കെ പി ഒ റഹ്‌മത്തുല്ല
മൈസൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മൈസൂരിലെ സൂത്രശാലികള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. സ്ഥാനാര്‍ഥികളെ സ്വന്തം വീട്ടിനു മുന്നില്‍പ്പോലും കട്ടൗട്ടുകളോ ബാനറുകളോ സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ല.
എന്നാല്‍, രാഷ്‌ട്രീയക്കാര്‍ ജനപ്രാതിനിധ്യച്ചട്ടം ലംഘിച്ചു പുതിയ പ്രചാരണം തുടങ്ങിയിരിക്കുന്നു. അലഞ്ഞുതിരിയുന്ന വെള്ളത്തൊലിയുള്ള നാല്‍ക്കാലികളെ പിടിച്ചു ദേഹം മുഴുവന്‍ ചായംപൂശുന്നു.
പിന്നീടു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ട് അഭ്യര്‍ഥനയും അവിടെ എഴുതിവയ്‌ക്കുന്നു. ആര്‍പ്പുവിളികളിലൂടെ പ്രകടനങ്ങള്‍ക്കു മുന്നില്‍ ഇത്തരം പശുക്കളെ ആനയിക്കുന്നത് മൈസൂരില്‍ പതിവായിരിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇത്തരത്തിലുള്ള അനേകം പശുക്കളെ നഗരത്തില്‍ കണ്ടു.
രാഷ്‌ട്രീയക്കാരുടെ ഈ ക്രൂരത പശു ഉടമകളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ കൃത്രിമ ഓയില്‍ പെയിന്റാണ് ഉപയോഗിക്കുന്നത്. ഇത് ഒരിക്കലും തുടച്ചുവൃത്തിയാക്കാന്‍ പറ്റില്ല. മൃഗസംരക്ഷണസമിതി ഭാരവാഹികള്‍ ഗോമാതാക്കളെ പ്രചാരണപ്പലകകളാക്കുന്നതിനെതിരേ ഇലക്‌ഷന്‍ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത നിരോധനച്ചട്ടത്തിന്റെ ലംഘനമാണിതെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹവുമാണ്. മൃഗങ്ങളുടെ പുറത്ത് എഴുതുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പശുപ്പുറത്തു പ്രചാരണം നടത്തുന്നവരില്‍ പശുവിനെ മാതാവായി കാണുന്ന ബി.ജെ.പിയും കോണ്‍ഗ്രസ്സും ജനതാദളുമുണ്ട്.
1 comment:
ഇല്ല ഒരിക്കലും പൊറുക്കില്ല, ഈ മിണ്ടാപ്രാണികള്‍
Post a Comment