ബൈജു ജോണ്‍
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്പാദ്യവര്‍ധനയുടെ കാര്യത്തില്‍ ഒന്നിനൊന്നു മെച്ചമെന്നു കണക്കുകള്‍. രാ്രഷ്ടീയ വളര്‍ച്ച നേടുന്നതില്‍ ദേശീയപാര്‍ട്ടികള്‍ പലതും കീഴോട്ടുപോയെങ്കിലും ആകെയുള്ള ആസ്‌തി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ കിടമല്‍സരമാണെന്ന് ആദായനികുതി വകുപ്പിനു ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സി.പി.ഐ മാത്രമാണ് ഇതിനൊരു അപവാദം.
2002 മുതല്‍ 2006 വരെ പ്രധാന പാര്‍ട്ടികളുടെ ആസ്‌തിയില്‍ 30 മുതല്‍ 40 ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സാണ് 2002ലെ 65 കോടി വെറും നാലുവര്‍ഷംകൊണ്ട് 229 കോടിയാക്കി ആദായനികുതി വകുപ്പിനെ ഞെട്ടിപ്പിച്ചത്. നാലുവര്‍ഷംകൊണ്ട് 164 കോടിയുടെ വര്‍ധന. സി.പി.എമ്മിന്റെ സമ്പാദ്യം ഈ കാലയളവില്‍ 38 കോടിയില്‍ നിന്ന് 77 കോടിയായി.
ബി.ജെ.പിക്ക് 2002ല്‍ 81 കോടിയായിരുന്നത് 2004ല്‍ 155 കോടിയായി വര്‍ധിച്ചു. എന്നാല്‍, 2006 ആയപ്പോഴേക്കും 112 കോടിയായി ചുരുങ്ങി. 2004വരെ അധികാരത്തിലിരുന്ന ബി.ജെ.പിക്ക് ഭരണം പോയതോടെ കുറഞ്ഞത് 43 കോടി. കോണ്‍ഗ്രസ്സിന് അധികാരം ലഭിച്ചതോടെ 2004ല്‍ 136 കോടിയായിരുന്നതു രണ്ടുവര്‍ഷംകൊണ്ട് 229 കോടിയായി. സി.പി.ഐക്ക് 2002ലുണ്ടായിരുന്ന അഞ്ചുകോടി നാലുവര്‍ഷം കൊണ്ട് ആറുകോടിയിലെത്തിക്കാനേ സാധിച്ചുള്ളൂ.
മുലായംസിങിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും സമ്പാദ്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പിറകിലല്ല. സമാജ്‌വാദി പാര്‍ട്ടിക്ക് 2002ല്‍ 14 കോടിയുടെ സമ്പാദ്യമായിരുന്നെങ്കില്‍ 2006 ആയപ്പോഴേക്കും 63 കോടിയായി ഉയര്‍ന്നു. 2004ല്‍ 27 കോടിയായിരുന്നു എസ്.പിയുടെ പക്കലുണ്ടായിരുന്നത്. 2005-06 കാലയളവിലാണ് 50 കോടിയുടെ വര്‍ധനയുണ്ടായത്. ബി.എസ്.പിയുടെ 2006ലെ സമ്പാദ്യം 44 കോടിയാണ്. 2002ല്‍ ഇതു 11 കോടി മാത്രമായിരുന്നു. 2004ലാണ് 30 കോടിയുടെ വര്‍ധന ഉണ്ടായത്.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്പാദ്യവര്‍ധന സാമ്പത്തിക വിദഗ്‌ധരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രധാന വരുമാനമാര്‍ഗം അനുയായികളുടെയും അനുഭാവികളുടെയും സംഭാവനയാണെന്നാണു വാദം. എന്നാല്‍, അധികാരവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടികളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നതെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.