കെ എ സലിം ജയ്‌പൂര്‍: വോട്ടെടുപ്പിന് ഒരാഴ്‌ച മാത്രമാണു ബാക്കിയുള്ളതെങ്കിലും ഇളക്കിമറിക്കുന്ന പ്രചാരണങ്ങളൊന്നും രാജസ്ഥാനില്‍ കാണാനാവില്ല. ജയ്‌പൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും പ്രചാരണ സ്റ്റാളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊടിതോരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശാന്തമാണു പ്രചാരണം.
ഏറ്റവും ചിലവുകുറഞ്ഞ തിരഞ്ഞെടുപ്പാണു രാജസ്ഥാനിലേതെന്നു വീര്‍റാണാ സിങ് എന്ന യുവാവ് പറയുന്നു. രാജസ്ഥാനികള്‍ ഒന്നിനും ധൃതികാണിക്കാറില്ല. ഒരു ഗ്രാമത്തില്‍ നിന്നു മറ്റൊരു ഗ്രാമത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ ഒഴിഞ്ഞ മലമ്പ്രദേശങ്ങളിലൂടെയും വയലുകളിലൂടെയും സഞ്ചരിക്കണം. ഒട്ടകവണ്ടിയാണു ഗ്രാമങ്ങളിലെ സഞ്ചാരമാര്‍ഗങ്ങളിലൊന്ന്. അതുകൊണ്ട് രാജസ്ഥാന്റെ ശാരീരിക ചലനങ്ങളില്‍ ഒട്ടകത്തിന്റെ നിസ്സംഗത പ്രകടമാണ്. ആര്‍ക്കും ഒന്നിനും ധൃതിയില്ല.
കോണ്‍ഗ്രസ്സിന്റെ സാധ്യതകളെക്കുറിച്ചാരായുമ്പോള്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഗാന്ധിഭവനില്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി പി ജോഷിയുടെ മുഖത്തും ഇതെ നിസ്സംഗഭാവം. കോണ്‍ഗ്രസ്സിന് 15 സീറ്റുകള്‍ ലഭിക്കുമെന്നു ജോഷി പറയുന്നു. എന്നാല്‍ ജാലോര്‍, സിക്കര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയിതര സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു വെല്ലുവിളിയാവുമെന്നു ജോഷി സമ്മതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥികള്‍ സുപ്രധാന ഘടകമാണ്. ആകെയുള്ള 25ല്‍ കോണ്‍ഗ്രസ്സിന് 15 സീറ്റെന്ന ജോഷിയുടെ നിഗമനം വസ്‌തുതയുടെ അടിസ്ഥാനത്തിലുള്ളതാണ്. കോണ്‍ഗ്രസ് അനുകൂല തരംഗമാണ് ഇത്തവണ രാജസ്ഥാനിലുള്ളതെങ്കിലും 2004ല്‍ ബി.ജെ.പിയുണ്ടാക്കിയതു പോലുള്ള വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. 2004ല്‍ 21 സീറ്റുകളിലാണു ബി.ജെ.പി വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും കോണ്‍ഗ്രസ് നേടിയത് 200ല്‍ 90 സീറ്റ് മാത്രം. ഇതിനിടെയാണു ബി.ജെ.പി റിബലായി കോണ്‍ഗ്രസ്സിനൊപ്പമെത്തിയ കിരോരി ലാല്‍ മീണയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
സവായ് മധോവ്‌പൂരില്‍ നമോനാരായണ്‍ മീണ, അജ്‌മീരില്‍ സച്ചിന്‍ പൈലറ്റ്, ചിറ്റോര്‍ഗഡില്‍ ഗിരിജാവ്യാസ്, ഭീവാരയില്‍ സി പി ജോഷി, ഉദയ്‌പൂരില്‍ നിന്നു രഘുവീര്‍ മീണ തുടങ്ങിയവരാണു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസ് 12നും 15നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബെയ്‌്‌ന്‍സ്‌ല ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്നത് ടോങ്ക്-സവായ് മധോവ്‌പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചെങ്കിലും ഫലത്തില്‍ ഗുജ്ജാര്‍ സമുദായത്തിന്റെ വോട്ടുകളെ രണ്ടായി പിളര്‍ത്തുകയാണു ചെയ്‌തത്. ഓള്‍ ഇന്ത്യ ഗുജ്ജാര്‍ മഹാസഭ ബെയ്‌ന്‍സ്‌ലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്‌തു.
നിലവില്‍ എം.പിമാരായ വലിയൊരു വിഭാഗത്തെ തന്നെയാണു ബി.ജെ.പി ഇത്തവണയും അണിനിരത്തിയിരിക്കുന്നത്. ബര്‍മറില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങ്, ജാല്‍വാഡില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്, ജയ്‌പൂരില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗന്‍ശ്യാം തിവാരി, അജ്‌മീരില്‍ കിരണ്‍ മഹേശ്വരി തുടങ്ങിയവരാണു ബി.ജെ.പിയിലെ പ്രമുഖര്‍.
സിക്കറില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ അംറാറാം, ജാലോറില്‍ നിന്നു സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്, ദോസയില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിക്കുന്ന കിരോരിലാല്‍ മീണ തുടങ്ങിയവര്‍ മറ്റു പ്രമുഖര്‍.
സാമൂഹിക പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയെന്നു അശോക് ഗെലോട്ട് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജാതികളെ തമ്മിലടിപ്പിച്ചു നേട്ടംകൊയ്യുന്ന വസുന്ധരാരാജെയുടെ രീതി ഗെലോട്ട് അവസാനിപ്പിച്ചു. കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൂട്ടി. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു.
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയെന്നതാണു ഗലോട്ട് സര്‍ക്കാരിന്റെ മറ്റൊരു മികവ്. രാജസ്ഥാനില്‍ വന്‍തോതില്‍ പലായന സാധ്യതയുള്ള വരള്‍ച്ചക്കാലം ഗെലോട്ട് സര്‍ക്കാര്‍ ഫലപ്രദമായാണു നേരിട്ടത്. ഇതിനായി 500 കോടിയുടെ പദ്ധതി നടപ്പാക്കി. അതുകൊണ്ട് ഇത്തവണ പലായനം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഗെലോട്ട് സര്‍ക്കാര്‍ പുതിയ തുടക്കമാണെന്നു രാജസ്ഥാന്‍ വിശ്വസിക്കുന്നു. ഇത് ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.