ന്യൂഡല്‍ഹി: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 17 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെയും 124 മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഏകഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 സീറ്റിലേക്കും മേഘാലയയിലെ രണ്ടു സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. ബിഹാര്‍, യു.പി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒറീസ, അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ജമ്മുകശ്‌മീര്‍ എന്നീ സംസ്ഥാനങ്ങളിലെയും ചില മണ്ഡലങ്ങളിലും ഏകമണ്ഡലങ്ങളുള്ള മിസോറാം, നാഗാലാന്‍ഡ്, ആന്തമാന്‍- നിക്കോബാര്‍ ദ്വീപുസമൂഹങ്ങള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
122 വനിതകള്‍ ഉള്‍പ്പെടെ 1,715 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി, ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര റാവു, കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി, നടി വിജയശാന്തി, മുന്‍ കേന്ദ്രമന്ത്രി ബി ദത്താരത്രേയ എന്നീ പ്രമുഖര്‍ ഇതില്‍പ്പെടും.
1.85 ലക്ഷം പോളിങ് ബൂത്തുകളിലായി 14.31 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഒമ്പതുലക്ഷം പോളിങ് ഉദ്യോഗസ്ഥരെയും 3,00,166 വോട്ടിങ് യന്ത്രങ്ങളും ആദ്യഘട്ട വോട്ടിിനായി സജ്ജമാക്കിയിട്ടുണ്ട്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി 1.25 ലക്ഷം പേരെ കരുതല്‍ തടങ്കലിലാക്കി. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വെകീട്ട് അഞ്ചുമണി വരെയാണ്. എന്നാല്‍, മാവോവാദി ആക്രമണസാധ്യതയുള്ള മേഖലകളില്‍ ഏഴു മുതല്‍ മൂന്നു വരെയായിരിക്കും വോട്ടെടുപ്പ്. ആന്ധ്രപ്രദേശ്, ഒറീസ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, എന്‍.ഡി.എയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി എല്‍ കെ അഡ്വാനി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, നരേന്ദ്രമോഡി, പ്രകാശ് കാരാട്ട്, എ ബി ബര്‍ദന്‍ തുടങ്ങിയവര്‍ അതതു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മിക്കയിടങ്ങളിലും പ്രചാരണം നടത്തിയിരുന്നു.
ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേരളത്തിലും മുംബൈയിലും പ്രചാരണം നടത്തി. നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ കൊണ്ടും വാഗ്‌ദാന പെരുമഴയാലും വളരെ ആവേശകരമായിരുന്നു ആദ്യഘട്ട പ്രചാരണം. മന്‍മോഹന്‍സിങിനെ ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് അധിക്ഷേപിച്ച അഡ്വാനിയെ കാന്തഹാര്‍ സംഭവവും ബാബരി മസ്‌ജിദ് തകര്‍ച്ചയും എടുത്തുകാട്ടിയാണു കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ്സിനെ കിഴവി എന്നു വിളിച്ച നരേന്ദ്രമോഡിക്കെതിരേയും ചുട്ടമറുപടിയായി കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും രംഗത്തെത്തിയിരുന്നു.
No comments:
Post a Comment