സ്വന്തം പ്രതിനിധി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണകോലാഹലങ്ങള്‍ക്കു തിരശ്ശീല വീണതോടെ പിണറായിവിഭാഗം നിലനില്‍പ്പ് ഭദ്രമാക്കാനുള്ള അടവുകളുമായി നെട്ടോട്ടത്തില്‍.
യു.ഡി.എഫ്-എല്‍.ഡി.എഫ് പോരിലുപരി ഇടതുമുന്നണിയില്‍ ഒറ്റപ്പെടുകയും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം നിസ്സഹകരിക്കുകയും ചെയ്യുന്ന സ്ഥിതിക്കു സീറ്റുകള്‍ കുറയുന്നതു പിണറായിയുടെ മാത്രം നയവൈകല്യമായിത്തീരുമെന്നതിനാല്‍ പലതരം അടവുനയങ്ങളുമായി പാര്‍ട്ടി ദൂതന്മാര്‍ പരക്കംപായുകയാണ്.
തങ്ങളുടെ ശക്തിദുര്‍ഗങ്ങള്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണു സി.പി.എം ഔദ്യോഗികവിഭാഗം. പാര്‍ട്ടിയിലെ തന്നെ എതിര്‍ഗ്രൂപ്പ് പോളിങ് ബൂത്തില്‍ ആഞ്ഞടിക്കുമെന്നാണ് ഇപ്പോള്‍ പിണറായി ഗ്രൂപ്പിന്റെ ഭയം.
2008 വരെ തീവ്രവാദത്തിന്റെ ഏകോപനക്കാരന്‍ എന്നു സി.പി.എം ലേഖകര്‍ വിശേഷിപ്പിച്ചിരുന്ന അബ്ദുന്നാസിര്‍ മഅ്‌ദനിയെ ഇല കൂടാതെ തന്നെ സ്റ്റേജില്‍ കയറ്റാന്‍ പിണറായിഗ്രൂപ്പ് തയ്യാറായത് ഈ അസ്‌തിത്വഭീഷണി മൂലമാണ്.
ജയിക്കാനായി എല്ലാം മറന്നു പ്രവര്‍ത്തിക്കാനാണു പാര്‍ട്ടി സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടും എന്ന പഴയ ഇ എം എസ് സിദ്ധാന്തത്തിന്റെ തനിയാവര്‍ത്തനമാണിത്. ഭരണവിരുദ്ധ വികാരവും ലാവ്‌ലിന്‍ അഴിമതിയും വിവിധ സമുദായസംഘടനകളുടെ എതിര്‍പ്പുകളും ചേര്‍ന്നു ശക്തമായ ഇടതുവിരുദ്ധ വികാരത്തിന്റെ അലതള്ളല്‍ പാര്‍ട്ടിയെ പത്മവ്യൂഹത്തില്‍ അകപ്പെടുത്തിയിരിക്കുമ്പോള്‍ പ്രസ്റ്റീജ് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറുകയാണു പിണറായിഗ്രൂപ്പിന്റെ ലക്ഷ്യം. വയനാട്ടില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരനാണു സി.പി.എമ്മിന്റെ രഹസ്യ പിന്തുണ. സി.പി.ഐയെ പാഠം പഠിപ്പിക്കാമെന്നും മറ്റു മണ്ഡലങ്ങളിലെ എന്‍.സി.പി വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നുമാണു ഇതിലൂടെ സി.പി.എം കരുതുന്നത്.
ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ബി.ജെ.പി വര്‍ഗീയകക്ഷിയല്ലെന്നു പറഞ്ഞതും പുതിയ അടവുനയത്തിന്റെ സൂചനയാണ്. നേരത്തേ കേന്ദ്രത്തില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുകയും പിന്നീടു പിന്‍വാതിലിലൂടെ ഇടതുമുന്നണി പ്രവേശനം നേടുകയും ചെയ്‌ത പി സി തോമസാണ് ഇവിടെ ബി.ജെ.പി-ആര്‍.എസ്.എസ് വോട്ടുകള്‍ തരപ്പെടുത്തുന്നത്.
സാമ്രാജ്യത്വവിരോധം മറയാക്കി പൊന്നാനിയില്‍ മുസ്‌ലിംലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.എം ഇതിനായി ആര്‍.എസ്.എസിന്റെയും പിന്തുണ തേടിയിട്ടുണ്ട്. ജനപക്ഷം നേതാവ് കെ രാമന്‍പിള്ളയാണ് ഇടനിലക്കാരന്‍. അദ്ദേഹം പൊന്നാനി മണ്ഡലത്തിലെ പല ആര്‍.എസ്.എസ് നേതാക്കളുമായും ഇടതു സ്ഥാനാര്‍ഥിക്കായി വോട്ടുകള്‍ ഉറപ്പിച്ചതായാണു വിവരം. രാമന്‍പിള്ളയുടെയും ഉമാ ഉണ്ണിയുടെയും സാന്നിധ്യം സംഘപരിവാര വോട്ടുകളില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി വിട്ടെങ്കിലും ഇരുവരും ഇപ്പോഴും ആര്‍.എസ്.എസുമായി അടുത്ത ബന്ധം തുടരുകയാണ്. മുസ്‌ലിംലീഗിനെ പൊന്നാനിയില്‍ പരാജയപ്പെടുത്തുക എന്നതു സി.പി.എമ്മിനോടൊപ്പം ഹിന്ദുത്വവാദികളുടെയും അജണ്ടയായതിനാല്‍ ലീഗിനെതിരേ വോട്ടുകള്‍ സമാഹരിക്കുന്നത് എളുപ്പമായി.
സി.പി.ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം പിന്തുണച്ചാല്‍ പൊന്നാനിക്കു പുറമെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിമതഭീഷണി നേരിടുന്ന വടകര, പാലക്കാട് മണ്ഡലങ്ങളിലും മലപ്പുറത്തും സി.പി.എമ്മിനു വോട്ടുകള്‍ നല്‍കാമെന്നാണത്രെ ബി.ജെ.പിയുടെ വാഗ്‌ദാനം. അവിശ്വസനീയമായി തോന്നുമെങ്കിലും പുതുതായി രൂപപ്പെട്ട രാഷ്ട്രീയ ചേരിതിരിവുകള്‍ ഈ വാദങ്ങളെ ബലപ്പെടുത്തുന്നു. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥിക്കു വേണ്ടി സി.പി.എം സജീവമായി രംഗത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യമുള്ളതുകൊണ്ടാണ് ഇസ്രായേല്‍ അനുകൂല നിലപാടിന്റെ പേരില്‍ വിവാദവിധേയനായ ശശി തരൂരിനു ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ പോലും നേരിയ വിജയസാധ്യത ഉണ്ടെന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
പൊന്നാനിയില്‍ ജയിക്കാന്‍ ഉപയോഗിച്ച ശേഷം പി.ഡി.പിയുടെ കഥകഴിക്കാം എന്നു പാര്‍ട്ടി അണികള്‍ക്കു സംസ്ഥാന സെക്രട്ടറി രഹസ്യ സര്‍ക്കുലര്‍ നല്‍കിയതായി പൊന്നാനിയില്‍ തുടക്കം മുതലേ സംസാരമുണ്ടായിരുന്നു. ജമാഅത്ത് പിന്തുണയും പി.ഡി.പി ബന്ധവും മതേതര ഹിന്ദുവോട്ടുകള്‍ തങ്ങള്‍ക്കു നഷ്ടപ്പെടുത്തുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ പ്രബലമാണ്. മുസ്‌ലിം സംഘടിതശക്തിയെ തകര്‍ക്കാനും രാഷ്ട്രീയഫാഷിസം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന പോപുലര്‍ഫ്രണ്ടിന്റെ നിലപാടാണിപ്പോള്‍ സി.പി.എമ്മിന്റെ തലവേദന. ഫെബ്രുവരിയില്‍ കോഴിക്കോട്ടു വലിയൊരു ജനാവലിയെ പങ്കെടുപ്പിച്ചു നടത്തിയ വിജയകരമായ ദേശീയ-രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയനിലപാടു നിര്‍ണായകമാണെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. വിവിധ മണ്ഡലങ്ങളില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലും പൊതുയോഗങ്ങളിലും ദൃശ്യമായ വമ്പിച്ച ആള്‍ക്കൂട്ടവും ഇടതുകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.
യു.ഡി.എഫിനുള്ള പോപുലര്‍ ഫ്രണ്ട് പിന്തുണ തങ്ങളെ സഹായിക്കുമെന്നു സി.പി.എം സെക്രട്ടറി ആവര്‍ത്തിക്കുന്നതിന്റെ കാരണവുമിതാണ്. എന്നാല്‍ പി.ഡി.പിയെ പോലെ വികാര രാഷ്ട്രീയമോ ജമാഅത്തെ ഇസ്‌ലാമിയെ പോലെ ഇസ്‌ലാമിക രാഷ്ട്രവാദമോ പ്രചരിപ്പിക്കാത്ത പോപുലര്‍ ഫ്രണ്ടിനെതിരായ പ്രചാരണം ഫലപ്രദമായിട്ടില്ല.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയം കാണാന്‍ കാത്തിരിക്കുകയാണ് വി എസും കൂട്ടരും. അതിനാല്‍ തിരഞ്ഞെടുപ്പു പരാജയം ലഘൂകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്കതു കനത്ത രാഷ്ട്രീയ തിരിച്ചടിയാവുമെന്ന ഭീതിയില്‍ എത്ര തരംതാഴാനും തയ്യാറായാണ് പിണറായി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
No comments:
Post a Comment