2009-04-15

അട്ടിമറികള്‍ക്കു കാതോര്‍ത്ത്‌ മധ്യകേരളം

റഹീം നെട്ടൂര്‍
കൊച്ചി: പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയുമെല്ലാം ഇടതില്‍ നിന്നു പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌ മെനഞ്ഞ തന്ത്രങ്ങള്‍ എത്രത്തോളം ഫലപ്രദമാവുമെന്നു കാത്തിരുന്നു കാണാം. വിമതശല്യങ്ങളും ജനതാദള്‍ ഫാക്ടറുമെല്ലാം പല മണ്ഡലങ്ങളിലും ഇടതിനു തലവേദനയാകുന്നുണ്ട്‌.
ഒറ്റപ്പാലവും മുകുന്ദപുരവും മുഖംമിനുക്കല്‍ നടത്തി ആലത്തൂരും ചാലക്കുടിയുമായി മാറിയിരിക്കുകയാണ്‌. ചാലക്കുടിയില്‍ കൈപ്പത്തിക്കു തന്നെയാണ്‌ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. മധ്യകേരളത്തില്‍ വിവിധ സമുദായവോട്ടുകള്‍ വിധിനിര്‍ണയത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം ചെറുതല്ല.
സുന്നി, മുജാഹിദ്‌, പോപുലര്‍ ഫ്രണ്ട്‌, ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി തുടങ്ങിയ സംഘടനകള്‍ക്ക്‌ പലയിടങ്ങളിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാനാവും. ക്രിസ്‌ത്യന്‍ സഭകള്‍, എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌ സംഘടനകളും മധ്യകേരളത്തില്‍ നിര്‍ണായക ഘടകങ്ങളാവുമെന്നാണ്‌ കരുതുന്നത്‌. അതുകൊണ്ടുതന്നെ കണക്കുകൂട്ടലുകള്‍ക്കൊക്കെ അപ്പുറം ഈ വിഭാഗങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്താനായി എന്നതനുസരിച്ചിരിക്കും തിരഞ്ഞെടുപ്പുഫലം. പാലക്കാട്‌ `ഷൊര്‍ണൂര്‍' ആവര്‍ത്തിക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌ എല്‍.ഡി.എഫ്‌. വിമതരും ജനതാദളും ഒന്നിച്ച്‌ സി.പി.എമ്മിനെതിരേ തിരിയുന്നത്‌ പാലക്കാടന്‍ ചെങ്കോട്ടയുടെ മാറു പിളര്‍ക്കാന്‍ കരുത്തു പകരുമെന്നു യു.ഡി.എഫ്‌ സാരഥി സതീശന്‍ പാച്ചേനി കരുതുന്നു. അതേസമയം, എന്‍.സി.പി സ്ഥാനാര്‍ഥി പി എ റസാഖ്‌ മൗലവി നേടുന്ന വോട്ടുകള്‍ യു.ഡി.എഫിനെ ക്ഷീണിപ്പിച്ചേക്കും.
മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്‌ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌ ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. എന്നാല്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌, പട്ടാമ്പി മണ്ഡലങ്ങളില്‍ കാലിടറുമെന്ന തോന്നല്‍ ഇടതുമുന്നണിക്കുണ്ട്‌. പോപുലര്‍ ഫ്രണ്ട്‌ യു.ഡി.എഫിനെ പിന്തുണയ്‌ക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതിനാണ്‌.
ചാലക്കുടിയില്‍ യു.ഡി.എഫിനു തന്നെയാണ്‌ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്‌. പഴയ മുകുന്ദപുരം മണ്ഡലം മുഖംമിനുക്കി ചാലക്കുടിയായപ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നും അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കുന്നത്തുനാട്‌ എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ കൂടിച്ചേര്‍ന്നത്‌. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ ആലുവ, പെരുമ്പാവൂര്‍ മേഖലകള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ധനപാലനു പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
എന്നാല്‍, കണക്കുകൂട്ടലുകളും പ്രവചനങ്ങളും അസ്ഥാനത്താക്കി മണ്ഡലം തനിക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി യു പി ജോസഫ്‌.
ആലത്തൂരില്‍ ഇരുമുന്നണികളും തുല്യപ്രതീക്ഷയാണ്‌ വച്ചുപുലര്‍ത്തുന്നത്‌. എന്നാല്‍, പാലക്കാട്ടുള്ളതുപോലെത്തന്നെ ഇടത്‌ ഏകോപനസമിതിയും ജനതാദള്‍ സ്വാധീനവുമാണ്‌ ഇടതിന്‌ അസ്വസ്ഥതയുളവാക്കുന്നത്‌. എസ്‌.എന്‍.ഡി.പിയുടെ പിന്തുണ ഉറപ്പാക്കിയ ഇടതു സ്ഥാനാര്‍ഥി പി കെ ബിജുവിനു പക്ഷേ മുസ്‌ലിം സമുദായമടക്കമുള്ളവരുടെ വോട്ടുകള്‍ അകലുന്നത്‌ തലവേദനയുണ്ടാക്കുന്നുണ്ട്‌. എന്‍.എസ്‌.എസിനെയും കത്തോലിക്കരെയും ഇവിടെ എഴുതിത്തള്ളാനാവില്ല. ദലിത്‌ കോണ്‍ഗ്രസ്‌ തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ കൂടിയായ എന്‍ കെ സുധീറാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി. പ്രവചനങ്ങള്‍ക്ക്‌ ഇടംകൊടുക്കാത്ത തൃശൂരിന്റെ മണ്ണില്‍ ഇക്കുറിയും അവസ്ഥയ്‌ക്കു വ്യത്യാസമില്ലെങ്കിലും ഇടതുമുന്നണിയിലെ പടലപിണക്കങ്ങള്‍ തങ്ങള്‍ക്കനുകൂലമാവുമെന്ന പ്രതീക്ഷയിലാണ്‌ യു.ഡി.എഫ്‌. അതേസമയം, പ്രചാരണത്തില്‍ വന്‍ മുന്നേറ്റം നടത്തുന്ന ഇടതുസ്ഥാനാര്‍ഥി സി.പി.ഐയുടെ സി എന്‍ ജയദേവന്‍ വിജയപ്രതീക്ഷയിലാണ്‌. എസ്‌.എന്‍.ഡി.പി ജയദേവനു പിന്തുണ നല്‍കുന്നുണ്ട്‌. പോപുലര്‍ ഫ്രണ്ടിന്റെയും കത്തോലിക്കാസഭയുടെയും പല മണ്ഡലങ്ങളിലെയും സ്വാധീനം യു.ഡി.എഫ്‌ സാരഥി പി സി ചാക്കോയ്‌ക്കു പ്രതീക്ഷയേകുന്നു.
തോട്ടം കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ മനസ്സറിഞ്ഞ പ്രചാരണമാണ്‌ ഇടുക്കിയില്‍ ഇരുമുന്നണികളിലെയും കാഴ്‌ചവച്ചതെങ്കിലും കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിലുണ്ടായ പടലപ്പിണക്കങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ഫ്രാന്‍സിസ്‌ ജോര്‍ജിനെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇടുക്കി, കോതമംഗലം അതിരൂപതകളുടെ ഇടതുവിരുദ്ധ നിലപാടുകള്‍ക്കൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയുണ്ടായ മുസ്‌ലിം വോട്ടുകളുടെ സ്വാധീനവും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസിന്‌ അനുകൂലമാവും. കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ സ്വാധീനമുള്ള പോപുലര്‍ ഫ്രണ്ട്‌ നേരത്തെത്തന്നെ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യു.ഡി.എഫിനു നല്ല സ്വാധീനമുള്ള എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിന്റെ തസ്‌ലീമ, ഇസ്രായേല്‍ ബന്ധങ്ങള്‍ പ്രതികൂലമായി മാറിയിരിക്കുകയാണ്‌. മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം കെ വി തോമസിനെതിരേ തിരിഞ്ഞിട്ടുണ്ട്‌.
എങ്കിലും അവസാന നിമിഷം ലഭിച്ച, തസ്‌ലീമ സിന്ധുജോയിക്കൊപ്പം നില്‍ക്കുന്ന പോസ്‌റ്റര്‍ മറുമരുന്നായി പ്രയോഗിക്കുകയാണ്‌ യു.ഡി.എഫ്‌. വിജയപ്രതീക്ഷ തീരെയില്ലാതെയാണ്‌ മല്‍സരിക്കാനിറങ്ങിയതെങ്കിലും യു.ഡി.എഫ്‌ സ്ഥാനാര്‍ഥിനിര്‍ണയം വഴി തനിക്കു ലഭിച്ച അവസരം പരമാവധി മുതലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സിന്ധു മണ്ഡലത്തില്‍ കാഴ്‌ചവച്ചത്‌.

No comments: