2009-04-09

ജെ.എം.എം കേസില്‍ ദേവഗൗഡ ഇടപ്പെട്ടു: മുന്‍ സി.ബി.ഐ ഡയരക്ടര്‍

ന്യൂഡല്‍ഹി: ജെ.എം.എം കൈക്കൂലി കേസില്‍ ഒരു സാക്ഷി വിശ്വാസ യോഗ്യനല്ലെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ മുന്‍ ഡയരക്ടര്‍ ജോഗീന്ദര്‍ സിങ്‌. പി വി നരസിംഹറാവു സര്‍ക്കാരിനു വിശ്വാസ വോട്ടെടുപ്പില്‍ സഹായിക്കുന്നതിന്‌ ജെ.എം.എം നേതാക്കള്‍ക്ക്‌ കൈക്കൂലി നല്‍കിയെന്ന കേസില്‍ സാക്ഷിയായ സുരീന്ദര്‍ മഹാതൊയെ വിശ്വാസയോഗ്യനല്ലെന്നു പ്രഖ്യാപിക്കണമെന്നു ഗൗഡ ആവശ്യപ്പെട്ടതായി സിങ്‌ പറഞ്ഞു. എന്നാല്‍ അതിനു തയ്യാറല്ലെന്ന്‌ താന്‍ ഗൗഡയെ അറിയിച്ചിരുന്നതായും സിങ്‌ വ്യക്തമാക്കി.
സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടാവുന്നതില്‍ പുതമയില്ലെന്നും സി.ബി.ഐ സര്‍ക്കാരിന്റെ ഒരു ഭാഗമാണെന്നും സിങ്‌ പറഞ്ഞു. സി.ബി.ഐക്ക്‌ സ്വയം ഭരണാവകാശം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്തതിനും ഇതാണ്‌ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1984 ലെ സിഖ്‌ വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്‌ലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ സിങ്‌ തയ്യാറായില്ല. ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയത്‌ രാഷ്ട്രീയ ഇടപെടലുകള്‍ മൂലമല്ലെന്ന്‌ പറയാനാവില്ലെന്ന്‌ സിങ്‌ പറഞ്ഞു.
അന്വേഷണ റിപോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുകയെന്നതാണ്‌ സി.ബി.ഐയുടെ പ്രധാന ഉത്തരവാദിത്തം. സര്‍ക്കാരിന്‌ വിവരങ്ങള്‍ നല്‍കണമെന്നതും പ്രധാനമാണ്‌. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റിപോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കും- സിങ്‌ വിശദമാക്കി.

No comments: