2009-04-16

പൊന്നാനിയും മലപ്പുറവും നിര്‍ണായകം;മുസ്‌്‌ലിം രാഷ്ട്രീയം കരുതലോടെ

പി സി അബ്‌്‌ദുല്ല

കോഴിക്കോട്‌: പൊതുരാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ മുസ്‌ലിം സംഘശക്തിക്ക്‌ മുമ്പില്‍ ഇന്നത്തെ വിധിയെഴുത്ത്‌ ഏറെ നിര്‍ണായകം.
തന്ത്രങ്ങളിലൂടെ കേരളമണ്ണില്‍ മുസ്‌ലിം രാഷ്ട്രീയം കുഴിച്ചുമൂടാനുള്ള സി.പി.എം ഗൂഢനീക്കം മറനീങ്ങിയ പശ്ചാത്തലത്തില്‍ സമുദായം വളരെ കരുതലോടെയാവും ഇന്നു പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുക.
ബാബരി ദുരന്തത്തെ തുടര്‍ന്നു സംജാതമായ അന്തച്ഛിദ്രങ്ങള്‍ അതിജീവിച്ചു ദിശാബോധത്തിലേക്ക്‌ ഏകീകരിക്കപ്പെട്ടു തുടങ്ങിയ കേരള മുസ്‌ലിം രാഷ്ട്രീയം പ്രതിയോഗികളുടെ രണ്ടും കല്‍പ്പിച്ച നീക്കങ്ങള്‍ക്കു മുമ്പില്‍ കടുത്ത പരീക്ഷണ വിധേയമാവുന്നുവെന്നതാണ്‌ ഇന്നത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. മുസ്‌ലിം ലീഗിന്റെ പരാജയത്തിനപ്പുറം സമുദായ സംഘശക്തിയുടെ ദൂരവ്യാപക പതനമാണ്‌ പൊന്നാനിയിലും മലപ്പുറത്തും സി.പി.എം ലക്ഷ്യമിടുന്നതെന്നു വ്യക്തം.
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയഭാവി എന്നതിനേക്കാള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിനെതിരേയുള്ള അപകടകരമായ നീക്കങ്ങളാണു മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ പെരുമ്പറകൊട്ടിയത്‌. ഈ മണ്ഡലങ്ങളില്‍ ലീഗിനെതിരാവുന്ന വോട്ടുകള്‍ മറുഭാഗത്തു സമുദായത്തിന്റെ അക്കൗണ്ടിലല്ല സമാഹരിക്കപ്പെടുകയെന്നതാണു മുസ്‌്‌ലിം വോട്ടര്‍മാരെ ഭയപ്പെടുത്തുന്നത്‌.
കാലങ്ങളായി കൂടെയുള്ള ഐ.എന്‍.എല്‍ പോലുള്ള വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതു മുസ്‌ലിം സംഘടനകളെ മാറ്റിനിര്‍ത്തി അരാഷ്ട്രീയ സ്വതന്ത്രരെ രംഗത്തിറക്കിയാണു സി.പി.എം മലപ്പുറം ജില്ലയിലെ മുസ്‌ലിം രാഷ്ട്രീയം വിഭജിക്കുന്നതാണ്‌.
സമുദായ സംഘശക്തിയെ ഭിന്നിപ്പിക്കുന്ന വോട്ടുകള്‍ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഏകീകരിക്കപ്പെടാതിരിക്കാന്‍ സി.പി.എം പുലര്‍ത്തുന്ന ജാഗ്രത മുസ്‌ലിം രാഷ്ട്രീയത്തിനെതിരായ ഉന്മൂലന നീക്കമായാണു വിലയിരുത്തല്‍. മുസ്‌ലിം രാഷ്ട്രീയതട്ടകത്തില്‍ നിന്ന്‌ അട്ടിമറിയിലൂടെ സി.പി.എമ്മിന്‌ വോട്ട്‌ സമാഹരിച്ച്‌ നല്‍കിയവര്‍ക്കൊന്നും ആ വോട്ടുകളുടെ രാഷ്‌ട്രീയ അംഗീകാരം നല്‍കാന്‍ പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല.
മുസ്‌ലിം രാഷ്ട്രീയഭിന്നതയുടെ അംബാസഡറായി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തെത്തിയ അബ്ദുന്നാസിര്‍ മഅ്‌ദനിയോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും ഇതുതന്നെയാണു വ്യക്തമാവുന്നത്‌. സമുദായശക്തി ഛിന്നഭിന്നമാക്കാനുള്ള കൈകൊണ്ടു തൊടാന്‍ പറ്റാത്ത ഉപകരണമെന്നതിലപ്പുറമുള്ള ഒരംഗീകാരവും മഅ്‌ദനിക്കു നല്‍കാന്‍ തയ്യാറല്ലെന്നു സി.പി.എം നേതാക്കള്‍ ഇതിനകം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിം വോട്ട്‌ ഭിന്നിപ്പിക്കാന്‍ സി.പി.എം വേദികളില്‍ നിറഞ്ഞാടിയ മഅ്‌ദനിയുടെ അവസ്ഥ തിരഞ്ഞെടുപ്പിനു ശേഷം എന്താവുമെന്ന ചോദ്യവും പ്രസക്തമാണ്‌. വരുംനാളുകള്‍ ലക്ഷ്യംവച്ച്‌ മഅ്‌ദനിക്കു പിന്നാലെ വേട്ടക്കാര്‍ പൂര്‍വാധികം ശക്തമായി നീങ്ങുന്നതിന്റെ സൂചനകളുണ്ട്‌.
അതോടൊപ്പം ഒമ്പതര വര്‍ഷത്തെ ജയില്‍പീഡനത്തിനിടയില്‍ സമുദായത്തില്‍ നിന്നു ലഭിച്ച സഹാനുഭൂതിയും അനുകമ്പയും കഴിഞ്ഞ ഒരു മാസത്തെ സി.പി.എം വിധേയത്വ പ്രകടനങ്ങളിലൂടെ മഅ്‌ദനി കളഞ്ഞുകുളിച്ചുവെന്ന ആക്ഷേപവും ശക്തമാണ്‌.
മഅ്‌ദനിയിലൂടെ ഭിന്നിപ്പിക്കാമെന്നു കരുതിയ മുസ്‌ലിം വോട്ടുകള്‍ വിരുദ്ധപക്ഷത്ത്‌ പരസ്യമായി ഏകീകരിക്കപ്പെടുന്ന കാഴ്‌ചയാണു പൊന്നാനിയില്‍ വോട്ടെടുപ്പിന്‌ മുമ്പെ ദൃശ്യമായത്‌.
ഇക്കാര്യം പി.ഡി.പി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. മലപ്പുറത്താവട്ടെ ലീഗിന്റെ ശക്തികേന്ദ്രമെന്ന നിലയില്‍ വലിയ അട്ടിമറിക്കുള്ള സാധ്യതയുണ്ടെന്ന്‌ ഇടതുമുന്നണി തന്നെ കരുതുന്നില്ല. ജമാ അത്തെ ഇസ്‌്‌ലാമിക്കെതിരേ യൂത്ത്‌ ലീഗിന്റെ കെ എം ഷാജി മാതൃഭൂമി വാരികയില്‍ എഴുതിയ തീര്‍ത്തും വിഷലിപ്‌തമായ ലേഖനത്തില്‍ എന്‍.ഡി.എഫിനെപ്പറ്റി വന്ന വിവാദ പരാമര്‍ശങ്ങള്‍ക്കു പ്രചാരണം നല്‍കാന്‍ അവസാനം നടത്തിയ ശ്രമങ്ങള്‍ ആ പരിഭ്രമത്തിന്റെ സൂചനയാണെന്നു വിലയിരുത്തപ്പെടുന്നു.

No comments: