2009-04-16

ഇല്ലാതായത്‌ മനക്കണക്ക്‌ യന്ത്രങ്ങള്‍

സ്വന്തം പ്രതിനിധി
തൃശൂര്‍: കേരളത്തില്‍ ബാലറ്റ്‌ പേപ്പറുകള്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു വഴിമാറിയിട്ട്‌ ഒരു ദശാബ്ദമാവുന്നു. വോട്ട്‌ ചെയ്യലും എണ്ണലുമെല്ലാം യന്ത്രസഹായത്തോടെ ഏറെ എളുപ്പവുമായി. വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള സമയം മനക്കണക്കിന്റെതാണ്‌. മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ പെട്ടിയില്‍ വീണിട്ടുള്ള വോട്ടുകള്‍ ഏകദേശം ഇത്രയെന്ന്‌ തിട്ടപ്പെടുത്താനുള്ള ശ്രമം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ ഈ മനക്കണക്കുകള്‍ അപ്പാടെ തെറ്റുകയും ചെയ്‌തു. പാര്‍ട്ടികളുടെ കേഡര്‍ സംവിധാനങ്ങള്‍ക്കു വന്ന വീഴ്‌ചയായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. യഥാര്‍ഥത്തില്‍ വോട്ടര്‍മാരുമായി ബന്ധമുള്ള അവരുടെ മനസ്‌ വായിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ കുറഞ്ഞതോടെ കണക്കിന്റെ താളവും തെറ്റി.
നേരത്തെ ഇത്‌ യന്ത്രസമാനമായ ഒരു പ്രവൃത്തിയായിരുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തെന്നു സൂചന ലഭിച്ചാല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. വോട്ടര്‍പ്പട്ടിക പരിശോധനയാണ്‌ ആദ്യപടി. ഓരോ ബൂത്ത്‌ തലത്തിലും ഇതിനു തിരഞ്ഞെടുക്കപ്പെട്ട മൂന്നോ നാലോ പ്രവര്‍ത്തകര്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാവും. ഈ വീട്ടിലെ ഇത്ര വോട്ടുകള്‍ നമുക്കും ശേഷിക്കുന്നത്‌ എതിരാളികള്‍ക്കും കിട്ടുമെന്നു തരംതിരിവ്‌ നടത്തും. ചാഞ്ചാട്ടമുള്ള വോട്ടുകളുടെയും നിഷ്‌പക്ഷരെന്നു കരുതുന്നവരുടെയും പുതിയവരുടെയും വോട്ടുകളും വേര്‍തിരിക്കും.
ഈ കണക്ക്‌ മേല്‍ ഘടകത്തിനു കൈമാറിയാല്‍ രണ്ടാംഘട്ടം തുടങ്ങുകയായി. ചെറിയ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ ഉറച്ച വോട്ടുകാരെയും പ്രവര്‍ത്തനരംഗത്തിറക്കും. നിഷ്‌പക്ഷരെയും ചാഞ്ചാട്ടക്കാരെയും സ്വാധീനിക്കേണ്ട ചുമതല അവര്‍ക്കാണ്‌. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഉറച്ച വോട്ടുകാരുണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട്‌ പോളിങ്‌ ദിനത്തില്‍ സ്ഥലത്തെത്തിക്കണം.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം മേല്‍ഘടകത്തിന്‌ രണ്ടാമത്തെ പട്ടിക നല്‍കും. വോട്ടിന്റെ ബൂത്ത്‌ തിരിച്ചുള്ള കണക്കായിരിക്കും ഈ റിപോര്‍ട്ടില്‍. കഴിഞ്ഞ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ വോട്ടുകള്‍ കൂടാനും കുറയാനുമുള്ള സാധ്യതാ പഠനവും അതിലുണ്ടാവും. ശേഷിച്ച ഒരു ദിവസം വോട്ട്‌ ചോര്‍ച്ചയുണ്ടായത്‌ പരിഹരിക്കുവാന്‍ നീക്കിവയ്‌ക്കും. പടലപ്പിണക്കങ്ങളും സ്വകാര്യപ്രശ്‌നങ്ങളും മൂലം വോട്ട്‌ ചെയ്യേണ്ടെന്നു തീരുമാനിച്ചിട്ടുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയും പ്രലോഭനങ്ങള്‍ ചൊരിഞ്ഞും പോളിംഗ്‌ സ്‌റ്റേഷനിലെത്തിക്കുകയാണ്‌ വോട്ടെടുപ്പ്‌ ദിവസത്തെ പ്രധാന അജണ്ട. പ്രായമായവരെയും ദൂരെയുള്ളവരെയും പാര്‍ട്ടി ചെലവില്‍ വേണം ബൂത്തിലെത്തിക്കേണ്ടത്‌.
പോളിങ്‌ ബൂത്തിലിരിക്കുന്ന സ്ഥാനാര്‍ഥിയുടെ പ്രതിനിധി ഓരോ വോട്ടര്‍മാരെയും പരിചയമുള്ളവരായിരിക്കും. ഒരാള്‍ ബൂത്തിനുള്ളിലേക്കു പ്രവേശിച്ചാല്‍ ഈ വോട്ട്‌ ആര്‍ക്കാണെന്നു നിസ്സംശയം പറയാന്‍ കഴിയുന്നവരായിരിക്കും അവര്‍. കൈയിലുള്ള വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന വോട്ടുകള്‍ കുറിച്ചിടാന്‍ തന്‍മൂലം സാധിക്കും. ഉച്ചയോടെ ബൂത്തുകളില്‍ നിന്നുള്ള ഈ ലിസ്‌റ്റ്‌ പാര്‍ട്ടി കേന്ദ്രത്തിലെത്തും. വൈകീട്ടും ഇത്‌ ആവര്‍ത്തിക്കും. വോട്ടെടുപ്പ്‌ തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോള്‍ വോട്ട്‌ ചെയ്യാനെത്താത്തവരെ തേടി പരക്കംപാച്ചിലായി.
പോളിങ്‌ കഴിഞ്ഞാല്‍ രാത്രിയില്‍ തന്നെ വോട്ടുകളുടെ ബൂത്ത്‌ തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കും. നേരത്തെയുള്ള കണക്കുകളില്‍ എന്തെങ്കിലും അട്ടിമറികള്‍ നടന്നിട്ടുണ്ടോ എന്ന്‌ സസൂക്ഷ്‌മം നിരീക്ഷിക്കും. ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിക്കുള്ളിലെ വോട്ടെണ്ണല്‍ ഇങ്ങിനെ 24 മണിക്കൂറിനുള്ളില്‍ തീര്‍ന്നിരിക്കും. രണ്ടുദിവസത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച്‌ സംസ്ഥാന നേതൃത്വത്തിന്‌ ഏകദേശം കൃത്യമായ വിവരം ലഭിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വരെ നേതാക്കളുടെ വാചകക്കസര്‍ത്ത്‌ മനസ്സിന്റെ അടിത്തട്ടില്‍ ഈ കണക്ക്‌ സൂക്ഷിച്ചുകൊണ്ടുള്ളതായിരിക്കും.
എന്നാല്‍ കണക്കൂകൂട്ടലുകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുന്ന പുതിയ വോട്ടര്‍മാരെ പഠിക്കുവാന്‍ സാധിക്കാത്തതാണു പ്രധാന കാരണം. സാധാരണ ഗതിയില്‍ ഒരു വീട്ടില്‍ പുതിയ വോട്ടര്‍ വരുമ്പോള്‍ ആ കുടംബം പാരമ്പര്യമായി വോട്ട്‌ ചെയ്യുന്ന പാര്‍ട്ടിയിലേക്കാണ്‌ ഈ വോട്ട്‌ കണക്കില്‍ കൊള്ളിക്കാറുള്ളത്‌.
എന്നാല്‍ പുതുതലമുറയുടെ മനസ്സ്‌ എങ്ങോട്ടു പായുന്നു എന്നു നിസ്സംശയം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ കണക്കുകൂട്ടലില്‍ സമുദായ സമവാക്യങ്ങള്‍ വരെ തെറ്റിപ്പോവുന്നുണ്ട്‌.

No comments: