2009-04-16

അട്ടിമറി ലഘുലേഖകള്‍ സജീവം; നിശ്ശബ്ദപ്രചാരണം കടലാസുകള്‍ കൈയടക്കി


വേങ്ങര (മലപ്പുറം): തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ കെട്ടടങ്ങി; ഇന്നലെ നടന്ന നിശ്ശബ്ദ പ്രചാരണം കടലാസുകള്‍ കൈയടക്കി. ചൊവാഴ്‌ച വരെ നടത്തിയ പരസ്യ പ്രചാരണങ്ങളെ മറികടക്കാനെന്നോണമാണ്‌ പല പേരുകളിലും വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്‌തത്‌. ഇടതുമുന്നണിയെ അനുകൂലിച്ചും മുസ്‌ലിം ലീഗിനെയും നേതാക്കളെയും താറടിച്ചുമാണു പ്രസാധകരുടെ പേരില്ലാത്തതും ഉള്ളതുമായ മൂന്നു ലഘുലേഖകള്‍ ഇന്നലെ വേങ്ങരയില്‍ വിതരണം ചെയ്‌തത്‌. സാമ്രാജ്യത്വത്തിനു കോണി വയ്‌ക്കുന്നവര്‍ക്കു വോട്ട്‌ കുത്തണോ? എന്നു ചോദിച്ചിറങ്ങിയ ലഘുലേഖ മലപ്പുറത്തെ പ്രതികരണവേദി കണ്‍വീനറുടെ പേരിലാണ്‌ ഇറങ്ങിയതെങ്കിലും അച്ചടിച്ച പ്രസ്സിന്റെ പേര്‌ നല്‍കിയിട്ടില്ല. സാമ്രാജ്യത്വത്തിനെതിരേ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ പാരമ്പര്യം അവകാശപ്പെടുന്ന ലഘുലേഖയില്‍ ടി കെ ഹംസയ്‌ക്ക്‌ വോട്ട്‌ ചെയ്യണമെന്ന അഭ്യര്‍ഥനയുമുണ്ട്‌.
`തിരഞ്ഞെടുപ്പ്‌: ചില സുന്നി ചിന്തകള്‍' എന്ന പേരിലാണു മറ്റൊരു ലഘുലേഖ. ഇ കെ വിഭാഗത്തെ അവഗണിച്ച്‌ ഒരു തീരുമാനമെടുക്കാന്‍ പോലും നട്ടെല്ലില്ലാത്ത മുസ്‌്‌ലിം ലീഗിന്‌ വോട്ട്‌ ചെയ്‌താല്‍ സുന്നികള്‍ക്ക്‌ നീതി കിട്ടില്ലെന്നാണു നന്നമ്പ്ര പഞ്ചായത്തിലെ കൊളത്തൂര്‍ അബ്ദുസ്സലാമിന്റെ പേരില്‍ ചെമ്മാട്ടെ ഒരു സ്ഥാപനത്തില്‍ നിന്നും അടിച്ചിറക്കിയ ലഘുലേഖയില്‍ പറയുന്നത്‌.
ഇ കെ വിഭാഗത്തിന്റെ ഉന്നത സ്ഥാപനത്തില്‍ നിന്നു ബിരുദമെടുത്തവരുടെ പിന്തുണയോടെ കാന്തപുരത്തിനെതിരേ വധഭീഷണി മുഴക്കിയതിനെ ലഘുലേഖയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. അതേസമയം കാന്തപുരത്തിനെതിരേ വധശ്രമം നടത്തിയ ആര്‍.എസ്‌.എസ്‌ നടപടിയെ വിമര്‍ശിക്കുകയോ ആര്‍.എസ്‌. എസുകാരായ ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും കൂടെക്കൊണ്ടു നടക്കുന്നവരെ തള്ളിപ്പറയുകയോ ചെയ്‌തില്ലെന്നതും ശ്രദ്ധേയമാണ്‌. കുറ്റം മുഴുവന്‍ ലീഗിന്റേതാണെന്നും വോട്ടവകാശം ചിന്തിച്ച്‌ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞാണു ലഘുലേഖ അവസാനിക്കുന്നത്‌.
`നിങ്ങളുടെ വിലയേറിയ വോട്ട്‌ ആര്‍ക്ക്‌?, തീവ്രവാദികളുടെ ആഹ്വാനം ഭീകരവാദത്തിലേക്ക്‌' എന്ന തലക്കെട്ടോടെ ഇറങ്ങിയ ലഘുലേഖ ആര്‌ അടിച്ചെന്നോ എവിടെ നിന്ന്‌ അടിച്ചെന്നോ രേഖപ്പെടുത്തിയിട്ടില്ല. പശ്ചിമ ബംഗാളിലെ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെന്തിനാണു പോപുലര്‍ഫ്രണ്ടുകാര്‍ കേരളത്തില്‍ പറയുന്നതെന്നാണ്‌ ഇതിലെ പ്രധാന ചോദ്യം. കേരളജനതയുടെ ശ്രദ്ധ ബംഗാളിലേക്കു തിരിക്കും മുമ്പു കേരളത്തില്‍ കൊല്ലപ്പെട്ട സുന്നികളുടെ കണക്ക്‌ പരിശോധിക്കാനും ഓര്‍മപ്പെടുത്തുന്നതാണ്‌ ലഘുലേഖ. അമേരിക്കന്‍-സയണിസ്‌റ്റുകളാണു തങ്ങളുടെ രൂപീകരണത്തിനു കാരണമെന്നു പറഞ്ഞിരുന്ന എന്‍.ഡി.എഫ്‌ ഇപ്പോള്‍ അവയ്‌ക്കെതിരേ ശബ്ദിക്കാതെ എന്തിനാണു പശ്ചിമബംഗാളിനെക്കുറിച്ചു പറയുന്നതെന്നും ലഘുലേഖ ചോദിക്കുന്നു. പരാജയഭീതി പൂണ്ടാണ്‌ ഇടതുകേന്ദ്രങ്ങള്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

No comments: