2009-04-16

സി.പി.എം വോട്ടില്‍ അടിയൊഴുക്കിനു സാധ്യത

എം ബിജുകുമാര്‍

കോഴിക്കോട്‌: കേരളത്തിന്റെ രാഷ്‌ട്രീയഭാവിയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു സാധ്യതയുള്ള തിരഞ്ഞെടുപ്പിനായി കേരളം ഇന്നു പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അന്തിമ നിമിഷത്തില്‍ രൂപപ്പെട്ട ശക്തമായ അടിയൊഴുക്ക്‌ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കും. ജനതാദളിന്റെയും സി.പി.ഐയുടെയും വോട്ടുകള്‍ എല്‍.ഡി.എഫ്‌ പെട്ടിയില്‍ നിന്നു ചോരുന്നതിനു പുറമെ പിണറായി-വി എസ്‌ വിഭാഗീയതയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
സി.പി.എം വിഭാഗീയതയില്‍ നിര്‍ണായകമാവുമെന്നു കരുതിയ ലാവ്‌ലിന്‍ അഴിമതിക്കേസിനെ പിണറായി വിജയന്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ അതിജീവിച്ചതു വി എസ്‌ പക്ഷത്തെ അങ്കലാപ്പിലാക്കിയിരുന്നു. അഴിമതിയാരോപണത്തില്‍പ്പെട്ടു പിണറായി നിശ്ശബ്ദനാവുന്നതോടെ വലതുപക്ഷ വ്യതിയാനത്തിനെതിരേ താന്‍ തുടരുന്ന ഉള്‍പ്പാര്‍ട്ടി സമരം ലക്ഷ്യംകാണുമെന്നായിരുന്നു വി എസിന്റെ പ്രതീക്ഷ. ഈ കാത്തിരിപ്പ്‌ അസ്ഥാനത്തായ വി എസ്‌ പക്ഷം മറുതന്ത്രം പ്രയോഗിക്കാനുള്ള അവസരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നാണു വിവരം. ഇതനുസരിച്ച്‌ ഇടതുപക്ഷത്തിനു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയുള്ള ഷോക്ക്‌ ട്രീറ്റ്‌മെന്റിനായി വി എസ്‌ കേന്ദ്രങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി വിവരമുണ്ട്‌. വിശ്വസ്‌തന്‍മാര്‍ വഴി തിരഞ്ഞെടുപ്പിലെ വി എസ്‌ ലൈന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നാണ്‌ അറിയുന്നത്‌.
തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും മുന്നണിബന്ധം തകര്‍ക്കുകയും ചെയ്‌ത പിണറായിയെ തളയ്‌ക്കാനുള്ള തന്ത്രങ്ങള്‍ ഓരോ മണ്ഡലത്തിലും നടപ്പാക്കാനാണു വി എസ്‌ അനുകൂലികളുടെ ആലോചന. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടെങ്കിലും ഇവര്‍ രഹസ്യമായി തന്ത്രങ്ങള്‍ നടപ്പാക്കുമെന്നാണു അറിയുന്നത്‌. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ കനത്ത തിരിച്ചടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്ത നേതൃത്വമായി ഇന്നത്തെ നിലയില്‍ പിണറായിക്ക്‌ തുടരാന്‍ കഴിയില്ലെന്നാണു വി എസ്‌ പക്ഷം ചിന്തിക്കുന്നത്‌. മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഇടതുമുന്നണി സംവിധാനം തകര്‍ത്തുവെന്നും പി.ഡി.പിക്ക്‌ മാന്യത ചാര്‍ത്തിക്കൊടുത്തുവെന്നും ഫാരിസ്‌ അബൂബക്കറിന്റെ നോമിനിക്കായി സീറ്റ്‌ നല്‍കിയെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ക്ക്‌ പിണറായി മറുപടി പറയണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായേ പറ്റൂ എന്നാണ്‌ അവര്‍ വിലയിരുത്തുന്നത്‌.
ലാവ്‌ലിന്‍ ആരോപണ വിധേയനായ പിണറായി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചതാണു കനത്ത പരാജയകാരണമെന്ന ആരോപണവും വി എസ്‌ പക്ഷത്തിന്‌ ഉന്നയിക്കാന്‍ കഴിയും. ഈ ഘട്ടത്തില്‍ പിണറായിയുടെ രക്ഷയ്‌ക്കായി കേന്ദ്രനേതൃത്വത്തിന്‌ ഇടപെടാന്‍ കഴിയാതെവരും. അത്തരമൊരു സാഹചര്യത്തില്‍ പിണറായിയെ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവുമെന്നാണു വി എസ്‌ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.
പിണറായി കുലംകുത്തികള്‍ എന്ന്‌ എഴുതിത്തള്ളിയ പാര്‍ട്ടി വിമതര്‍ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട്‌ നേടുകയും സി.പി.എമ്മിന്റെ ഉറച്ച സീറ്റായി കരുതുന്ന അഞ്ചു മണ്ഡലങ്ങളില്‍ തങ്ങളുടെ പരാജയത്തില്‍ പങ്കുവഹിക്കുകയും ചെയ്‌താല്‍ അതും പിണറായിക്കു തിരിച്ചടിയാവും.
എന്നാല്‍ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി മാറണമെന്ന ആവശ്യം ഔദ്യോഗികപക്ഷത്തിന്‌ ഉയര്‍ത്താന്‍ കഴിയില്ലെന്നാണു വി എസ്‌ പക്ഷത്തിന്റെ കണക്കുകൂട്ടല്‍. വി എസ്‌ പക്ഷം വോട്ട്‌ മറിക്കാന്‍ സാധ്യതയുള്ളതു മുന്നില്‍ക്കണ്ടു കടുത്ത ജാഗ്രത പുലര്‍ത്താന്‍ വി എസ്‌ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

No comments: