സ്വന്തം പ്രതിനിധി
കൊല്‍ക്കത്ത: 30 വര്‍ഷത്തിലേറെ സി.പി.എമ്മിനെ പിന്തുണച്ച പശ്ചിമ ബംഗാളിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഇത്തവണ ഇടതുപക്ഷത്തിനു തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണ്. ഒന്നരവര്‍ഷം മുമ്പ് പ്രകടമായിത്തുടങ്ങിയ ഇടതുവിരുദ്ധ തരംഗം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കൂടുതല്‍ വ്യക്തമാവുമെന്നാണ് ഇവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്.
സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ ഈ അടിയൊഴുക്ക് കൂടുതല്‍ പ്രകടമാണ്. നന്തിഗ്രാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകൃതമായ സിദ്ദീഖുല്ലാ ചൗധരിയുടെ നന്തിഗ്രാം മൂവ്‌മെന്റിന്റെ രാഷ്ട്രീയരൂപമായ പീപ്പ്‌ള്‍സ് ഡമോക്രാറ്റിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 10 ലോക്‌സഭാ സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. മറ്റ് ആറിടങ്ങളില്‍ സി.പി.എമ്മിതര കക്ഷികളെ പിന്തുണയ്‌ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ജനങ്ങളുടെ ഈ ഇടതുവിരുദ്ധ നിലപാട് വ്യക്തമായി പ്രതിഫലിച്ചു കാണാനുണ്ട്.
പരമ്പരാഗതമായി ഇടതിനു വോട്ട് ചാര്‍ത്തിയ പശ്ചിമ ബംഗാളിലെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ മനംമാറ്റത്തിനു കാരണം നന്തിഗ്രാം പ്രക്ഷോഭം നല്‍കിയ ഊര്‍ജവും തിരിച്ചറിവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ നന്തിഗ്രാമില്‍ തന്നെ വിദേശകമ്പനിക്കു വേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമവും, പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് നടത്തിയ വെടിവയ്‌പില്‍ 14 പേരും തുടര്‍ന്നുള്ള കലാപങ്ങളില്‍ നൂറുകണക്കിനു പേരും കൊല്ലപ്പെട്ടതും അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ്സിനൊപ്പംനിന്ന് ഇടതുസ്ഥാനാര്‍ഥികളെ തറപറ്റിക്കുകയായിരുന്നു അവര്‍. അവസാനമായി ഇടതുകോട്ടയായി അറിയപ്പെടുന്ന വെസ്റ്റ് വിഷ്‌ണുപൂരില്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന സി.പി.എമ്മിലെ ഇസ്‌കന്ദര്‍ ഹുസയ്‌നെ 30,393 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മദന്‍ മിത്ര പരാജയപ്പെടുത്തിയത്. മുസ്‌ലിം-ദലിത് വോട്ടുകളായിരുന്നു ഇതില്‍ നിര്‍ണായകം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ഈ പ്രവണത കണ്ടുതുടങ്ങിയെങ്കിലും സി.പി.എം അതത്ര കാര്യമാക്കിയിരുന്നില്ല. മുസ്‌ലിംകളില്‍ നിന്നുള്ള ചെറിയൊരു വിഭാഗം മാത്രമേ പാര്‍ട്ടിയെ കൈവിട്ടിട്ടുള്ളൂ എന്നായിരുന്നു അന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞത്. എന്നാല്‍, കാര്യങ്ങള്‍ പിടിവിട്ടുപോയെന്ന് പിന്നീടു വന്ന തിരഞ്ഞെടുപ്പുകള്‍ തെളിയിക്കുകയായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ജനുവരി 5നു നടന്ന നന്തിഗ്രാം ഉപതിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ്സിനായിരുന്നു വിജയം. 39,551 വോട്ടുകള്‍ക്കായിരുന്നു ഇടതുപക്ഷത്തില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്. ഇവിടെയും മുസ്‌ലിംവോട്ടുകളായിരുന്നു നിര്‍ണായകം.
ഈസ്‌റ്റ് മിഡ്‌നാപുര്‍, സൗത്ത് 24 പര്‍ഗാനാസ് എന്നിവയ്‌ക്കു പുറമേ നോര്‍ത്ത് 24 പര്‍ഗാനാസ്, ബിര്‍ഭൂം, നോര്‍ത്ത് ദിനാജ്‌പുര്‍ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇടതുവിരുദ്ധ തരംഗം പ്രകടമാണ്.
നന്തിഗ്രാം സംഭവം, വ്യവസായ പ്രമുഖന്‍ അശോക് ടോഡിയുടെ മകളെ വിവാഹം ചെയ്‌ത കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് അധ്യാപകന്‍ റിസ്‌വാന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ സര്‍ക്കാര്‍ നിലപാട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പുറമെ മൂന്നു പതിറ്റാണ്ടിലേറെയായി മുസ്‌ലിംകളോട് ഇടതുസര്‍ക്കാര്‍ കാണിച്ച അവഗണനയും അടിച്ചമര്‍ത്തല്‍ നയവും ഈ അടിയൊഴുക്കിനു കാരണമായി.
ഇടതുപക്ഷത്തിന് ഇത്രയും കാലം അടിയുറച്ച പിന്തുണ നല്‍കിയിട്ടും ഭരണ-ഉദ്യോഗതലങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമായതും മുസ്‌ലിം പ്രദേശങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയതും ഒരു പുനര്‍വിചിന്തനത്തിന് അവരെ പ്രേരിപ്പിക്കുകയായിരുന്നു. ഓപറേഷന്‍ ബര്‍ഗ എന്ന പേരില്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയെങ്കിലും 62 ശതമാനം മുസ്‌ലിംകളും ഭൂരഹിതരാണെന്നത് നന്തിഗ്രാം, സിംഗൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ എതിര്‍പ്പിന് ആക്കംകൂട്ടി.
ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലം ഗ്രാമങ്ങളിലെ പണക്കാര്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമാണ് ഏറെയും ലഭിച്ചതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ മുസ്‌ലിംകളുടെ മാറിയ നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
No comments:
Post a Comment