
ബിജോ സില്‍വറി
തൃശൂര്‍: തിരഞ്ഞെടുപ്പുപ്രചാരണച്ചൂടില്‍ തിളച്ചുമറിയുകയാണു ചാലക്കുടി ലോക്‌സഭാ മണ്ഡലം. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ മണ്ഡലം നിറഞ്ഞുള്ള പ്രചാരണത്തിലാണ് യു.ഡി.എഫിന്റെ ധനപാലനും എല്‍.ഡി.എഫിന്റെ യു പി ജോസഫും.
കഴിഞ്ഞതവണ ഒരു ലക്ഷത്തിലധികം വോട്ടിനു ലോനപ്പന്‍ നമ്പാടന്‍ കരുണാകരപുത്രി പത്മജയെ തോല്‍പ്പിച്ച പഴയ മുകുന്ദപുരത്ത് ഇത്തവണ പ്രവചനങ്ങള്‍ തീര്‍ത്തും അസാധ്യം.
ചാലക്കുടി മണ്ഡലത്തിലെ പുതുതായി രൂപംകൊണ്ട കയ്‌പമംഗലത്തെ പള്ളിപ്പാടിയില്‍ നിന്നാണു കഴിഞ്ഞദിവസം ഇടതു സ്ഥാനാര്‍ഥി യു പി ജോസഫ് തന്റെ പര്യടനത്തിനു തുടക്കമിട്ടത്. തീരദേശഗ്രാമത്തില്‍ സ്ഥാനാര്‍ഥിയും സംഘവും എത്തുമ്പോള്‍ പുലരി പിറക്കുന്നതേ ഉള്ളൂ. തുറന്ന വാഹനത്തിലാണു ജോസഫ്. ആദ്യസ്വീകരണം അഞ്ചാംപരത്തിയിലെ ഹരിജന്‍ കോളനിയില്‍. കൈകൂപ്പിയും കൈത്തലം കവര്‍ന്നും നിറഞ്ഞ ചിരിയോടെ ജോസഫ്. ശ്രീനാരാണപുരത്തിനു ശേഷം ചരിത്രമുറങ്ങിക്കിടക്കുന്ന പഴയ തൃക്കണാമതിലകത്തേക്കായിരുന്നു യാത്ര. മതിലകം പുഴയോരത്തു സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സ്‌ത്രീകളടക്കം നിരവധി പേര്‍ കാത്തിരിക്കുന്നു. പിന്നീടു തൃപ്പേക്കുളം ക്ഷേത്രപരിസരത്തേക്ക്. പഞ്ചായത്തിലെ ശക്തികേന്ദ്രത്തില്‍ ഊഷ്‌മളമായ സ്വീകരണം. പെരിഞ്ഞനം പഞ്ചായത്തില്‍ പൊന്മാനിക്കുടത്തെത്തുമ്പോള്‍ സമയം ഒമ്പതു മണി. ചെന്ത്രാപ്പിന്നിയില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, വടക്കാഞ്ചേരി എം.എല്‍.എ എ സി മൊയ്‌തീന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നിരുന്നു. ചാമക്കാല, വഞ്ചിപ്പുര, അഴീക്കോട്, കാര, പടിഞ്ഞാറേ വെമ്പല്ലൂര്‍, കൂളിമുട്ടം, കയ്‌പമംഗലം എന്നിങ്ങനെ ഓരോ മേഖലയിലും ചെറിയ സ്വീകരണയോഗങ്ങള്‍. പര്യടനം എം.ഐ.ടി സ്‌കൂള്‍പരിസരത്തു സമാപിക്കുമ്പോള്‍ രാത്രി പത്തു മണി.
ചാലക്കുടിയുടെ സമഗ്രവികസനത്തിനു വോട്ട് തേടിയാണു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ പി ധനപാലന്‍ അങ്കമാലിയില്‍ പര്യടനം നടത്തിയത്. ചെറിയ വ്യവസായ സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരോടു വോട്ടഭ്യര്‍ഥിക്കാന്‍ ധനപാലന്‍ മറന്നില്ല. മുക്കന്നൂര്‍ റേഷന്‍കട കവലയില്‍ പര്യടനത്തിനു തുടക്കമിടുമ്പോള്‍ ധാരാളം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരുന്നു. എറണാകുളം ജില്ലയുടെ മുക്കുംമൂലയും പരിചയമുള്ള ധനപാലന്‍ ചാലക്കുടി മണ്ഡലത്തിന്റെ വികസനം ഏറെ കാലമായി മുടങ്ങിക്കിടക്കുകയാണെന്നു നാട്ടുകാരെ ഓര്‍മിപ്പിക്കുന്നു. നഗരത്തിലെ ഫ്‌ളൈ ഓവറുകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. പ്രതിക്കൂട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെന്നു വിശദീകരണം. വട്ടപ്പറമ്പ്, ഷാപ്പ് കവല, മൂഴിക്കുളം, എളവൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിക്ക് ആവേശകരമായ വരവേല്‍പ്പുകള്‍. ഇടയ്‌ക്കു ത്രിവര്‍ണ ഖദര്‍ മാലകളണിയിച്ചു പ്രവര്‍ത്തകര്‍ ആദരങ്ങളറിയിക്കുന്നു.
കറുകുറ്റി പഞ്ചായത്തില്‍ പാലിശേരി, മുന്നൂര്‍പിള്ളി, പാലക്കല്‍, കരയാമ്പറമ്പ് കവല, കോക്കുന്ന്, പൂതംകുറ്റി തുടങ്ങി കൊച്ചു കൊച്ചു സ്ഥലങ്ങളില്‍ പോലും സ്വീകരണങ്ങള്‍. ഇടയ്‌ക്കു പ്രാദേശിക നേതാക്കളുമായി തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍. പാറക്കടവിലെ കുറുമശേരിയില്‍ പര്യടനം അവസാനിക്കുമ്പോള്‍ സി.പി.എമ്മില്‍ നിന്നു മണ്ഡലം പിടിച്ചെടുക്കാനാവുമെന്നു ധനപാലനു തികഞ്ഞ ആത്മവിശ്വാസം.