
സലീം ഐദീദ്
മലപ്പുറം: മുസ്‌ലിംലീഗിന്റെ ആകാശവും ഭൂമിയുമാണു മലപ്പുറം ജില്ല. ഇതു തുളച്ചുകയറിയാണു ടി കെ ഹംസ 2004ലെ തിരഞ്ഞെടുപ്പില്‍ ഷോ മാന്‍ ആയത്. ഉരുളയ്‌ക്കുപ്പേരി നല്‍കാന്‍ ആദ്യത്തെ അവസരമാണു ലീഗിനിപ്പോള്‍ കിട്ടിയിരിക്കുന്നത്. മലപ്പുറം ഇപ്പോഴും പുറമേക്കു ശാന്തമാണ്. പക്ഷേ, വോട്ടെടുപ്പ് നങ്കൂരമിടാനായതോടെ ഈ മണ്ഡലത്തിന്റെ അടിത്തട്ടുകളില്‍ പോര്‍വിളി ശക്തമാവുകയാണ്.
മലപ്പുറത്തെ പഴയ സ്ഥിതിവിവര കണക്കുകള്‍ വച്ച് ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ മലപ്പുറം, കൊണ്ടോട്ടി, വേങ്ങര മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിക്കാം. മങ്കടയിലും പെരിന്തല്‍മണ്ണയിലും നിലവില്‍ എല്‍.ഡി.എഫിന് മേല്‍ക്കോയ്‌മയുണ്ട്. മൂന്നു മണ്ഡലങ്ങളില്‍ യു.ഡി.എഫ് നേടുന്ന ഭൂരിപക്ഷം ഈ രണ്ടു മണ്ഡലങ്ങളുടെ പിന്‍ബലത്തില്‍ വെട്ടിയൊതുക്കി ശേഷിക്കുന്ന വള്ളിക്കുന്നിനെയും മഞ്ചേരിയെയും ഒപ്പംകൂട്ടി ടി കെ ഹംസയ്‌ക്കു വീണ്ടും പാര്‍ലമെന്റില്‍ എത്താമെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഒടുവില്‍ വിലയിരുത്തുന്നത്. അതേസമയം, മങ്കടയിലും പെരിന്തല്‍മണ്ണയിലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കു സംശയമില്ല. മഞ്ചേരിയിലും വള്ളിക്കുന്നിലും മുന്‍തൂക്കം നേടുന്നതോടെ ഏറ്റവും ചുരുങ്ങിയത് 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാവുമെന്നതാണു യു.ഡി.എഫിന്റെ അവസാന കണക്ക്. പക്ഷേ, പുതിയ മണ്ഡലമെന്ന നിലയില്‍ വള്ളിക്കുന്നും ടി കെ ഹംസയുടെ പ്രവര്‍ത്തനമേഖലയെന്ന നിലയില്‍ മഞ്ചേരിയും കണക്കുകൂട്ടലുകള്‍ക്ക് എളുപ്പം വഴങ്ങുന്നില്ല. മഞ്ചേരിയില്‍ യു.ഡി.എഫിനാണു മുന്‍തൂക്കമുള്ളതെങ്കിലും ?ഹംസ ട്രിക്ക്? എന്തെങ്കിലും അട്ടിമറിയുണ്ടാക്കുമോ എന്ന സംശയമാണു ബാക്കിയുള്ളത്. ഹംസാക്ക ഫാക്ടര്‍ 25,000 വോട്ടുകളെങ്കിലും മറിച്ചാല്‍ ഹംസ നേരത്തേ നേടിയ വിജയം ചക്ക വീണ് മുയല്‍ ചത്തതല്ലെന്നു വ്യക്തമാവും.
മലപ്പുറത്തെ നഗരങ്ങളിലെ പ്രചാരണം തണുത്തുറഞ്ഞതാണെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്‌തമാണ്. ജമാഅത്തെ ഇസ്‌ലാമിയും പോപുലര്‍ ഫ്രണ്ടും അവരവരുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതാണ് അവസാന റൗണ്ടിലെ സവിശേഷത. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് ജമാഅത്തിന്റെ സ്വാധീനം. ജമാഅത്തിന്റെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മലപ്പുറത്ത് എല്‍.ഡി.എഫിനായിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ വോട്ടുകളാണ് ഇ അഹമ്മദിന്റെ പ്ലസ് പോയിന്റ്. പി.ഡി.പി, ഐ.എന്‍.എല്‍, സി.പി.ഐ കക്ഷികള്‍ക്കു മലപ്പുറത്ത് പറയത്തക്ക സ്വാധീനമില്ല.
എ പി സുന്നി നിലപാട് പരസ്യമാക്കിയില്ലെങ്കിലും ഇക്കുറിയും ടി കെ ഹംസയ്‌ക്കു നറുക്ക് വീഴാനാണു സാധ്യത. ഇതേച്ചൊല്ലി തീവ്രമായ അഭിപ്രായവ്യത്യാസങ്ങള്‍ എ പി വിഭാഗത്തിനിടയില്‍ ഉള്ളതിനാല്‍ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാവുമെന്നും സൂചനയുണ്ട്. താന്‍ എ പി സുന്നിയാണെന്ന ഹംസയുടെ പരസ്യപ്രസ്‌താവന ഇരുവിഭാഗം മുജാഹിദുകളെയും ചൊടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്ത് പ്രചാരണങ്ങളില്‍ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന പ്രയാസങ്ങള്‍ നീങ്ങിയെന്നും ഇപ്പോള്‍ തികഞ്ഞ ശുഭാപ്‌തിവിശ്വാസമുണ്ടെന്നും യു.ഡി.എഫ് മലപ്പുറം ലോക്‌സഭാ മണ്ഡലം ചെയര്‍മാന്‍ ഇ മുഹമ്മദ് കുഞ്ഞി തേജസിനോടു പറഞ്ഞു. സി.പി.എമ്മിന് പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നു പിന്തുണ ലഭിക്കുന്നുണ്ടെന്നു മലപ്പുറം മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ പി ശ്രീരാമകൃഷ്‌ണനും തേജസിനോടു പറഞ്ഞു.