തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി കേരളത്തില്‍ 2,18,65,324 വോട്ടര്‍മാര്‍ പോളിങ്‌ബൂത്തിലേക്ക നീങ്ങിത്തുടങ്ങി. ആദ്യ മൂന്നു മണിക്കൂറിലെ കണക്കനുസരിച്ച് 20 ശതമാനത്തോളം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.കേരളമടക്കം 15 സംസ്ഥാനങ്ങളിലും രണ്‌ടു കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്‌ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. മല്‍സരത്തിനു വീറും വാശിയും ഏറിയതോടെ ഇത്തവണ പോളിങ് ശതമാനം കൂടാനാണു സാധ്യത.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.45 ശതമാനമായിരുന്നു പോളിങ്. പോളിങ് ശതമാനത്തിലെ വര്‍ധന വിജയസാധ്യത നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാവും. കേരളത്തില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണു വോട്ടെടുപ്പ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഏഴു കേന്ദ്രങ്ങളിലായാണു പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. അഞ്ചു കേന്ദ്രങ്ങളിലായാണു മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മൂന്നു കേന്ദ്രങ്ങളിലായാണു വിതരണം നടന്നത്.
രണ്‌ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 20,508 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്. ഇതില്‍ 14 പേര്‍ സ്‌ത്രീകളാണ്.
തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം കൗണ്‌ടിങ് സെന്ററുകളുടെ എണ്ണം ഇത്തവണ 36 ആയി ചുരുക്കിയിട്ടുണ്‌ട്. ഒരുലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 20 പേര്‍ മല്‍സരിക്കുന്ന കോട്ടയം മണ്ഡലത്തില്‍ രണ്‌ടു വോട്ടിങ് യന്ത്രമുണ്‌ടാവും. കൊട്ടിക്കലാശത്തിലുണ്‌ടായ സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണു സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 കമ്പനി സേനയെയും കണ്ണൂരില്‍ രണ്‌ടു കമ്പനി ദ്രുതകര്‍മസേനയെയും രണ്‌ടു കമ്പനി സി.ഐ.എസ്.എഫിനെയും വിന്യസിച്ചു. മലബാര്‍ മേഖലയില്‍ എം.എസ്.പി, ആംഡ് റിസര്‍വ്, കെ.എ.പി എന്നീ സായുധസേനകളുടെ സേവനവുമുണ്‌ടാവും.
സംസ്ഥാനത്തെ 20,508 ബൂത്തുകളിലേക്കായി 25,000 പോലിസുകാരെയാണു വിന്യസിച്ചിരിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ 2000 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 187 മേഖലകളിലായി 342 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്. ഇതിനു പുറമെ 532 ബൂത്തുകള്‍ക്കാണ് പ്രത്യേക ജാഗ്രത വേണ്‌ടിവരുന്നത്. സ്‌പെഷ്യല്‍ പോലിസ്, വീഡിയോ കാമറ എന്നിവ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കും. ദൃശ്യമാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്ത് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്‌ട്.
No comments:
Post a Comment