2009-04-15

വിദ്വേഷ പ്രസംഗം: കണ്ഡമാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍

ഭുവനേശ്വര്‍: വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ കണ്ഡമാല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി അശോക്‌ സാഹുവിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലടച്ചു. ഫുല്‍ബാനി നഗരത്തില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുക്കുമ്പോഴാണ്‌ സാഹുവിനെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ ജില്ലാ കലക്ടര്‍ കൃഷ്‌ണകുമാര്‍ അറിയിച്ചു. ജാമ്യാപേക്ഷ നിരസിച്ച കോടതി ഇദ്ദേഹത്തെ രണ്ടാഴ്‌ച ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഈ മാസം 5ന്‌ രാകിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ്‌ സാഹു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌. കഴിഞ്ഞ വര്‍ഷം ലക്ഷ്‌മണാനന്ദ സരസ്വതിയെന്ന വി.എച്ച്‌.പി നേതാവ്‌ കൊല്ലപ്പെട്ടതിനെക്കുറിച്ചായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രസംഗം. ``സ്വാമിയെ ആരാണ്‌ കൊന്നത്‌? ഇത്തരമൊരു കൃത്യം ചെയ്‌തയാള്‍ക്ക്‌ അതിന്റെ പരിണിതഫലത്തെക്കുറിച്ച്‌ യാതൊരു ബോധവുമില്ലേ? ഇക്കാര്യം ഞാന്‍ ഇടയ്‌ക്കിടെ പറഞ്ഞാല്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയതിന്‌ എന്നെ പ്രതിയാക്കും'' എന്നിങ്ങനെയായിരുന്നു സാഹുവിന്റെ വാക്കുകള്‍. ചര്‍ച്ചുകളില്‍ നടക്കുന്നത്‌ മതപരിവര്‍ത്തനമാണെന്നും ഈ ബി.ജെ.പി നേതാവ്‌ ആരോപിക്കുകയുണ്ടായി.
പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 9നാണ്‌ സാഹുവിനെതിരേ എഫ്‌.ഐ.ആര്‍ തയ്യാറാക്കിയത്‌. ശനിയാഴ്‌ച പോലിസ്‌ അറസ്‌റ്റ്‌ വാറന്റും പുറപ്പെടുവിച്ചു. ക്രിസ്‌ത്യാനികള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നാണ്‌ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സാഹു വ്യക്തമാക്കിയത്‌.
ഏതാനും മാസം മുമ്പ്‌ കണ്ഡമാലില്‍ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ അരങ്ങേറിയ വ്യാപക അക്രമങ്ങളില്‍ വി.എച്ച്‌.പിയുമായി അടുത്ത ബന്ധമുള്ള സാഹുവിന്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു.

No comments: