2009-04-17
ആദ്യഘട്ട വോട്ടെടുപ്പ്: ദേശീയ ശരാശരി 60 ശതമാനം
സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 60 ശതമാനം പോളിങ് നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാഥമിക നിഗമനം. കേരളത്തില്‍ 71 ശതമാനം പോളിങ് നടന്നതായി കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ പത്തു സുരക്ഷാ സൈനികരും അഞ്ചു പോളിങ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോളിങ് ശതമാനത്തിന്റെ പ്രാഥമിക കണക്ക് ഇങ്ങനെയാണ്: ബിഹാര്‍- 46 ശതമാനം, ലക്ഷദ്വീപ്- 86 ശതമാനം, ആന്ധ്രപ്രദേശ്- 65 ശതമാനം, അരുണാചല്‍പ്രദേശ്- 62 ശതമാനം, അസം- 62 ശതമാനം, ജമ്മുകശ്‌മീര്‍- 48 ശതമാനം, മഹാരാഷ്ട്ര- 64 ശതമാനം, മണിപ്പൂര്‍- 66-68 ശതമാനം, മേഘാലയ- 68 ശതമാനം, മിസോറാം- 52 ശതമാനം, നാഗാലാന്റ്- 84 ശതമാനം, ഒറീസ- 53 ശതമാനം, ഉത്തര്‍പ്രദേശ്- 48-50 ശതമാനം, ഛത്തീസ്‌ഗഡ്- 51 ശതമാനം, ജാര്‍ഖണ്ഡ്- 50 ശതമാനം, ആന്തമാന്‍ നിക്കോബാര്‍- 62 ശതമാനം. സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂര്‍ണമായ കണക്കുകള്‍ ലഭ്യമാവുന്നതോടെ ഇതില്‍ മാറ്റമുണ്ടാവാമെന്ന് ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആര്‍ ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെയുള്ള 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ 124 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്. 1715 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 1.8 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി മൂന്നുലക്ഷം വോട്ടിങ് മെഷീനുകളാണ് ആദ്യഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്.
ആദ്യഘട്ട തിരഞ്ഞെടുപ്പ് വന്‍തോതില്‍ നക്‌സല്‍ അക്രമങ്ങള്‍ക്കും സാക്ഷിയായി. നക്‌സല്‍ബാധിത പ്രദേശങ്ങളായ ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നക്‌സല്‍ ആക്രമണങ്ങളുണ്ടായത്. ജാര്‍ഖണ്ഡിലെ ലാതേഹര്‍ ജില്ലയില്‍ ബി.എസ്.എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയുണ്ടായ ലാന്റ്‌മൈന്‍ ആക്രമണത്തില്‍ അഞ്ചു ജവാന്‍മാരും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
ബിഹാറിലെ ഗയാ ജില്ലയില്‍ പോലിസുകാരന്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. ഛത്തീസ്‌ഗഡിലെ ദന്തെവാദയിലെയും നാരായണ്‍പൂരിലെയും പോളിങ്‌ബൂത്തുകളിലുണ്ടായ ഏറ്റുമുട്ടലുകളിലും മൈന്‍ സ്‌ഫോടനങ്ങളിലുമായി രണ്ടു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒറീസയിലെ മാല്‍ക്കന്‍ഗിരിയില്‍ മാവോവാദികള്‍ മൂന്ന് പോളിങ്‌ബൂത്തുകള്‍ ആക്രമിക്കുകയും വോട്ടിങ് യന്ത്രങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. ജമ്മുകശ്‌മീരിലെ രണ്ടു ജില്ലകളില്‍ വോട്ടര്‍മാര്‍ക്കു നേരെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിക്കുന്നവരുടെ കല്ലേറുണ്ടായി. പൂഞ്ചിലെ ഹാദിമരോട്ടെ പോളിങ് സ്‌റ്റേഷനു നേരെ വെടിവയ്‌പുണ്ടായി.
ആന്ധ്രപ്രദേശിലെ മഹബൂബ് നഗര്‍ ഐസയില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധിച്ചവര്‍ ബൂത്ത് കൈയേറി. ഇതേത്തുടര്‍ന്നു വോട്ടിങ് യന്ത്രത്തിനു കേടുപാടുകള്‍ സംഭവിക്കുകയും വോട്ടിങ് ഉപേക്ഷിക്കുകയും ചെയ്‌തു. അസമിലെ ഒരു ജില്ലയിലെ പ്രിസൈഡിങ് ഓഫിസര്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. റായ്‌പൂരില്‍ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി അജിത്‌ജോഗിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശൈലേഷ് നാഥ് ത്രിവേദിയെയും രണ്ടുപേരെയും ഏതാനും പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയുണ്ട്. മഹാരാഷ്ട്രയിലെ ഗോദ്‌ചിറോലി ജില്ലയില്‍ നക്‌സലുകള്‍ ബൂത്തിന് തീവയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരക്ഷാസൈനികര്‍ പരാജയപ്പെടുത്തി.
ബൂത്ത് കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് അരുണാചല്‍ വെസ്റ്റ് ലോക്‌സഭാമണ്ഡലത്തിലെ നാലു ബൂത്തുകളില്‍ വോട്ടെടുപ്പു റദ്ദാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ മുഖത്തടിച്ചതിന് ആന്ധ്രപ്രദേശിലെ കുറുപ്പം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി ജനാര്‍ദ്ദനനെ അറസ്‌റ്റ് ചെയ്‌തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment