ന്യൂഡല്‍ഹി: മറ്റുള്ളവരെപ്പോലെ പ്രാദേശിക പ്രശ്‌നങ്ങളെ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മുസ്‌ലിം വോട്ടര്‍മാരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയക്കുന്നു. പ്രവചനാതീതമായി മാറിയ മുസ്‌ലിം വോട്ടുകള്‍ നാളിതുവരെ നിര്‍ലോഭം തട്ടിയെടുത്തിരുന്ന മതേതരകക്ഷികളെ തന്നെയാണ് ഇത് ഏറെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്.
വരുന്ന ലോക്‌സഭാ ഇലക്‌ഷന് ശേഷം തൂക്കുമന്ത്രിസഭയുണ്ടാവുമെന്നു കരുതപ്പെടുന്നതുകൊണ്ട് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ കൊണ്ടുപിടിച്ച മുസ്‌ലിം പ്രീണനപ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ 53 ശതമാനം മുസ്‌ലിംകളും കോണ്‍ഗ്രസ്സിനെയോ അവരുടെ സഖ്യത്തെയോ ആണ് പിന്തുണച്ചിരുന്നതെന്നു സെന്റര്‍ ഫോര്‍ സ്‌റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇതില്‍ 33 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ പ്രധാന കക്ഷികളെയാണു മുസ്‌ലിംകള്‍ ഇതുവരെ പിന്തുണച്ചിരുന്നത്.
എന്നാല്‍, ഇക്കുറി പ്രാദേശിക പ്രശ്‌നങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണു മുസ്‌ലിംകള്‍ വ്യത്യസ്‌ത കക്ഷികള്‍ക്ക് വോട്ട് ചെയ്യുന്നതെന്ന് അലിഗഡ് യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ചരിത്രാധ്യാപകന്‍ ഷിറീന്‍ മൂസവി പറയുന്നു. ഏതെങ്കിലും ഒറ്റക്കക്ഷിക്ക് മാത്രമായി ഒരിക്കലും മുസ്‌ലിംകള്‍ വോട്ട് ചെയ്യാറില്ല. ഒരേ നഗരത്തിലെത്തന്നെ താഴ്‌ന്ന ജീവിതനിലവാരമുള്ള മുസ്‌ലിംകളും ഉയര്‍ന്ന ജീവിതാവസ്ഥയിലുള്ള മുസ്‌ലിംകളും വ്യത്യസ്‌ത രീതിയിലാണു വോട്ട് ചെയ്യുന്നത്. മുഖ്യമായും മതേതര കക്ഷികളെ പിന്തുണയ്‌ക്കുമ്പോള്‍ തന്നെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുക. ചില സ്ഥലങ്ങളില്‍ അന്ധമായി ബി.ജെ.പിയെ ആരാധിക്കുന്ന മുസ്‌ലിംകളുമുണ്ട്- മൂസവി വ്യക്തമാക്കി. മുസ്‌ലിം യുവത്വം അവരുടെ വോട്ടവകാശത്തെക്കുറിച്ച് ഏറെ ബോധവാന്മാരാണ്. സംരക്ഷണം, ജോലിസുരക്ഷ, വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് അവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്.
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സദിയ ഖാന്റെ (21) അഭിപ്രായത്തില്‍ ജീവിതസുരക്ഷയ്‌ക്കും സാമ്പത്തിക സുസ്ഥിരതയ്‌ക്കുമാണു മുഖ്യ സ്ഥാനം. ഗുജറാത്ത് കലാപത്തിനു ശേഷം നരേന്ദ്രമോഡിയെപ്പോലുള്ള നരാധമന്മാര്‍ നയിക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യാനാവില്ല. ഞങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം''- ഖാന്‍ വ്യക്തമാക്കുന്നു.
ജാമിഅ മില്ലിയ്യയില്‍ പിഎച്ച്.ഡി ചെയ്യുന്ന ഉബൈദുര്‍റഹ്‌മാന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാരെ പരസ്‌പരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും താലിബാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഭിന്നിപ്പ് രാഷ്ട്രീയം ബി.ജെ.പി ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇത്തരം പാര്‍ട്ടികളെ അധികാരത്തിലേറ്റാതിരിക്കുന്നതാണ് നല്ലത്.
മുസ്‌ലിം വോട്ടുകളുടെ ഗതി പണ്ഡിതര്‍ തീരുമാനിക്കുമെന്ന ചിന്താഗതിയെയും മുസ്‌ലിം യുവാക്കള്‍ എതിര്‍ക്കുന്നു. ``ആര്‍ക്ക് വോട്ട് ചെയ്യണമെന്ന `ഫത്‌വ' ആരും പുറപ്പെടുവിച്ചിട്ടില്ല''- ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം പ്രൊ വൈസ് ചാന്‍സലര്‍ മൗലാനാ ഖലീഖ് അഹ്‌മദ് അന്‍സാരി പറഞ്ഞു.
പ്രസിദ്ധ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായത്തില്‍ മൗലാനമാരുടെ അഭ്യര്‍ഥനയേക്കാള്‍ പ്രാധാന്യം മുസ്‌ലിംകള്‍ തങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കാണു നല്‍കുന്നത്. ``മുസ്‌ലിംകള്‍ മതപണ്ഡിതരാല്‍ സ്വാധീനിക്കപ്പെടുകയില്ല. പ്രാദേശിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കുക''- അദ്ദേഹം വ്യക്തമാക്കി.
ഭരിക്കുന്ന പാര്‍ട്ടികളില്‍ നിന്നു തങ്ങള്‍ക്കവകാശപ്പെട്ടതൊന്നും ലഭിച്ചില്ലെന്നു വിലപിക്കുന്നവരാണു ഭൂരിഭാഗം മുസ്‌ലിംകളും. ബിസിനസ്സുകാരനായ ഷാഹിദ് അഹ്‌മദിന്റെ അഭിപ്രായത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികളൊന്നും സമുദായത്തിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സമുദായത്തിന്റെ ദാരുണാവസ്ഥയ്‌ക്ക് ഉത്തരവാദികള്‍ ഈ പാര്‍ട്ടികളാണ്. ലജിസ്ലേഷനിലും ബ്യൂറോക്രസിയിലും മുസ്‌ലിം പ്രാതിനിധ്യം തീരെ ഇല്ലാതായിരിക്കുന്നു.