സ്വന്തം പ്രതിനിധി
കോഴിക്കോട്: കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് പരമാവധി കുറയ്‌ക്കാനുള്ള തന്ത്രത്തിനു രൂപം നല്‍കി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണു ഈ നീക്കം.
കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണു കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്‌ക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുന്നതെന്നാണ് അറിയുന്നത്. കേരളത്തില്‍ യു.ഡി.എഫ് വന്‍മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇടതുപക്ഷം കേരളത്തില്‍ കനത്ത പരാജയം നേരിടുമെന്ന സൂചന ലഭിച്ചതോടെ പിണറായിപക്ഷം ബി.ജെ.പിക്ക് പച്ചക്കൊടി കാണിച്ചതായാണു വിവരം. ഇതോടെ പരസ്‌പരം മനസ്സിലാക്കിയുള്ള നീക്കത്തിനു ബി.ജെ.പി തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. കേരളത്തില്‍ നാലു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ശക്തമായ മല്‍സരം നടത്തിയാല്‍ മതിയെന്നാണത്രെ ബി.ജെ.പിയുടെ അന്തിമ തീരുമാനം. കാസര്‍കോഡ് കെ സുരേന്ദ്രന്‍, കോഴിക്കോട് വി മുരളീധരന്‍, പാലക്കാട് സി കെ പത്മനാഭന്‍, തിരുവനന്തപുരത്തു പി കെ കൃഷ്‌ണദാസ് എന്നിവര്‍ക്കു ബി.ജെ.പിയുടെ വോട്ട് പരമാവധി പോള്‍ ചെയ്യുമെന്ന് ഉറപ്പുവരുത്തും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പാക്കാന്‍ ആവശ്യമായതു ചെയ്യും.
വോട്ട് വില്‍പ്പനയുടെ പേരില്‍ ഓരോ തിരഞ്ഞെടുപ്പിലും മാനക്കേടിനിരയാവുന്ന ബി.ജെ.പി അതിനാല്‍ത്തന്നെ പാര്‍ട്ടി നേതാക്കള്‍ പോരിനിറങ്ങിയ നാലു മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്. മറ്റുള്ള മണ്ഡലങ്ങളില്‍ തന്ത്രപരമായ നീക്കം നടത്തും.
ഇടതുപക്ഷത്തിനു സീറ്റ് ലഭിക്കാന്‍ സാധ്യത കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ്. അതു കേന്ദ്രഭരണത്തിനു ഭീഷണിയല്ല. എന്നാല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരം വരാനുള്ള സാധ്യതയാണുള്ളതെന്നു ബി.ജെ.പി കണക്കുകൂട്ടുന്നു. അതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തിന് 20 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള കേരളത്തെ വലിയ ഭീഷണിയായാണു ബി.ജെ.പി കേന്ദ്രനേതൃത്വം കാണുന്നത്. കേരളത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ എല്‍ കെ അഡ്വാനി ഇടതുപക്ഷത്തിനെതിരേ കടുത്ത ആക്രമണം നടത്താതിരുന്നതും ഈ തന്ത്രം ഉള്ളില്‍വച്ചായിരുന്നു.
No comments:
Post a Comment