നിഷാദ് എം ബഷീര്‍
തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു സംസ്ഥാനത്ത് കൊടിയിറങ്ങി. കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള അണികളുടെ ആവേശത്തള്ളല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കി.
മലപ്പുറം ജില്ലയിലെ തിരൂര്‍, അരീക്കോട്, ചങ്ങരംകുളം, ചേളാരി, ചെമ്മാട് എന്നിവിടങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പോലിസുകാരും ഉള്‍പ്പെടും. മഞ്ചേരി ടൗണില്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ചന്തക്കുന്ന് പരേതനായ മോയി ഹൈദ്രു എന്ന കുട്ടുവിന്റെ മകന്‍ മൊയ്‌തീന്‍ (50) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സീനത്ത്. ഫാത്തിമ മാതാവാണ്. മക്കള്‍ സഫൂറ, ഹബീബ്, ദര്‍വിസ്.
ഇരുമുന്നണികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വിവിധയിടങ്ങളില്‍ പോലിസിനു ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. തിരൂരില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകനും അഞ്ച് പോലിസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ തിരൂര്‍ സി.ഐ ബാബു കെ തോമസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചേളാരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചെമ്മാട്ട് മൂന്ന് പി.ഡി.പി-ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടപ്പോള്‍ വളാഞ്ചേരിയില്‍ പോലിസ് ലാത്തിവീശി. അരീക്കോട്ട് നടന്ന കൊട്ടിക്കലാശത്തിനിടെ ഇരുമുന്നണികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പോലിസുകാര്‍ക്കടക്കം നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും അക്രമത്തിനിരയായിട്ടുണ്ട്. താനൂരില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. എടവണ്ണപ്പാറ ആക്കോട്ട് എല്‍.ഡി.എഫ് നടത്തിയ റോഡ് ഷോയിലെ സമാപനം അക്രമത്തില്‍ കലാശിച്ചു. ഇരുവിഭാഗത്തില്‍പ്പെട്ട മൂന്നു പേര്‍ക്കു വെട്ടേറ്റു.
കലാശക്കൊട്ടിനിടെ കോട്ടയം നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിലും പോലിസ് ലാത്തിയടിയിലും ബി.ജെ.പി സ്ഥാനാര്‍ഥിയടക്കം നിരവധി പേര്‍ക്ക് പരിേക്കറ്റു. സംഘര്‍ഷത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടെ പരസ്യപ്രചാരണം അവസാനത്തോടടുക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഉച്ച മുതല്‍ ഗാന്ധി സ്‌ക്വയര്‍ പരിസരത്ത് തടിച്ചുകൂടിയ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തുടക്കം മുതല്‍ തന്നെ ഉന്തും തള്ളും ഉണ്ടായിരുന്നു. പ്രചാരണവാഹനത്തില്‍ ഇരിക്കുകയായിരുന്ന ബി.ജെ.പി സ്ഥാനാര്‍ഥി നാരായണന്‍ നമ്പൂതിരിക്കുനേരെ ജനക്കൂട്ടത്തിനിടയില്‍നിന്നു കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ തലയ്‌ക്ക് പരിക്കേറ്റു വീണ നമ്പൂതിരിയെ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലയ്‌ക്ക് ഏഴോളം തുന്നിക്കെട്ടുള്ള നമ്പൂതിരിയുള്‍പ്പെടെ എട്ട് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജിലും, നിസ്സാര പരിക്കേറ്റ 15ഓളം പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനു പിന്നില്‍ യു.ഡി.എഫ് കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment