നാരായണന്‍ കരിച്ചേരി
കാസര്‍കോഡ്: ഇടതുകോട്ടയായ കാസര്‍കോഡ് ഇക്കുറിയും എങ്ങോട്ടെന്ന് ഊഹിക്കാവുന്നതാണ്. മഹാദ്‌ഭുതം സംഭവിച്ചില്ലെങ്കില്‍ ഇവിടെ ദിശ മാറില്ല. എന്നാലും യു.ഡി.എഫിനും വിജയപ്രതീക്ഷയ്‌ക്കു കുറവില്ല. അട്ടിമറിയുടെ ഘടകങ്ങള്‍ പലതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
ബി.ജെ.പിയും ഇവിടെ വിജയപ്രതീക്ഷയിലാണ്. എന്നാല്‍ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോഡ്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കാസര്‍കോഡ് ഒഴികെയുള്ള മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്റേതാണ്.
ഇവിടെ ഇത്തവണ 76,606 വോട്ടുകളുടെ കുറവുണ്ട്. മണ്ഡല പുനഃക്രമീകരണത്തിലുണ്ടായ മാറ്റം, സ്‌ത്രീവോട്ടര്‍മാരുടെ വര്‍ധന, സാമുദായിക സംഘടനകളുടെ സ്വാധീനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുന്നു. ഇടതു സ്ഥാനാര്‍ഥി പി കരുണാകരന് മണ്ഡലത്തിലുള്ള അംഗീകാരവും മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രവും എല്‍.ഡി.എഫിന് തുണയാകുന്നു.
കേന്ദ്രസര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍, തൊഴിലുറപ്പുപദ്ധതി എന്നിവയെല്ലാം എടുത്തുകാട്ടിയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഉണര്‍ത്തിയുമാണ് യു.ഡി.എഫ് പ്രചാരണം.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഹിദാ കമാല്‍ സ്വദേശി അല്ലെങ്കിലും അവരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കൊണ്ട് ജില്ലക്കാരിയായിമാറിയിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കുറച്ചുകാണാനാവില്ല. വര്‍ഗീയവികാരം ഇളക്കിയാണ് ബി.ജെ.പി വോട്ടര്‍മാരെ സമീപിക്കുന്നതെന്നാണ് എല്‍.ഡി.എഫിന്റെ അഭിപ്രായം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരദേശത്ത് അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. സമുദായക്ഷേത്ര പ്രശ്‌നം, മറാഠി സമുദായ സംവരണം, ദലിത് ആദിവാസി പ്രശ്‌നം, കൊറഗരുടെ പ്രശ്‌നം, ക്ഷേത്രപാലകരുടെയും പൂജാരിമാരുടെയും പ്രശ്‌നം തുടങ്ങിയവയെല്ലാം ബി.ജെ.പിയുടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നത് എതിര്‍കക്ഷികള്‍ കരുതലോടെ കാണുന്നുണ്ട്.
മലയോരമേഖലകളില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് യു.ഡി.എഫിന്റെ വിജയസാധ്യത എന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല തേജസിനോടു പറഞ്ഞു. കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വന്‍നേട്ടമുണ്ടാക്കുമെന്നാണ് അവരുടെ കണക്കൂട്ടല്‍.
വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ഥിയെ ഉറപ്പിച്ച മണ്ഡലം കാസര്‍കോഡാണ്. തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ മുഴുകിയിരിക്കുന്നതെന്നു തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍ തേജസിനോട് പറഞ്ഞു.
സാമുദായിക സംഘടനകള്‍ കൂടുതലും യു.ഡി.എഫിനു വേണ്ടി രംഗത്തുവന്നിട്ടുണ്ട്. ഇതില്‍ മറാഠി, ദലിത് മഹാസഭ, ധീവരസഭ എന്നിവയും യു.ഡി.എഫ് അനുകൂല നിലപാടിലാണ്.
കഴിഞ്ഞ കാലങ്ങളിലും ഇവര്‍ യു.ഡി.എഫ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍, മണ്ഡലത്തില്‍ മറ്റൊരു നിര്‍ണായകശക്തിയായ പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ഇത്തവണ യു.ഡി.എഫിനാണ്. ജില്ലയിലെ പല ഭാഗങ്ങളിലും പോപുലര്‍ ഫ്രണ്ടിന് നല്ല സ്വാധീനമാണുള്ളത്. പി.ഡി.പിയുടെ പിന്തുണ എല്‍.ഡി.എഫിനാണെങ്കിലും വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താന്‍ തയ്യാറല്ല.
ജനതാദളിനും ജില്ലയില്‍ നല്ല സ്വാധീനമുണ്ട്. യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇവിടത്തെ ദളിലെ ഭൂരിഭാഗവും.
ഐ.എന്‍.എല്ലിന് സംസ്ഥാനത്ത് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കാസര്‍കോഡ്. എല്‍.ഡി.എഫ് പ്രചാരണ പരിപാടികളിലും ഐ.എന്‍.എല്‍ സജീവമാണ്.
എന്നാല്‍, കാലാകാലങ്ങളിലുള്ള ഇത്തരം രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം എന്തു ചെയ്യാനാവുമെന്ന കണക്കുകൂട്ടലുകളുമായാണ് ഇരുമുന്നണികളും ബി.ജെ.പിയും അവസാനഘട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
No comments:
Post a Comment