
കോഴിക്കോട്: മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച നാലു വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. 'മാതൃഭൂമിയെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്യവും' എന്ന വിഷയത്തില്‍ എഴുതിയ ലേഖനമാണ് കോഴിക്കോട് പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിക്ക് അടിസ്ഥാനം. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റെടുത്ത നടപടികളായിരുന്നു ലേഖനത്തിലെ വിഷയം.
ഏറെ വിവാദം സൃഷ്ടിച്ച സൈബര്‍ നിയമം മാതൃഭൂമി പോലുള്ള ഒരു മാധ്യമസ്ഥാപനം ദുരുപയോഗം ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജീവനക്കാര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൂള്‍ന്യൂസ്, മറുനാടന്‍മലയാളി, മലയാള്‍.എഎം, ബോധികോമണ്‍സ് തുടങ്ങിയ സൈറ്റുകള്‍ പ്രസിദ്ധീകരിച്ചതെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാം.
ചില ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇക്കാര്യം പ്രസിദ്ധീകരിച്ചതുമാണ്. കെയുഡബ്ലുജെയുടെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷനു നല്‍കിയ പരാതിയുടെ കോപ്പി മാത്രം മതി ഈ കേസ് തള്ളിപ്പോകാന്‍. പക്ഷേ, വിചിത്രമായ ഐടി ആക്ടിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണിത്. വാസ്തവത്തില്‍ ചിരിയ്ക്കുന്നത് വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലുകളാണ്. കാരണം അവര്‍ക്ക് ചുളുവില്‍ ലഭിക്കുന്ന മൈലേജാണിത്.
വാല്‍ക്കഷണം: അരിയും തിന്ന് ആശാരിയെയും കടിച്ച് എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ്