‍ക്ക്‌ ഏറെ വിജയപ്രതീക്ഷയാണു നല്‍കുന്നതെന്ന്‌ എല്‍.ഡി.എഫ്‌ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍പിള്ള എം.പി പറഞ്ഞു. ഏറെ ആത്മവിശ്വാസത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറാട്‌ സംഭവത്തെത്തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നടത്തിയ മുസ്‌ലിംവിരുദ്ധ പ്രസ്‌താവനകള്‍ക്കു തിരിച്ചടി നല്‍കിയ മണ്ഡലമാണ്‌ എറണാകുളം. ക്രൈസ്‌തവസഭകള്‍ യു.ഡി.എഫിനൊപ്പം നിന്നിട്ടുപോലും അന്ന്‌ എം ഒ ജോണിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചതും മുസ്‌ലിം വോട്ടുകളുടെ പിന്‍ബലത്തിലായിരുന്നു.

No comments: