പി സി അബ്‌്‌ദുല്ല
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പുചൂട് മുഴുവന്‍ ആവാഹിച്ച മലബാറിലെ മണ്ഡലങ്ങള്‍ അവസാന നിമിഷവും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നില്ല. പ്രചാരണ കൊട്ടിക്കലാശത്തിനു ശേഷമുള്ള അന്തിമഘട്ട വിലയിരുത്തലുകളും അടിയൊഴുക്കു സാധ്യതകളും നല്‍കുന്നത് അട്ടിമറി സൂചനകളാണ്.
കാസര്‍കോഡ് മുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിലെ ഏഴു മണ്ഡലങ്ങളില്‍ ഇരുമുന്നണികള്‍ക്കും ഉറപ്പിച്ചുപറയാവുന്നത് ഓരോ മണ്ഡലങ്ങള്‍ മാത്രം- കാസര്‍കോഡും മലപ്പുറവും. ബാക്കി അഞ്ചിടത്തും കാര്യങ്ങള്‍ കാണാമറയത്തുതന്നെ. കാസര്‍കോട്ട് യു.ഡി.എഫ് ഇത്തവണ പ്രചാരണത്തില്‍ ഏറെ മുന്നേറിയെങ്കിലും ചരിത്രം ഷാഹിദാ കമാലിലൂടെ വഴിമാറുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നില്ല. ശക്തമായ പ്രചാരണം കാഴ്‌ചവച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്കു തടയിടാനുള്ള അവസാനവട്ട ഉരുത്തിരിയലുകളില്‍ സാധ്യത ഇടതുമുന്നണിക്കു തന്നെയാകുമെന്നാണ് നിഗമനങ്ങള്‍.
ഇടതുമുന്നണിയുടെ ഉറച്ച തട്ടകങ്ങളായ കണ്ണൂരിലും വടകരയിലും യു.ഡി.എഫ് മുന്നേറ്റം നടത്തിയിട്ടുണ്ട്. അട്ടിമറിസാധ്യതകളാണ് ഇവിടങ്ങളില്‍ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിയുടെ ഈ സിറ്റിങ് മണ്ഡലങ്ങളില്‍ അവര്‍ക്കിപ്പോള്‍ അമിതമായ ആത്മവിശ്വാസമില്ല. യു.ഡി.എഫിന് അനായാസ വിജയം നല്‍കേണ്ട വയനാട്ടില്‍ അടിയൊഴുക്കുസാധ്യതകള്‍ അവസാന നിമിഷം ശക്തമായിട്ടുണ്ട്. പ്രധാന മത്സരം ഒടുവില്‍ യു.ഡി.എഫും എന്‍.സി.പിയും തമ്മിലാവുമോ എന്നിടത്താണ് വയനാട്ടിലെ രഹസ്യനീക്കങ്ങള്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്‌തിയുള്ള ചില കോണ്‍ഗ്രസ് നേതാക്കളെ കെ മുരളീധരന്‍ ഇതിനകം സ്വാധീനിച്ചിട്ടുണ്ട്. കോഴിക്കോട്ടെ എന്‍.സി.പി വോട്ടുകള്‍ക്കു പകരമായി വയനാട്ടിലെ സി.പി.എം വോട്ടുകള്‍ മുരളിയുടെ പെട്ടിയിലാവുമെന്നും സൂചനകളുണ്ട്. അതേസമയം, മണ്ഡലത്തില്‍ നിര്‍ണായകമായ മുസ്‌ലിം-ക്രിസ്‌ത്യന്‍ വോട്ടുകള്‍ എം ഐ ഷാനവാസിനെ തുണയ്‌ക്കുമെന്നുതന്നെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
കോഴിക്കോടിന് ഇടതുമുന്നണിയുടെ സാധ്യതാപട്ടികയിലാണ് ഇടം. യു.ഡി.എഫ് ഒപ്പത്തിനൊപ്പമാണെങ്കിലും ഇവിടെ നേരിയ മുന്‍തൂക്കം റിയാസിനാണെന്നാണ് അന്തിമഘട്ട നിരീക്ഷണം.
ഇടതുമുന്നണി അമിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും മലപ്പുറത്ത് യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നുതന്നെയാണ് അവസാന വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം പരീക്ഷിച്ചു വിജയിപ്പിച്ച ഭിന്നിപ്പിക്കല്‍ തന്ത്രം ഇക്കുറി ഇവിടെ ചെലവാകില്ലെന്നതാണ് ടി കെ ഹംസയുടെ സാധ്യതകള്‍ക്കു തടയിടുന്നത്.
മുന്‍കാലങ്ങളില്‍ കാണാത്തവിധം മലപ്പുറത്ത് കോണ്‍ഗ്രസ് ഘടകങ്ങള്‍ ഇത്തവണ സജീവമായതും മണ്ഡലത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള മുസ്‌ലിം സംഘടനകളുടെ പിന്തുണയും ഇ അഹമ്മദിനു വന്‍നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. ആണവകരാര്‍ പ്രശ്‌നത്തില്‍ അഹമ്മദിനെതിരേ പരസ്യമായി രംഗത്തുവന്നവര്‍ക്ക് അണിയറയില്‍ ഹംസ അനഭിമതനാണെന്നതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വോട്ടെടുപ്പിന്റെ അവസാന മണിക്കൂര്‍ വരെ യു.ഡി.എഫ് പുലര്‍ത്തുന്ന ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു പൊന്നാനിയിലെ കാര്യങ്ങള്‍. മഅ്‌ദനിയെയും രണ്ടത്താണിയെയും ഉപയോഗിച്ച് മുസ്‌ലിംവോട്ട് ഭിന്നിപ്പിക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ക്ക് ഇവിടെ വോട്ടെടുപ്പിനു മുമ്പേ തിരിച്ചടി ലഭിച്ചതും ശ്രദ്ധേയമാണ്. മുസ്‌ലിം സംഘടനകള്‍ പരസ്യമായി യു.ഡി.എഫ് പക്ഷത്ത് ഏകീകരിക്കപ്പെട്ട സംസ്ഥാനത്തെ ഏക മണ്ഡലമായി പൊന്നാനി മാറിയത് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതീക്ഷകള്‍ക്ക് ആക്കംകൂട്ടുന്നു.
No comments:
Post a Comment