2009-04-15

തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്‌ പ്രതീക്ഷ; കരുതലോടെ എല്‍.ഡി.എഫ്‌

ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: പോളിങിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തെക്കന്‍ കേരളത്തില്‍ അവസാനവട്ട അടിയൊഴുക്കുകള്‍ ദൃശ്യമായിത്തുടങ്ങി. പരസ്യപ്രചാരണം അവസാനിച്ചതോടെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള നിശ്ശബ്ദ പ്രചാരണത്തിനും അവസാന അടിയൊഴുക്കുകള്‍ക്കുമാവും ഇനി തെക്കന്‍ കേരളം സാക്ഷ്യം വഹിക്കുക. മണ്ഡല പുനസ്സംഘടനയിലൂടെ അതിരുകളും മണ്ഡലങ്ങളുടെ പേരും മാറിമറിഞ്ഞെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കാവില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍, കൊല്ലം, ചിറയിന്‍കീഴ്‌, തിരുവനന്തപുരം മണ്ഡലങ്ങളില്‍ അരലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിരുന്നു. ശക്തമായ ഇടതുപക്ഷ അടിത്തറ ഇളക്കിമറിക്കുന്നതില്‍ യു.ഡി.എഫ്‌ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്‌.
മാവേലിക്കരയിലും പത്തനംതിട്ടയിലും യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമുണ്ട്‌. അവസാനവട്ട അട്ടിമറികള്‍ ഉണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌ നേതൃത്വം. പി.ഡി.പി ബന്ധം എല്‍.ഡി.എഫിനു കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും യു.ഡി.എഫ്‌ കരുതുന്നു. സി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന തിരുവനന്തപുരത്തും മാവേലിക്കരയിലും പി.ഡി.പി നിഷ്‌ക്രിയവുമാണ്‌.
കടുത്ത ചതുഷ്‌കോണ മല്‍സരത്തിനു വേദിയാവുന്ന തലസ്ഥാനത്ത്‌ അവസാനദിനത്തിലും ഫലം പ്രവചനാതീതമാണ്‌. പരസ്യപ്രചാരണം അവസാനിച്ച ഘട്ടത്തില്‍ നഗരപ്രദേശങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അതേസമയം, മുസ്‌ലിം സംഘടനകളില്‍ നിന്നും ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേയുണ്ടായ എതിര്‍പ്പ്‌ വിജയപ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്നുണ്ട്‌.
എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍ നേടുന്ന വോട്ടുകളും ശശി തരൂരിന്‌ തിരിച്ചടിയാവും. മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ സി.പി.ഐ സ്ഥാനാര്‍ഥി പി രാമചന്ദ്രന്‍ നായരെയും ബാധിക്കും. ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാരും തങ്ങളുടെ ശക്തി തെളിയിക്കുമെന്നുറപ്പാണ്‌.
ഇടതുമുന്നണിക്ക്‌ ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന ആറ്റിങ്ങലില്‍ സ്ഥിതി പ്രവചനാതീതമായി മാറിക്കഴിഞ്ഞു. പ്രചാരണരംഗത്ത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ജി ബാലചന്ദ്രന്‍ ആദ്യം പിന്നിലായിരുന്നെങ്കിലും അവസാനവട്ടത്തില്‍ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമാണ്‌.
കരുണാകരന്റെ വിശ്വസ്‌തന്‍ എന്‍ പീതാംബരക്കുറുപ്പ്‌ പോരിനിറങ്ങിയ കൊല്ലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ വിജയം നല്‍കി സി.പി.എമ്മിലെ പി രാജേന്ദ്രനെ അനുഗ്രഹിച്ചിരുന്നു. എന്നാല്‍, ഇത്തവണ പീതാംബരക്കുറുപ്പ്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. ആര്‍.എസ്‌.പി നിഷ്‌ക്രിയമായതും അവസാനഘട്ടത്തില്‍ സമുദായ സംഘടനകളുടെ ഭാഗത്തുനിന്നു യു.ഡി.എഫിനനുകൂലമായുണ്ടാവുന്ന നീക്കവും സി.പി.എമ്മിന്റെ വിജയപ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്നു.
മാവേലിക്കരയില്‍ എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്‌ ഉറച്ച വിജയപ്രതീക്ഷ പുലര്‍ത്തുന്നു. സി.പി.ഐ സ്ഥാനാര്‍ഥിയായ ആര്‍ എസ്‌ അനില്‍ നല്ല പോരാട്ടം കാഴ്‌ചവയ്‌ക്കുന്നുണ്ടെങ്കിലും സാമുദായിക സംഘടനകളുടെ പിന്തുണയില്ലാത്തത്‌ പോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.ഐ സ്ഥാനാര്‍ഥിയായതിനാല്‍ ഇവിടെ പി.ഡി.പിയും ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്നില്ല. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന നാലു മണ്ഡലങ്ങള്‍ ഇപ്പോള്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലുണ്ട്‌. ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ നീരസം അവസാനിച്ചതും കൊടിക്കുന്നിലിനു ഗുണം ചെയ്യും.
ആന്റോ ആന്റണി പത്തനംതിട്ടയില്‍ വിജയിക്കുമെന്നാണ്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. എന്‍.സി.പി സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ രംഗത്തുള്ളതിനാല്‍ തങ്ങളുടെ ഭൂരിപക്ഷം കുറയുമെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളും സമ്മതിക്കുന്നു.
എന്‍.എസ്‌.എസും ക്രൈസ്‌തവസഭകളും പത്തനംതിട്ടയില്‍ യു.ഡി.എഫിനെ തുണയ്‌ക്കും. ചെറിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴ ഇത്തവണ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ കെ സി വേണുഗോപാലിനെ രംഗത്തിറക്കിയത്‌.
എന്നാല്‍, സി.പി.എം വിഭാഗീയതയുടെ അതിപ്രസരമുള്ള ആലപ്പുഴയില്‍ പക്ഷേ, പ്രചാരണരംഗത്ത്‌ അത്‌ പ്രതിഫലിച്ചില്ല. പോളിങ്‌ ദിനം അടിയൊഴുക്കുകള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ്‌ സി.പി.എം. പിന്തുണ സംബന്ധിച്ച്‌ ലത്തീന്‍ കത്തോലിക്കര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയും സിറ്റിങ്‌ എം.പി ഡോ. കെ എസ്‌ മനോജിനെ കുഴക്കുന്നുണ്ട്‌.
തുടര്‍ച്ചയായി മൂന്നു തവണ നേടിയ വിജയം ഇത്തവണ കോട്ടയത്ത്‌ ആവര്‍ത്തിക്കാന്‍ സുരേഷ്‌ കുറുപ്പിന്‌ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ജോസ്‌ കെ മാണിയെ ഇത്തവണ പാര്‍ലമെന്റിലെത്തിക്കാന്‍ കഴിയുമെന്നാണ്‌ പിതാവ്‌ കെ എം മാണിയുടെ പ്രതീക്ഷ. ക്രൈസ്‌തവസഭകളുടെ പിന്തുണയും ജോസ്‌ കെ മാണിക്ക്‌ ഗുണം ചെയ്യും.
കോട്ടയത്ത്‌ യു.ഡി.എഫ്‌ ക്യാംപ്‌ സജീവമാണ്‌. കഴിഞ്ഞ തവണ 42,914 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി സുരേഷ്‌ കുറുപ്പിനെ അനുഗ്രഹിച്ച മണ്ഡലമാണ്‌ കോട്ടയം. മണ്ഡലത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിച്ചതും എന്‍.എസ്‌.എസിന്റെയും ക്രൈസ്‌തവസഭകളുടെയും പിന്തുണയും കോട്ടയത്ത്‌ യു.ഡി.എഫിന്‌ ആത്മവിശ്വാസം പകരുന്നു.

No comments: