2009-04-16
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഇടുക്കിയില്‍ 1300 വാഹന ജീവനക്കാരുടെ വോട്ടുകള്‍ നഷ്ടമാവും
ഷാനവാസ് കാരിമറ്റം
അടിമാലി: ഇന്നു നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി പിടിച്ചെടുത്ത വാഹനങ്ങളിലെ 1300ഓളം ജീവനക്കാര്‍ക്കു വോട്ട് ചെയ്യാനാവില്ല. മോട്ടോര്‍ വാഹന വകുപ്പും പോലിസും ചേര്‍ന്നു പിടിച്ചെടുത്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്കാണ് അധികൃതരുടെ അനാസ്ഥമൂലം വോട്ടവകാശം നഷ്ടമാവുന്നത്.
അടിമാലിയില്‍ നിന്നും പിടിച്ചെടുത്ത ബസ്സുകള്‍ക്ക് നല്‍കിയ ബൂത്തുകള്‍ ദേവികുളം, മൂന്നാര്‍, രാജാക്കാട് മേഖലകളിലാണ്. നെടുങ്കണ്ടത്തെ വാഹനങ്ങള്‍ കട്ടപ്പനയിലും ഇടുക്കിയിലേതു തൊടുപുഴയിലും കട്ടപ്പനയിലെ വാഹനങ്ങള്‍ കുമളിയിലുമാണു നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ തമ്മില്‍ ശരാശരി 40 മുതല്‍ 80 കിലോമീറ്റര്‍ വരെ ദൂരമുണ്ട്. മിക്ക വാഹനങ്ങളും ഇന്നലെ വൈകീട്ട് അേഞ്ചാടെ മിക്ക ബൂത്തുകളിലുമെത്തി.
കൂടാതെ ആദിവാസി കുടികളായ മറയൂര്‍ക്കുടി, ഇടമലക്കുടി, ചെങ്കല്‍ക്കുടി, കോഴിവിളക്കുടി, മാങ്കുളം, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ മേഖലകളിലും നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും വോട്ട് ചെയ്യാനാവില്ല. വാഹനത്തില്‍ എപ്പോഴും ജീവനക്കാര്‍ വേണമെന്ന നിര്‍ദേശമാണു ജീവനക്കാരെ കുഴപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇതിനു പരിഹാരം ഉണ്ടാക്കാെമന്ന നിര്‍ദേശം ഉണ്ടായെങ്കിലും യാതൊരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കാത്തതാണ് ഇത്രയും വോട്ടുകള്‍ ഇല്ലാതാവാന്‍ കാരണം.
മറ്റു ജില്ലകളിലെ ചില മേഖലകളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നതായി വാഹന ജീവനക്കാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ജീപ്പ്, സര്‍വീസ് ബസ്സുകള്‍ എന്നിവയാണു വന്‍തോതില്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതുമൂലം വന്‍ ഗതാഗത ക്ലേശങ്ങളും ഹൈറെയ്‌ഞ്ചില്‍ രൂപപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും ആവശ്യത്തിന് സര്‍വീസുകള്‍ നടത്തുന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment